ത്രിഭാഷാ നയം വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്നു
text_fieldsഏതെങ്കിലും ഭാഷ ഒരു വിദ്യാർഥിയുടെ മേലും അടിച്ചേൽപിക്കില്ലെന്നും അയവുള്ള സമീപനമുണ്ടാകുമെന്നും ബോർഡ് ഉദ്ധരിക്കുന്ന ദേശീയനയം തന്നെ ഉറപ്പുനൽകുന്നുണ്ട്. എന്നാൽ, പ്രയോഗത്തിൽ അതല്ല സംഭവിക്കുന്നത്.
കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ അധികാര കേന്ദ്രമായ സി.ബി.എസ്.ഇ വീണ്ടും വാർത്തകളിൽ വരുന്നത് അത്ര തിളക്കത്തോടെയല്ല. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മൂല്യനിർണയവുമായി ബന്ധപ്പെട്ട് വേണ്ടത്ര വിമർശനങ്ങൾ ഏറ്റുവാങ്ങിയ ബോർഡ് ത്രിഭാഷാ പദ്ധതിയിലെ അശാസ്ത്രീയ നിലപാടുകളിലൂടെയും ധിറുതിപിടിച്ച മാറ്റങ്ങളിലൂടെയുമാണ് ഇപ്പോൾ ചർച്ചാവിധേയമാവുന്നത്. മേയ് 15ന് ഇറക്കിയ സർക്കുലറിൽ ഒമ്പതാം ക്ലാസ് മുതൽ മൂന്നു ഭാഷകൾ പഠിപ്പിക്കുന്നത് സി.ബി.എസ്.ഇ നിർബന്ധമാക്കിയിരിക്കുന്നു. ഇതിനെതിരെ പലരും ചേർന്ന് നൽകിയ ഹരജിയിൽ സുപ്രീംകോടതി ജൂലൈ 15, 16 തീയതികളിൽ വാദം കേൾക്കാൻ നിശ്ചയിച്ചിരിക്കുകയാണ്. എന്നാൽ, പ്രസ്തുത സർക്കുലർ തൽക്കാലം സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചിരിക്കുന്നു. ഇതിനുമുമ്പ് ഏപ്രിൽ ഒമ്പതിനും മേയ് നാലിനും ഇതുസംബന്ധമായ മറ്റു സർക്കുലറുകളും ഇറക്കിയിരുന്നു. മേയ് 31നു മുമ്പായി സ്കൂളുകൾ തിരഞ്ഞെടുത്ത ഭാഷകളുടെ വിവരങ്ങൾ സി.ബി.എസ്.ഇ പോർട്ടലിൽ അപ്‍ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ത്രിഭാഷാ പദ്ധതിയിൽ പത്താം ക്ലാസിലെത്തുന്ന വിദ്യാർഥികൾ മൂന്നു ഭാഷകൾ പഠിച്ചിരിക്കണം, അതിൽ രണ്ടെണ്ണം സ്വദേശി ഇന്ത്യൻ ഭാഷകളായിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. 2020ലെ ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച ഭാഷാപദ്ധതിയാണ് ഇതെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാൽ ആ നയരേഖ, നടപ്പിലാക്കൽ നിർബന്ധമായ ഒരു സ്റ്റാറ്റ്യൂട്ട് അല്ലെന്നും വെറുമൊരു മാർഗനിർദേശക പത്രിക മാത്രമാണെന്നും അതിനെ കോടതിയിൽ എതിർക്കുന്ന കക്ഷികൾ ചൂണ്ടിക്കാട്ടുന്നു.
