Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രംപ് പറഞ്ഞതും പറയാത്തതും

text_fields
bookmark_border
ട്രംപ് പറഞ്ഞതും പറയാത്തതും
cancel
യു.എൻ പൊതുസഭയിൽ പ്രതിഫലിച്ച നിലപാടുകൾ പരിശോധിച്ചാൽ വരുംനാളുകളിൽ ആഗോള സമാധാന സാധ്യതകൾ അത്രയൊന്നും ശോഭനമല്ല

ചൊവ്വാഴ്ച ആരംഭിച്ച ഐക്യരാഷ്ട്രസഭയുടെ 81ാമത് വാർഷിക പൊതുസഭയിൽ രാഷ്ട്രനേതാക്കൾ ഓരോരുത്തരായി പ്രസംഗിച്ചു വരുന്നതേയുള്ളൂ. പല പ്രസംഗങ്ങളും അതത് രാജ്യങ്ങളിലല്ലാതെ വലിയ വാർത്താപ്രാധാന്യം നേടാറില്ല. എങ്കിലും രാഷ്ട്രനേതാക്കൾ ഒത്തുകൂടി തങ്ങൾക്ക് ലോകാവസ്ഥയെക്കുറിച്ച് ചിലതു പറയാനുള്ള ഒരവസരം എന്ന നിലയിൽ അവയിൽ ചിലതെങ്കിലും ശ്രദ്ധേയമാവാറുണ്ട്. ‘വിശ്വാസം പുനഃസ്ഥാപിക്കൽ, പരിവർത്തനം കൈകാര്യം ചെയ്യൽ, ഏവർക്കും ഫലങ്ങൾ നൽകുന്ന ഒരു ഐക്യരാഷ്ട്രസമിതി’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ചർച്ചകൾ. എന്നാൽ, കഴിഞ്ഞ സമ്മേളനത്തിലെ ‘സുസ്ഥിര വികസന ലക്ഷ്യങ്ങൾ’ മിക്കതും നേടാനാവാത്ത അവസ്ഥയിൽ സംഘർഷങ്ങൾ മാറാത്ത മ്ലാനമായ ഭാവിചിത്രമാണ് ഐക്യരാഷ്ട്രസഭ മുന്നിൽ കാണുന്നത്.

വർഷങ്ങൾ പിന്നിട്ട യുക്രെയ്ൻ യുദ്ധം ഇന്നും തുടരുകയാണ്. സുഡാനിലെ യുദ്ധവും തഥൈവ. ഈ വർഷം ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാന് മേൽ നടത്തിയ ആക്രമണത്തെത്തുടർന്ന് മേഖലയിലെ സംഘർഷത്തിന് പുറമെ ഹുർമുസ് കടലിടുക്കിൽ കപ്പൽഗതാഗതം താളംതെറ്റിയതോടെ ആഗോള സമ്പദ്‌വ്യവസ്ഥ തന്നെ ഉലഞ്ഞുനിൽക്കുകയാണ്. സമ്മേളനത്തിൽ ആദ്യം സംസാരിച്ച യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തന്റെ പത്തുവർഷത്തെ സേവനം ഈ വർഷാവസാനം അവസാനിക്കാനിരിക്കെ പൊതുസഭയോടുള്ള വിടവാങ്ങൽ പ്രസംഗമാണ് നടത്തിയത്. ആഫ്രിക്കൻ വൻകരക്ക് സ്ഥിരാംഗത്വം ലഭിക്കേണ്ട ആവശ്യകതയും ഫലസ്തീനിലെ ഗസ്സയിൽ ഇസ്രായേൽ തുടരുന്ന അതിക്രമങ്ങളും ശക്തിയുക്തം അദ്ദേഹം പരാമർശിച്ചപ്പോൾ സദസ്സ് കൈയടിയോടെയാണ് അവ സ്വീകരിച്ചത്. ഇതിൽനിന്നു തന്നെ ലോകരാഷ്ട്രങ്ങളുടെ മനോഭാവം വ്യക്തമാണ്.

