Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅഭിമാന സ്ഥാപനങ്ങളുടെ...

അഭിമാന സ്ഥാപനങ്ങളുടെ അതിജീവനം അനിവാര്യം

text_fields
bookmark_border
അഭിമാന സ്ഥാപനങ്ങളുടെ അതിജീവനം അനിവാര്യം
cancel

കേരളത്തി​ന്റെ ​സുപ്രധാനമായ രണ്ടു അഭിമാന സ്ഥാപനങ്ങളാണ് സപ്ലൈകോ എന്നറിയപ്പെടുന്ന കേരള സിവിൽ സപ്ലൈസ് കോർപറേഷനും പൊതുഗതാഗത സംവിധാനമായ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്​പോർട്ട് കോർപറേഷനും. വലിയ ഉദ്ദേശ്യലക്ഷ്യങ്ങളോടെ സ്ഥാപിതമായ ഇവ രണ്ടും സമീപകാലങ്ങളായി ചർച്ചകളിൽ നിറയുന്നത് സങ്കീർണമായ പ്രതിസന്ധികളുടെ പേരിലാണ്. ആയിരക്കണക്കിന്​ ജീവനക്കാരും അവരെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന്​ കുടുംബങ്ങളുമുണ്ട്​ ഇരുസ്ഥാപനങ്ങളിലും.

സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും അതോടൊപ്പം കെടുകാര്യസ്ഥതയുമാണ് ഇരു സ്ഥാപനങ്ങളെയും പ്രതിസന്ധിയിൽ കൊണ്ടെത്തിച്ചത്​. പക്ഷേ, അതി​ന്റെ പേരിൽ ഭക്ഷ്യധാന്യ വിതരണവും പൊതുഗതാഗത സംവിധാനവും ഇല്ലാതാവുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. സപ്ലൈകോ പ്രതിസന്ധി ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ വലിയ വിലക്കയറ്റമാണ് സൃഷ്ടിക്കുക. നിസ്സാര കാരണങ്ങളിലൂടെ ഭക്ഷ്യവിഹിതം കുറക്കുന്ന കേന്ദ്രനയം കൂടിയാവു​മ്പോൾ പ്ര​ത്യേകിച്ചും. എഫ്.സി.ഐയിൽനിന്ന് സംസ്ഥാനത്തിന് നേരിട്ട് ഭക്ഷ്യധാന്യങ്ങൾ വാങ്ങാനാവില്ലെന്ന പുതിയ തീരുമാനവും കേരളീയ വിപണിയിൽ വിലക്കയറ്റത്തിനാണ് കാരണമാവുക. അവിടെയൊക്കെ ഇടപെടലുകൾക്ക് സപ്ലൈകോ പോലൊരു സ്ഥാപനം അനിവാര്യമാണ്.

സർക്കാർ 2500 കോടിയോളം കുടിശ്ശിക വരുത്തിയതാണ് കോർപറേഷന്റെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ഭക്ഷ്യമ​​ന്ത്രിതന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. ഇതിൽ 1525 കോടിയും ​പൊതുവിപണിയിൽ സബ്സിഡി സാധനങ്ങൾ വിതരണം ചെയ്ത വകയിൽ നൽകാനുള്ളതാണ്. 500 കോടി ഭക്ഷ്യവകുപ്പ് സപ്ലൈകോക്കുവേണ്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും ബജറ്റിൽ ഒന്നുമില്ല. അതേസമയം കേരളീയത്തിനും വള്ളംകളിക്കുമെല്ലാം പണമുണ്ട് താനും. മാവേലി സ്റ്റോറുകളിൽ സബ്സിഡി ഉൽപന്നങ്ങളില്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. സബ്സിഡി സാധനങ്ങളുടെ വിറ്റുവരവായിരുന്നു സപ്ലൈകോയുടെയും മാവേലി സ്റ്റോറുകളുടെയും നട്ടെല്ല്. സബ്സിഡി ഉൽപന്നങ്ങൾ ഇല്ലാതായ​തോടെ പാക്കിങ്ങിലും മറ്റും ജോലി ചെയ്തിരുന്ന നൂറുകണക്കിന് താൽക്കാലിക ജീവനക്കാർക്ക് തൊഴിൽ നഷ്ടമാവുകയും ചെയ്തു. സര്‍ക്കാര്‍ കൃത്യമായി പണം അനുവദിക്കാത്തതിനാല്‍ ഗോഡൗൺ വാടക, ജീവനക്കാരുടെ ശമ്പളം, ഗതാഗതച്ചെലവ്​ എന്നിവക്കെല്ലാം സപ്ലൈകോക്ക് സാധനങ്ങൾ വാങ്ങാന്‍ കരുതിയ പണം ഉപയോഗിച്ചതും പ്രതിസന്ധിയുടെ ആക്കം വര്‍ധിപ്പിച്ചു. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും കണക്കുകൾ, ബില്ലുകൾ സമർപ്പിക്കുന്നതിലെ വീഴ്ചകളുമാണ് പ്രതിസന്ധിക്ക് കാരണമായി ധനവകുപ്പ് ചൂണ്ടിക്കാട്ടിയത്. യഥാസമയം കൃത്യവും സുതാര്യവുമായ കണക്കുകൾ ബോധിപ്പിക്കാത്തതിനാൽ കേന്ദ്രവിഹിതം തടഞ്ഞതും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ശമ്പളം നൽകാൻ ഓരോ മാസവും സർക്കാറിനു മുന്നിൽ കൈനീട്ടേണ്ട അവസ്ഥയിലാണ് കെ.എസ്.ആർ.ടി.സി. സർക്കാർ പണം അനുവദിക്കുന്നുമുണ്ട്. എന്നിട്ടും മാസങ്ങളായി രണ്ടുഘട്ടമായാണ് ശമ്പളവിതരണം. പെൻഷൻകാരുടെ കാര്യം ​കോടതിയിലാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ പുതിയ ബസുകളൊന്നും വാങ്ങിയിട്ടില്ല. വാങ്ങിയതാവട്ടെ, സ്വിഫ്റ്റ് കമ്പനിക്ക് കീഴിലാണ്. സ്മാർട്ട് സിറ്റി പദ്ധതി വഴി തിരുവനന്തപുരം കോർപറേഷന് അനുവദിച്ച 113 ഇ ബസുകളും സ്വിഫ്റ്റിന് കൈമാറി.

