Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകളിഭ്രാന്തും വിറ്റു...

കളിഭ്രാന്തും വിറ്റു പണഭ്രാന്ത്

text_fields
bookmark_border
കളിഭ്രാന്തും വിറ്റു പണഭ്രാന്ത്
cancel
മെസ്സി വരും വരും എന്നു മലയാളികൾക്കു മുന്നിൽ ആവർത്തിച്ചുറപ്പിച്ചും കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയം കിളച്ചുമറിച്ചും കുതൂഹലം കൂട്ടിയതെല്ലാം വെറും തട്ടിപ്പിനുള്ള മറയായിരുന്നു എന്നാണിപ്പോൾ വ്യക്തമാവുന്നത്

മലയാളിയുടെ കമ്പങ്ങളിൽ കൈയിട്ടുവാരാനുള്ള ആക്രാന്തത്തിൽ ആർത്തിമൂർത്തികൾ ഏതറ്റം വരെ പോകും എന്നതിന്റെ അറുവഷളൻ ഉദാഹരണമാണ് ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ പേരിൽ നടത്തിയ ഭീകരതട്ടിപ്പ്. കാട്ടിലെ തടി കട്ടുകടത്തി തടിക്കച്ചവടക്കമ്പക്കാരെയും ആപ്പിളിന്റെ ഐഫോണിനു പകരം മാംഗോ ഫോൺ എന്ന ഇല്ലാഫോൺ കാട്ടി മൊബൈൽ കമ്പക്കാരെയും വെട്ടിലാക്കി തട്ടിപ്പിന്റെ പുതിയ ചാനലുകൾ തുറന്നവർ കളിക്കമ്പക്കാരെയും കളിമന്ത്രിയെയും ഒന്നിച്ചു തൂക്കിയതാണിപ്പോൾ പുറത്തുവന്ന റിപ്പോർട്ട്. മുട്ടിൽ മരംമുറിക്കേസിൽ റിപ്പോർട്ടർ ചാനൽ ഉടമകൾ കോടതികയറുന്ന നാളിൽതന്നെയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ കൂടി പ്രതിക്കൂട്ടിലാക്കുന്ന കളിപ്പേരിലെ തട്ടിപ്പ് റിപ്പോർട്ടും പുറത്തുവരുന്നത്.

കേരളത്തിലെ ഫുട്ബാൾ പ്രേമികളിലെ മെസ്സി ആവേശം മുതലെടുത്ത് പണം വാരാനുള്ള ഭീകര തട്ടിപ്പുസംഘത്തിന്റെ മോഹവലയിലേക്ക് വകുപ്പു മന്ത്രിയും മുഖ്യമന്ത്രിയുമടക്കം മുൻ സർക്കാറിനെ അടിച്ചുകയറ്റാൻ അവർക്കു കഴിഞ്ഞു എന്നത് അതിദയനീയമായിരിക്കുന്നു. മെസ്സി വരും വരും എന്നു മലയാളികൾക്കു മുന്നിൽ ആവർത്തിച്ചുറപ്പിച്ചും അതിനു വേണ്ടി കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയം കിളച്ചുമറിച്ചും കുതൂഹലം കൂട്ടിയതെല്ലാം വെറും തട്ടിപ്പിനുള്ള മറയായിരുന്നു എന്നാണിപ്പോൾ കായികവകുപ്പ് സെക്രട്ടറി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽനിന്നു വ്യക്തമാവുന്നത്. റിപ്പോർട്ട് കൂടുതൽ അന്വേഷണങ്ങൾക്കായി ധനവകുപ്പിനും നിയമവകുപ്പിനും കൈമാറിയിരിക്കുകയാണ്.

