Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഈ സമരം മാന്യമായി...

ഈ സമരം മാന്യമായി അവസാനിക്കേണ്ടതുണ്ട്

text_fields
bookmark_border
ഈ സമരം മാന്യമായി അവസാനിക്കേണ്ടതുണ്ട്
cancel

ഐക്യ കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട സുപ്രധാനമായൊരു സംഭവമായി ആശാ തൊഴിലാളികളുടെ സമരം മാറിയിരിക്കുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നിൽ ‘ആശ’മാർ നടത്തുന്ന സമരം ഒരു മാസം പിന്നിടുമ്പോൾ, ഇതിനകം തന്നെ നടപ്പു നിയമസഭാ സമ്മേളനത്തിൽ അത് മൂന്നു തവണ ചർച്ചയായി; കഴിഞ്ഞദിവസം പാർലമെന്റിലും വിഷയം ശക്തമായിത്തന്നെ ഉന്നയിക്കപ്പെട്ടു. നിയമസഭയിലും പാർലമെന്റിലും ആശമാരുടെ സമരാവശ്യങ്ങൾ ന്യായമാണെന്ന് ഭരണപക്ഷം അംഗീകരിക്കുമ്പോൾപോലും അതിനനുസൃതമായ നടപടികളോ പ്രഖ്യാപനങ്ങളോ ഉണ്ടാകുന്നില്ല എന്നതാണ് ഏറ്റവും നിർഭാഗ്യകരം. പകരം, കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരി വിഷയത്തിൽനിന്ന് അകന്നുമാറുകയാണ്​.

ദേശീയ ഗ്രാമീണാരോഗ്യ പദ്ധതിയുടെ ഭാഗമായി ഓരോ ഗ്രാമത്തിലും സ്വതന്ത്രമായി നിയമിക്കപ്പെടുന്ന അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തകരാണ് ആശാ വർക്കർമാർ. ഒന്നാം യു.പി.എ സർക്കാറിന്‍റെ കാലത്ത് യാഥാർഥ്യമായ ഈ പദ്ധതി വഴി, ആശമാർ ആരോഗ്യ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും ഇടയിലെ മധ്യവർത്തികളായി മാറി. പൊതുജനത്തിന് അടിസ്ഥാന ആരോഗ്യ വിദ്യാഭ്യാസം നൽകുന്നതിനൊപ്പം, പൊതുജനാരോഗ്യ സൗകര്യങ്ങൾ ജനങ്ങൾക്ക് എളുപ്പത്തിൽ പ്രാപ്യമാക്കാനും ആശമാരിലൂടെ സാധിച്ചു. ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആശമാരുടെ പ്രവർത്തനങ്ങൾ സവിശേഷമായിരുന്നു. കോവിഡ്​ മഹാമാരിയുടെയും നിപയുടെയും കാലത്തും കേരളം പ്രളയക്കയത്തിൽ അകപ്പെട്ടപ്പോഴുമെല്ലാം മുന്നണിപ്പോരാളികളായി നിലയുറപ്പിച്ചവരുടെ കൂട്ടത്തിൽ പ്രഥമഗണനീയരായിരുന്നു ആശമാർ. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കേരളത്തിന്റെ ആരോഗ്യ മോഡലിനെ ഇപ്പോഴും ഒന്നാം സ്ഥാനത്ത് നിലനിർത്തുന്നതിൽ നിസ്തുലമായ പങ്കുവഹിക്കുന്നവരാണ് കാൽ ലക്ഷത്തിലധികം വരുന്ന ആശമാർ. ആരോഗ്യ മോഡലിന്റെ ഈ കാവൽപ്പോരാളികളാണിപ്പോൾ ഒരു മാസക്കാലമായി സമരമുഖത്തുള്ളതെന്ന് യഥാർഥത്തിൽ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളെ ലജ്ജിപ്പിക്കേണ്ടതാണ്. പക്ഷേ, ആശയറ്റ് സമരം ചെയ്യുന്ന ആ വനിതകളെ അവഹേളിക്കുംവിധമുള്ള സമീപനമാണ് പലപ്പോഴും ഭരണവർഗങ്ങളിൽ നിന്നുണ്ടാകുന്നത്.