ഭാഷാനയങ്ങൾ മുമ്പേ തന്നെ വിവിധ സംസ്ഥാനങ്ങളുടെ, വിശിഷ്യ, ഹിന്ദി സംസാരിക്കാത്ത ദക്ഷിണ സംസ്ഥാനങ്ങളുടെ, എതിർപ്പ് ക്ഷണിച്ചുവരുത്തിയതാണ്. തമിഴ്നാട്ടിൽ അറുപതുകളിൽ നടന്ന രൂക്ഷമായ ഹിന്ദിവിരുദ്ധ പ്രക്ഷോഭങ്ങൾ വിഷയത്തെ ദേശീയതലത്തിൽ തന്നെ ചൂടുപിടിപ്പിച്ചു. ആ കാലഘട്ടത്തിൽ നിയമിക്കപ്പെട്ട കോത്താരി കമീഷൻ നൽകിയ ശിപാർശകളാണ് 1968ൽ ത്രിഭാഷാ പദ്ധതി എന്ന തത്ത്വം അവതരിപ്പിച്ചത്. അതനുസരിച്ച് ഹിന്ദി നിർബന്ധമായും തിരഞ്ഞെടുക്കേണ്ടിവരുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നില്ലെങ്കിലും, പ്രയോഗത്തിൽ ഹിന്ദി ഇതര ഇന്ത്യൻ ഭാഷകൾ പഠിപ്പിക്കാനുള്ള സൗകര്യങ്ങളുടെ അഭാവത്തിൽ ഫലത്തിൽ ഹിന്ദി പഠനം നിർബന്ധമാവുന്ന അവസ്ഥയുണ്ടാവും എന്നതിനാലാണ് തമിഴ്നാട് അതിനെ എതിർക്കുകയും ഇംഗ്ലീഷും തമിഴും ചേർന്ന ദ്വിഭാഷ നയം മാത്രമേ തങ്ങൾ സ്വീകരിക്കുകയുള്ളൂവെന്ന് ശഠിക്കുകയും ചെയ്തത്. അന്നത്തെ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈയുടെ നേതൃത്വത്തിൽ ആ ദ്വിഭാഷാനയം സംസ്ഥാനം സ്വീകരിച്ചതും അങ്ങനെയാണ്. ഇന്നും രണ്ടുഭാഷ മാത്രം നിർബന്ധമായി പഠിപ്പിക്കുന്ന ഏക സംസ്ഥാനമാണ് തമിഴ്നാട്. പരോക്ഷമായി ഹിന്ദി അടിച്ചേൽപിക്കുന്ന ഭാഷാനയം തിരസ്കരിക്കുന്നുവെന്നും ദ്വിഭാഷാ നയമേ അംഗീകരിക്കൂ എന്നും പുതിയ വിജയ് സർക്കാറും വ്യക്തമാക്കിയതാണ്.
അധ്യയന ഭാരവും അധ്യാപകർ, പുസ്തകങ്ങൾ എന്നിവയുടെ ദൗർലഭ്യവും സ്കൂളുകളിലെ അടിസ്ഥാനസൗകര്യ പരിമിതികളും ചൂണ്ടിക്കാട്ടി തന്നെയാണ് ചീഫ്ജസ്റ്റിസിന്റെ ബെഞ്ച് വിഷയത്തിൽ പ്രാഥമിക അഭിപ്രായ പ്രകടനങ്ങൾ നടത്തിയത്. ഇഷ്ടമില്ലാത്ത ഭാഷയുടെ പഠനത്തിനും അധ്യയനത്തിനും നിർബന്ധിക്കുമ്പോൾ അത് സംസ്ഥാനങ്ങളുടെയും വിദ്യാർഥികളുടെയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും ഭരണഘടനയുടെ ഫെഡറൽ തത്ത്വങ്ങളെ ഹനിക്കുകയാണെന്നും ഹരജിക്കാരുടെ അഭിഭാഷകൻ കപിൽ സിബൽ ഉന്നയിച്ചിരുന്നു. സി.ബി.എസ്.ഇയുടെ വ്യവസ്ഥയിൽ ഒമ്പതും പത്തും ക്ലാസിൽ മൂന്നുഭാഷ പഠിക്കുന്നത് നിർബന്ധമാണെങ്കിലും പത്താം ക്ലാസ് പരീക്ഷയിൽ മൂന്നാമത്തെ ഭാഷയിൽ ബോർഡ് പരീക്ഷ ഉണ്ടാവില്ല എന്നും ക്ലാസ് പരീക്ഷകളുടെ അടിസ്ഥാനത്തിൽ സ്‌കോർ മാർക്ക് ഷീറ്റിൽ ചേർക്കുമെന്നും സി.ബി.എസ്.ഇ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. പരമോന്നത കോടതി കൂടുതൽ വാദങ്ങൾ കേൾക്കുന്നതിനായി സി.ബി.എസ്.ഇക്കും എൻ.സി.ഇ.ആർ.ടിക്കും നോട്ടീസ് അയച്ചിരിക്കുകയാണ്.
