ട്രംപോ, ഷി ജിൻ പിങ്ങോ; ആര് ആരെയാണ് പ്രീണിപ്പിച്ചത്?
text_fieldsപശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കൻ നിലപാടിനോട് ചൈനയെ അടുപ്പിക്കാൻ, ചുരുങ്ങിയത് അമേരിക്കൻ നിലപാടിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കാൻ പ്രേരിപ്പിക്കാനെങ്കിലും ട്രംപ് ശ്രമിക്കുമെന്ന് കണക്കുകൂട്ടലുകളുണ്ടായെങ്കിലും അത്തരം നീക്കമൊന്നും നടന്നിട്ടില്ല.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രം പിന്റെ രണ്ടു ദിവസത്തെ ചൈന സന്ദർശനം ലോകശ്രദ്ധ നേടിയത് സ്വാഭാവികം. ഒമ്പത് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു യു.എസ് പ്രസിഡന്റ് ചൈന സന്ദർശിക്കുന്നത്. ലോകത്തിന്റെ ഏറ്റവും വലിയ രണ്ടു വൻ ശക്തികളുടെ തലവന്മാരായ ട്രംപും ഷി ജിൻ പിങ്ങും തമ്മിലെ കൂടിക്കാഴ്ചക്ക് ആ നിലക്കുതന്നെ പ്രാധാന്യമുണ്ട്. വിശിഷ്യ, നിലവിലെ പശ്ചിമേഷ്യൻ സംഘർഷാവസ്ഥയും അതുണ്ടാക്കിയ ആഗോള വ്യാപാര-സാമ്പത്തിക പ്രതിസന്ധികളും പരിഗണിച്ചാൽ. സമ്പദ്വ്യവസ്ഥയുടെ വലുപ്പം കൊണ്ട് ഒന്നും രണ്ടും സ്ഥാനത്താണ് ഇരു രാജ്യങ്ങളും. 1972ൽ ഒരു അപ്രതീക്ഷിത മഞ്ഞുരുക്കത്തിൽ റിച്ചാർഡ് നിക്സൺ, ചൗ എൻ ലായിയുമായി കണ്ടുമുട്ടിയതിനു തുല്യമായ പ്രാധാന്യം ചൈന ഇതിനു കൽപിക്കുന്നുണ്ടെങ്കിലും അത്രയൊന്നും ഫലം ഈ സന്ദർശനം ഉണ്ടാക്കിയിട്ടില്ല.
തന്നെപ്പോലെ ഏകാധിപത്യ പ്രവണതകൾ കാട്ടുന്ന ഭരണാധികാരികളെ കാണാൻ ട്രംപിനുള്ള താൽപര്യവും, തനിക്കു സ്വരാജ്യത്ത് കിട്ടുന്ന സ്വീകാര്യതയേക്കാൾ പുറത്തുള്ള വൻശക്തികൾ നൽകുന്നുണ്ടെന്ന് കാണിക്കാനുള്ള ത്വരയും ഇതിനു പിന്നിലുണ്ടെന്ന് ട്രംപ് വിമർശകർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല മുൻ അമേരിക്കൻ പ്രസിഡന്റുമാർ പതിവായി ഉന്നയിക്കാറുണ്ടായിരുന്ന ചൈനയിലെ മനുഷ്യാവകാശം, ജനാധിപത്യം, ആവിഷ്കാര സ്വാതന്ത്ര്യം എന്നിവയുടെ അഭാവമൊന്നും ഇപ്പോൾ യു.എസ് ഭരണാധികാരികൾ പ്രശ്നമാക്കാറില്ല. ട്രംപും അതൊന്നും മിണ്ടിയില്ല. അതുകൊണ്ടുതന്നെ മുൻ അമേരിക്കൻ പ്രസിഡന്റുമാരെ അപേക്ഷിച്ച് ട്രംപുമായി കാര്യങ്ങൾ ചർച്ച ചെയ്യാൻ ചൈനക്ക് താൽപര്യം കൂടുതലാണെന്ന ഒരു നിരീക്ഷണവുമുണ്ട്. ഈ സന്ദർശനത്തിലും അങ്ങനെ തന്നെ. ഉയിഗൂറിലെ മുസ്ലിം ന്യൂനപക്ഷത്തിനെതിരായ കിരാത പീഡനമോ, അത്ര രൂക്ഷമല്ലെങ്കിലും ചില ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെയുള്ള നടപടികളോ ഒന്നും സന്ദർശനത്തിൽ വിഷയീഭവിച്ചിട്ടില്ല. അവക്കെല്ലാമുള്ള ചൈനീസ് പ്രതികരണം, ഒരു രാജ്യവും മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത് എന്നും ചൈന അങ്ങനെ ഒരിക്കലും ചെയ്യാറില്ല എന്നുമാണ്.
പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കൻ നിലപാടിനോട് ചൈനയെ അടുപ്പിക്കാൻ, ചുരുങ്ങിയത് അമേരിക്കൻ നിലപാടിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കാൻ ചൈനയെ പ്രേരിപ്പിക്കാനെങ്കിലും ട്രംപ് ശ്രമിക്കുമെന്ന് കണക്കുകൂട്ടലുകളുണ്ടായെങ്കിലും അത്തരം നീക്കമൊന്നും നടന്നിട്ടില്ല. ചൈനക്ക് ഇറാനുമായി ശക്തമായ വ്യാപാര ബന്ധങ്ങളുണ്ട്; ഇറാന്റെ എണ്ണ കയറ്റുമതിയിൽ ഭൂരിഭാഗവും ചൈനയാണ് വാങ്ങുന്നത്. അതുകൊണ്ടുതന്നെ ഹുർമുസ് കടലിടുക്ക് ഉപരോധം നീക്കാൻ ചൈനക്കും താൽപര്യമുണ്ട്. ഇറക്കുമതി എണ്ണക്ക് അത്രയും വലിയ വില കൊടുക്കേണ്ടിവരും. പക്ഷേ, അമേരിക്ക കരുതുന്ന അത്ര അടിയന്തര സ്വഭാവം ചൈന ഇക്കാര്യത്തിൽ കാണിച്ചില്ല എന്നാണു മനസ്സിലാക്കേണ്ടത്. തങ്ങൾ ഗംഭീരമായ ചില വ്യാപാര ഉടമ്പടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നു എന്ന ട്രംപിന്റെ അവകാശവാദം അപ്പടി വിശ്വസിക്കാൻ പ്രയാസമാണ്. എങ്കിലും വ്യാപാര മേഖലയിലായിരുന്നു ചൈനീസ് സന്ദർശനത്തിന്റെ ഊന്നൽ എന്നതിൽ സംശയമില്ല. അതിന്റെ ഒരു നിദർശനമാണ് ട്രംപിന്റെ സംഘത്തിൽ അമേരിക്കയിലെ ഏറ്റവും പ്രമുഖരായ 17 കമ്പനികളുടെ തലവന്മാരുമുണ്ടായിരുന്നു എന്നത്-ടെസ്ല മേധാവി ഇലോൺ മസ്ക്, ആപ്പിൾ മേധാവി ടിം കുക്ക് എന്നിവരുൾപ്പെടെ.
ട്രംപ് കഴിഞ്ഞ വർഷം തുടങ്ങിവെച്ച തീരുവ യുദ്ധത്തിൽ ചൈനയും പ്രതികാര നടപടികളെടുത്തതോടുകൂടി ഉണ്ടായ വ്യാപാര സംഘർഷം, യു.എസ് തീരുവകൾ ഈ വർഷം നവംബർ വരെ നിർത്തിവെച്ചതിനാൽ അൽപം ശമിച്ചുനിൽക്കുകയാണ്. റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള ഉപരോധവും നവംബർ വരെ മരവിപ്പിച്ചിരിക്കുകയാണ്. അത് വീണ്ടും പൊട്ടിത്തെറിച്ചാൽ ഇരു രാജ്യങ്ങൾക്കും ക്ഷീണമാവുമെന്നു ഇരുപക്ഷവും മനസ്സിലാക്കിയതുകൊണ്ടാവാം, ഇരുപക്ഷവും സഹകരണത്തിന്റെ മാർഗങ്ങൾ തേടിയിരുന്നു എന്നത് നേരാണ്. രണ്ടു രാജ്യങ്ങളുടെയും വ്യാപാര സംഘങ്ങൾ ഒരു സംയുക്ത വ്യാപാര ബോർഡും നിക്ഷേപ ബോർഡും രൂപവത്കരിച്ച് ഇരു രാജ്യങ്ങൾക്കും പരസ്പരം വിപണി തുറന്നുകിട്ടാനുള്ള സംവിധാനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നുവെന്ന് ചൈനീസ് വക്താക്കൾ എടുത്തുപറയുന്നു. എന്നാൽ, തീരുവകളെക്കുറിച്ച് തങ്ങളൊന്നും തന്നെ സംസാരിച്ചിട്ടില്ല എന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇരുപക്ഷവും അപര രാഷ്ട്രത്തിന്റെ മേൽ ജയം അവകാശപ്പെടുന്നില്ല എന്നത് പരസ്പരം പ്രീണിപ്പിക്കുന്നതിന്റെ ലക്ഷണമായാണ് കാണേണ്ടത്.