മിനിമം വേതനം ആവശ്യപ്പെട്ടാണ് ആശമാരുടെ സമരം. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ സ്വന്തം ആരോഗ്യം പോലും തൃണവത്​ഗണിച്ച് ആഴ്ച മുഴുവനും ജോലി ചെയ്യുന്നതിന് നിലവിലെ വേതനം പര്യാപ്തമല്ലെന്നാണ് അവരുടെ വാദം. ഇക്കാര്യം ഏതൊരാൾക്കും എളുപ്പത്തിൽ പരിശോധിക്കാവുന്നതേയുള്ളൂ. ഒന്നാമതായി ആശമാർക്ക് വേതനമേയില്ല; സന്നദ്ധ പ്രവർത്തകരുടെ ഗണത്തിൽപ്പെടുത്തി ഓണറേറിയമാണ് ലഭിക്കുന്നത്. കേരളത്തിൽ ഏഴായിരം രൂപയാണ് ഓണറേറിയം. കേന്ദ്രം നൽകുന്ന മൂവായിരവും വിവിധ ജോലികൾക്കായി ലഭിക്കുന്ന ഇൻസെന്റിവുകളും ചേർത്താൽ പരമാവധി ഒരു മാസം ലഭിക്കുക 13,000 രൂപയായിരിക്കും; ദിവസക്കൂലി കണക്കാക്കിയാൽ വെറും 433 രൂപ! മിനിമം ദിവസവേതനം 700 രൂപയാണ് കേരളത്തിൽ. അതെങ്കിലും ലഭിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. അഥവാ, പ്രതിമാസം 21,000 രൂപയാക്കി ഓണറേറിയം ഉയർത്തണമെന്ന തികച്ചും ന്യായമായ ആവശ്യമാണ് അവരുയർത്തുന്നത്. ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്: 2021ലെ ഇടതുമുന്നണിയുടെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത തുകയാണത്. മാനിഫെസ്റ്റോയുടെ 45ാം ഖണ്ഡികയിൽ ഇങ്ങനെ വായിക്കാം: ‘‘അംഗൻവാടി, ആശാ വർക്കർ, റിസോഴ്‌സ് അധ്യാപകർ, പാചകത്തൊഴിലാളികൾ, കുടുംബശ്രീ ജീവനക്കാർ, പ്രീ പ്രൈമറി അധ്യാപകർ, എൻ.എച്ച്.എം ജീവനക്കാർ, സ്‌കൂൾ സോഷ്യൽ കൗൺസലർമാർ തുടങ്ങി എല്ലാ സ്ക‌ീം വർക്കേഴ്‌സിന്റെയും ആനുകൂല്യങ്ങൾ കാലോചിതമായി ഉയർത്തും. മിനിമം കൂലി 700 രൂപയാക്കും...’’. സർക്കാറും പാർട്ടിയും ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്നതാണ് ആവശ്യം. ഇക്കാര്യം നിയമസഭയിലടക്കം ഉന്നയിക്കപ്പെടുമ്പോൾ തീർത്തും സാങ്കേതികമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ കൈമലർത്തുകയാണ്. തീർത്തും വിചിത്രമാണ് സർക്കാർ ന്യായങ്ങളത്രയും. മിനിമം വേതനം നൽകാൻ ആശമാർ തൊഴിലാളികളല്ല എന്നതാണ് അതിലൊന്ന്. സന്നദ്ധ പ്രവർത്തകരായ ആശമാരെ ആദ്യം കേന്ദ്രസർക്കാർ തൊഴിലാളികളായി പ്രഖ്യാപിക്കട്ടെയെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്; കേന്ദ്രം നൽകാനുള്ള നൂറു കോടിയോളം തുക കുടിശ്ശികയായതും സർക്കാർ ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം, രാജ്യത്ത് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന അവകാശവാദവും സർക്കാർ മുന്നോട്ടുവെക്കുന്നുണ്ട്. ഇപ്പോൾ കിട്ടുന്ന തുക തന്നെ കൂടുതലാണെന്നാണ് ഇപ്പറഞ്ഞതിനർഥം. ഒരു ജനാധിപത്യ സമരത്തോടുള്ള ഇടതു സർക്കാറിന്റെ പ്രതിലോമ സമീപനത്തെ തുറന്നുകാട്ടുന്നുണ്ട് ഈ ന്യായങ്ങളത്രയും. സമരക്കാരെ രാഷ്ട്രീയമായി അപഹസിക്കാനും അവർക്കുമേൽ തീവ്രവാദ ചാപ്പയടക്കം ചാർത്താനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും സർക്കാറിന്റെയും ഭരണപക്ഷ പാർട്ടിയുടെയും ഭാഗത്തുനിന്നുമുണ്ടാകുന്നുവെന്നതും നിർഭാഗ്യകരമാണ്.

