Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightജോൺസണിനു പകരം ട്രസ്​;...

ജോൺസണിനു പകരം ട്രസ്​; ബ്രിട്ടൻ മാറുമോ?

text_fields
bookmark_border
ജോൺസണിനു പകരം ട്രസ്​; ബ്രിട്ടൻ മാറുമോ?
cancel


ബ്രിട്ടീഷ്​ കൺസർവേറ്റിവ്​ പാർട്ടി നിലവിലെ പ്രധാനമന്ത്രി ബോറിസ്​ ജോൺസണിനെ മാറ്റി പിൻഗാമിയെ തെരഞ്ഞെടുത്തിരിക്കുന്നു. വിദേശകാര്യ സെക്രട്ടറി ലിസ്​ ട്രൂസ്​ ആണ്​ പുതിയ നേതാവും പ്രധാനമന്ത്രിയും. ഭരണകക്ഷിക്ക്​ അനഭിമതനായി മാറിയ ബോറിസ്​ ജോൺസണിനു പിൻഗാമിയാര്​ എന്ന ചോദ്യത്തിന്​ പാർട്ടി അംഗങ്ങളിൽ 57 ശതമാനം പേർ കണ്ട ഉത്തരമായിരുന്നു മേരി എലിസബത്ത്​ ട്രൂസ്​ എന്ന ലിസ്​ ട്രൂസ്​. പാർട്ടിക്ക്​ അകത്തും പുറത്തും വിശ്വാസം നഷ്ടപ്പെട്ടു പുറത്തു​പോകുന്ന മുൻഗാമികൾക്കു പിറകെ 2025ൽ അടുത്ത തെരഞ്ഞെടുപ്പിനെ നേരിടുന്നതുവരെ രാജ്യത്തെ നയിക്കാനിരിക്കുന്ന ട്രൂസിനു മുന്നിൽ കനത്ത ​വെല്ലുവിളികളാണുള്ളത്​.

പാർട്ടി​യെ പ്രതിസന്ധിയിലാക്കുംവിധം കലാപക്കോളുയർത്താതെ ​ബോറിസിന്‍റെ കൂടെ അവസാനംവരെ നിന്നു എന്നത് അവരുടെ ഗുണമായിരിക്കുമ്പോൾതന്നെ, ഇനിയും അവരെ പൂർണമായും ദഹിക്കാത്തവർ പാർട്ടിയിൽ ധാരാളം. അതുകൊണ്ടുതന്നെ നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി നടന്ന വീറും വാശിയും നിറഞ്ഞ മത്സരം അവശേഷിപ്പിച്ച ഭിന്നതകൾ അവസാനിപ്പിച്ച്​ പാർട്ടിയെ ഏകീകരിക്കണം. അതോടൊപ്പം ​ബ്രെക്സിറ്റിനുശേഷം രാജ്യം എത്തിപ്പെട്ട സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികൾ മറികടക്കുകയും വേണം. ഈ രണ്ടു വെല്ലുവിളികളെ എങ്ങനെയാണ്​ നേരിടുന്നത്​ എന്നതിനെ ആശ്രയിച്ചിരിക്കുന്നു ട്രൂസിന്‍റെ മാത്രമല്ല, പാർട്ടിയുടെയും രാജ്യത്തിന്‍റെയും ഭാവി.

