അനുവദിക്കരുത്, തമിഴ് മണ്ണിന് തീകൊളുത്താൻ
text_fieldsഅയോധ്യയിലെ ബാബരി മസ്ജിദ് വർഗീയ ഫാഷിസ്റ്റുകൾ തകർത്തെറിഞ്ഞതിന്റെ 33ാം വാർഷിക ദിനമായിരുന്നു ഡിസംബർ ആറിന്. നൂറ്റാണ്ടുകളായി ബാ ങ്കൊലി മുഴങ്ങിയ, നമസ്കാരവും പ്രാർഥനകളും ജീവകാരുണ്യ പ്രവൃത്തികളും നിർവഹിക്കപ്പെട്ടിരുന്ന ആ പള്ളി പിടിച്ചെടുത്ത് തകർക്കുകയും ആ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പങ്കുവഹിച്ചവരുടെ മേൽനോട്ടത്തിൽ അവിടെ പടുകൂറ്റൻ ക്ഷേത്രം ഉയരുകയും ചെയ്തതിനുപിന്നിൽ നിരവധി കണ്ണികളുള്ള ആസൂത്രിതവും സംഘടിതവുമായ ഒരു ഗൂഢതന്ത്രമുണ്ടായിരുന്നു. സമാധാനത്തിലും സൗഹാർദത്തിലും ജീവിച്ച മതവിശ്വാസികളെ തമ്മിൽതെറ്റിച്ച് അതിൽ നിന്ന് അധികാരലബ്ധിക്കായുള്ള വഴിതേടാൻ സംഘ്പരിവാർ നടത്തിയ ഹീനതന്ത്രമായിരുന്നു ബാബരി മസ്ജിദിന് മേലുള്ള അധിനിവേശം. പള്ളിയിലേക്ക് അതിക്രമിച്ചുകടന്ന് വിഗ്രഹം സ്ഥാപിക്കലും വിശ്വാസികളെ ആട്ടിയോടിക്കലും വിദ്വേഷ പ്രസംഗങ്ങളാൽ വൈകാരികത സൃഷ്ടിക്കലുമായിരുന്നു പിടിച്ചടക്കലിന്റെ ആദ്യപടി. അല്ലറ ചില്ലറ അസ്വാരസ്യങ്ങൾ ഉടലെടുത്തുവെങ്കിലും വിവിധ മതവിശ്വാസികൾ തമ്മിലെ സ്നേഹത്തിനും ഐക്യത്തിനും സാരമായ കേടുപാടുകളൊന്നും അന്നു സംഭവിച്ചില്ല. എന്നാൽ, സംഘടിത ശക്തിപ്രകടനങ്ങളും സാമുദായിക കലാപങ്ങളും പതിവായതോടെ മനസ്സുകൾ അകലാൻ തുടങ്ങി. പ്രതീകാത്മക പൂജ മാത്രമേ നടത്തൂ എന്ന് രാജ്യത്തെ ഭരണകൂടത്തെയും പരമോന്നത നീതിപീഠത്തെയും പറഞ്ഞു വിശ്വസിപ്പിച്ച് മസ്ജിദ് വളപ്പിലേക്ക് കടന്നുകയറിയാണ് സംഘ്പരിവാർ പള്ളി പൊളിച്ചുകളഞ്ഞത്. പള്ളി പൊളിച്ചിടത്ത് നിർമിച്ച താൽക്കാലിക ക്ഷേത്രത്തിന് കോടതിയിൽനിന്ന് ദർശനാനുമതിയും ലഭിച്ചു, ഈ ചെയ്തികളുടെ മറവിൽ ബി.ജെ.പി രാജ്യഭരണം കൈക്കലാക്കി. പള്ളിയുടെ ഭൂമി ക്ഷേത്ര നിർമാണത്തിന് വിട്ടുകൊടുക്കാൻ തീർത്തും യുക്തിരഹിതമായ വിധിയിലൂടെ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു.
