രാമരാജ്യത്തേക്കുള്ള വഴി
text_fieldsസുപ്രീംകോടതിയുടെ നിർദേശപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 ഫെബ്രുവരിയിൽ രൂപവത്കരിച്ച 15 അംഗ രാമജന്മഭൂമി തീർഥ്ക്ഷേത്ര ട്രസ്റ്റ്, കോടതി വിധിയിലൂടെ ലഭിച്ച 70 ഏക്കർ മസ്ജിദ് ഭൂമിയോടനുബന്ധിച്ച് 1.208 ഹെക്ടർ ഭൂമി വാങ്ങിയ ഇടപാടിൽ വൻ തട്ടിപ്പ് നടന്നതായി സമാജ്വാദി പാർട്ടിയും ആം ആദ്മി പാർട്ടിയും വാർത്തസമ്മേളനങ്ങളിൽ രേഖകൾ സഹിതം ചൂണ്ടിക്കാട്ടിയതോടെ വൻ വിവാദം ഉയർന്നിരിക്കുകയാണ് യു.പിയിൽ. കഴിഞ്ഞ മാർച്ച് 18ന് രണ്ടു റിയൽ എസ്റ്റേറ്റ് ഏജൻറുമാർ രണ്ടു കോടി രൂപക്ക് വാങ്ങിയ ഭൂമി വെറും പത്തു മിനിറ്റിനു താഴെ സമയം കൊണ്ട് 18.5 കോടിക്ക് ശ്രീരാം ജന്മഭൂമി തീർഥ്ക്ഷേത്രത്തിന് മറിച്ചുവിറ്റുവെന്നാണ് പ്രതിപക്ഷ നേതാക്കൾ രേഖാമൂലം വെളിപ്പെടുത്തിയിരിക്കുന്നത്.
കുസും പഥക്, ഹരീഷ് പഥക് എന്നിവരിൽനിന്ന് രവി മോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നിവർ രണ്ടു കോടിക്ക് വാങ്ങിയ ഭൂമി നിന്നനിൽപിൽ ട്രസ്റ്റ് 18.5 കോടിക്ക് വാങ്ങണമെങ്കിൽ അതിനടിയിൽ സ്വർണമുണ്ടോ എന്നാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ചോദ്യം. രണ്ട് ഇടപാടുകളിലും അയോധ്യ മേയർ ഋഷികേശ് ഉപാധ്യായയും തീർഥ്ക്ഷേത്ര ട്രസ്റ്റി അനിൽ മിശ്രയുമാണ് സാക്ഷികളായി ഒപ്പിട്ടത് എന്നും വ്യക്തമായിരിക്കുന്നു. ഭക്തരിൽനിന്ന് സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് വലിയ അഴിമതിയാണ് ട്രസ്റ്റ് നടത്തിയതെന്നും ഇതിന്റെ പിന്നിൽ ഉള്ളവർക്ക് സംരക്ഷണം നൽകുന്നുണ്ടോ എന്ന് നരേന്ദ്ര മോദി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് കോൺഗ്രസ്.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം പ്രധാനമന്ത്രി രൂപവത്കരിച്ച ട്രസ്റ്റാണ് ഭൂമി ഇടപാടിലെ ആരോപിതർ എന്നതുകൊണ്ട് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽതന്നെ അന്വേഷണം നടത്തണമെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറിയും വക്താവുമായ രൺദീപ് സുർേജവാലയുടെ ആവശ്യം. ''ഭഗവാൻ ശ്രീരാമന്റെ പേരിൽ അഴിമതി നടക്കുമെന്ന് സങ്കൽപിക്കാൻപോലും സാധ്യമല്ല. പക്ഷേ, രേഖകൾ കാണിക്കുന്നത് കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ്'' -ആപ് നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ്ങിന്റെ പ്രതികരണം. എന്നാൽ, ട്രസ്റ്റ് സെക്രട്ടറിയും വി.എച്ച്.പി നേതാവുമായ ചമ്പത് റായി ആരോപണങ്ങളെല്ലാം നിഷേധിക്കുന്നു. മുമ്പ് നിശ്ചയിച്ച വിലയ്ക്കാണ് ഉടമകളിൽനിന്ന് ഏജൻറുമാർ ഭൂമി വാങ്ങിയതെന്നും ഇപ്പോൾ ഗണ്യമായി വില വർധിച്ചതിനാലാണ് ട്രസ്റ്റിന് ആ വിലയ്ക്ക് അത് വാങ്ങേണ്ടിവന്നെതന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഈ വിശദീകരണം മുഖവിലക്കെടുത്താൽപോലും രണ്ടു കോടിയുടെ ഭൂമി പത്തു മിനിറ്റുകൊണ്ട് 18 കോടിയാവുന്ന വിലക്കയറ്റം ആരെയും അമ്പരപ്പിക്കാതിരിക്കില്ല.
