യു.എ.പി.എ വെറുമൊരു നിയമമല്ല
text_fields2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടന്നുവന്ന പ്രക്ഷോഭത്തിനിടെ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന വംശീയാതിക്രമത്തെ തുടർന്ന് യു.എ.പി.എ ചുമത്തി ജയിലിലടച്ച വിചാരണത്തടവുകാരിൽ വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദ്, ശർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച സുപ്രീംകോടതി നിരസിച്ചു. അതേ കേസിൽ ജയിലിൽ കഴിയുന്ന ഗുൽഫിഷ ഫാത്തിമ, മീരാൻഹൈദർ, ശിഫാഉർറഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ശദാബ് അഹ്മദ് എന്നിവർക്ക് കർക്കശമായ ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു. തടവിൽ കഴിയുന്ന എല്ലാവർക്കും കുറ്റകൃത്യത്തിൽ തുല്യ അളവിലുള്ള പങ്കാളിത്തമല്ല ഉള്ളതെന്നും അതിനാൽ ഓരോരുത്തരുടെയും പങ്കിനെ വേർതിരിച്ചു കാണണമെന്നും നിരീക്ഷിച്ച പരമോന്നത നീതിപീഠം ഭരണഘടനയുടെ 21ാം വകുപ്പനുസരിച്ച് വിചാരണക്ക് മുമ്പുള്ള തടവ് നീളുന്നതിന് സ്റ്റേറ്റിന് ന്യായമാകാമെന്ന കാര്യം എടുത്തുപറഞ്ഞിരിക്കുന്നു. ജാമ്യം നിഷേധിച്ച ഇരുവർക്കും വിചാരണ നീണ്ടുപോകുന്നു എന്നതിന്‍റെ ആനുകൂല്യം നൽകാനാവില്ലെന്നും ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എൻ.വി. അൻജാരിയ എന്നിവരുടെ രണ്ടംഗ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. കുറ്റാരോപണത്തിൽ ഇളവുള്ളതിനാലല്ല ജാമ്യം ലഭിച്ചവർ അതിനർഹരാകുന്നതെന്നും ജാമ്യത്തിന് ചുമത്തിയ 12 കർശന ഉപാധികളിൽ അവർ വീഴ്ചവരുത്തിയാൽ ജാമ്യം റദ്ദാക്കാൻ കോടതിക്ക് അധികാരമുണ്ടായിരിക്കുമെന്നും ഉത്തരവിൽ ഓർമിപ്പിക്കുന്നുണ്ട്.
പൗരത്വ ഭേദഗതിനിയമം (സി.എ.എ), ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി) എന്നിവക്കെതിരായി ഡൽഹിയിൽ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുന്നതിനിടെയാണ് 2020 ഫെബ്രുവരി 24ന് ഡൽഹിയിൽ വംശീയകലാപം നടക്കുന്നത്. സമീപ പതിറ്റാണ്ടുകളിൽ തലസ്ഥാനം കണ്ട ഭീകരമായ രക്തപങ്കില വംശീയാതിക്രമമായിരുന്നു അത്. അമ്പതിലേറെ പേർ കൊല്ലപ്പെട്ടു. അതിൽ ഭൂരിഭാഗവും മുസ്ലിംകളായിരുന്നു. 700 ലധികം പേർക്ക് പരിക്കേറ്റു. ആയിരത്തിലേറെ പേർ ഭവനരഹിതരായി. കോടികളുടെ സ്വത്തുനഷ്ടവും തൊഴിൽ, വ്യാപാര നഷ്ടങ്ങളുമുണ്ടായി. പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, കലാപം പൊടുന്നനെ സംഭവിച്ചതല്ലെന്നും വിപുലമായ ഗൂഢാലോചന പിറകിലുണ്ടെന്നും രേഖപ്പെടുത്തി. 2020 സെപ്റ്റംബർ 16ന് സമർപ്പിക്കപ്പെട്ട 17000 പേജ് വരുന്ന കുറ്റപത്രത്തിൽ അക്രമ പ്രതിഷേധം, സിവിൽ നിസ്സഹകരണം, വൈകാരിക പ്രഭാഷണങ്ങൾ, വാട്സ്ആപ് സന്ദേശങ്ങൾ, സാമ്പത്തിക ഇടപാടുകൾ എല്ലാം ഭീകര ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് ആരോപിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ കർക്കശ വകുപ്പുകൾക്കൊപ്പം യു.എ.പി.എകൂടി ചുമത്തിയതോടെ അറസ്റ്റിലായ 20 പേർ അനിശ്ചിതമായ വിചാരണത്തടവിലായി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗൂഢാലോചന വകുപ്പുകളും യു.എ.പി.എയും കുറ്റാരോപിതർക്കെതിരെ ഒന്നിച്ചു ചുമത്തുകയായിരുന്നു.
