നിലപാടുകളിൽ വീര്യം കുറയരുത്
text_fieldsകേരളത്തെ ലഹരിമുക്തമാക്കാൻ മുൻഗാമികൾ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനല്ലേ പുതുയുഗ കേരളത്തിന്റെ ഭരണക്കാർ തയാറാവേണ്ടത് ?
കോഴിക്കോട് ജില്ലയിലെ ഒരു സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ട് ബാഗ് പരിശോധിച്ചതാണ് അധ്യാപകർ. പുസ്തകങ്ങളും ചോറ്റുപാത്രവും ഇൻസ്ട്രുമെന്റ് ബോക്സും സൂക്ഷിക്കേണ്ട സ്കൂൾ ബാഗിൽനിന്ന് കണ്ടെത്തിയത് അര ലിറ്റർ വാറ്റുചാരായം! ഇത് ആദ്യസംഭവമല്ലെന്നും പലതവണ കൊണ്ടുവരുകയും സഹപാഠികൾ പങ്കുവെച്ച് കുടിക്കാറുണ്ടെന്നുമാണ് അന്വേഷണത്തിൽ വെളിപ്പെട്ടിരിക്കുന്നത്. ലഹരി-മയക്കുമരുന്ന് വിപത്തിനെ ഇല്ലാതാക്കാൻ ലോകം ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ആചരിക്കവെയാണ് ഈ അശുഭ വാർത്ത പുറത്തുവരുന്നത്.
ലഹരി-മയക്കുമരുന്ന് വ്യാപാരികളുടെ ഭീഷണിയിൽനിന്ന് മുക്തമായ ഒരു രാജ്യം പോലും ഇന്നീ ഉലകത്തിലുണ്ടാവില്ല. ലഹരിക്കുരുക്കിൽപ്പെട്ട് സ്വബോധം നശിച്ച് മനുഷ്യർ എന്ന് വിളിക്കപ്പെടാൻ അവകാശമില്ലാത്ത മട്ടിൽ ആളുകൾ ചെയ്തുകൂട്ടുന്ന അരുതായ്മകൾക്ക് അനുദിനം ലോകം സാക്ഷ്യംവഹിച്ചു കൊണ്ടിരിക്കുന്നു. ഈ മാസം കേരളത്തിൽ നടന്ന അറുകൊലകളും ലൈംഗികാതിക്രമ സംഭവങ്ങളും മാത്രം പരിശോധിച്ചാൽ മദ്യവും മയക്കുമരുന്നും ഏതുവിധേനയാണ് മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നത് എന്ന് ബോധ്യപ്പെടും. കുറ്റകൃത്യങ്ങളോ ആത്മഹത്യകളോ റിപ്പോർട്ട് ചെയ്യപ്പെടാത്ത ലക്ഷദ്വീപിലേക്ക് മദ്യമൊഴുക്കി ആ ദേശത്തിന്റെ സ്വഭാവം മാറ്റിയെടുക്കാൻ കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നതുപോലെ ദുഷ്ടശക്തികൾ എല്ലായിടത്തും തക്കംപാർത്തു നടക്കുകയാണ്. ലഹരിയുടെ കുരുക്കിൽനിന്ന് ലോകത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിന് ഓരോരുത്തരും കൈകോർത്ത് ഇറങ്ങേണ്ട സമയമാണിത്. മയക്കുമരുന്ന് വ്യാപാരശൃംഖലകളുടെ വേരറുക്കാൻ കേരളത്തിലെ ആഭ്യന്തര വകുപ്പ് നടപ്പാക്കി വരുന്ന ‘ഓപറേഷൻ തൂഫാൻ’ ദൗത്യത്തിന് സാധാരണ ജനങ്ങളും മത-സാമൂഹിക കൂട്ടായ്മകളും നൽകുന്ന നിർലോപ പിന്തുണ ഈ പോരാട്ടത്തിന്റെ ഭാഗമാണ്. ദൗത്യം ആരംഭിച്ച് 21 ദിവസത്തിനകം 3657 കേസുകൾ രജിസ്റ്റർ ചെയ്യാനും 3931 പേരെ അറസ്റ്റ് ചെയ്യാനും സാധിച്ചുവെന്നാണ് സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിക്കുന്നത്. നമ്മുടെ കുട്ടികളെയും യുവജനങ്ങളെ നശിപ്പിച്ചുകൊണ്ടിരുന്ന ഇത്രയധികം മരണത്തിന്റെ വ്യാപാരികൾ ഇക്കാലമത്രയും ഇന്നാട്ടിൽ വിലസുന്നുണ്ടായിരുന്നു. അവരെ നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന വമ്പന്മാരെക്കൂടി മുഖംനോക്കാതെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കുമ്പോൾ മാത്രമേ തൂഫാന്റെ യഥാർഥ ഇഫക്ട് അനുഭവവേദ്യമാവൂ.