പക്ഷേ, സംഗതികളെ യഥാർഥ പശ്ചാത്തലത്തിൽ വായിക്കുന്നവർക്ക് മുതിർന്ന സുപ്രീംകോടതി അഭിഭാഷകനും പ്രമുഖ മനുഷ്യാവകാശ പോരാളിയുമായ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടിയതാണ് ശരിയെന്ന് ബോധ്യമാവും. 'ബി.ജെ.പിയുടെ അയോധ്യ ക്ഷേത്ര പദ്ധതി ഒരിക്കലും രാമനെ സംബന്ധിക്കുന്നതായിരുന്നില്ല. അതു സമൂഹത്തെ ഭിന്നിപ്പിക്കാനും അധികാരം നേടാനും ആയിരുന്നു. ഇപ്പോഴാകട്ടെ, അതു പണംതട്ടാനുള്ള പദ്ധതികൂടിയായി മാറിയിരിക്കുന്നു' എന്നാണദ്ദേഹം പറഞ്ഞത്. 1986ൽ ബാബരി മസ്ജിദ് ഏകപക്ഷീയമായി വിഗ്രഹാരാധനക്ക് തുറന്നുകൊടുത്തതു മുതൽ സംഘ്പരിവാർ ആരംഭിച്ച രാമജന്മഭൂമി പ്രക്ഷോഭവും രാമക്ഷേത്ര നിർമാണ പദ്ധതിയും കടന്നുവന്ന വഴികൾ തീർത്തും അതിതീവ്ര ഹിന്ദുത്വ വികാരങ്ങൾ പരമാവധി ആളിക്കത്തിച്ച് ഇന്ത്യയുടെ മതനിരപേക്ഷതയെ നിേശ്ശഷം കുഴിച്ചുമൂടാനും അതിെൻറ ശ്മശാന ഭൂമിയിൽ വംശീയാധിപത്യം സ്ഥാപിക്കാനുമുള്ള ആസൂത്രിത ശ്രമമായിരുന്നു.
നിർഭാഗ്യവശാൽ രാജ്യത്തെ സെക്കുലർ പാർട്ടികൾക്ക് അത് യഥാവിധി മനസ്സിലാക്കാനായില്ല, അല്ലെങ്കിൽ അവർ ഭ്രാന്തമായ ഈ പ്രയാണത്തിന്റെ മുന്നിൽ പതറുകയും അടിതെറ്റുകയും ചെയ്തു. ചിലരുടെ അഭിപ്രായത്തിൽ മുസ്ലിംകൾ ഒരൽപം വിട്ടുവീഴ്ച കാണിച്ച് പള്ളിയങ്ങ് വിട്ടുകൊടുത്താൽ തീരാവുന്നതേ ഉണ്ടായിരുന്നുള്ളൂ പ്രശ്നം! മുസ്ലിംകൾക്ക് മക്കയും മദീനയും പോലെ ഹിന്ദുക്കൾക്ക് പുണ്യഭൂമിയാണ് അയോധ്യ. അതു രമ്യമായി വിട്ടുകൊടുക്കുന്നതല്ലേ ബുദ്ധിയും വിവേകവും എന്ന് ചോദിച്ച ശുദ്ധഗതിക്കാർ മുസ്ലിംകളിൽ പോലുമുണ്ടായി.
