Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഉമർ ഖാലിദും ശർജീലും ...

ഉമർ ഖാലിദും ശർജീലും വീണ്ടും ജാമ്യം തേടുമ്പോൾ

text_fields
bookmark_border
ഉമർ ഖാലിദും ശർജീലും  വീണ്ടും ജാമ്യം തേടുമ്പോൾ
cancel
ആറുവർഷത്തോടടുത്ത കാലം വിചാരണയില്ലാതെ ജയിലിൽ കഴിഞ്ഞ ഇരുവർക്കും ജാമ്യം നൽകാൻ ഈ കാലവിളംബം തന്നെ മതിയായ കാരണമാണ്

2020ലെ ഡൽഹി കലാപത്തിന്റെ പേരിൽ കുറ്റാരോപിതരായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദും ശർജീൽ ഇമാമും കഴിഞ്ഞയാഴ്ച ഡൽഹി കാർക്കർദൂമ കോടതിയിലെ അഡീഷനൽ സെഷൻസ് ജഡ്ജി സുമേധ സൈനിക്ക് മുമ്പാകെ ജാമ്യത്തിന് അപേക്ഷിച്ചിരിക്കുന്നു. 2020ൽ ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന സി.എ.എ, എൻ.ആർ.സി വിരുദ്ധ പ്രതിഷേധങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ച വിദ്യാർഥി നേതാക്കളാണിരുവരും.

സമരത്തെ നേരിടാനുള്ള ചില ബാഹ്യ ഇടപെടലുകൾ കാരണമായി വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന്റെ പേരിലാണ് ഇരുവരും പ്രതിചേർക്കപ്പെട്ടത്. പലതവണ വിവിധ കോടതികളിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും ഇരുവർക്കും ജാമ്യം കിട്ടിയില്ല. നീതിന്യായ വ്യവസ്ഥയുടെ മുന്നിൽ ചോദ്യ ചിഹ്നമുയർത്തി ഒരിക്കൽ കൂടി ഡൽഹി കോടതിയിൽ പുതിയ ജാമ്യഹരജി സമർപ്പിച്ചിരിക്കുകയാണവർ. ഹരജി ജൂലൈ നാലിന് പരിഗണിക്കും.

ഇക്കഴിഞ്ഞ ജനുവരിയിൽ സുപ്രീംകോടതി തന്നെ മറ്റൊരു കേസ് വിധി പറയുമ്പോൾ പറഞ്ഞത്, ചാർത്തപ്പെട്ട കുറ്റം എത്ര ഗൗരവമുള്ളതാണെങ്കിലും വേഗത്തിലുള്ള വിചാരണ എന്ന പൗരരുടെ അവകാശം നിലനിൽക്കുമെന്നാണ്. നിയമപ്രക്രിയയും കാലതാമസവും തന്നെ ശിക്ഷയാവുന്ന പ്രതിഭാസം ഇവിടെയും പ്രകടമാണ്. പരാമൃഷ്ട കോടതിയുടെ പ്രസ്താവനക്ക് രണ്ടുദിവസത്തിനുശേഷം പരമോന്നത കോടതി തന്നെ നൽകിയ വിധിയിൽ ഉമർ ഖാലിദിനും ശർജീലിനും ജാമ്യം നിഷേധിക്കുകയാണുണ്ടായത്. ആറുവർഷത്തോടടുത്ത കാലം വിചാരണയില്ലാതെ ഇതിനകം ജയിലിൽ കഴിഞ്ഞ അവർക്ക് ഈ കാലവിളംബം തന്നെ ജാമ്യത്തിന് മതിയായ കാരണമാണ്.

ഈ കാലയളവിൽ പലതവണയായി ഉമറും ശർജീലും ജാമ്യത്തിനായി വിവിധ കോടതികളിൽ അപേക്ഷിച്ചുവെങ്കിലും ആരോപണങ്ങളിലെ അർഥശൂന്യത ബോധ്യപ്പെട്ട അവസരങ്ങളിൽ പോലും ആരോപിതർക്കനുകൂലമായ നിലപാടല്ല കോടതി സ്വീകരിച്ചത്. അവരോടൊപ്പം ആരോപിതരായ മറ്റു അഞ്ചുപേർക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചപ്പോൾ ഈ രണ്ടു പേരുടെ പങ്ക് വ്യത്യസ്തമായിരുന്നു എന്ന കാരണംപറഞ്ഞ് ജാമ്യം നിഷേധിക്കുകയായിരുന്നു.

ഉമർ ഖാലിദ് പ്രതിഷേധ സമരങ്ങൾക്കിടയിലെ കല്ലേറ് പോലുള്ള കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടുകയോ അവയിൽ ജാമ്യം ലഭിക്കുകയോ ചെയ്ത ആളാണ്. എന്നാൽ, അദ്ദേഹം തടവിൽ കഴിയുന്നത് യു.എ.പി.എ അനുസരിച്ച് ചുമത്തപ്പെട്ട എഫ്.ഐ.ആർ 59/2020ലെ ‘വിശാല ഗൂഢാലോചന’ എന്ന് വ്യവഹരിക്കപ്പെടുന്ന ആരോപണത്തിലാണ്. ആ കേസിലാണെങ്കിൽ ജാമ്യാപേക്ഷകൾക്കിടയിൽ തന്നെ ജഡ്ജി പറഞ്ഞിരുന്നു, സാക്ഷി മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നും കുറ്റങ്ങൾ തന്നെ അത്ര ഗൗരവമുള്ളതല്ലെന്നും. എന്നാൽ, അവസാനം വിധി ചെന്നെത്തുന്നത് ‘എങ്കിലും പ്രഥമ ദൃഷ്ട്യാ ഉള്ള കേസ് നിലനിൽക്കും’ എന്ന നിഗമനത്തിലാണ്.

