Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതോൽക്കാതെ ജയിക്കാത്ത...

തോൽക്കാതെ ജയിക്കാത്ത ട്രംപ്​

text_fields
bookmark_border
editorial
cancel

അമേരിക്കയിൽ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​െൻറ അപ്രതിഹതമായ മുന്നേറ്റത്തിന്​ തടയിട്ടുകൊണ്ട്​ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ജനപ്രതിനിധിസഭ പിടിച്ചെടുത്തിരിക്കുന്നു. 435 അംഗ സഭയിൽ ഭൂരിപക്ഷത്തിനുവേണ്ട 218 ലും രണ്ടു സീറ്റ്​ കൂടുതൽ ഡെമോക്രാറ്റുകൾ നേടിയപ്പോൾ 193 സീറ്റുകളാണ്​ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളത്​. ബാക്കി 22 സീറ്റുകളിലെ വിജയത്തിലും ഡെമോക്രാറ്റുകൾക്ക്​ വലിയ പ്രതീക്ഷയുണ്ട്​. 2010നു ശേഷം ഇതാദ്യമായാണ്​ ഡെമോക്രാറ്റുകൾ പ്രതിനിധിസഭയുടെ നിയന്ത്രണം കൈയേൽക്കുന്നത്​. ​സഭയി​ലെ ന്യൂനപക്ഷ നേതാവായിരുന്ന നാൻസി പെലോസിക്ക്​ ഇതോടെ സ്​പീക്കർസ്​ഥാനത്തേക്കു വഴിതെളിയുകയാണ്​. അമേരിക്കയിൽ പുതിയ നാളുകൾക്ക്​ തുടക്കം കുറിച്ചിരിക്കുന്നുവെന്നും യു.എസ്​ ഭരണഘടനയുടെ വിധിവിലക്കുകൾ ഇനി ട്രംപ്​ ഭരണകൂടത്തിനും ബാധകമാകാൻ പോകുകയാണെന്നുമാണ്​ നാൻസിയുടെ ആദ്യ പ്രതികരണം. ഇതോടെ നിയമനിർമാണത്തിലും നിയമനങ്ങളിലും വിദേശനയമടക്കമുള്ള നിലപാടു പ്രഖ്യാപനങ്ങളിലുമെല്ലാം തന്നിഷ്​ടം നടപ്പാക്കി അടക്കിവാഴുന്ന ട്രംപിന്​ മൂക്കുകയറിടാനായിരിക്കും വരുന്ന രണ്ടു വർഷങ്ങളിലെ ഡെമോക്രാറ്റുകളുടെ ശ്രമമെന്ന്​ വ്യക്​തം. എന്നാൽ, തോൽവി സമ്മതിക്കാൻ തയാറില്ലാതെ കിട്ടിയ വിജയം വലിയ മട്ടിൽ കൊണ്ടാടുന്ന ട്രംപ്​ പരാജയം മണത്തതി​ലെ വെകിളി പുറത്താകാതിരിക്കാൻ സ്വേച്ഛാവാഴ്​ചക്ക്​ കടുപ്പം കൂട്ടുമെന്നാണ്​ ആദ്യ സൂചനകൾ.

കുടിയേറ്റ ശത്രുക്കളെ ചൂണ്ടിയുള്ള ട്രംപി​​െൻറ വിദ്വേഷപ്രചാരണം അഭ്യസ്​തവിദ്യരായ നഗരവാസികൾ മുച്ചൂടും തള്ളിക്കളഞ്ഞപ്പോൾ ഗ്രാമീണ വോട്ടർമാരിൽ അത്​ സ്വാധീനമുളവാക്കി. സ്​ത്രീകൾക്കും യുവാക്കൾക്കും കോളജ്​ വിദ്യാഭ്യാസം നേടിയ മധ്യവർഗത്തിനും കൂടുതൽ പ്രാതിനിധ്യമുള്ളതാണ്​ ഡെമോക്രാറ്റു നിര. ചെറുനഗരങ്ങളിലും നിർണായകവിജയം നേടാൻ അവർക്കായിട്ടുണ്ട്​. ഗവൺമ​െൻറി​​െൻറ ജനക്ഷേമത്തിനായുള്ള ചെലവിനങ്ങളിലും ആരോഗ്യസുരക്ഷ പദ്ധതിയുടെ കാര്യത്തിലും പൊതുവിൽ അസംതൃപ്​തരായിരുന്നതുകൊണ്ടുതന്നെ ട്രംപി​​െൻറ ജനപിന്തുണ ഭരണമേറ്റ ഘട്ടത്തിൽനിന്നു പകുതിയിലധികം കുറഞ്ഞിരുന്നു. പത്തു വോട്ടർമാരിൽ ആറു പേരും, രാജ്യം തെറ്റായ ദിശയിലൂടെയാണ്​ നീങ്ങുന്നത്​ എന്ന്​ അഭി​പ്രായമുള്ളവരാണ്​. തെരഞ്ഞെടുപ്പിൽ കുടിയേറ്റവിരുദ്ധ നീക്കങ്ങളും ആരോഗ്യസുരക്ഷ പദ്ധതിയുമാണ്​ ​ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ടത്​. വോ​െട്ടടുപ്പിൽ പ​െങ്കടുത്ത മൂന്നിൽ രണ്ടു പേരും ട്രംപി​​നോടുള്ള ആഭിമുഖ്യമോ വിരോധമോ കൊ​ണ്ടാണ്​ ബാലറ്റ്​ ഉപയോഗപ്പെടുത്തിയത്​. അതിനാൽ ട്രംപി​​െൻറ വരുംനാളുകൾ തികച്ചും ഏകപക്ഷീയമായിരിക്കില്ല.