സി.ബി.എസ്.ഇയും കേന്ദ്ര സർക്കാറും ഇക്കാര്യത്തിൽ തുറന്ന സമീപനമല്ല സ്വീകരിച്ചിരിക്കുന്നതെന്നുവേണം കരുതാൻ. ബോർഡിന്റെ സർക്കുലർതന്നെ വേണ്ടത്ര സമയം അനുവദിച്ചല്ല സ്കൂളുകൾക്കുമേൽ നിബന്ധനകൾ അടിച്ചേൽപിക്കുന്നത്. പുതുതായി ഭാഷ പഠിക്കാൻ നിർബന്ധിതരാവുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇതിൽ ആശങ്കയുണ്ടാവുക സ്വാഭാവികം. പാർലമെന്റിന്റെ അംഗീകാരമില്ലാതെ ഇത്തരം ഒരു നയം കേവലം എക്സിക്യൂട്ടിവ് സ്ഥാപനം മാത്രമായ ഒരു ബോർഡിന്റെ സർക്കുലറിലൂടെ നടപ്പിലാക്കുന്നതിലുമുണ്ട് അസാംഗത്യം. അതിനുപുറമെ, ഏതെങ്കിലും ഭാഷ ഒരു വിദ്യാർഥിയുടെ മേലും അടിച്ചേൽപിക്കില്ലെന്നും അയവുള്ള സമീപനമുണ്ടാകുമെന്നും ബോർഡ് ഉദ്ധരിക്കുന്ന ദേശീയനയം തന്നെ ഉറപ്പുനൽകുന്നുമുണ്ട്. എന്നാൽ, പ്രയോഗത്തിൽ അതല്ല സംഭവിക്കുന്നത്. പുതിയ നയം നടപ്പിലാക്കുന്നത് 2029-30 അധ്യയനവർഷം വരെ മാറ്റിവെച്ചിരിക്കുന്നു എന്നറിയിച്ചശേഷം ആഴ്ചകൾക്കുള്ളിലാണ് ബോർഡ് പുതിയ നിബന്ധനയുമായി വന്നത്. യഥാർഥത്തിൽ വിദ്യാർഥികൾ, അധ്യാപകർ, സി.ബി.എസ്.ഇ, നിയമസഭാ സാമാജികർ, വിദ്യാഭ്യാസ വിചക്ഷണർ തുടങ്ങി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും ചർച്ചക്ക് അവസരമൊരുക്കി അഭിപ്രായൈക്യത്തിലെത്താനായിരുന്നു ബോർഡ് ശ്രമിക്കേണ്ടിയിരുന്നത്. എല്ലാം മുൻകൂട്ടി തീരുമാനിച്ച ശേഷം വിമർശനങ്ങളെ നേരിടുകയോ അവഗണിക്കുകയോ ചെയ്യുന്ന ശൈലി ഭാവി പൗരസഞ്ചയത്തെ ബാധിക്കുന്ന ഇക്കാര്യത്തിലെങ്കിലും കേന്ദ്ര അധികാരികൾ വെടിഞ്ഞേ പറ്റൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

