Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅനിശ്ചിതത്വത്തിലമരുന്ന...

അനിശ്ചിതത്വത്തിലമരുന്ന തമിഴ്നാട് രാഷ്ട്രീയം

text_fields
bookmark_border
അനിശ്ചിതത്വത്തിലമരുന്ന തമിഴ്നാട് രാഷ്ട്രീയം
cancel

ഡിസംബറില്‍ നിര്യാതയായ മുഖ്യമന്ത്രി ജയലളിതക്ക് പകരം തമിഴ്നാട്ടില്‍ ചുമതലയേറ്റ താല്‍ക്കാലിക മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം പൊടുന്നനെ സ്ഥാനമൊഴിയേണ്ടിവരുകയും ജയലളിതയുടെ തോഴി വി.കെ. ശശികല എ.ഐ.എ.ഡി.എം.കെ നിയമസഭാ പാര്‍ട്ടി തലൈവിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന്  മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുക്കങ്ങള്‍ നടക്കുകയും ചെയ്യവെ തികച്ചും നാടകീയമായ സംഭവവികാസങ്ങളാണ് അയല്‍സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്നത്. അവിഹിത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ശശികലക്കെതിരായ കേസില്‍ അടുത്തയാഴ്ച സുപ്രീംകോടതി വിധിപറയാനിരിക്കുകയാണ്. ശശികലക്കെതിരെ, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി പന്നീര്‍സെല്‍വം ചൊവ്വാഴ്ച രാത്രി പരസ്യമായി രംഗത്തുവന്നത് പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് നല്‍കുന്നത്. തന്നെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചതാണെന്നും ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന് റവന്യൂ മന്ത്രി ഉദയകുമാറാണ് തന്നോട് ആവശ്യപ്പെട്ടതെന്നുമാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്.

അതോടൊപ്പം പാര്‍ട്ടിയുടെ ഓര്‍ഗനൈസിങ് സെക്രട്ടറിയും മുന്‍ എം.പിയും എം.എല്‍.എയും സ്പീക്കറുമായ പി.എച്ച്. പാണ്ഡ്യനും  ശശികലക്കെതിരെ വെടിപൊട്ടിച്ചതോടെ തികഞ്ഞ അനിശ്ചിതത്വത്തിലേക്കാണ് തമിഴ്നാട് രാഷ്ട്രീയം എടുത്തെറിയപ്പെട്ടിരിക്കുന്നത്. ജയലളിതയുടേത് സ്വാഭാവിക മരണമല്ളെന്നും ശശികല ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും സംശയിപ്പിക്കത്തക്കവിധം പാണ്ഡ്യന്‍ ചെയ്ത പ്രസ്താവനകള്‍ അന്തരീക്ഷം കലുഷമാകുമെന്ന കാര്യത്തില്‍ സന്ദേഹമില്ല. മുതിര്‍ന്ന നേതാവിന്‍െറ വെളിപ്പെടുത്തലുകള്‍ എത്രത്തോളം വിശ്വസനീയമാണെന്നതിനേക്കാള്‍ ശശികലയുടെ നേതൃത്വവും അപ്രമാദിത്വവും പരസ്യമായി ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ് പ്രധാനം.

തീര്‍ച്ചയായും ശശികലയെ മുന്നില്‍നിര്‍ത്തി കളിക്കാന്‍ ചരടുവലിച്ചവര്‍ അവരെ കൈയൊഴിയാന്‍ സാധ്യതയില്ല. പെരിയമ്മയോടുള്ള തമിഴ്മക്കളുടെ വൈകാരിക സ്നേഹവും അടുപ്പവും മുതലാക്കാന്‍ പാകത്തിലാണ് ഒരിക്കല്‍ പോയസ്ഗാര്‍ഡനില്‍നിന്ന് ജയലളിത പറഞ്ഞുവിട്ട ചിന്നമ്മ അവസാന നാളുകളില്‍ എല്ലാം കൈയിലെടുത്തിരുന്നത്. മലയാളിയായ മുന്‍ ചീഫ് സെക്രട്ടറി ഷീല തോമസാണ് അനിശ്ചിതത്വത്തിന്‍െറയും അസ്ഥിരതയുടെയും നാളുകളില്‍ തമിഴ്നാടിന്‍െറ ഭരണവ്യവസ്ഥ നിയന്ത്രിച്ചതെങ്കിലും ശശികലയായിരുന്നല്ളോ പുറത്തേക്കുള്ള മുഖം. ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ ഉയര്‍ത്തിയ ഭീഷണിക്കൊപ്പം ഓര്‍ക്കാപ്പുറത്ത് പാണ്ഡ്യന്‍ അഴിച്ചുവിട്ട ആക്രമണം കൂടിയാവുമ്പോള്‍ ശശികലയുടെ അതിജീവനതന്ത്രം എന്തായിരിക്കുമെന്ന് കാണാനിരിക്കുന്നേയുള്ളൂ.