യു.എൻ പൊതുസഭയിൽനിന്ന് കാര്യമായ ഫലങ്ങളൊന്നും ഉരുത്തിരിയാറില്ലെങ്കിലും അന്യഥാ കേൾക്കപ്പെടാതെ പോകുന്ന പല ശബ്ദങ്ങളും അവിടെ ഉച്ചത്തിൽ മുഴങ്ങാൻ അവസരമൊരുങ്ങാറുണ്ട്; ഇത്തവണ ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ ഇസ്രായേലിന്റെ നടപടികളെക്കുറിച്ച് നടത്തിയ വികാരതീവ്രമായ സംസാരം പോലെ. എന്നാൽ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശങ്ങൾ അത്ര ശുഭകരമായ സാധ്യതകളല്ല പ്രതിഫലിപ്പിച്ചത്. ഇറാനുമായുള്ള യുദ്ധവിഷയത്തിൽ പലതവണ നിലപാടുകൾ മാറ്റിയ ട്രംപ് ഇപ്പോൾ ഐക്യരാഷ്ട്രസഭയിൽ സംസാരിച്ചത് ഇറാനെ ഭയപ്പെടുത്താനെന്നോണമാണ്.

തന്റെ മുന്നിൽ വലിയൊരു തിരഞ്ഞെടുപ്പാണുള്ളതെന്നും ഇറാനുമായി കരാറിലെത്തി അവർക്ക് പുനർനിർമാണത്തിനും വലിയൊരു രാഷ്ട്രമായി മാറാനും വഴിയൊരുക്കണമോ അതോ ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ ഉന്മൂലനം ചെയ്യണമോ എന്നതാണ് ആ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെയും റഷ്യയുടെയും ഇത്തരം നിലപാടുകൾ മുൻനിർത്തിത്തന്നെയാവും ഗുട്ടെറസ് ഇങ്ങനെ പറഞ്ഞത്: വൻശക്തികൾ ഒരു കാര്യം മനസ്സിലാക്കുന്നത് നല്ലതാണ്, അവർ ഇന്നിപ്പോൾ അത്രയൊന്നും വലുതല്ല എന്ന്.

ട്രംപ് തന്നെ കടുത്ത ആശയക്കുഴപ്പത്തിലായിരുന്നു എന്ന് വ്യക്തം. ഇറാനു പുറമെ ക്യൂബയുമായുള്ള സംഘർഷവും വെനിസ്വേലയുടെ എണ്ണശേഖരവും ഗ്രീൻലൻഡിന്മേലുള്ള അവകാശവാദവുമെല്ലാം അദ്ദേഹം പരാമർശിച്ചു. അമേരിക്കയുടെ വാതിൽക്കൽ എതിരാളികൾക്ക് താവളമൊരുക്കാൻ മറ്റൊരു രാജ്യത്തെയും അനുവദിക്കില്ലെന്ന് ട്രംപ് പറഞ്ഞയുടൻ ക്യൂബൻ പ്രതിനിധികൾ ഇറങ്ങിപ്പോയി. കഴിഞ്ഞ വർഷം ഗ്രീൻലൻഡിനെ ബലംപ്രയോഗിച്ച് പിടിച്ചെടുക്കുമെന്ന മട്ടിൽ സംസാരിച്ച ട്രംപ്, ഇപ്പോൾ സമ്മേളനത്തിന് മുന്നോടിയായി ചർച്ചയിലൂടെ ഒപ്പിട്ട ത്രികക്ഷി കരാർ വഴി നാറ്റോയുടെ സൈനികസാന്നിധ്യം അവിടെ നിലനിർത്താനാണ് വ്യവസ്ഥയുണ്ടാക്കിയത്. വെനിസ്വേലൻ എണ്ണയുടെ കാര്യത്തിലും വാസ്തവവിരുദ്ധമായ അവകാശവാദമാണ് ട്രംപ് ഉന്നയിച്ചത്.

കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന പ്രാകൃത നിയമത്തെ ഓർമിപ്പിക്കുംവിധം വിജയിക്കുള്ളതാണ് യുദ്ധമുതൽ എന്നാണ് അദ്ദേഹം പറഞ്ഞത്. അതായത്, യു.എസ് കടന്നുകയറിയ വെനിസ്വേലയുടെ എണ്ണശേഖരത്തിൽ തങ്ങൾക്ക് അവകാശമുണ്ടെന്ന്. യു.എസും വെനിസ്വേലയും ചേർന്നാൽ ലോകത്തെ മൊത്തം എണ്ണശേഖരത്തിന്റെ 60 ശതമാനവും തങ്ങളുടെ കൈകളിലാകുമെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ, വസ്തുതാപരിശോധകരുടെ കണക്കനുസരിച്ച് രണ്ടും ചേർന്നാലുള്ള എണ്ണശേഖരം ആഗോളശേഖരത്തിന്റെ 21.9 ശതമാനവും നിലവിലെ ഉൽപാദനം ആഗോള ഉൽപാദനത്തിന്റെ 23.2 ശതമാനവും മാത്രമാണ്.

ട്രംപിന്റെ വീമ്പുപറച്ചിലുകൾക്കും പശ്ചിമേഷ്യയിലെ യഥാർഥ സാഹചര്യങ്ങൾക്കുമിടയിൽ ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാനും ബുധനാഴ്ച പൊതുസഭയെ അഭിസംബോധന ചെയ്യാൻ ന്യൂയോർക്കിലെത്തിയിട്ടുണ്ട്. ഈ യുദ്ധത്തിൽ രാജ്യം തലയുയർത്തിത്തന്നെയാണ് നിൽക്കുന്നതെന്നാണ് ഇറാന്റെ നിലപാടായി അദ്ദേഹം വ്യക്തമാക്കിയത്. വലിയ സൈനിക-സാമ്പത്തിക നഷ്ടങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും സൈന്യത്തിന്റെ ആത്മവീര്യവും ജനങ്ങളുടെ സഹനശേഷിയും ഒട്ടും ചോരാതെ തന്നെ അമേരിക്കക്ക് വിജയം നിഷേധിക്കാൻ കഴിഞ്ഞുവെന്നാണ് പെസഷ്കിയാൻ അവകാശപ്പെടുന്നത്. മറുഭാഗത്ത് യു.എസിന്റെ യുദ്ധോപകരണശേഖരം ഏറക്കുറെ തീർന്നുതുടങ്ങിയെന്നാണ് നിരീക്ഷകരും പെന്റഗണിലെ ഉത്തരവാദപ്പെട്ടവരും നൽകുന്ന വിവരം.

സമാധാനചർച്ചകൾ വേണമെങ്കിൽ അത് നവംബർ മൂന്നിന് യു.എസ് പ്രതിനിധി സഭയിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പിനു ശേഷമാകാമെന്ന് ട്രംപ് പറയുന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് ഭൂരിഭാഗം സർവേകളും പ്രവചിക്കുന്നത്. ഇതിനുമുമ്പ് യു.എസ് ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായാൽ ഒരാഴ്ചക്കകം ഹുർമുസ് തുറക്കാമെന്ന് ഇറാനും വ്യക്തമാക്കുന്നുണ്ട്. യു.എൻ പൊതുസഭയിൽ ഉയർന്നുവന്ന നിലപാടുകൾ പരിശോധിക്കുമ്പോൾ വരുംനാളുകളിലെ ആഗോള സമാധാന സാധ്യതകൾ ഒട്ടും ശോഭനമല്ല. എങ്കിലും അമേരിക്ക തങ്ങളുടെ യുദ്ധവ്യഗ്രമായ സാമ്രാജ്യത്വ മോഹങ്ങൾ ഉപേക്ഷിച്ചാൽ മാത്രമേ ലോകസമാധാനം പുലരൂ എന്നുതന്നെയാണ് സമകാലിക സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UN General Assembly and Trump's Claims
Next Story