സെനറ്റിലും ഭരണനിർവഹണ വിഭാഗത്തിലും മേൽ​െക്കെയുണ്ടെങ്കിലും പ്രതിനിധിസഭയിലെ പരാജയം ട്രംപിന്​ ഏ​െറ വെല്ലുവിളികൾ സൃഷ്​ടിക്കുന്നുണ്ട്​. ട്രംപ്​ ഭരണകൂടത്തി​​െൻറ വിവിധ തീരുമാനങ്ങൾ പുനഃപരിശോധിക്കപ്പെടാനും സ്വദേശത്തും വിദേശത്തുമുള്ള ഇടപാടുകളിൽ വിശദമായ അന്വേഷണം നടത്താനും സമവാക്യം മാറിവരുന്ന ‘ഡെമോക്രാറ്റിക്​ ഹൗസ്​’ ശ്രമിക്കും. അതി​​െൻറ ആദ്യസൂചനകൾ നാൻസി നൽകിക്കഴിഞ്ഞു. പ്രസിഡൻറി​​െൻറ കഴിഞ്ഞ തെരഞ്ഞെടുപ്പ്​ ​പ്രചാരണത്തിലെ റഷ്യൻ ഇടപെടൽ അടക്കമുള്ള വിഷയങ്ങളിൽ വിശദമായ അന്വേഷണം നടത്താനും നികുതിനയം തിരുത്തിക്കാനും ഡെമോക്രാറ്റുകൾക്ക്​ ഭൂരിപക്ഷമുള്ള സമിതികൾ വഴി സമ്മർദം ചെലുത്താൻ കഴിയും. രാജ്യതാൽപര്യത്തിനു വിരുദ്ധമായി നീങ്ങുന്ന പ്രസിഡൻറിനെതിരെ ഇംപീച്ച്​മ​െൻറ്​ പ്രയോഗിക്കാനുള്ള ആലോചന ഡെമോക്രാറ്റ്​ വൃത്തങ്ങളിലുണ്ടായിരുന്നു​. തെരഞ്ഞെടുപ്പുകാലത്ത്​ അത്​ കെട്ടഴിച്ചു ട്രംപിനെ കൂടുതൽ പ്രകോപിപ്പിക്കേണ്ട എന്ന അടവുനയമാണ്​ അവർ സ്വീകരിച്ചതെന്നും പ്രതിനിധിസഭയിൽ ഭൂരിപക്ഷം കിട്ടിയതോടെ ആ ദിശയിൽ കാര്യങ്ങൾ നീക്കാൻ പ്രതിപക്ഷ ശ്രമമുണ്ടാകുമെന്നും നിരീക്ഷണമുണ്ട്​. അങ്ങനെ രണ്ടുവർഷത്തിനകം വീണ്ടുമൊരു ഉൗഴത്തിനുകൂടി ശ്രമിക്കാനുള്ള ട്രംപി​​െൻറ നീക്കത്തെ തളർത്താനും തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ നില പരുങ്ങലിലാക്കാനും ​ഡെമോക്രാറ്റുകൾ ആവതു ചെയ്യും​.

