തരംഗമല്ല ഇത്; പക്ഷേ നല്ലൊരു അടിയൊഴുക്കാണ്
text_fieldsഅസംഘടിതരുടെ പ്രക്ഷോഭ മുഖമായ സി.ജെ.പിയുടെ പ്രധാന ദൗർബല്യം, രോഷപ്രകടനത്തിനല്ലാതെ യഥാർഥ രാഷ്ട്രീയമാറ്റത്തിന് നേതൃത്വം നൽകാനുള്ള ശേഷി അതിനില്ല എന്നതാണ്. ആ റോൾ ഏറ്റെടുക്കാനുള്ള കഴിവ് പ്രതിപക്ഷ നിരക്ക് ഉണ്ടാകണം
ഡിജിറ്റൽ വാനങ്ങളിൽ നിന്ന് നിലത്തിറങ്ങി ജന്തർമന്തറിൽ ഒത്തുകൂടിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) അതിന്‍റെ പേര് അന്വർഥമാക്കുന്ന തരത്തിൽ ഒരു ‘പാർട്ടി’യായി പരിവർത്തിപ്പിക്കപ്പെടുമോ എന്ന് പറയാറായിട്ടില്ല. തൽക്കാലം അതൊരു സംഘാടനാവേദി മാത്രമാണ് എന്നതാണ് വാസ്തവം. സംഘാടനത്തിന് പ്രേരകമായ, യുവജനങ്ങളിൽ വ്യാപിച്ച അസംതൃപ്തിയുടെ ശക്തിപ്രകടനമാണ് ശനിയാഴ്ച ഡൽഹിയിൽ കണ്ടത്. അവിടെ ഒത്തുകൂടിയ പതിനായിരങ്ങൾ ബാഹ്യസമ്മർദമോ സംഘടനാ സ്വാധീനങ്ങളോ ഇല്ലാതെ വന്നെത്തി എന്ന വസ്തുത, വന്നുചേർന്നവരുടെ അംഗബലത്തേക്കാൾ അർഥവത്താണ്. പ്രതിപക്ഷ നിരയിൽ നിന്ന് ഏതാനും പ്രമുഖരുടെ സാന്നിധ്യവും പിന്തുണയും ഉണ്ടായി.
ഓൺലൈൻ ആക്ഷേപഹാസ്യത്തിൽ നിന്ന് ഓഫ് ലൈൻ ആക്ടിവിസത്തിലേക്കുള്ള വഴി എളുപ്പമാകില്ലെങ്കിലും, ഭരണവർഗത്തോടുള്ള ധാർമികരോഷം യഥാർഥവും ശക്തവുമാണ്. ഒരു ജനകീയ കൂട്ടായ്മയായി വളരാൻ അതിനുള്ള ആന്തരിക ഊർജവും അതുതന്നെ. പ്രത്യയശാസ്ത്ര തത്ത്വചിന്തകളല്ല, ജനങ്ങൾ നിത്യജീവിതത്തിൽ അനുഭവിക്കുന്ന അന്യായങ്ങളാണ് അതിനെ ചലിപ്പിക്കുന്ന രാസത്വരകം. സ്ഥാപകൻ അഭിജീത് ദിപ്കെ, വക്താക്കളായ സൗരവ് ദാസ്, വിജേതാ ദഹിയ, അശുതോഷ് റാങ്ക തുടങ്ങിയവർ ഇപ്പോൾ നേതൃത്വത്തിലുണ്ട്. അവരുയർത്തുന്ന പ്രധാന ആവശ്യം, യൂനിയൻ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം എന്നതാണ്.
ഭരണമാറ്റമോ ഭരണകൂടത്തോട് മൊത്തം സമരമോ അവരുടെ അജണ്ടയിൽ ഇപ്പോഴില്ല. എങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ രാജി എന്ന ആവശ്യത്തിലൂടെ അവരുന്നയിക്കുന്നത് മർമപ്രധാനമായ വിഷയമാണ്. ഭരണകൂടത്തിന് ജനങ്ങളോടുണ്ടാകേണ്ട ബാധ്യസ്ഥത (അക്കൗണ്ടബിലിറ്റി) ആണത്. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവികൊണ്ട് കളിച്ച, അര ഡസനിലേറെ പേരുടെ ആത്മഹത്യക്ക് കാരണക്കാരായ, ഉന്നതർ അതിന് ഉത്തരം പറഞ്ഞേ പറ്റൂ എന്ന ശാഠ്യം ശരിയായ തുടക്കം തന്നെയാണ്. അസംതൃപ്തി പ്രകാശിപ്പിക്കുന്ന ഡിജിറ്റൽ വേദിയിൽനിന്ന്, ദൃശ്യതയുള്ള ഒരു ആക്ടിവിസ്റ്റ് സംവിധാനത്തിലേക്കുള്ള ആദ്യ ചുവടാവാം ഇത്.