ഒരു ഭാഗത്ത് ലഹരിമാഫിയക്കെതിരെ തുറന്നയുദ്ധം പ്രഖ്യാപിച്ച അതേ ഭരണകൂടം സംസ്ഥാനത്ത് മദ്യവ്യാപനത്തിന് ഒത്താശ ചെയ്യുന്ന നടപടികളുമായി മുന്നോട്ടുപോകുന്നു എന്നത് അത്യന്തം നിരാശാജനകമാണ്. ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് വീര്യം കുറഞ്ഞ മദ്യത്തിന് പ്രോത്സാഹനം നൽകുന്ന സമീപനമാണ് സ്വീകരിച്ചത്. വീര്യം കുറഞ്ഞ മദ്യം വ്യാപകമാക്കുന്ന ആശയം മുന്നോട്ടുവെച്ചതും ബാറുകളുടെ എണ്ണം 28ൽ നിന്ന് 900 ആക്കി ഉയർത്തിയതും മുൻ സർക്കാറാണ് എന്ന ന്യായം പറഞ്ഞ് സതീശനും യു.ഡി.എഫ് സർക്കാറിനും ഒഴിഞ്ഞുമാറാനാവില്ല. അങ്ങനെയെങ്കിൽ എൽ.ഡി.എഫ് സർക്കാർ ചെമ്പട്ട് വിരിച്ച് പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിലേക്ക് ആനയിച്ച വിവാദ മദ്യവ്യാപാരികളും വൈകാതെ തിരിച്ചെത്തുമെന്നല്ലേ മനസ്സിലാക്കേണ്ടത്? മുൻസർക്കാറിന്റെ നയനിലപാടുകൾ അതിലും മോശമായി നടപ്പിലാക്കാനല്ല; വീഴ്ചകളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി. സതീശൻ നടത്തിയ പുതുയുഗ യാത്രയിൽ മുന്നോട്ടുവെച്ച കേരളം യാഥാർഥ്യമാക്കാനാണ് ടീം യു.ഡി.എഫിന് ജനം കൂറ്റൻ ഭൂരിപക്ഷം നൽകിയത്; ജനവിധി അട്ടിമറിക്കപ്പെടുമെന്ന ഘട്ടത്തിൽ പടനയിച്ച നായകനുവേണ്ടി ജനം തെരുവിലിറങ്ങിയത്. ‘വാക്ക് പറഞ്ഞത് പാലിക്കാനാണ്’ എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇന്നും ജനങ്ങളുടെ മനസ്സിലുണ്ട്.
ഘട്ടം ഘട്ടമായി കേരളത്തിൽ മദ്യനിരോധനം നടപ്പാക്കുക എന്ന ദൗത്യമാണ് കെ. കരുണാകരൻ മുതൽ യു.ഡി.എഫ് മുഖ്യമന്ത്രിമാർ മുന്നോട്ടുവെച്ചത്. ചാരായനിരോധനം നടപ്പിൽ വരുത്തിയത് എ.കെ. ആന്റണിയാണ്. ബാറുകളുടെ എണ്ണം കുറച്ചത് ഉമ്മൻചാണ്ടിയും. കേരളത്തെ ലഹരിമുക്തമാക്കാൻ മുൻഗാമികൾ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനല്ലേ പുതുയുഗ കേരളത്തിന്റെ ഭരണക്കാർ തയാറാവേണ്ടത് ? വി.എം. സുധീരനടക്കമുള്ള മുൻനിര നേതാക്കളും വിവിധ ജനകീയ കൂട്ടായ്മകളും ശക്തമായ എതിർപ്പ് ഉന്നയിച്ചതോടെ യു.ഡി.എഫിൽ ചർച്ചചെയ്ത് തീരുമാനമെടുക്കും എന്ന നിലപാടിലേക്ക് മാറിയത് സ്വാഗതാർഹം. അപ്പോഴും സർക്കാറിന്റെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്. കേരളത്തിന്റെ സാമൂഹികജീവിതത്തെ ബാധിക്കുന്ന ഇത്രയും പ്രാധാന്യമുള്ള ഒരു വിഷയത്തിൽ പ്രതിലോമകരമായ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് മുന്നണിയിൽ ചർച്ച നടത്താൻ എന്തായിരുന്നു തടസ്സം?
വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉപഭോഗം ഒട്ടും നിരുപദ്രവകരമല്ല, വീര്യം കൂടിയ കൊടിയ വിഷദ്രാവകങ്ങളിലേക്കുള്ള പരിശീലനമാണ്. മദ്യവിൽപനയിലൂടെ ഖജനാവിലെത്തുന്ന കോടികളെക്കുറിച്ചല്ല, ജനങ്ങളുടെ ആരോഗ്യം നശിക്കുകയും നാടിന്റെ സമാധാനം തകരുകയും ചെയ്യുമ്പോഴുണ്ടാവുന്ന നഷ്ടങ്ങളെപ്പറ്റിയാണ് ഒരു ജനപക്ഷ സർക്കാർ ചിന്തിക്കേണ്ടത്. തുടക്കത്തിൽ സൂചിപ്പിച്ചതിന് സമാനമായ സംഭവങ്ങൾ നാടൊട്ടുക്ക് വ്യാപിച്ച ശേഷം തിരുത്തൽ ചർച്ചകളും നടപടികളും ആരംഭിക്കാനൊരുങ്ങുമ്പോഴേക്ക് കാര്യങ്ങൾ കൈവിട്ടു പോയിട്ടുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