എന്നാൽ, ഇതെല്ലാം നേരത്തേ കണ്ടറിഞ്ഞതാണെന്ന മട്ടിലാണ്​ ട്രംപി​​െൻറ നീക്കം. സെനറ്റിലെ വിജയം മാത്രം അവകാശപ്പെടാനുള്ളപ്പോഴും ‘അതിഗംഭീരം’ ആണ്​ അതെന്ന്​ ആഘോഷിക്കുകയാണ്​ അദ്ദേഹം. മാത്രമല്ല, വിജയത്തി​​െൻറ ഉത്തരവാദിത്തം നുഴഞ്ഞുകയറ്റക്കാരായ അഭയാർഥികൾക്കും മാധ്യമങ്ങൾക്കും മേൽ വെച്ചുകെട്ടാനും ​പ്രസിഡൻറ്​ ശ്രമിക്കുന്നു. അധികാരത്തിലിരിക്കുന്നവർ ഇടക്കാല തെരഞ്ഞെടുപ്പിൽ സമ്പൂർണ വിജയം നേടുന്നത്​ അമേരിക്കയിൽ പതിവില്ല. എന്നാൽ, ഭരണത്തി​​െൻറ പ്രതിച്ഛായ മെ​ച്ചപ്പെടുത്താനും അതി​​െൻറ മൈലേജ്​ അടുത്ത തെരഞ്ഞെടുപ്പിൽ നേടിയെടുക്കാനുമുള്ള ഗൃഹപാഠമായി അതിനെ ഉപയോഗപ്പെടുത്തുകയാണ്​ മുൻ പ്രസിഡൻറുമാരുടെ രീതി. അതിനു വിപരീതമായി ത​േൻറതു ശരിയായ വഴി തന്നെയെന്നുറച്ച്​ അതിന്മേൽ അധീശാധിപത്യം ഉറപ്പിക്കാനുള്ള ധാർഷ്​ട്യമാണ്​ ഫലത്തിൽനിന്നു ട്രംപ്​ പഠിച്ചെടുത്തതെന്നു തോന്നുന്നു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ്​ ഫലം സംബന്ധിച്ച്​ മാധ്യമപ്രവർത്തകരെ കാണാനെത്തിയ പ്രസിഡൻറ്​ പലപ്പോഴും നിലവിട്ട്​ സംസാരിച്ചു. സി.എൻ.എൻ ലേഖകനെ അതിക്രൂരമായി അധിക്ഷേപിച്ചു പുറത്താക്കി. മറ്റൊരു ലേഖികക്കെതിരെ വംശീയാധിക്ഷേപം നടത്തി. വിവാദമായപ്പോൾ പറഞ്ഞത്​ വിഴുങ്ങി. ഏറ്റവുമൊടുവിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ കേസ്​ തള്ളിക്കളയാനുള്ള ട്രംപി​​െൻറ നിർദേശം സ്വീകരിക്കാൻ വിസമ്മതിച്ച അറ്റോണി ജനറലി​െന പുറത്താക്കി പകരം ത​​െൻറ ഇംഗിതത്തിനു വഴങ്ങുന്നയാളെ നിയമിച്ചിരിക്കുന്നു. ഇനി കേസ്​ അന്വേഷിക്കുന്ന ​സ്​പെഷൽ കോൺസൽ റോബർട്ട്​ മുള്ളറുടെ തലയുരുളുമോ എന്നേ അറിയാനുള്ളൂ. ഡെമോക്രാറ്റുകളിൽനിന്നു തനിക്കു നേരിടാനുള്ള ഏറ്റവും വലിയ ഭീഷണിയെ എങ്ങനെയാകും മറികടക്കുക എന്നു ട്രംപ്​ ഇപ്പോഴേ കാണിച്ചു തുടങ്ങി. സഭയിലെ മേധാവിത്വം വെച്ച്​ നികുതിപ്പണം വെറുതെ അന്വേഷണത്തിനു പാഴാക്കിക്കളയാനാണ്​ നീക്കമെങ്കിൽ അതു​േപാലെ സെനറ്റിലെ സ്വാധീനം വെച്ചു ഞങ്ങളുമൊരു കളി കളിക്കും എന്നു സ്വതസ്സിദ്ധമായ ശൈലിയിൽ അദ്ദേഹം വിരട്ടുന്നുമുണ്ട്​. വിജയിച്ചത്​ ഡെമോക്രാറ്റുകളാണെങ്കിലും ചിരി ട്രംപി​​െൻറ മുഖത്തു തന്നെ. അത്​ മായ്​ക്കാൻ ഡെമോക്രാറ്റുകൾ എന്തുചെയ്യും എന്നു കണ്ടുതന്നെ അറിയണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticleus electionmalayalam newsDonald Trump
News Summary - Trump, Us Election - Article
Next Story