ഉയ്ഗൂർ മുസ്ലിംകളും യു.എസ്–ചൈന ബന്ധവും
text_fieldsഹോങ്കോങ്ങിലെ ജനാധിപത്യപ്രക്ഷോഭങ്ങളിൽ നേരിട്ട് ഇടപെടാൻ അമേരിക്കൻ പ്രസിഡൻറിനും സർക്കാറിനും അനുമതി നൽകുന്ന ബില്ലിൽ ഡോണൾഡ് ട്രംപ് ഒപ്പുവെച്ചത് നവംബർ അവസാനവാരമാണ്. സമാനമായി സിൻജ്യങ് മുസ്ലിംകൾക്കു നേരെ ചൈന നടത്തുന്ന അതിക്രൂരമായ സാംസ്കാരിക വംശീയ ഉന്മൂലനത്തെ ചെറുക്കുന്നതിനുള്ള ഉയ്ഗൂർ മനുഷ്യാവകാശനയ നിയമവും അമേരിക്ക പസാക്കിയിരിക്കുന്നു. ട്രംപിെൻറ അംഗീകാരത്തോടെ നിയമം പ്രാബല്യത്തിലാകും. ബില്ലിനെ വീറ്റോ ചെയ്യുമോ എന്ന ചോദ്യത്തിന് വൈറ്റ് ഹൗസ് വക്താവ് മൗനം പാലിച്ചുവെങ്കിലും ചൈനയുമായുള്ള രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് അതിനുള്ള സാധ്യത വിദൂരമാെണന്നാണ് രാഷ്ട്രീയ നിരീക്ഷണം.
ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ഒന്നിനെതിരെ 471 വോട്ടുകൾക്കാണ് ബിൽ അംഗീകരിക്കപ്പെട്ടത്. ചൈനക്കു നേരെ ഉപരോധങ്ങളും നേതാക്കളുടെ യാത്രക്ക് നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ അനുവദിക്കുന്ന ബിൽ, ഉയ്ഗൂറുകൾക്കെതിരെ ചൈനീസ് സർക്കാർ സ്വീകരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോർട്ട് തയാറാക്കാൻ അമേരിക്കയിലെ വിവിധ വകുപ്പുകളോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം ചൈന സിൻജ്യങ് മേഖലയിൽ നടത്തുന്ന സൈനികാക്രമണങ്ങൾ, തടവുകേന്ദ്രങ്ങൾ, അവിടെ നടക്കുന്ന പീഡനങ്ങൾ തുടങ്ങിയവയെക്കുറിച്ച് എഫ്.ബി.ഐയെ വിവരങ്ങൾ ശേഖരിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്യുന്നു. ചൈനയുടെ മാധ്യമപ്രചാരണ തന്ത്രങ്ങളെ ചെറുക്കാനാവശ്യമായ നിർദേശങ്ങളും ബില്ലിൽ അടങ്ങിയിട്ടുണ്ട്. മനുഷ്യാവകാശ സംഘടനകളുടെ നീണ്ടകാലത്തെ ആവശ്യങ്ങളെ നിവർത്തിക്കുന്നതും ഉയ്ഗൂർ മുസ്ലിംകളുടെ നേരെ നടക്കുന്ന സാംസ്കാരിക വംശീയതയെ ചെറുക്കാൻ ഉപകരിക്കുന്നതുമാണ് ഉയ്ഗൂർ മനുഷ്യാവകാശ നിയമം.
യു.എസ് പ്രതിനിധിസഭ പാസാക്കിയ ബില്ലിനെതിരെ കടുത്ത വിമർശനവുമായി ചൈന രംഗത്തിറങ്ങിയിരിക്കുന്നു. ഹോങ്കോങ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട ബില്ലിലൂടെ മുഖം നഷ്ടപ്പെട്ട ചൈനക്കുള്ള മറ്റൊരു പ്രഹരംതന്നെയാണ് അമേരിക്കയുടെ ഈ തീരുമാനവും. വ്യാപാരയുദ്ധത്തിലൂടെ അവതാളത്തിലായ യു.എസ്^ ചൈന ബന്ധം ഇതോടുകൂടി കൂടുതൽ കാലുഷ്യമേറിയിരിക്കുന്നു. അമേരിക്കയുടെ നയതന്ത്ര പാസ്പോർട്ടുള്ള 30 പേർക്ക് ചൈനീസ് സർക്കാർ രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
ചൈനീസ് ഉൾക്കടലിലേക്കുള്ള കപ്പലുകളുടെ പ്രവേശനത്തിനും നിയന്ത്രണം കൊണ്ടുവരുമെന്ന ഭീഷണിയും അവർ ഉയർത്തിക്കഴിഞ്ഞു. അതിനു പ്രതികരണമായി ഉയ്ഗൂർ മുസ്ലിംകൾക്കുനേെരയുള്ള പീഡനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന പോളിറ്റ് ബ്യൂറോ അംഗവും സിൻജ്യങ് കമ്യൂണിസ്റ്റ് സെക്രട്ടറിയുമായ ചെൻ ജ്യുയാങ്ങുവിന് യാത്രാവിലക്കിനുള്ള ശ്രമത്തിലാണ് അമേരിക്ക. അത്തരമൊരു ഉപരോധം കൊണ്ടുവന്നാൽ അമേരിക്കയുടെ വിദേശ സെക്രട്ടറി മൈക് പോംപിയോവിന് ചൈനയിൽ പ്രവേശനം നിഷേധിച്ചുകൊണ്ട് മറുപടി നൽകണമെന്ന് ചൈനയിലെ ഉയർന്ന ഉദ്യോഗസ്ഥ സമിതി അഭിപ്രായപ്പെട്ടിരിക്കുന്നു. അതിെൻറ അദ്യപടിയായി ഉയ്ഗൂറിലെ മനുഷ്യാവകാശ വിഷയങ്ങളിലും ഹോങ്കോങ് ജനാധിപത്യ പ്രക്ഷോഭത്തിനും പിന്തുണ പ്രഖ്യാപിച്ച സന്നദ്ധ സംഘങ്ങൾക്ക് ചൈന യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നു.