മെസ്സിയുടെ സന്ദർശനമെന്നു പറഞ്ഞുള്ള കാമ്പയിന് വിസിൽ ഊതും മുമ്പേ അണിയറയിൽ ആരംഭിക്കുന്നുണ്ട് ഫൗൾ പ്ലേ. മുൻ കായികമന്ത്രിക്കു വന്ന ഒരു ഇ-മെയിലിൽനിന്നാണ് ഉഡായിപ്പ് കളിയുടെ തുടക്കം. അർജന്റീനയിൽനിന്ന് ഇതാ വരുന്നേ എന്നൊരു മെയിലും അയച്ചു കേരളത്തിൽ വന്നു കളിച്ചുപോകാവുന്ന വെറും കളിയല്ല ഇത്. അർജന്റീന ഫുട്ബാൾ അസോസിയേഷൻ, ഫിഫ, ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ എന്നീ വേദികളുമായി ബന്ധപ്പെട്ട മാച്ച് അപ്രുവൽ, സംസ്ഥാന ധനവകുപ്പിന്റെ മുൻകൂർ അനുമതി, നിയമവകുപ്പിന്റെ പരിശോധന, ഫുട്ബാൾ കളിക്കായതിനാൽ കേന്ദ്രസർക്കാറിന്റെ എൻ.ഒ.സി, ഡി.പി.ആർ-ഇങ്ങനെ ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക അനുമതിയോടെയേ മെസ്സിയുടെ വരവും കളിയും നടക്കൂ. ഇതൊന്നും ഇല്ലാതെയാണ് അർജന്റീന ഫുട്ബാൾ അസോസിയേഷൻ സംസ്ഥാന സർക്കാറിന്റെ പേരിൽ കത്തു നൽകി എന്നു പറഞ്ഞ് മെസ്സി വരുന്നേ എന്നു സർക്കാറും സ്പോൺസർ കമ്പനിയും പെരുമ്പറയടിച്ചത്. ആ മെയിലിലുള്ളത് കത്തല്ല, അസോസിയേഷന്റെ ലഘുലേഖയായിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്. അതാവട്ടെ, സ്പോൺസർതന്നെ ഒപ്പിച്ചതാണെന്ന മറ്റൊരു വെളിപ്പെടുത്തലുമുണ്ട്. ഈ ലഘുലേഖ പൊക്കിപ്പിടിച്ചാണ് എല്ലാ ചട്ടങ്ങളും മറികടന്ന്, അന്നത്തെ മുഖ്യമന്ത്രി, കായികമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരുടെ മാത്രം നിയന്ത്രണത്തിൽ കാര്യങ്ങളൊതുക്കി അർജന്റീനയുടെ ലോകകപ്പ് ടീം എത്തുന്നു എന്ന തരത്തിൽ കേന്ദ്രത്തിന് സംസ്ഥാനസർക്കാർ ഔദ്യോഗികമായി കത്തുനൽകിയത്.

തട്ടിപ്പിനിറങ്ങിത്തിരിച്ചവരുടെ കാര്യമിരിക്കട്ടെ, അതിന് തിടുക്കത്തിൽ ഒത്താശ ചെയ്തുകൊടുക്കുകയും അതിന്റെ ക്രെഡിറ്റിൽ കേരളത്തിലെ ഫുട്ബാൾ പ്രേമികളെ തെറ്റിദ്ധരിപ്പിക്കുകയും അതുവഴി അന്തർദേശീയ തലത്തിൽതന്നെ കേരളത്തിന് അപകീർത്തി വരുത്തുകയും ചെയ്ത അന്നത്തെ ഇടതുപക്ഷ ഗവൺമെന്റിന്റെ കാര്യമാണ് പരിതാപകരം. സ്വകാര്യ സ്പോൺസർക്ക് സാമ്പത്തിക, വാണിജ്യനേട്ടമുണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയുമടക്കമുള്ളവരുടെ അറിവോടെ ദുരുപയോഗം ചെയ്യുകയായിരുന്നു. അവരുടെ മുൻകൈയിൽ നടന്ന യോഗങ്ങളിലാണ് എല്ലാ തീരുമാനങ്ങളും എടുത്തത്. അല്ലാതുള്ളതൊക്കെ കായികമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അറിയിപ്പായും നൽകിക്കൊണ്ടിരുന്നു. കായികവകുപ്പ് ഉദ്യോഗസ്ഥരെ മുഴുവൻ നോക്കുകുത്തിയാക്കിയാണ് തട്ടിപ്പിനുള്ള ഒത്താശകൾ നടന്നത്.