ഇത് ഇന്ത്യൻ രാഷ്ട്രീയത്തിൽ കാര്യമായ ചലനമുണ്ടാക്കുമോ, ഉണ്ടാക്കുമെങ്കിൽ എത്തരത്തിലുള്ള മാറ്റം എന്നൊന്നും ഇപ്പോൾ വ്യക്തമല്ല. ആം ആദ്മി പാർട്ടി സൃഷ്ടിച്ച സുഖകരമല്ലാത്ത അനുഭവം പലരും ഓർക്കുന്നുണ്ട്. അതേസമയം സി.ജെ.പിയുടെ വരവ് ഭരണപക്ഷത്തിന് മാത്രമല്ല പ്രതിപക്ഷത്തിനും പാഠമാണ്- ശക്തമായ താക്കീതും. പരമ്പരാഗത ‘രാഷ്ട്രീയത്തൊഴിലി’ന്‍റെ പോരായ്മകളെയും കാപട്യത്തെയും ചോദ്യം ചെയ്യുന്ന ജനകീയമായ പ്രതിരാഷ്ട്രീയമാണ് അതിന് ഊർജം നൽകുന്നത്. പൊതുസമൂഹത്തിന്‍റെ (വിശേഷിച്ച് ചെറുപ്പക്കാരുടെ) അഭിലാഷങ്ങൾക്ക് ശബ്ദം നൽകുകയാണവർ. പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്ക് അതിന് കഴിയുന്നില്ല എന്നുകൂടി അതിനർഥമുണ്ടല്ലോ. പേരിലെ ‘പാർട്ടി’ തൽക്കാലത്തേക്കെങ്കിലും അതിന്‍റെ സ്വഭാവമല്ല, പരമ്പരാഗത പാർട്ടികളോടുള്ള പരിഹാസമാണ് അത് പ്രകടിപ്പിക്കുന്നത്.
സ്വയം ഒരു രാഷ്ട്രീയകക്ഷിയായി രൂപം പ്രാപിച്ചാലുമില്ലെങ്കിലും, ഇന്നത്തെ രാഷ്ട്രീയ മണ്ഡലത്തിന് പ്രധാനപ്പെട്ട ഒരു സംഭാവന അത് അർപ്പിച്ചു കഴിഞ്ഞു: ഭിന്നിപ്പിന്‍റെയും വെറുപ്പിന്‍റെയും അന്തരീക്ഷം ഒരു അവിഹിത രാഷ്ട്രീയ കർമപദ്ധതിയായി ബോധപൂർവം വളർത്തപ്പെട്ടു കൊണ്ടിരിക്കെ, അതിനെ തള്ളിമാറ്റി ഭരണരംഗത്തെ വിശുദ്ധിയും കാര്യക്ഷമതയും ബാധ്യസ്ഥതയും ചർച്ചയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമമാണത്. മുദ്രാവാക്യങ്ങളല്ല ജനങ്ങൾക്ക് വേണ്ടത്, സദ്ഫലങ്ങളാണ് എന്ന ഓർമപ്പെടുത്തലും.
ജനങ്ങളുടെ സ്പന്ദനമറിയുന്ന, എന്നാൽ അസംഘടിതരായ യുവത ഒരുവശത്ത്; സംഘടിതരെങ്കിലും ജനങ്ങളുമായി ബന്ധം മുറിഞ്ഞ രാഷ്ട്രീയ പാർട്ടികൾ മറുവശത്ത്. ഇവ രണ്ടും ചേരുന്ന ബിന്ദുവാണ് ജനാധിപത്യ പ്രതിപക്ഷം. അസംഘടിതരുടെ പ്രക്ഷോഭ മുഖമായ സി.ജെ.പിയുടെ പ്രധാന ദൗർബല്യം, രോഷപ്രകടനത്തിനല്ലാതെ യഥാർഥ രാഷ്ട്രീയമാറ്റത്തിന് നേതൃത്വം നൽകാനുള്ള ശേഷി അതിനില്ല എന്നതാണ്. ആ റോൾ ഏറ്റെടുക്കാനുള്ള കഴിവ് പ്രതിപക്ഷ നിരക്ക് ഉണ്ടാകണം. പാർലമെന്‍റിൽ മാത്രമല്ല, അതിലും ശക്തമായി ജനങ്ങൾക്കിടയിലും ഭരണത്തിന്‍റെ കൃത്യമായ ഓഡിറ്റിങ് നടക്കുമെന്ന് സർക്കാറിനെ ബോധ്യപ്പെടുത്താൻ സി.ജെ.പിയുടെ ജനനം ഉതകണം.
ഓൺലൈൻ പ്രതിഷേധങ്ങളെപ്പോലും ഒതുക്കാൻ ശ്രമിച്ച ഭരണകൂടം ഒടുവിൽ തെരുവിലെ പ്രതിഷേധത്തിന് അനുമതി നൽകാൻ നിർബന്ധിതരായെങ്കിൽ അത്, പൊതുസമൂഹത്തിന്‍റെ ബലത്തെപ്പറ്റി ബോധ്യം വന്നതുകൊണ്ടാകണം. പൊതുപ്രവർത്തകൻ യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടിയ പോലെ, കോക്രോച്ച് ജനതാ പാർട്ടി ഇപ്പോൾ ഒരു തരംഗമല്ല; പക്ഷേ അതൊരു അടിയൊഴുക്കാണ്; ജനരോഷത്തിന്‍റേതായ ആ അടിയൊഴുക്ക് യഥാർഥവുമാണ്. അതിനെ തരംഗമായി പരിവർത്തിപ്പിക്കാൻ വ്യവസ്ഥാപിത രാഷ്ട്രീയ സംവിധാനങ്ങളുടെ പിന്തുണ ആവശ്യമാകാം. തെരഞ്ഞെടുപ്പു രാഷ്ട്രീയവും അധികാര രാഷ്ട്രീയവും മുഖ്യലക്ഷ്യമായി കാണുന്ന പാർട്ടികൾ അറിയേണ്ട അടിസ്ഥാനസത്യം സി.ജെ.പി സന്ദർഭവശാൽ ഓർമപ്പെടുത്തുന്നുണ്ട്: യഥാർഥ രാഷ്ട്രീയത്തിന്‍റെ ലക്ഷ്യം അധികാരമോ ഭരണമോ അല്ല, ജനങ്ങളുടെ സുരക്ഷയും ക്ഷേമവുമാണ് എന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