നീതിപീഠത്തിൽനിന്ന് സത്യയുക്തവും നീതിപൂർണവുമായ വിധിയുണ്ടാവുമെന്ന വിശ്വാസത്താൽ ക്ഷമാപൂർവം കാത്തിരുന്ന രാജ്യത്തെ ജനസമൂഹങ്ങളെ ഒന്നടങ്കം നിരാശപ്പെടുത്തി രചിക്കപ്പെട്ട വിധി തീർപ്പിൽ എത്തിയത് സംബന്ധിച്ച് ആ ബെഞ്ചിൽ അംഗമായിരുന്ന ന്യായാധിപൻ നടത്തിയ തുറന്നുപറച്ചിലുകൾ രാജ്യം കേട്ടതാണ്. അയോധ്യക്ക് ശേഷമെങ്കിലും സമാധാനം ലഭിക്കുമെന്ന് മോഹിച്ചവരെ വഞ്ചിച്ച് കൂടുതൽ ആരാധനാലയങ്ങൾക്കുമേൽ അധിനിവേശം നടത്താനുള്ള പോർമുഖങ്ങൾ കോടതികളുടെ പിന്തുണയോടെ തുറക്കുന്നതാണ് നാം പിന്നീട് കണ്ടത്.
തമിഴ്നാട്ടിലെ മധുരക്കടുത്തുള്ള തിരുപ്പറകുൺറത്ത് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടമാടിയ അനിഷ്ട സംഭവങ്ങൾ ബാബരി മസ്ജിദ് അധിനിവേശത്തിന്റെ നാൾവഴികളെ ഓർമപ്പെടുത്തുന്നതാണ്. ഹൈന്ദവ ദേവനായ ശ്രീ മുരുകന്റെ ആറ് വാസസ്ഥലങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഇവിടത്തെ ഉച്ചൈപിള്ളൈയാർ ക്ഷേത്രത്തിലെ കാർത്തിക ദീപം തെളിക്കൽ ചടങ്ങ് മുരുക ഭക്തർ നൂറ്റാണ്ടുകളായി അത്യാദരപൂർവം നടത്തിവരുന്നതാണ്. എന്നാൽ, ബാബരി മസ്ജിദ് തകർത്ത ശേഷമുള്ള വർഗീയാവേശത്തിൽ തിരുപ്പറകുൺറം മലമേട്ടിലുള്ള ഹസ്രത്ത് സികന്ദർ ബാദുഷ ദർഗക്ക് സമീപത്തുള്ള തൂണിൽ ദീപം തെളിയിക്കണമെന്ന ശാഠ്യവുമായി 1994ൽ സംഘ് പരിവാർ രംഗപ്രവേശം ചെയ്തു. ചരിത്രപരമായോ ആചാര പരമായോ ഒരു പിൻബലവുമില്ലാത്ത ആവശ്യം അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ കല്യാണ സുന്ദരം, ഭവാനി സുബ്രഹ്മണ്യം എന്നിവരടങ്ങിയ ഹൈകോടതി ഡിവിഷൻ ബെഞ്ച് 2017 ഡിസംബറിൽ വ്യക്തമാക്കിയതുമാണ്. അതുകൊണ്ടൊന്നും പിന്മാറാതെ തിരുപ്പറകുൺറത്തെ ‘അയോധ്യ’യാക്കി മാറ്റി തെന്നിന്ത്യയിൽ കടന്നുകയറാൻ കണക്കുകൂട്ടുകയാണ് സംഘ്പരിവാർ. കേവലമൊരു ദീപം തെളിയിക്കാനല്ല, അതിന്റെ മറവിൽ തമിഴ് മണ്ണിൽ തീകൊളുത്താനായിരുന്നു അവരുടെ പുറപ്പാട്. കഴിഞ്ഞ വർഷം ഇക്കാര്യം ഉന്നയിച്ച് സമർപ്പിച്ച റിട്ട് ഹരജി, സമാധാനവും സൗഹാർദവും തകർക്കാൻ വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളിയിരുന്നു. ശേഷം നടന്ന ഹിന്ദുത്വ വർഗീയനീക്കങ്ങളെ എം.കെ. സ്റ്റാലിൻ നയിക്കുന്ന തമിഴ്നാട്ടിലെ ഡി.എം.കെ മുന്നണി സർക്കാർ ധീരമായി ചെറുക്കുകയും ചെയ്തു. ഈ വർഷം സമർപ്പിക്കപ്പെട്ട ഹരജിയിൽ കക്ഷികളുടെ വാദംപോലും കേൾക്കാൻ നിൽക്കാതെ, 2017ലെ ഡിവിഷൻ ബെഞ്ച് ഉത്തരവിന് വിരുദ്ധമായി, ദർഗക്ക് സമീപത്തെ തൂണിൽ ദീപം തെളിക്കാൻ സർക്കാറിന് നിർദേശം നൽകി ഹൈകോടതി ജഡ്ജി ജി.ആർ. സ്വാമിനാഥൻ. ഈ വിധി നാടി ന്റെ സമാധാനം തകർക്കുന്ന ദുർവിധിയാകുമെന്നതിനാൽ സർക്കാർ നടപ്പാക്കിയില്ല. അതിനെതിരെ കോടതിയലക്ഷ്യവും ചുമത്തപ്പെട്ടിരിക്കുന്നു.
നീതിയും നിയമവും നടപ്പാക്കാനുള്ള ചുമതലയേൽപിക്കപ്പെട്ട കോടതികളും ജഡ്ജിമാരും വർഗീയ വിദ്വേഷ ശക്തികളുടെ പകർത്തെഴുത്ത് ജോലി തുടങ്ങിയാൽ രാജ്യത്തി ന്റെ ഗതിയെന്താവും? ഭരണസ്വാധീനത്താൽ ന്യായാധിപക്കുപ്പായം സിദ്ധിച്ചവരിൽ പലരും ഇതിനകം ചമച്ചുവിട്ട വിധികൾ തന്നെ രാജ്യത്തിന്റെ അന്തസ്സിനും ഭരണഘടനാ തത്ത്വങ്ങൾക്കും കളങ്കം ചാർത്താൻ പോന്നതാണ്. അതുകൊണ്ടുതന്നെ വർഗീയ ധ്രുവീകരണത്തിന് വഴിവെച്ച ജി.ആർ. സ്വാമിനാഥനെ ജഡ്ജിസ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്ന പ്രതിപക്ഷ എം.പിമാരുടെ ആവശ്യം ന്യായവും സമയോചിതവുമാണ്. പ്രത്യേക സമുദായത്തിൽ നിന്നുള്ള അഭിഭാഷകരോട് ഈ ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്ന എം.പിമാരുടെ ഇംപീച്ച്മെൻറ് പ്രമേയത്തിലെ ആരോപണവും ഗുരുതരമാണ്.
ജാതീയ ഉച്ചനീചത്വങ്ങൾ തിരികെക്കൊണ്ടുവരാനും വർഗീയത ആളിക്കത്തിക്കാനും ഛിദ്രശക്തികൾ പതിറ്റാണ്ടുകളായി പണിപ്പെട്ടിട്ടും വഴങ്ങാതെ തന്തൈ പെരിയാറുടെയും ദ്രാവിഡ നേതാക്കളുടെയും സമത്വ പാഠങ്ങളിലുറച്ചു നിൽക്കുന്ന മനസ്സാണ് തമിഴകത്തിന്റേത്. അവിടെ വിഷം കലർത്താനുള്ള നീക്കങ്ങൾ ഏതുകോണിൽ നിന്നായാലും ചെറുത്തുതോൽപിക്കുക എന്നത് രാജ്യത്തിന്റെ നിലനിൽപിനുതന്നെ അത്യന്താപേക്ഷിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

