Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകുഞ്ഞുങ്ങൾ കരഞ്ഞു; ...

കുഞ്ഞുങ്ങൾ കരഞ്ഞു;  ട്രംപ്​ കുനിഞ്ഞു

text_fields
bookmark_border
കുഞ്ഞുങ്ങൾ കരഞ്ഞു;  ട്രംപ്​ കുനിഞ്ഞു
cancel

മാതാപിതാക്കളിൽനിന്നു കുഞ്ഞുങ്ങളെ പിരിച്ചു കൂട്ടിലടച്ച്​ ഏകാധിപത്യമുഷ്​കി​​െൻറ പുതുചരിതം കുറിച്ച ​യു. എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനു ഒടുവിൽ കുരുന്നുകളുടെ ആർത്തനാദത്തിനു മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. രാജ്യസുരക്ഷയുടെ പേരുപറഞ്ഞ്​ അതിർത്തികൾ കടന്നുള്ള കു​ടി​യേ​റ്റം ത​ട​യാ​ൻ ഭ​ര​ണ​ഘ​ട​ന ച​ട്ട​മോ കീ​ഴ്​​വ​ഴ​ക്ക​മോ നോ​ക്കാ​തെ ട്രം​പ്​ ക​ണ്ടെ​ത്തി​യ വ​ക​തി​രി​വി​ല്ലാ​ത്ത പ​രി​ഹാ​ര​ക്രിയയാണ്​ ലോകത്തി​​െൻറ മുഴുവൻ പ്രതിഷേധത്തെ തുടർന്ന്​ ഉപേക്ഷിക്കേണ്ടി വന്നത്​. ഉറ്റവരും ഉടയവരുമി​ല്ലാതെ അനധികൃതമായി രാജ്യാതിർത്തി കടന്നെത്തുന്ന 18 വയസ്സ്​ തികയാത്ത മൈനർമാരെയും  നുഴഞ്ഞുകയറ്റക്കാരായ മാതാപിതാക്കളെയും പിടികൂടി ശിക്ഷിക്കു​േമ്പാൾ കൂടെയെത്തുന്ന കുഞ്ഞുങ്ങളെയും വേർപെടുത്തി താൽക്കാലികവും നിയന്ത്രണം കുറഞ്ഞതുമായ സെല്ലുകളിൽ പാർപ്പിക്കുന്ന രീതിയാണ്​ അമേരിക്കയിൽ നിലവിലുള്ളത്​. കുടിയേറ്റനിയമം സംബന്ധിച്ച നിയമത്തിൽ ഇൗ കുഞ്ഞുങ്ങളെ എന്തു ചെയ്യണമെന്ന്​ വ്യക്​തമായി പറയുന്നുണ്ട്​. മാറിമാറിവരുന്ന ഗവൺമ​െൻറുകൾ മാനുഷികപരിഗണനയോടുകൂടിയ സമീപനം​ ഇക്കാര്യത്തിൽ സ്വീകരിച്ചുവന്നിട്ടുമുണ്ട്​. നുഴഞ്ഞുകയറ്റത്തിന്​ പിടിയിലാകുന്നവരുടെ കൈവശമുള്ള കുഞ്ഞുങ്ങളെ ആരോഗ്യ മാനവസേവ വകുപ്പിനു കീഴിലെ അഭയാർഥി പുനരധിവാസ കേന്ദ്രങ്ങളിൽ കുട്ടികളുടെ ഉത്തമതാൽപര്യങ്ങൾ പരിഗണിച്ചുകൊണ്ടു പരിപാലിക്കണമെന്നാണ്​ നിലവിലുള്ള നിയമം.

