രണ്ടു കേസ്; രണ്ടു ന്യായങ്ങൾ
text_fieldsസുപ്രീംകോടതിയിലെ രണ്ടു കേസ് നടപടികൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേക ശ്രദ്ധ നേടി. മധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി നേതാവുമായ വിജയ് ഷാ ഓപറേഷൻ സിന്ദൂറിനെ കുറിച്ച് പറഞ്ഞതാണൊന്ന്. കേണൽ സോഫിയ ഖുറേഷിയുടെ വാർത്തസമ്മേളനങ്ങളിലെ സാന്നിധ്യത്തെക്കുറിച്ച ഷായുടെ പരാമർശമാണ് വിവാദമായത്. ‘‘ഭീകരകൃത്യത്തെത്തുടർന്ന് അതിനു പ്രതികാരം ചെയ്യാൻ അവരുടെ സ്വന്തം സഹോദരിയെ’തന്നെ പ്രധാനമന്ത്രി മോദി അയച്ചു’’ എന്നായിരുന്നു പരാമർശം. വിവാദങ്ങൾക്കിടയിലും മധ്യപ്രദേശ് ഭരണകൂടം അനങ്ങാതിരുന്നപ്പോൾ ഹൈകോടതിതന്നെ സംസ്ഥാന പൊലീസിനോട് ജനങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ഉണ്ടാക്കുന്ന കുറ്റത്തിന് എഫ്.ഐ. ആർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. രാജ്യത്തിന്റെ അഭിമാനമുയർത്തിപ്പിടിച്ച ഒരു സൈനിക ഉദ്യോഗസ്ഥയെ സ്വന്തം മന്ത്രിസഭയിലെ അംഗം ഇവ്വിധം ഹീനമായി അവഹേളിച്ചിട്ടും അവിടത്തെ മുഖ്യമന്ത്രി അതിലൊരു കുഴപ്പവും കണ്ടില്ല. എന്നുമാത്രമല്ല അവഹേളന പരാമർശത്തെക്കുറിച്ച് വ്യാപക വിമർശനം ഉയർന്നപ്പോഴും മന്ത്രിസഭ എന്തുവേണമെന്ന ചർച്ച തുടരുകയായിരുന്നു. തങ്ങൾക്കു വേണ്ടപ്പെട്ടവർ തെറ്റ് ചെയ്താൽ അതിനെതിരെ എന്തു നടപടിയെടുക്കും എന്നു ദിവസങ്ങളോളം ചർച്ച ചെയ്യും, നിയമോപദേശം തേടും, ഇതിനെല്ലാമുള്ള കടലാസ് നീക്കം ഒച്ചിഴയും വേഗത്തിലാവും. അവസാനം കണ്ണിൽ പൊടിയിടാൻ ചിലത് ചെയ്തെന്നു വരുത്തും. പ്രതിയോഗികളാണെങ്കിലാവട്ടെ, നടപടികൾ ദ്രുതഗതിയിലായിരിക്കും.
ഹൈകോടതി ഉത്തരവനുസരിച്ച് തയാറാക്കിയ എഫ്.ഐ.ആർ റദ്ദാക്കാൻ വിജയ് ഷാ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ആ ബെഞ്ചിൽനിന്നുമുണ്ടായി ശകാരം. അതിൽ രാഷ്ട്രീയം കാണാൻ വിസമ്മതിച്ച കോടതി നടപടികളിൽ കർക്കശ നിലപാട് തുടർന്നു. തൽക്കാലം അറസ്റ്റിൽനിന്ന് ഒഴിവാക്കിയെങ്കിലും ഗൗരവതരമായ അന്വേഷണത്തിന് ഇതര സംസ്ഥാനങ്ങളിലെ മൂന്നു മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ നിയമിക്കാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. അതിൽ ഒരംഗം സ്ത്രീ ആയിരിക്കണം. ഇതിനകം നിയോഗിക്കപ്പെട്ട സംഘം ഈ മാസം 28നകം റിപ്പോർട്ട് സമർപ്പിക്കണം. ഉന്നത കോടതികളുടെ സമയോചിത ഇടപെടലുണ്ടായതുകൊണ്ടുമാത്രം ഇതിങ്ങനെയൊക്കെ ആയെന്നു പറയാം. അപ്പോഴും വിജയ് ഷാ മന്ത്രിയായി തുടരുന്നു.