ലോക മനഃസാക്ഷിയുടെ പ്രതികരണമാണ് ഈ ബില്ലെന്ന് ഡെമോക്രാറ്റിക് േനതാവ് നാൻസി പെലോസി അവകാശപ്പെടുന്നുണ്ടെങ്കിലും മനുഷ്യാവകാശവിഷയങ്ങളിൽ ഇരട്ടത്താപ്പുകളുടെ ചരിത്രം മാത്രം പറയാനുള്ള ട്രംപിനും അമേരിക്കക്കും അന്തർദേശീയ സമ്മർദം മുറുക്കി ചൈനയെ ഒതുക്കുന്നതിൽ കവിഞ്ഞ രാഷ്ട്രീയമാനം ഈ ബില്ലിനില്ലെന്ന വിമർശനവും അതുപോലെ ശക്തമാണ്. ഉയ്ഗൂർ മുസ്ലിം പീഡനം അവസാനിപ്പിക്കാനുള്ള ആത്മാർഥമായ ആഗ്രഹമോ മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധതയോ അല്ല; മറിച്ച്, വ്യാപാര ചർച്ചകളിൽ ചൈനക്കുമേൽ സമ്മർദം ചെലുത്താനുള്ള ഗൂഢതാൽപര്യങ്ങളാണ് ഈ ബില്ലിലൂടെ ലക്ഷ്യമിടുന്നത് എന്ന് അവർ കരുതുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ ഉയ്ഗൂറിലെ പീഡനം അവസാനിപ്പിക്കുന്നതിലുപരി അമേരിക്കയെ വരുതിയിലാക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്കും മറു സമ്മർദങ്ങൾക്കുമാണ് ഊന്നൽ നൽകേണ്ടതെന്ന നിലപാടിലാണ് ചൈന. അമേരിക്കയുടെ അതിർത്തിയിലും ലോകത്തിലെ വിവിധ ഭാഗങ്ങളിലും അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ അന്താരാഷ്ട്ര വേദികളിൽ ഉയർത്താനും അവർ തീരുമാനിച്ചിട്ടുണ്ട്. നാസി കാലത്തെ തോൽപിക്കുംവിധം അതിനിഷ്ഠുരമായ മർദനങ്ങളും ലൈംഗികപീഡനങ്ങളുമാണ് പുനർവിദ്യാഭ്യാസ ക്യാമ്പുകളെന്ന് വിളിക്കപ്പെടുന്ന കോൺസൻട്രേഷൻ ജയിലറകളിൽ അരങ്ങേറുന്നത്.
തടവറകളിൽനിന്ന് രക്ഷപ്പെട്ടവരുടെ ദുരന്തപർവങ്ങൾ കേൾക്കുക അനുകമ്പ ഹൃദയമുള്ളവർക്ക് അസാധ്യമാംവിധം ഭീകരവും. 11 ലക്ഷം മുസ്ലിംകളുടെ വംശീയ ഉന്മൂലനത്തിനുള്ള രാഷ്ട്രീയ പരിഹാരത്തിലേക്കുള്ള വഴിതുറക്കാൻ ബില്ലിലെ നിർദേശങ്ങൾ മനുഷ്യാവകാശ പ്രവർത്തകർക്ക് ഉപകാരപ്പെടും. അന്തർദേശീയ സമ്മർദം ഉയർത്തുന്നതിലും താൽക്കാലികമായെങ്കിലും പീഡനങ്ങൾ കുറക്കുന്നതിലും അത് വിജയിച്ചേക്കും. പക്ഷേ, വർഷങ്ങളായി നിർബാധം നടന്നുകൊണ്ടിരിക്കുന്ന സാംസ്കാരിക വംശഹത്യയെ ചെറുക്കാൻ ഈ ബില്ലിലൂടെ സാധ്യമാകുമെന്ന് വിശ്വസിക്കാൻ വിസമ്മതിക്കുന്നതാണ് ട്രംപിെൻറ ഭരണകൂട താൽപര്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