യു.എ.പി.എ കേസുകളുടെ രീതിശാസ്ത്രം പല നിരീക്ഷകരും എടുത്തുകാട്ടുന്നുണ്ട്: ആദ്യം ഒരു ഗൂഢാലോചന ഉണ്ടെന്നു സങ്കൽപിക്കുക. പിന്നെ സാധാരണമായ രാഷ്ട്രീയ പ്രവർത്തനങ്ങൾപോലും ഗൂഢാലോചനക്ക് തെളിവായി സമർപ്പിക്കുക. അങ്ങനെ ബി.ജെ.പിയടക്കം എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വീകരിക്കുന്ന പതിവ് പ്രതിഷേധ രീതികൾ തന്നെ ഉമർ ഖാലിദിലെത്തുമ്പോൾ ഭീകര പ്രവർത്തനങ്ങളായി മാറുന്നു. 2020 ഫെബ്രുവരി 17ന് അമരാവതിയിൽ ഉമർ ഖാലിദ് ചെയ്ത ഒരു പ്രസംഗം ഉദാഹരണമായി കാണിക്കപ്പെടുന്നു: ആ പ്രസംഗത്തിൽ അക്രമരഹിത പ്രതിഷേധവും, വെറുപ്പിനെ സ്നേഹം കൊണ്ട് നേരിടുന്ന കാര്യവും, വെടിയുണ്ടകൾക്കെതിരെ പോലും ഭരണഘടന ഉയർത്തിപ്പിടിക്കുന്നതുമെല്ലാം പറഞ്ഞിരുന്നെങ്കിലും പ്രോസിക്യൂഷൻ എടുത്തുകാട്ടുന്നത് ബി.ജെ.പി ഐ.ടി സെൽ എഡിറ്റ് ചെയ്തു പെരുപ്പിച്ചതും റിപ്പബ്ലിക് ടി.വി ഊതിവീർപ്പിച്ചതുമായ ഒരു ക്ലിപ്പ് ആണെന്നുവന്നാൽ സ്ഥിതി ഊഹിക്കാം.

ഇതിന്റെയെല്ലാം ഫലമെന്നോണമാണ് സുപ്രീം കോടതി ഈ വർഷം ജനുവരിയിൽ മറ്റു അഞ്ച് പ്രതികൾക്ക് ജാമ്യം അനുവദിച്ചപ്പോൾ ഈ രണ്ടു പേരെയും വേറെ കണ്ടത്. എല്ലാവരുടെ പങ്കും ഒരു പോലെയല്ലെന്നും ഉമർ ഖാലിദും ശർജീലും സമരത്തിന്റെ ആസൂത്രകരായിരുന്നു എന്നുമാണ് അവരുടെ തീർപ്പ്. അനന്തമായ കാലതാമസം ഖണ്ഡിക 21 അനുശാസിക്കുന്ന സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെങ്കിലും ജാമ്യാപേക്ഷ കൂടുതൽ സൂക്ഷ്മമായ പരിശോധനയർഹിക്കുന്നുണ്ടെന്നാണ് അവർ പറഞ്ഞത്.

യു.എ.പി.എയുടെ ജാമ്യസംബന്ധമായ വകുപ്പുകളാണ് ജഡ്ജിമാർ അവലംബമാക്കുന്നത്. അതായത്, തൽക്കാലം കോടതി പരിശോധിക്കേണ്ടത് പ്രോസിക്യൂഷൻ പ്രഥമ ദൃഷ്ട്യാ വിശ്വസനീയമായ ഒരു കേസ് സ്ഥാപിച്ചിട്ടുണ്ടോ എന്ന് മാത്രമാണ്. വിശദ പരിശോധനകൾ പിന്നീടേ വേണ്ടൂ. ഭീകരത എന്നാൽ സ്‌ഫോടക വസ്തുക്കളോ ആയുധങ്ങളോ ഉപയോഗിച്ച് തന്നെയാവണമെന്നില്ല, പ്രസംഗങ്ങളും തെരുവിൽ തടസ്സമുണ്ടാക്കലും പോലും അപകടമുണ്ടാക്കാൻ പ്രാപ്തമായവയാണെന്ന വിശാലമായ അതിന്റെ നിർവചനവും കോടതി അംഗീകരിച്ചു.

ചുരുക്കിപ്പറഞ്ഞാൽ എക്സിക്യൂട്ടിവ് ആരെയെങ്കിലും തളക്കണമെന്ന് തീരുമാനിച്ചാൽ പിന്നെ ഇത്തരം ആരോപണം ചാർത്തിയാൽ-തെളിയിക്കൽ പതുക്കെ മതി- പ്രതികളെ ദീർഘകാലം ജയിലിലടക്കാൻ അതുമതി. ഇതുതന്നെയാണ് നിയമ പ്രക്രിയ തന്നെ ശിക്ഷയാവുന്ന പ്രതിഭാസം എന്ന് പറയപ്പെടുന്നത്. പൗരാവകാശങ്ങൾ പുലർന്നു കാണണം എന്നാഗ്രഹിക്കുന്നവരുടെ ഒരു രാഷ്ട്രത്തിൽ ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത ഇത്തരം വ്യവസ്ഥകൾ എന്തുവന്നാലും ചെറുത്തു തോൽപിക്കാതെ രാഷ്ട്രത്തിന്റെ ജനാധിപത്യ ഘടന ഭദ്രമാവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAPAumar khalidbail applicationSharjeel Imamdelhi riotseditorial opinion
News Summary - Umar Khalid and Sharjeel When they seek bail again
Next Story