218 കോടി ചെലവു വരുന്ന പരിപാടിക്ക് വരുമാനമായി കണ്ടത് 82 കോടി രൂപയാണ്. 128 കോടിയുടെ അന്തരമുണ്ടായിട്ടും ധനവകുപ്പിന്റെ മുൻകൂർ അവലോകനത്തിനു വിട്ടില്ല. സ്പോൺസർ തെരഞ്ഞെടുപ്പിൽ സുതാര്യത ഉണ്ടായില്ല. സ്പോൺസറുടെ സാമ്പത്തിക സ്രോതസ്സോ ഭദ്രതയോ പരിശോധിച്ചില്ല. സാമ്പത്തികമായി നേരത്തേ ആരോപണങ്ങളുയർന്ന ഒരു കമ്പനിക്കാണ് വിദേശ നാണയവിനിമയത്തിനുള്ള അനുമതി നൽകിയത്. മത്സരത്തെക്കുറിച്ച് ഒരു തീർപ്പുമില്ലാതെയാണ് കൊച്ചി കലൂരിലെ സ്റ്റേഡിയം അറ്റകുറ്റപ്പണികൾക്കു വേണ്ടി സ്പോൺസർക്ക് കൈമാറിയത്.

ഇങ്ങനെ അടിമുടി അഴിമതിയിൽ മുങ്ങിയ തട്ടിപ്പു പരിപാടിയാണ് മെസ്സിയുടെ സന്ദർശനമെന്ന വ്യാജനിർമിതി വഴി ഉണ്ടാക്കിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഒരു സ്വകാര്യവ്യക്തിയുടെ, സ്ഥാപനത്തിന്റെ പരിപാടിക്ക് മുഖ്യമന്ത്രി അടക്കം ഭരണത്തിന്റെ മേൽപാളിയിൽനിന്ന് ധിറുതിയിൽ പിന്തുണ പതിച്ചുകിട്ടിയതിനു പിന്നിൽ എന്തെന്ന് വിശദമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരുകയുള്ളൂ. സർക്കാറിന് നഷ്ടമൊന്നുമുണ്ടായില്ലല്ലോ എന്നാണ് പരിപാടിയുടെ പിന്നിലുള്ള ചാനൽകമ്പനിക്കാരുടെ വാദം. സാമ്പത്തികനഷ്ടത്തിന്റെ കണക്ക് വിശദാന്വേഷണത്തിലൂടെ പുറത്തുവരേണ്ടതാണ്. എന്നാൽ, സർക്കാർ മെഷിനറിയുടെ സഹായത്തോടെ, ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന കള്ളക്കളിക്ക് ഇറങ്ങിത്തിരിച്ചവരെല്ലാം ഇതിൽ മറുപടി നൽകാൻ ബാധ്യസ്ഥരാണ്.

കേരളത്തിലെ പ്രമാദമായ തട്ടിപ്പു കേസുകളിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ഒരു കമ്പനിയുമായി ഇത്തരമൊരു ധാരണയിലെത്തുന്നതിനു മുമ്പ് അവരുടെ ട്രാക്ക് റെക്കോഡോ പോകട്ടെ, ഇക്കാര്യത്തിൽ അവരുന്നയിക്കുന്ന അവകാശവാദങ്ങളെങ്കിലും പരിശോധിക്കാൻ സർക്കാർ മിനക്കെടാതിരുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ബന്ധപ്പെട്ട എല്ലാവരും കണക്കുപറഞ്ഞേ തീരൂ. തട്ടിമുട്ടി നീങ്ങുന്ന മുട്ടിൽ മരംമുറി കേസു പോലെ, അന്വേഷണം വെറും മാങ്ങാത്തൊലിയിലൊതുങ്ങിയ മാംഗോ തട്ടിപ്പു കേസു പോലെ ഒരു ലോകോത്തര കായിക ഇതിഹാസത്തെ വെച്ച് കേരളത്തെ ലോകത്തിനു മുന്നിൽ മാനം കെടുത്തിയ ഈ ഭീകരതട്ടിപ്പ് കേസ് പരിണമിക്കാതിരിക്കട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialLionel Messifinancial fraudkeralapoliticsV Abdurahiman
News Summary - Trading the pure emotion of football for financial greed
Next Story