അതിനിടയിലാണ് സിന്ദൂർ ഓപറേഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളുടെ പേരിൽ ഞായറാഴ്ച അറസ്റ്റ് ചെയ്യപ്പെട്ട ഹരിയാനയിലെ അശോക സർവകലാശാലയിലെ അസോ. പ്രഫസർ അലി ഖാൻ മഹ്മൂദാബാദിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ മുമ്പാകെ വന്നത്. അഭിഭാഷകരുടെ അഭ്യർഥന മാനിച്ച് ഹരജി വേഗം കേൾക്കാൻ ചീഫ് ജസ്റ്റിസ് സമ്മതിച്ചതിനാൽ ബുധനാഴ്ച അതു പരിഗണിച്ചു. തുടർന്ന് ജസ്റ്റിസ് സൂര്യകാന്തും എൻ.കെ. സിങ്ങും അടങ്ങിയ ബെഞ്ച് വ്യവസ്ഥകളോടെ ഇടക്കാല ജാമ്യവും അനുവദിച്ചു. എന്നാൽ, എഫ്.ഐ.ആർ കോടതി റദ്ദാക്കിയിട്ടില്ല. പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യരുതെന്നുത്തരവിട്ട കോടതി 22നകം കേസന്വേഷണത്തിനായി സ്ത്രീ ഉദ്യോഗസ്ഥ അടക്കം മൂന്നു മുതിർന്ന ഐ.പി.എസ് ഓഫിസർമാരുടെ പ്രത്യേക സംഘത്തെ നിയമിക്കണമെന്നും പറഞ്ഞു.
രണ്ടു ബാലിശമായ പരാതികളിലാണ് പ്രഫസർ അലി ഖാനെതിരെ പൊലീസിന്റെ അതിവേഗ നടപടി. രാജ്യത്തെ നാനാഭാഗങ്ങളിൽനിന്നുള്ള സാമൂഹിക- മനുഷ്യാവകാശ പ്രവർത്തകർ, അക്കാദമിഷ്യന്മാർ, രാഷ്ട്രീയ നേതാക്കൾ എന്നിവരുൾപ്പെട്ട ഒരു വലിയ വിഭാഗം അറസ്റ്റിനെതിരെ രംഗത്തു വരുകയും നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തു. ആരോപണങ്ങൾ രണ്ടു സമൂഹമാധ്യമ പോസ്റ്റുകളെ ആധാരമാക്കിയായിരുന്നു.
ഒരു വിധത്തിലും കലാപമോ കുഴപ്പമോ ഉണ്ടാക്കേണ്ടവയല്ല ഇവയൊന്നും. എന്നാൽ, പ്രസ്തുത പോസ്റ്റ് സൈനിക സേവനമനുഷ്ഠിക്കുന്ന സ്ത്രീകൾക്ക് അപമാനകരമാണെന്നും സർക്കാറിൽ ദുരുദ്ദേശ്യം കൽപിച്ചിരിക്കുന്നെന്നുമാണ് ഹരിയാന ബി.ജെ.പി യുവ മോർച്ച ജനറൽ സെക്രട്ടറിയും സംസ്ഥാന വനിത കമീഷൻ ചെയർപേഴ്സൺ രേണു ഭാട്ടിയയും പരാതിയിൽ ആരോപിച്ചത്. ഈ പരാതികളിന്മേൽ പൊലീസ് എടുത്ത കേസുകളോ? രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടത്തിലാക്കുന്നു, ജനങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുന്നു എന്നൊക്കെ പറഞ്ഞും.. സമീപ കാലത്ത് കേന്ദ്ര സർക്കാറും, ബി.ജെ.പി സർക്കാറുകളും ഒരുപോലെ ഏത് ആശയ ശത്രുവിനെതിരെയും പ്രയോഗിക്കുന്നവ. രാജ്യദ്രോഹക്കുറ്റം, പരിഷ്കരിച്ച, ഹിന്ദി പേരുകളോടുകൂടിയ പുതിയ നിയമസംഹിതയിൽനിന്നെടുത്ത് കളഞ്ഞുവെന്നുകരുതിയവർക്കും, സുപ്രീംകോടതി അതു മരവിപ്പിച്ചെന്നു തോന്നിയവർക്കും, കൊളോണിയൽ നിയമങ്ങളെ പരിഹസിക്കാറുള്ള അതൊക്കെ തങ്ങൾക്കു വേണ്ടപ്പോൾ വേണ്ടപോലെ പ്രയോഗിക്കും എന്നു തിരിച്ചറിയാത്തവർക്കും ഇതൊരു പുതുമയായിരിക്കും. കോടതി കേസിന്റെ മെറിറ്റിലേക്ക് മുഴുവൻകടക്കാത്തതുകൊണ്ട് തൽക്കാലം വിധിക്ക് കാത്തിരിക്കുക തന്നെ. ഏതായാലും ഒരു വശത്ത് വ്യക്തമായും പ്രകോപനപരവും വിധ്വംസകവുമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയ ഒരു മന്ത്രിക്കെതിരെ നടപടിയെടുപ്പിക്കാൻ പരമോന്നത കോടതിയെ സമീപിക്കേണ്ടിയും കോടതിക്ക് തന്നെ യത്നിക്കേണ്ടിയും വരുന്നു. മറുവശത്ത്, കേട്ടാൽ കുഴപ്പമുള്ളതായി തോന്നാത്ത പ്രസ്താവനകളുടെ പേരിൽ, ഭൂരിപക്ഷ കോറസിൽനിന്ന് അൽപം വ്യതിചലിക്കുന്നെന്നു ഭരണവർഗത്തിനു തോന്നിയ ഒരൊറ്റ കാരണത്താൽ ഒരു രാഷ്ട്രീയ ചിന്തകന് ജാമ്യം തേടി അതേ കോടതിയിൽ അപേക്ഷിക്കേണ്ടി വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