ഇതിന് പുറമേ കിഫ്ബി വായ്പ ഉപയോഗിച്ച് വാങ്ങിയ 50 ഇ-ബസുകളും. പുതിയ ബസുകളില്ലാത്തതിനാൽ ഷെഡ്യൂളുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. അതു വരുമാനത്തെയും ബാധിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് 400 ജനുറം ബസുകൾ കിട്ടിയതിൽ ഭൂരിഭാഗവും കട്ടപ്പുറത്തായി. ഭൂരിഭാഗം ഡിപ്പോകളും പണയത്തിലാണ്. കെ.എസ്.ആർ.ടി.സിയിൽ ഒരു മാസം 250 കോടി രൂപക്കുമേൽ ചെലവുണ്ടെന്നാണ് മാനേജ്മെൻറ് വാദം. വരുമാനമാകട്ടെ, 225 കോടിയിൽ താഴെയും. 80 കോടിയോളം ശമ്പളത്തിന് വേണം. സിംഗിൾ ഡ്യൂട്ടി സ​മ്പ്രദായം നടപ്പിലാക്കിയാൽ നാലിലൊന്ന്​ ജീവനക്കാരെക്കൊണ്ട്​ സ്ഥാപനം നടത്താമെന്നും ശമ്പള​ച്ചെലവ്​ കുറക്കാമെന്നുമൊരു നിർദേശം മാനേജ്​മെൻറ്​ മുന്നോട്ടുവെക്കുന്നു. ജീവനക്കാരുടെ താൽപര്യത്തെ കുരുതികൊടുത്തുകൊണ്ടുള്ള അത്തരമൊരു നിർദേശത്തോട്​ യൂനിയനുകൾ എതിർപ്പറിയിച്ചതിനാൽ ഈ പരിഷ്​കരണം എളുപ്പമല്ല.

ഭക്ഷ്യവിതരണ രംഗത്തും പൊതുഗതാഗത രംഗത്തും സ്വകാര്യ മേഖലക്കൊപ്പമാണ് സപ്ലൈകോയുടെയും കെ.എസ്.ആർ.ടി.സിയുടെയും പ്രവർത്തനം. സ്വകാര്യമേഖലയുടെ ചൂഷണത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കുക എന്ന വലിയൊരു ദൗത്യംകൂടി ഇവർ നിർവഹിക്കുന്നുണ്ട്. സർവീസ് മേഖല എന്ന നിലയിൽ ലാഭമാത്ര പ്രചോദിതമായ ഒരു സംവിധാനം ആയിക്കൂടാ ഇത്. എന്നാൽ, വിത്തെടുത്ത് കുത്തും പോലെ ഓരോ മാസവും സർക്കാർ സഹായം കൊടുത്ത് നടത്തിക്കൊണ്ടുപോകലും പ്രായോഗികമല്ല. ചെലവിനുള്ള പണം കണ്ടെത്തി, സ്വയം നടത്തിക്കൊണ്ടുപോകാനുള്ള പദ്ധതികളാണ് ആവിഷ്‍കരിക്കേണ്ടത്.

അതിനുള്ള ഗൗരവമായ ശ്രദ്ധയിലേക്ക് സർക്കാർ തിരിയേണ്ടതുണ്ട്. അത്തരം പദ്ധതികളിൽ തങ്ങൾക്ക് ദോഷകരമായവ പരിഹരിച്ച് അതുമായി സഹകരിക്കാൻ ജീവനക്കാരും തയാറാവണം. കേരളത്തെ പട്ടിണിരഹിത സംസ്ഥാനമായി നിലനിർത്തുന്നതിലും സ്വകാര്യവാഹന ചൂഷണങ്ങളിൽനിന്നും പരിസ്ഥി​തി മലിനീകരണത്തിൽനിന്നും സംരക്ഷിച്ചു നിർത്തുന്നതിലും നിർണായകപങ്കു വഹിക്കുന്ന ഈ സ്ഥാപനങ്ങളുടെ അതിജീവനം കേരള ജനതയുടെ ഒന്നാകെ ആവശ്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supplycoksrtc
News Summary - The survival of prestigious institutions is essential
Next Story