പൊള്ളുന്ന വേനലും കടന്നേ തീരൂ
text_fieldsകത്തിയാളുന്ന അത്യുഷ്ണത്തിൽ എരിപൊരി കൊള്ളുകയാണ് ഏതാനും ആഴ്ചകളായി കേരളം. രാപ്പകൽ ഭേദമില്ലാതെ അസഹനീയമായ ചൂട് മനുഷ്യരുടെയും പക്ഷിമൃഗാദികളുടെയും ദൈനംദിന ജീവിതത്തെ അസ്വാസ്ഥ്യത്തിലാക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെയായി 40 ഡിഗ്രി സെൽഷ്യസിൽ അധികം ചൂട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഒട്ടു മിക്ക ജില്ലകളിലും താപനില ഉയർന്നുതന്നെ നിൽക്കുന്നു. കേരളം പകൽ-രാത്രി വേർതിരിവില്ലാതെ കടുത്ത ചൂടിൽ വിറങ്ങലിക്കുന്നു. പുലർകാലത്തു പോലും മുപ്പതു ഡിഗ്രി സെൽഷ്യസിനോടടുത്ത താപനിലയാണ് അനുഭവപ്പെടുന്നത്. സൂര്യാസ്തമയ ശേഷവും ഈ ചൂടിന് ശമനം ലഭിക്കുന്നില്ല. ചുഴലിക്കാറ്റിന്റെ വിരുദ്ധ ദിശയിൽ കാറ്റുകൾ സഞ്ചരിക്കുന്ന ആന്റി സൈക്ലോൺ എന്ന പ്രതിഭാസമാണ് നിലവിലെ കൊടുംചൂടിന് നിമിത്തമായി പറയപ്പെടുന്നത്. കടൽനിരപ്പിൽ നിന്ന് 3.5-5 കിലോമീറ്റർ ഉയരത്തിൽ രൂപപ്പെടുന്ന ഈ ആന്റി സൈക്ലോണിന്റെ ഫലമായി ഭൂമിയുടെ ഉപരിതലത്തിലെ ചൂടുള്ള വായു ഉയരാൻ കഴിയാതെ, മഴമേഘങ്ങൾ രൂപപ്പെടുന്നത് തടയപ്പെടുന്നു. ഇതുവഴി അന്തരീക്ഷത്തിൽ ചൂട് തങ്ങിക്കിടക്കുന്നതിനാൽ പകൽ-രാത്രി ഭേദമില്ലാതെ ചൂട് കനക്കുന്നു. കേരളത്തിൽ സാധാരണയായി ലഭിക്കാറുള്ള വേനൽമഴ വൈകിപ്പിക്കുന്നതിനും ഈ ആന്റി സൈക്ലോൺ കാരണമാകുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിനങ്ങളിൽ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചെങ്കിലും ചൂടിനു കാര്യമായ കുറവുണ്ടായിട്ടില്ല. അടുത്ത രണ്ടു മൂന്നു നാൾകൂടി മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കത്തുന്ന വേനലിന് അതൊന്നും പ്രതിവിധിയാകാനിടയില്ല. രേഖപ്പെടുത്തി വരുന്നതിനെ തുടർന്ന് കാലാവസ്ഥ വകുപ്പും ഭരണസംവിധാനങ്ങളും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ആഗോള തലത്തിലെ കാലാവസ്ഥ വ്യതിയാനം മുതൽ തദ്ദേശീയമായ നയവ്യതിയാനങ്ങൾ വരെ കൊടുംചൂടിന്റെ ഈ പുതിയ തരംഗത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പസഫിക് സമുദ്രത്തിൽനിന്നുള്ള എൽനീനോ പ്രതിഭാസം മുതൽ തീരപ്രദേശത്തെ ഈർപ്പാന്തരീക്ഷം സൃഷ്ടിക്കുന്ന മാറ്റങ്ങൾ വരെ പുതിയ അസ്വാസ്ഥ്യജനകമായ കാലാവസ്ഥ പ്രവണതകൾക്കു വഴിമരുന്നിടുന്നുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ കൊടുംചൂടും അപ്രതീക്ഷിത പ്രളയവുമടക്കം കേരളത്തിൽ സംഭവിച്ച കാലാവസ്ഥ വ്യതിയാനത്തിന്റെ കാരണങ്ങൾ തേടി കൈയകലത്തിനപ്പുറം പോകേണ്ടിവരില്ല. ദേശീയപാത വികസനത്തിനുവേണ്ടി കേരളത്തിൽ അങ്ങുന്നിങ്ങോളം പ്രകൃതിയുടെ മേൽ നാം കൈവെച്ചതുൾപ്പെടെ എണ്ണിപ്പറയാൻ നിരവധിയുണ്ട് കാരണങ്ങൾ. പുതിയ വികസനക്കുതിപ്പു വേണ്ടെന്നു വെക്കാനാവില്ല എന്നതുപോലെ തന്നെ അതിന്റെ സ്വാഭാവിക ഫലങ്ങളിൽനിന്ന് ഓടിയൊളിക്കാനും കഴിയില്ല. കേരളത്തിൽ നാട്ടിൻപുറങ്ങളേക്കാൾ നഗരങ്ങളിലാണ് ചൂടു കൂടുന്നത്. അംബരചുംബികളടക്കം ചില്ലുപതിപ്പിച്ച വൻ കോൺക്രീറ്റ് കെട്ടിടങ്ങൾ, താറിട്ട റോഡുകൾ, കോൺക്രീറ്റ് ഉപരിതലങ്ങൾ എന്നിവ നഗരങ്ങളിൽ ഉണ്ടാക്കുന്ന കനത്ത ചൂടിന് അർബൻ ഹീറ്റ് ഐലൻഡ് അഥവാ നഗരതാപം എന്ന പേരുവന്നുകഴിഞ്ഞു. കേരളത്തിൽ ഇത് ബാധിച്ച കൊച്ചിയിൽ മാത്രം കോൺക്രീറ്റു വനങ്ങളും വ്യവസായ മേഖലകളും കൂടി സൃഷ്ടിക്കുന്ന ‘ഹീറ്റ് പോക്കറ്റുകൾ’ കഴിഞ്ഞ ഏതാനും കൊല്ലങ്ങൾക്കിടയിൽ വൻതോതിൽ വ്യാപിച്ചുവരുകയാണ്. രണ്ടു പതിറ്റാണ്ടിനിടെ കൊച്ചി നഗരത്തിലെ നിർമാണ മേഖലകളിൽ 300 ശതമാനം വളർച്ചയാണ് രേഖപ്പെട്ടത്. വയലുകളും കുളങ്ങളും തോടുകളും തണ്ണീർത്തടങ്ങളുമടങ്ങുന്ന പ്രകൃതിയുടെ കൂളിങ് സിസ്റ്റം തകർത്താണ് ഈ പുരോഗതി. തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ കോൺക്രീറ്റ് നിർമാണങ്ങൾ 13ൽ നിന്ന് 41 ശതമാനം വർധിച്ചുവെന്നാണ് കണക്ക്. തണലും പച്ചപ്പും സമൃദ്ധമായിരുന്ന ഇടങ്ങളാണ് കോൺക്രീറ്റ് സമുച്ചയങ്ങളായി മാറിയത്. കോഴിക്കോട് നഗരത്തിൽ കാറ്റിന്റെ സ്വാഭാവിക ഗതിയെ വൻ കെട്ടിടങ്ങൾ തടസ്സപ്പെടുത്തുന്നു എന്നാണ് പഠനം. കേരളത്തിലെ ഈ മൂന്നു പ്രമുഖ നഗരങ്ങളുടെ കഥവെച്ച് പരിശോധിച്ചാൽതന്നെ നമ്മൾ കൈവരിക്കാൻ തിടുക്കപ്പെടുന്ന പുരോഗതിയുടെ സ്വാഭാവിക മറുവശങ്ങൾ കാണാൻ കഴിയും. ഇനിയൊരു തിരിഞ്ഞുനടത്തം സാധ്യമല്ല. അതിനാൽ കനത്ത ചൂടും പ്രളയവുമടക്കമുള്ള പ്രകൃതിക്ഷോഭങ്ങളെ നേരിടാനുള്ള പുതുവഴികൾ ആരായുകയേ നിവൃത്തിയുള്ളൂ. അതിനു സർക്കാർ മുൻകൈയെടുക്കണം. ജനങ്ങൾ പുതു ജീവിതരീതിയിലേക്ക് പാകപ്പെടുകയും വേണം.