അമേരിക്കയിൽ ബന്ധുക്കളുണ്ടെങ്കിൽ കുട്ടികളെ അവരെ ഏൽപിക്കണം. ഇല്ലെങ്കിൽ അവരെ തടവുകേന്ദ്രങ്ങളിൽ പരിചരിക്കാം. അവർക്ക്​ വൈദ്യസഹായവും മാനസികാരോഗ്യ പരിചരണവും മുതൽ വിദ്യാഭ്യാസ സഹായം വരെ ആവ​ശ്യാനുസൃതം ലഭ്യമാക്കണം. കസ്​റ്റഡിയിലുള്ള കുഞ്ഞുങ്ങൾക്കു ആഭ്യന്തരസുരക്ഷ വിഭാഗം സ്​പോൺസർമാരെ ക​െണ്ടത്തണം. 20 ദിവസത്തിൽ കൂടുതൽ നാളുകൾ അവരെ തടവിലിടാൻ പാടില്ല ^ എന്നൊക്കെയുണ്ട്​ നിയമത്തിൽ. 2000നു മു​​മ്പ്​ കുടിയേറ്റത്തിനെതിരെ നിയമം നടപ്പാക്കിയപ്പോൾ കുറേകൂടി അയവുള്ള സമീപനമായിരുന്നു പ്രസിഡൻറുമാർ സ്വീകരിച്ചുവന്നത്​. കുടുംബങ്ങളെ അറസ്​റ്റ്​ ചെയ്​തു വിടുകയും എന്നാൽ, നിയമാനുസൃതമുള്ള വിചാരണയും ശിക്ഷയു​മൊക്കെ നൽകുകയുമായിരുന്നു അന്ന്​. ജോർജ്​ ഡബ്ല്യു. ബുഷ്​ പ്രസിഡൻറായ​േപ്പാൾ പൂജ്യം സഹിഷ്​ണുതയിലൂന്നി കുടിയേറ്റ നിയമത്തിനു കടുപ്പം കൂട്ടി. അ​േപ്പാഴും കുഞ്ഞുങ്ങളെയുമായെത്തുന്ന കുടുംബയൂനിറ്റുകളെയും തനിച്ചെത്തുന്ന മൈനർമാരെയും നിയമത്തിൽനിന്നു മാറ്റിനിർത്തുകയായിരുന്നു ‘ഒാപറേഷൻ സ്​ട്രീം ലൈനി’ൽ. കുടിയേറ്റക്കാരുടെ വിചാരണയും നാടുകടത്തലും ധിറുതിയിലാക്കുകയാണ്​ അന്ന്​ ചെയ്​തത്​. ഒബാമയുടെ കാലത്ത്​ കുടുംബത്തിൽനിന്നു കുഞ്ഞുങ്ങളെ വേർപെടുത്താതെ തന്നെ​ ശിക്ഷാവിധി നടപ്പാക്കി​. 

അധികാരമേറ്റതു മുതൽ കുടിയേറ്റത്തിനെതിരെ ​ആക്രോശവുമായി നടക്കുന്ന ഡോണൾഡ്​ ട്രംപ്​ ഭ്രാന്തൻ അഭിപ്രായപ്രകടനങ്ങളാണ്​ ഇക്കാര്യത്തിൽ ഇന്നോളം നടത്തിവന്നത്​. പറഞ്ഞ​െതല്ലാം ​പ്രയോഗിക്കാൻ തന്നെയാണ്​ ട്രംപി​​െൻറ തീരുമാനമെന്ന്​ പിന്നീടാണ്​ വ്യക്​തമായത്​. കുടിയേറ്റക്കാരോടുള്ള പൂജ്യം സഹിഷ്​ണുത കഴിഞ്ഞ ഏപ്രിലിൽ നടപ്പാക്കി ആ​ഴ്​ചകൾക്കുശേഷമാണ്​ അതി​​െൻറ പ്രത്യാഘാതം ലോകത്തിനു ബോധ്യപ്പെടുന്നത്​. രണ്ടുമാസം പിന്നിടു​േമ്പാൾ 2000ത്തോ ളം കുഞ്ഞുങ്ങളെ ട്രംപ്​ മാതാപിതാക്കളിൽനിന്നു അടർത്തിമാറ്റി വേറെ പാർപ്പിച്ചു. അനധികൃത കുടിയേറ്റക്കാരെ പിടികൂടു​േമ്പാൾ കുഞ്ഞുങ്ങളെ വേർപെടുത്തണമെന്ന്​ എവിടെയും പറയുന്നില്ല. എന്നല്ല, അത്​ രക്ഷിതാക്കളുടെകൂടി ശിക്ഷവിധി ലഘൂകരിക്കുകയാണ്​ നാട്ടുനടപ്പ്​. എന്നാൽ, നിയമമെന്നാൽ മനുഷ്യപ്പറ്റില്ലാത്തത്​ എന്ന്​ ഉറച്ചുവിശ്വസിക്കുന്ന ട്രംപിന്​ ഇക്കാര്യത്തിൽ വെട്ടിമുറിച്ച നിലപാടേ അറിയൂ. കടന്നുകയറ്റക്കാരായി എത്തുന്നവരുടെ കുട്ടികളെ വേർപെടുത്തിയും ജയിലിലിടുക, അല്ലെങ്കിൽ പിന്നെ അതിർത്തികൾ തുറന്നിടുക^മറ്റൊരു വഴിയില്ലെന്ന്​ അദ്ദേഹം ഉറച്ചു പറയുന്നു. അങ്ങനെ കഴിഞ്ഞ ഒക്​ടോബറിൽ ആരംഭിച്ച അഭയാർഥികളുടെ അറസ്​റ്റി​​െൻറ കെടുതികൾ കഴിഞ്ഞ മാസത്തോടെയാണ്​ യഥാതഥമായി ജനങ്ങളുടെ മുന്നി​െലത്തുന്നത്​.