കഴിഞ്ഞ ആറു വർഷത്തിനിടെ നാലാം തവണയാണ്​ ​ബ്രിട്ടൻ പ്രധാനമന്ത്രിയെ മാറ്റുന്നത്​. പ്രധാനമ​ന്ത്രിപദത്തിനു നിരക്കാത്ത വിധത്തിൽ ജോൺസൺ കോവിഡ്​ പ്രോട്ടോകോൾ ലംഘിച്ച് പാർട്ടി നടത്തി പിഴശിക്ഷ നേരിടേണ്ടിവന്നു. ബന്ധുക്കൾ മരിച്ചിടത്തേക്കുള്ള സന്ദർശനംപോലും വിലക്കിയ നാട്ടിലാണ്​ പ്രധാനമന്ത്രിയടക്കം ഭരണ, ഉദ്യോഗതലങ്ങളിലെ 83 പ്രമുഖർ 'പാർട്ടിഗേറ്റി'ൽ കുറ്റവാളികളായി പിഴശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത്​. എന്നിട്ടും പിടിച്ചുനിന്ന ജോൺസണിനെതിരെ പിന്നീട്​ ലൈംഗികാപവാദ കേസുകളുണ്ടായി. അങ്ങനെ പാർട്ടിക്ക്​ ചരിത്രത്തിലെ ഏറ്റവും മികച്ച ​തെരഞ്ഞെടുപ്പു വിജയം നേടിക്കൊടുത്ത അദ്ദേഹത്തിനു സ്വന്തം പാളയത്തിൽ നിൽക്കക്കള്ളി നഷ്ടപ്പെട്ടു. ഏതു പ്രതിസന്ധിയിൽനിന്നും വഴുതിമാറിയിരുന്ന ജോൺസണിനെ ബ്രിട്ടീഷ്​ രീതിയനുസരിച്ച്​ മന്ത്രിമാരും പാർലമെന്‍റ്​ അംഗങ്ങളും കൂട്ടരാജിവെച്ച്​ സമ്മർദമുണ്ടാക്കി സ്ഥാനഭ്രഷ്ടനാക്കുകയായിരുന്നു. അദ്ദേഹം മാറണമെന്ന നിർബന്ധത്തിനു മുന്നിൽ പിൻഗാമിയാര്​ എന്നതുപോലും പാർട്ടി മനസ്സിരുത്തി ആലോചിച്ചിട്ടില്ല എന്ന് ട്രൂസിന്‍റെ തെരഞ്ഞെടുപ്പ്​ പ്രഖ്യാപനത്തിനുശേഷം വരുന്ന പ്രതികരണങ്ങൾ തെളിയിക്കുന്നു. ജോൺസണിന്‍റെ കൂടെ അവസാനംവരെ ഉറച്ചുനിന്നതിനാൽ അദ്ദേഹത്തിന്‍റെ അനുയായികൾ ട്രൂസിനു പിന്തുണ നൽകിയിട്ടുണ്ട്​.

ജോൺസൺ മാറി ട്രൂസ്​ വന്നു എന്നല്ലാതെ ബ്രിട്ടന്‍റെ അകത്തെയും പുറത്തെയും നയനിലപാടുകളിലോ ഭരണരീതികളിലോ കാര്യമായ മാറ്റമൊന്നും വരാനിടയില്ല. എന്നുതന്നെയല്ല, വംശബോധത്തിന്‍റെയും യുദ്ധവെറിയുടെയും തീവ്രതയിൽ ജോൺസണിനെയും കടത്തിവെട്ടിയാവും പുതിയ നേതൃത്വത്തിന്‍റെ പോക്ക്​. പണപ്പെരുപ്പവും ഊർജപ്രതിസന്ധിയും രൂക്ഷമായിരി​ക്കെ, മൂല്യവർധിത നികുതി അടക്കം നികുതിഭാരത്തിൽനിന്നു ജനത്തെ മോചിപ്പിക്കുമെന്നും രൂക്ഷമായ ഊർജപ്രതിസന്ധിക്കും തന്മൂലം ഉപഭോക്താക്കളുടെ മുതുകൊടിക്കുന്ന ബില്ലുകൾക്കും തെല്ലൊരു കുറവ് വരുത്തുമെന്നുമായിരുന്നു ഇരുസ്ഥാനാർഥികളുടെയും വാഗ്ദാനം. ജോൺസ​ൺ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നുവെങ്കിലും സാമ്പത്തികപ്രതിസന്ധിയെ എങ്ങനെ നേരിടും എന്ന വിഷയത്തിൽ കൃത്യമായ ചിത്രമൊന്നും ട്രൂസും ഇതുവരെ പങ്കുവെച്ചിട്ടില്ല.