വിഷയത്തിൽ സംസ്ഥാന സർക്കാറിനെ മാത്രം പഴിചാരുന്നതിലും അർഥമില്ല. ഒന്നാം യു.പി.എ സർക്കാറിന്റെ കാലത്ത്, ആശമാരെ സന്നദ്ധ സേവകരായി പരിഗണിക്കുമ്പോൾ അവരുടെ ജോലിഭാരം നന്നേ കുറവായിരുന്നു. ദിവസം പരമാവധി രണ്ടോ മൂന്നോ മണിക്കൂറായിരുന്നു അവരുടെ സേവനം ആവശ്യമായി വന്നിരുന്നത്. ഇപ്പോൾ അങ്ങനെയല്ല. അതിനാൽ, അവരെ തൊഴിലാളികളായിത്തന്നെ പരിഗണിക്കുക എന്നത് പ്രധാനമാണ്. എന്നാൽ, ആശമാരുടെ സമരത്തെ ന്യായമെന്ന് വിശേഷിപ്പിക്കുന്ന കേന്ദ്ര ആരോഗ്യ മന്ത്രി ഇക്കാര്യത്തിൽ ബോധപൂർവമായ മൗനം തുടരുന്നു. ആശമാർക്ക് കേന്ദ്രം നൽകുന്ന ഓണറേറിയവും തുലോം കുറവാണെന്നതും കാണാതിരിക്കരുത്. അതിനെല്ലാമുപരി, കേരളമടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങൾക്കുമേൽ കേന്ദ്രം തുടരുന്ന സാമ്പത്തിക ഉപരോധവും ഈ സമര ചർച്ചകളിൽ മുഖ്യവിഷയമായി ഉന്നയിക്കപ്പെടേണ്ടതുണ്ട്. കേന്ദ്രം ദേശീയ ആരോഗ്യ മിഷന് അനുവദിക്കുന്ന ഫണ്ടിൽനിന്നാണ് ആശമാർക്കുള്ള കേന്ദ്ര ഓണറേറിയം നൽകേണ്ടത്. കേന്ദ്രസർക്കാർ നടപ്പു സാമ്പത്തിക വർഷത്തിൽ ആരോഗ്യ മിഷന് വകയിരുത്തിയത് 37220 കോടിയോളമാണ്. അതിൽ കേരളത്തിന് അനുവദിച്ചിരിക്കുന്നത് വെറും 960 കോടി രൂപ. ഇതിൽനിന്ന് പരമാവധി 60 കോടിയിൽ താഴെ മാത്രമാണ് ഓണറേറിയത്തിന് അനുവദിക്കാനാവുക. ആളോഹരി കണക്കാക്കിയാൽ വെറും 1800 രൂപ; പ്രഖ്യാപിച്ച ഓണറേറിയം പോലുമില്ല എന്നർഥം. അപ്പോൾ, ഈ വിഷയത്തിൽ കേന്ദ്രസർക്കാറും കൂട്ടുപ്രതികളാണ്. ഇരു സർക്കാറുകൾക്കും പരിഹാര​ക്രിയ പലതും ചെയ്യാനാവും. പകരം, പരസ്പരം പഴിചാരി രാഷ്ട്രീയ മുതലെടുപ്പിനും പ്രതിരോധത്തിനുമാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialAsha Workers
News Summary - This strike must end with dignity
Next Story