എന്നാൽ, ഇന്ത്യയുടെ സമ്പന്നമായ ജനാധിപത്യ പാരമ്പര്യമനുസരിച്ച് സമാധാനപൂർവമായ പ്രതിഷേധത്തിനാണ് മുതിർന്നത് എന്ന് കുറ്റാരോപിതർ വാദിച്ചു. അക്രമത്തിന്‍റെ ഒരു പ്രത്യക്ഷതെളിവും ഇല്ലെന്നും ആയുധങ്ങളോ മറ്റോ കണ്ടെടുത്തിട്ടില്ലെന്നും കേസിൽ ഭൂരിഭാഗവും മുൻവിരോധത്തിന്‍റെ അടിസ്ഥാനത്തിലാണെന്നുമാണ് അവർ വാദിക്കുന്നത്. വേണ്ടപ്പെട്ടവരെ സാക്ഷികളായി കൊണ്ടുവന്നും പ്രസംഗങ്ങൾക്കും സമൂഹമാധ്യമ സന്ദേശങ്ങൾക്കും സ്വയംകൃത വ്യാഖ്യാനങ്ങൾ ചമച്ചുമാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത് എന്നാണ് അവരുടെ ആരോപണം. ഉമർ ഖാലിദ് കലാപനാളുകളിൽ സ്ഥലത്തില്ല, ശർജീൽ ഇമാം കലാപം നടക്കും മുമ്പേ പൊലീസ് കസ്റ്റഡിയിലാണ് തുടങ്ങിയ വസ്തുസ്ഥിതി സാഹചര്യങ്ങളും കോടതി മുമ്പാകെ അഭിഭാഷകർ ബോധിപ്പിച്ചിരുന്നു. ഗുൽഫിഷ ഫാത്തിമക്കുവേണ്ടി 90 തവണ സമർപ്പിക്കപ്പെട്ട ജാമ്യഹരജികൾ മാറ്റിവെച്ചോ തിരസ്കരിച്ചോ തടവുവർഷം നീണ്ടുപോയ കാര്യം അവരുടെ അഭിഭാഷകനും കോടതിയെ ഉണർത്തിയിരുന്നു. എന്നാൽ, ജാമ്യാപേക്ഷകൾ ഡൽഹി ഹൈകോടതി തള്ളിയതിനെതുടർന്ന് തടവുകാർ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് അഞ്ചുപേർക്ക് ജാമ്യം നൽകിയതും ഉമർ ഖാലിദിനും ശർജീൽ ഇമാമിനും നിഷേധിച്ചതും. ഒരുവർഷം കഴിഞ്ഞ് ഇരുവർക്കും വീണ്ടും ജാമ്യഹരജി സമർപ്പിക്കാമെന്നു കോടതി പറഞ്ഞതോടെ ഒരുവർഷം കൂടി അവർ വിചാരണത്തടവിൽ തുടരും.
യു.എ.പി.എ നിലവിൽവരികയും അതിന്‍റെ പേരിൽ നിരവധി മുസ്ലിം യുവാക്കൾ ജയിലിലടക്കപ്പെടുകയും വർഷങ്ങൾ നിരവധി കഴിഞ്ഞ് തെളിവില്ലെന്നു കണ്ടെത്തി കോടതി അവരെ വിട്ടയക്കുകയും ചെയ്യുന്ന രീതി വർധിക്കുന്ന സാഹചര്യത്തിലാണ് വിചാരണത്തടവിന്‍റെ അനിശ്ചിതത്വത്തിൽനിന്ന് വിചാരണ താമസിപ്പിക്കാതെ വിധി പുറപ്പെടുവിക്കാനോ അതിനിടയില്ലെങ്കിൽ ന്യായയുക്തമായ ജാമ്യത്തിനോ ജുഡീഷ്യറിയുടെ ഇടപെടൽ തേടുന്നത്. എന്നാൽ, നീതിന്യായത്തിന്‍റെ സാധാരണയുക്തികൾ ബാധകമാകാത്ത വകുപ്പാണ് യു.എ.പി.എ എന്ന കാര്യമാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിചാരണത്തടവ് അനിശ്ചിതമായി നീണ്ടുപോകുന്നതടക്കമുള്ള ആക്ഷേപങ്ങൾ യു.എ.പി.എ ചുമത്തിയ കേസുകൾക്ക് ബാധകമാവില്ല എന്ന സന്ദേശം തിങ്കളാഴ്ചത്തെ ജാമ്യവിധിയിലുണ്ട്. ദേശസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ കാലവിളംബം പെരുമ്പറയടിക്കാനുള്ള ന്യായമാവില്ലെന്നാണ് പരമോന്നത നീതിപീഠത്തിന്‍റെ നിരീക്ഷണം. ജാമ്യഹരജി പരിഗണിക്കുമ്പോൾ പ്രഥമദൃഷ്ട്യാ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷൻ കൊണ്ടുവന്ന വസ്തുസ്ഥിതി സാഹചര്യങ്ങൾ, തടവു നീളുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, യു.എ.പി.എ വകുപ്പുകളുടെ സാധ്യതകൾ എന്നിവയൊക്കെ പരിശോധിച്ചാണ് ഉമർ, ശർജീൽ എന്നിവരുടെ വിധി തള്ളിയത് എന്നും വിധിയിൽ പറയുന്നു. ഭരണഘടന തത്ത്വങ്ങളുമായി തടവുകാർക്കെതിരെ ചുമത്തിയ കുറ്റങ്ങളുടെ ന്യായാന്യായങ്ങൾ പരിശോധിക്കാൻ കോടതി മിനക്കെട്ടിട്ടില്ല. യു.എ.പി.എക്ക് കീഴിലെ ജാമ്യഹരജികൾ പരിഗണിക്കേണ്ട വിധമാണ് കോടതി പരിഗണിച്ചത്. ഇക്കാര്യത്തിൽ സ്റ്റേറ്റിനുള്ള ഉത്കണ്ഠ മുഖ്യപരിഗണനയർഹിക്കുന്നു എന്ന ഒരു സന്ദേശവും വിധി വ്യക്തമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