പരസ്പരം വെറുപ്പിക്കാതെ നോക്കുന്നതിനിടയിലും മൗലികമായി മിക്ക രാഷ്ട്രാന്തര വിഷയങ്ങളിലും ഇരു രാജ്യങ്ങൾക്കിടയിൽ വിയോജിപ്പുകളാണുള്ളത്. ഇറാന്റെ എണ്ണ ചൈന വാങ്ങരുത് എന്നാണ് യു.എസ് ആഗ്രഹം. ക്യൂബയെ തകർക്കുന്ന യു.എസ് നിലപാടിനോടും വെനിസ്വേലയിൽ അതിക്രമിച്ചുകടന്ന് പ്രസിഡന്റ് മദൂറോയെ തടങ്കലിലാക്കിയതും ചൈന വിമർശിക്കുന്നു. യുക്രെയ്ൻ വിഷയത്തിൽ ഇരു രാജ്യങ്ങളും രണ്ടു ധ്രുവങ്ങളിലാണ്, പ്രസ്തുത വിഷയത്തിലെ യു.എൻ പ്രമേയങ്ങളിൽ ചൈന ചെറിയ അയവ് കാണിച്ച് വിട്ടുനിന്നെങ്കിലും. ട്രംപിന് ബൈഡന്റെ അത്ര യുക്രെയ്ൻ അനുകൂല ആവേശമില്ലെന്നതും നേരാണ്.
എന്നാൽ, ഏറ്റവും കത്തിനിൽക്കേണ്ട വിഷയം തായ്വാൻ ആണ്. 1949ൽ നിലവിൽ വന്ന ചൈനയുടെ അയൽപക്ക ദ്വീപ് രാഷ്ട്രമായ തായ്വാൻ ചൈനയുടെ ഭാഗമാണെന്നാണ് ബെയ്ജിങ് വാദം. അതനുസരിച്ച് പിടിച്ചടക്കാൻ നാവിക നീക്കങ്ങളും അമേരിക്ക തുടങ്ങിവെച്ചിരുന്നു. ഇന്നും സമയത്തിന്റെ പ്രശ്നമാണത് എന്നാണു മിക്ക നിരീക്ഷകരും കരുതുന്നത്. എന്നാൽ, അമേരിക്ക ഇന്ന് അതിനോട് മുമ്പത്തെ അത്ര പ്രത്യാക്രമണസ്വരത്തിലല്ല പ്രതികരിക്കുന്നത്. ചൈന ഈ സന്ദർശന പശ്ചാത്തലത്തിൽ ഉദ്ധരിക്കുന്നതുതന്നെ ട്രംപിന്റെ ചില പരാമർശങ്ങളാണ്. 9500 മൈൽ ദൂരത്തു പോയി ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യം നിലനിർത്താൻ സഹായിക്കുന്ന കാര്യം ഞാൻ തൽക്കാലം ചിന്തിക്കുന്നില്ല എന്നാണ് ആ പരാമർശത്തിന്റെ സത്ത. ചൈനയെ ഇക്കാര്യത്തിൽ പിണക്കുക എന്നതിന്റെ അർഥം മേഖലയെ മുഴുവൻ ചൂഴുന്ന ഒരു യുദ്ധം എന്നാവും. അതിനുള്ള സന്നദ്ധതയും ബാല്യവും ഇന്ന് അമേരിക്കക്കില്ല എന്നുതന്നെ വേണം കരുതാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