സത്യത്തിൽ, ഒരാരാധനാലയം വിട്ടുകൊടുക്കുകയോ അവിടെ ക്ഷേത്രം പണിയുകയോ ചെയ്യുന്നതല്ല പ്രശ്നത്തിന്റെ മർമമെന്നും തികച്ചും വംശീയഭ്രാന്തിന്റെ മൂർധന്യത്തിൽ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ സമ്പൂർണാധികാരം ഒരുപിടി ഫാഷിസ്റ്റുകൾക്ക് പിടിച്ചടക്കാനുള്ള തന്ത്രം മാത്രമാണെന്നും മനസ്സിലാക്കിയ പ്രശാന്ത് ഭൂക്ഷെണപോലുള്ള യഥാർഥ രാജ്യസ്നേഹികളുടെ ശബ്ദം കേൾക്കാനോ അതിന് ശക്തിപകരാനോ ഒരു പാർട്ടിയും ഉണ്ടായില്ല. അങ്ങനെയാണ് ഗുജറാത്ത് വംശഹത്യയിലൂടെ കുപ്രസിദ്ധിയാർജിച്ച നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ പിടിയിൽ രാജ്യം അമരുന്നതും കറൻസി റദ്ദാക്കലിലൂടെയും ജി.എസ്.ടിയിലൂടെയും രാജ്യത്തെ സാമ്പത്തികമായി ബഹുകാതം പിറകോട്ടടിപ്പിച്ചിട്ടും വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറിയതും.
അനേകായിരം കോടികളുടെ കള്ളപ്പണം കൊണ്ട് എം.എൽ.എമാരെയും എം.പിമാരെയും വിലക്കെടുത്ത് ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറുകളെ വീഴ്ത്തുന്ന കലാപരിപാടികളും മുറക്ക് തുടരുന്നു. ഇലക്ഷനിൽ ജയിക്കാൻ കേന്ദ്രത്തിൽനിന്ന് കൊടുത്തയച്ച കള്ളപ്പണം അപ്പടി കീശയിലാക്കി പാർട്ടിക്ക് നാണംകെട്ട തോൽവി സമ്മാനിച്ച 'ധീരദേശാഭിമാനികളു'ടെ പിന്നിൽ ലക്ഷങ്ങളെ അണിനിരത്താനുള്ള തീവ്രശ്രമമാണിപ്പോൾ കേരളത്തിൽ നടക്കുന്നത്. അയോധ്യയിൽ രാമക്ഷേത്രം പണിയാൻ പ്രഖ്യാപിച്ച തുക 1100 കോടിയാണ്. അതു കൈമാറാൻ ഒരൊറ്റ അദാനിയോ അംബാനിയോ മതി എന്നിരിക്കെ വീടുവീടാന്തരമുള്ള സംഭാവന സമാഹരണത്തിന്റെ വഴി തെരഞ്ഞെടുത്തത് എന്തിനാണെന്ന് ചോദിക്കേണ്ടതില്ല. പിരിഞ്ഞുകിട്ടിയേടത്തോളം എന്തു ചെയ്തുവെന്നതിന്റെ മറുപടിയാണ് അയോധ്യയിൽനിന്ന് പുറത്തുവന്നിരിക്കുന്നത്. ഇവരോ രാമരാജ്യം പണിയാൻ പോവുന്നത് എന്നു ചോദിച്ച് അലോസരമുണ്ടാക്കരുത്. ഐ.പി.സി 124 എ വകുപ്പ് അമ്മാതിരി അസംബന്ധ ചോദ്യകർത്താക്കൾക്കുള്ളതാണ്.