എരിപിരി കൊള്ളുന്ന ചൂടിൽ നിന്നു രക്ഷപ്പെടാൻ ആളുകൾ വഴിതേടുന്നത് വൈദ്യുതിയുടെ ഉയർന്ന ഉപഭോഗത്തിന് വഴിവെച്ചിട്ടുണ്ട്. വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിലാണ് എത്തിനിൽക്കുന്നത് എന്നു കണക്കുകൾ പറയുന്നു. കൂടുതൽ വൈദ്യുതി ലഭ്യമാക്കാൻ യൂനിറ്റിന് 10 രൂപ വരെ വിലയുള്ള വൈദ്യുതി വാങ്ങാനുള്ള അനുമതിക്കായി കെ.എസ്.ഇ.ബി, റഗുലേറ്ററി കമീഷനെ സമീപിച്ചിരിക്കുന്നു. ഫാൻ, എ.സി എന്നിവക്കുപുറമെ നിലവിലെ ആഗോള യുദ്ധാന്തരീക്ഷത്തിൽ പാചകവാതകത്തിന് ക്ഷാമം നേരിട്ടതോടെ ഇൻഡക്ഷൻ കുക്കർ അടക്കമുള്ള ബദൽ സംവിധാനത്തിലേക്ക് നീങ്ങിയതും വൈദ്യുതി ഉപഭോഗം വർധിക്കാനിടയാക്കി. പവർകട്ടില്ലാത്ത പത്തുവർഷങ്ങളുടെ മേനി പറയുന്ന സംസ്ഥാന സർക്കാർ അവകാശവാദം അഭിമാന പ്രശ്നമായെടുത്ത് പവർകട്ടോ ലോഡ്ഷെഡിങ്ങോ ഉണ്ടാകില്ല എന്നു പറയുന്നുണ്ട്. എന്നാൽ, അനുഭവം പലപ്പോഴും വിപരീതദിശയിലാണ്. ജനജീവിതം ദുരിതപ്പെടാതിരിക്കാനുള്ള വഴിയൊരുക്കാനുള്ള പ്രാഥമികബാധ്യത ഗവൺമെന്റിനു തന്നെയാണ്. അതുപോലെ ജനവും പരിസ്ഥിതിമാറ്റങ്ങൾക്ക് അനുസൃതമായി ജീവിതശൈലിയും മാറ്റിപ്പിടിച്ചേ മതിയാവൂ. താപനില ഉയരുന്നത് സൂര്യാഘാതം, സൂര്യാതപം, നിര്ജലീകരണം തുടങ്ങി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ചർമ, വയറിളക്ക, നേത്രരോഗങ്ങള്, ചിക്കന്പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയവ പടരുന്നതായി വാർത്തകളുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പവും അൾട്രാവയലറ്റ് സൂചികയും ഉയരുന്ന പകൽ പതിനൊന്നു മുതൽ മൂന്നുവരെയുള്ള ജോലി സമയത്തിൽ മാറ്റം, ധാരാളം വെള്ളം കുടിക്കുന്ന ശീലം, വെള്ളം ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറി സാലഡുകളും കൂട്ടിയ ഭക്ഷണക്രമം...അങ്ങനെ പ്രകൃതിയുടെ തരവും നേരവുമനുസരിച്ച് അതിനിണങ്ങുന്ന ജീവിതശൈലിയിലേക്ക് പരുവപ്പെടുകയാണ് ഏതു പൊള്ളുന്ന സാഹചര്യവും അതിജീവിച്ച് ആരോഗ്യകരമായി മുന്നോട്ടുപോകാനുള്ള മാർഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