ഏതു വിഷയമെടുത്താലും വെട്ടൊന്ന്​, കഷണം രണ്ട്​ എന്ന നിലപാടാണ്​ പുതിയ പ്രധാനമന്ത്രിയുടേത്​. നികുതി വെട്ടിക്കുറച്ചാൽ സമ്പന്നർക്കല്ലേ മെച്ചം എന്ന ചോദ്യത്തിന്​ അതിസമ്പന്നരാണല്ലോ നികുതി കൂടുതൽ നൽകേണ്ടിവരുന്നത്​ എന്നാണ്​ ട്രൂസിന്‍റെ മറുചോദ്യം. ഒരു ആണവായുധാക്രമണത്തിന് ഉത്തരവിടേണ്ടിവന്നാൽ എന്തു തോന്നും എന്നതിനും മറുപടി റെഡി: ''അതു പ്രധാനമന്ത്രിയുടെ പ്രധാനജോലിയാണ്​. ഞാൻ അതിനു തയാർ.'' ഇങ്ങനെ തീവ്രവലതുപക്ഷത്തിനു വേണ്ട എല്ലാ രുചിക്കൂട്ടുകളുമായാണ്​ ട്രൂസിന്‍റെ വരവ്​. വിദേശകാര്യ സെക്രട്ടറി എന്ന നിലയിൽ സന്ധിക്കോ സംഭാഷണങ്ങൾക്കോ വഴങ്ങാത്ത യുദ്ധവെറിയുടെ മുരത്ത കാർക്കശ്യമാണ്​ അവർ പ്രകടിപ്പിച്ചുപോന്നത്​. യുക്രെയ്ന് ആളും ആയുധവും നൽകുന്ന നാറ്റോ പിന്തുണക്കാരാണ്​ ബ്രിട്ടൻ. നാലു മാസംകൊണ്ട്​ 10,000 യു​ക്രെയ്ൻ പടയാളികളെ പരിശീലിപ്പിച്ച്​ റഷ്യക്കെതിരായ യുദ്ധത്തിനയക്കുന്നുണ്ട്​ ബ്രിട്ടൻ. ബ്രിട്ടന്‍റെ​ പ്രത്യേക ഓപറേഷൻ വിഭാഗങ്ങൾ യു​ക്രെയ്നിൽ സജീവമാണ്​. മോസ്​കോ പരാജയപ്പെട്ടശേഷം മാത്രം മതി സമാധാനസംഭാഷണം എന്നാണ്​ അവരുടെ ലൈൻ.

പശ്ചിമേഷ്യയിൽ ഇസ്രായേലിന്‍റെ ഉറ്റ ചങ്ങാതിയാണ്​ അവർ. ഇസ്രായേൽ പ്രധാനമന്ത്രി യാർ ലാപിഡും ട്രൂസും അന്യോന്യം പരിചയപ്പെടുത്തുന്നതും അങ്ങനെത​ന്നെ. അതുകൊണ്ട്​ ഫലസ്തീനികളുടെ ചോരചിന്തുന്നതിലും അവർ തെൽഅവീവിന്‍റെ ആഹ്ലാദത്തിൽ പങ്കുചേരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിൽ 45 ഫലസ്തീനികളുടെ ജീവനെടുത്ത ഇസ്രായേൽ ആക്രമണത്തെ, പ്രതിരോധിക്കാനുള്ള അവകാശത്തിന്‍റെ പേരുപറഞ്ഞ്​ അവർ പിന്തുണച്ചു. ട്രൂസിന്‍റെ തെരഞ്ഞെടുപ്പിനെ ​ഇസ്രായേൽ നേതാക്കൾ സഹർഷം സ്വാഗതം ചെയ്തു​. ഇസ്രായേലിന്‍റെ മുതിർന്ന കൂട്ടുകാരി എന്ന നിലയിൽ ബ്രിട്ടനുമായുള്ള പ്രതിരോധ, വാണിജ്യ സഹകരണം ഊട്ടിയുറപ്പിക്കാമെന്നു പ്രതിരോധമന്ത്രി ബെന്നി ഗാറ്റ്​സും ​പ്രത്യാശ പ്രകടിപ്പിച്ചു.

ചൈനയും റഷ്യയും അറബ്​ രാഷ്​ട്രങ്ങളിൽ വേരോട്ടമുണ്ടാക്കുന്നതിനെ ഭയപ്പെടുന്ന ട്രൂസ്​ വംശവിരോധമൊന്നും മറച്ചുവെക്കാതിരിക്കുമ്പോഴും അറബ്​ രാജ്യങ്ങളുമായി സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തണമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ഇങ്ങനെ വഴുവഴുപ്പനായ ജോൺസണിൽനിന്നു മാറി ട്രൂസ്​ വരുമ്പോഴും സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ പിന്മുറക്കാരിൽ സർവത്ര ആശയക്കുഴപ്പവും നയരാഹിത്യവും നിലപാടില്ലായ്മയും പ്രകടമാണ്​. അതുകൊണ്ട് നേതാവിന്‍റെ തലമാറ്റംകൊണ്ട്​ ബ്രിട്ടന്‍റെ തലവിധി മാറുമെന്നു കരുതാൻ ഇപ്പോൾ ന്യായമൊന്നുമില്ല- അങ്ങനെയല്ല എന്ന്​ പുതുനേതൃത്വം തെളിയിക്കുന്നതുവരെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - Truce replaces Johnson; Will Britain change?
Next Story