യു.എസ്​ കോൺ​ഗ്രസിൽ നിരന്തരം ആവശ്യമുയർന്നിട്ടും രക്ഷിതാക്കളിൽനിന്നു എത്ര മക്കൾ വേർപെടുത്തപ്പെട്ടു എന്ന വിവരം സർക്കാർ പുറത്തുവിട്ടില്ല. ഒടുവിൽ മാധ്യമപ്രവർത്തകരാണ്​ ഇൗ രംഗത്ത്​ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുടെ സഹായത്തോടെ ദയനീയ സ്​ഥിതി കണ്ടെത്തിയത്​. അതോ ടെ ഗവൺമ​െൻറിനു സമ്മതിക്കാതെ തരമില്ലെന്നായി. വിവിധ സംഘടനകൾ വ്യത്യസ്​ത പ്രതിഷേധരീതികളിലൂടെ ലോകത്തിനു മുന്നിൽ പ്രശ്​നം കൊണ്ടുവന്നു. താൽക്കാലിക തടങ്കൽ പാളയങ്ങളിൽ തടവിൽ കഴിയുന്ന കുഞ്ഞുങ്ങൾ വാവിട്ടു കരയുന്ന ഒാഡിയോടേപ്പുകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഇതോടെ ലോകമെങ്ങും പ്രതിഷേധം അലയടിച്ചു. വൈറ്റ്​ഹൗസിൽ തന്നെ അഭിപ്രായവ്യത്യാസമായി. എന്തിന്​, ട്രംപി​​െൻറ ഭാര്യ മെലാനിയ തന്നെ കുഞ്ഞുങ്ങളെ പിഴുതുമാറ്റുന്ന നിയമത്തെ പരസ്യമായി എതിർത്തു. കുടിയേറ്റക്കാരെ പിടികൂടിക്കൊള്ള​െട്ട, കുട്ടികളെ വി​േട്ട തീരൂ എന്ന അവരുടെ പക്ഷം ത​െന്നയാണ്​ റിപ്പബ്ലിക്കൻ തന്നെയായ മുൻ പ്രസിഡൻറ്​ ജോർജ്​ ഡബ്ല്യു. ബുഷി​​െൻറ ഭാര്യ ലാറക്കും. അനുകമ്പയും അന്തസ്സും വികാരമായുള്ള മനുഷ്യജീവിക്കു സഹിക്കാനാവാത്തതാണ്​ ഇതെന്നാണ്​ ഹിലരി ക്ലി​ൻറൺ അഭിപ്രായപ്പെട്ടത്​. ഇക്കണ്ട കാർക്കശ്യമൊക്കെ പുലർത്തിയിട്ടും കുടിയേറ്റത്തിൽ കുറവൊന്നുമുണ്ടായിട്ടില്ലെന്ന ​കഴിഞ്ഞ മാസത്തെ കണക്കുകളും പ്രസിഡൻറിനു തിരിച്ചടിയായി. 

അകത്തും പുറത്തും സമ്മർദം ശക്​തമായതോടെ നിയമത്തിൽ അയവുവരുത്താൻ ട്രംപ് നിർബന്ധിതനായി. നിയമത്തെ അക്ഷരാർഥത്തി​ലെടുക്കുക ഏകാധിപതിക്കു ചേരുമെങ്കിലും ഭരണാധികാരിക്ക്​ പറ്റില്ല എന്നു ട്രംപിനെ ബോധിപ്പിക്കുന്നതിൽ പ്രതിഷേധം വിജയിച്ചെന്നു പറയാം. എന്നാൽ, ഇത്രടം കൊണ്ടു ട്രംപ്​ നിർത്തുമോ എന്നറിയുക അദ്ദേഹത്തിനു മാത്രം.

Show Full Article
TAGS:madhyamam editorial trump US Immigration Policy article malayalam news 
Next Story