യഥാസമയം, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാന്‍ ഗവര്‍ണര്‍ സന്നദ്ധനാവാതിരുന്നതിലുമുണ്ട് ചില സൂചനകള്‍. ഇത്രയും ധിറുതിപിടിച്ച് പന്നീര്‍സെല്‍വത്തെ താഴെ ഇറക്കാനും സ്വയം മുഖ്യമന്ത്രിയായി അവരോധിതയാവാനും കാണിച്ച വ്യഗ്രതയാണ് ശശികലയെ പ്രതിസന്ധിയിലാക്കിയതെന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്. ജയലളിത പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലത്തില്‍ അനിവാര്യമായ ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭയിലത്തൊനുള്ള സംയമനം അവര്‍ കാണിച്ചിരുന്നെങ്കില്‍ ഭദ്രമായ സ്ഥാനത്തിരുന്നാവുമായിരുന്നു കളി. പന്നീര്‍സെല്‍വമാകട്ടെ ഒരു വക ഭംഗിയായി ഭരണം കൊണ്ടുനടക്കുകയുമായിരുന്നു. പക്ഷേ, പുറമെനിന്ന് കണക്കുകൂട്ടുന്നതുപോലെയല്ല അധികാര ഇടനാഴികളിലെ കരുനീക്കങ്ങള്‍.

കെ. കാമരാജിനുശേഷം തമിഴ്നാടിന്‍െറ ഗതിനിര്‍ണയിച്ച ദ്രാവിഡ രാഷ്ട്രീയത്തിന്‍െറ ഇത$പര്യന്തമുള്ള ചരിത്രം പരിശോധിച്ചാല്‍ പക്വതക്കും ഭരണശേഷിക്കും രാജ്യതന്ത്രജ്ഞതക്കും വളരെ കുറച്ച് റോളേ അയല്‍സംസ്ഥാനത്തിന്‍െറ ഭരണത്തിലുണ്ടായിരുന്നുള്ളൂ എന്ന് കാണാനാവും. ബ്രാഹ്മണ വിരോധവും ഹിന്ദി വിരുദ്ധതയും സിനിമ ഭ്രാന്തും തമിഴ് ദേശീയതയുമെല്ലാം കൂടിക്കുഴഞ്ഞ ദ്രാവിഡ രാഷ്ട്രീയം സി.എന്‍. അണ്ണാദുരെ, കെ. കരുണാനിധി, എം.ജി. രാമചന്ദ്രന്‍ എന്നിവരുടെ വ്യക്തിപ്രഭാവത്തില്‍ വലിയ കുഴപ്പമില്ലാതെ മുന്നോട്ടുപോയി എന്നുപറയാം. എന്നാല്‍, ബ്രാഹ്മണ വനിത തന്നെയായ ജയലളിത എം.ജി.ആറിന്‍െറ നായിക എന്ന ഒരേ ഒരു പരിഗണനയില്‍ സംസ്ഥാനഭരണം കൈയേറ്റതോടെ സ്ഥിതിഗതികള്‍ക്ക് കാതലായ മാറ്റം വന്നു. തമിഴ് മക്കളുടെ അമ്മ ഭക്തിയില്‍നിന്ന് ആവോളം മുതലെടുത്ത അവര്‍ അരി മുതല്‍ ടി.വി വരെ സൗജന്യമായി നല്‍കിക്കൊണ്ട് സമ്മതിദായകരെ പിടിച്ചുനിര്‍ത്തുന്ന തന്ത്രമാണ് വിജയകരമായി പയറ്റിയത്.

അഴിമതിക്കഥകള്‍ ജനങ്ങളെ കണക്കറ്റ് മടുപ്പിക്കുമ്പോള്‍ കലൈജ്ഞര്‍ കരുണാനിധി ചെങ്കോല്‍ പിടിച്ചെടുക്കുമെങ്കിലും നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാന്‍ ജയലളിതക്ക് പ്രയാസമുണ്ടായില്ല. അഴിമതിക്കാര്യത്തില്‍ ആരും ആരെയും കുറ്റപ്പെടുത്താന്‍ അര്‍ഹരല്ലാത്ത സ്ഥിതിവിശേഷം അവര്‍ക്ക് അനുഗ്രഹമാവുകയും ചെയ്തു. ഒടുവില്‍ കഴിഞ്ഞ ഡിസംബറില്‍ അനിവാര്യവിധിക്ക് കീഴടങ്ങുമ്പോള്‍ സൗജന്യങ്ങളില്‍ അഭിരമിച്ച, അധ്വാനത്തോട് വിടപറഞ്ഞ, ജെല്ലിക്കെട്ട് ആരാധനയാക്കി മാറ്റിയ ഒരു ജനതയെയാണ് സാമാന്യമായി പുരട്ച്ചി തലൈവി വിട്ടേച്ചുപോയത്. അവരുടെ മടിയും മടയത്തരവും അവസാനിപ്പിച്ച് ഉത്തരവാദിത്തബോധവും കര്‍മോത്സുകതയുമുള്ള ഒരു ജനതയാക്കി പുനരവതരിപ്പിക്കാന്‍ പ്രാപ്തിയും ദീര്‍ഘദൃഷ്ടിയും രാജ്യസ്നേഹവുമുള്ള നേതാക്കള്‍ വേണം. ഇന്നത്തെ സാഹചര്യത്തില്‍ അങ്ങനെയൊരു വിഭാഗത്തെ ചിത്രത്തില്‍ കാണാനില്ല. ദേശീയപാര്‍ട്ടികളും ഇടതുപക്ഷവും പോലും ദ്രാവിഡ കക്ഷികളില്‍ ഏതിനെ പിടികൂടിയാലാണ് ഏതാനും സീറ്റ് തരപ്പെടുത്താനാവുക എന്ന ഒരൊറ്റ അജണ്ടയില്‍ അഭിരമിച്ചിരിപ്പാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - uncertainty in tamil politics
Next Story