തിരിഞ്ഞുകുത്തുന്ന നഗ്നസത്യങ്ങൾ
text_fieldsആർ.എസ്.എസിന്റെ ആസ്തികൾ മരവിപ്പിക്കണമെന്നും അവരുടെ നേതാക്കൾക്ക് യു.എസിലേക്കുള്ള പ്രവേശനം തടയണമെന്നും കമീഷൻ അമേരിക്കൻ സർക്കാറിനോടാവശ്യപ്പെടുന്നു
യു.എസ് കമീഷൻ ഓൺ ഇന്റർനാഷനൽ റിലീജിയസ് ഫ്രീഡം എന്ന ഔദ്യോഗിക ഏജൻസി വിവിധ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തെ സൂക്ഷ്മമായി പഠിച്ച് യു.എസ് ഗവൺമെന്റിന് സ്ഥിരമായി റിപ്പോർട്ടുകൾ സമർപ്പിക്കാറുണ്ട്. പ്രസ്തുത കമീഷൻ ഏറ്റവുമൊടുവിൽ, ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ നേരിടുന്ന കടുത്ത വിവേചനത്തെയും മതസ്വാതന്ത്ര്യ നിഷേധത്തെയും കുറിച്ച് സമർപ്പിച്ച പഠനറിപ്പോർട്ട് മോദി സർക്കാറിന്റെയും മൊത്തം രാജ്യത്തിന്റെയും കണ്ണുതുറപ്പിക്കേണ്ടതാണ്. നമ്മുടെ മതനിരപേക്ഷ ജനാധിപത്യ ഭരണഘടന ഉയർത്തിക്കാട്ടി രാജ്യത്തെ എല്ലാ മതന്യൂനപക്ഷങ്ങളും തീർത്തും സുരക്ഷിതരും പൂർണ മതസ്വാതന്ത്ര്യം അനുഭവിക്കുന്നവരുമാണെന്ന സർക്കാറിന്റെ അവകാശവാദവും സർക്കാർ അനുകൂലികളുടെ പ്രചാരണവും തികച്ചും വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട് കമീഷൻ റിപ്പോർട്ട്. തീവ്ര ഹിന്ദുത്വ സംഘടനയായ ആർ.എസ്.എസിന് കടുത്ത ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് സർക്കാറിനോട് ആവശ്യപ്പെട്ട മതസ്വാതന്ത്ര്യ കമീഷൻ ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനത്തിന്റെ പേരിൽ പ്രത്യേക തരത്തിലുള്ള ഉത്കണ്ഠയുള്ള രാജ്യമായി ഇന്ത്യയെ അടയാളപ്പെടുത്തണമെന്നുകൂടി റിപ്പോർട്ടിൽ നിർദേശിക്കുന്നു. ആയുധ വിൽപനയെയും വ്യാപാര നയങ്ങളെയും മതസ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തണമെന്ന ആവശ്യവുമുണ്ട്. റിപ്പോർട്ടിനാധാരമായ സംഭവങ്ങളും വസ്തുതകളും വിശദമായിത്തന്നെ കമീഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. ആർ.എസ്.എസ്-ബി.ജെ.പി ബന്ധം കാരണം പൗരത്വം, മതപരിവർത്തനം, ഗോവധം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിവേചനപരമായ നിരവധി നിയമങ്ങൾ ഇന്ത്യയിൽ നിർമിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വർഷം മുഴുവൻ ഹിന്ദുത്വ ദേശീയവാദികളുടെ ആൾക്കൂട്ടം നിരവധി സംസ്ഥാനങ്ങളിൽ മുസ്‍ലിംകളെയും ക്രൈസ്തവരെയും ആക്രമിക്കുകയും പീഡനങ്ങൾക്കിരയാക്കുകയും ചെയ്തതായി സോദ്ദാഹരണം റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അസമിൽനിന്ന് ബംഗാളി സംസാരിക്കുന്ന ശതക്കണക്കിന് മുസ്‍ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയതും നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനെന്ന പേരിൽ നിയമനിർമാണ നടപടികൾ സർക്കാർ സ്വീകരിച്ചതും എടുത്തുപറയുന്ന റിപ്പോർട്ട് ഒടുവിൽ പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന്റെ പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടുന്നു. ഉത്തരാഖണ്ഡ് ഗവൺമെന്റ് കൊണ്ടുവന്ന മദ്റസ ബോർഡുകൾ പിരിച്ചുവിട്ട് സ്റ്റേറ്റ് അതോറിറ്റി ഫോർ മൈനോറിറ്റി എജുക്കേഷൻ രൂപവത്കരിച്ചത് മറ്റൊരു ഉദാഹരണമാണ്. വിവിധ സംസ്ഥാനങ്ങൾ ഇതിനകം പാസാക്കിയെടുത്ത മതപരിവർത്തന ബില്ലുകൾ മതന്യൂനപക്ഷങ്ങളുടെ നേരെ അനുവർത്തിക്കുന്ന അനീതിക്കുദാഹരണമായി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2020ലെ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ ഉമർ ഖാലിദ്, ശർജീൽ ഇമാം എന്നിവരടക്കം നിരവധിപേരെ വിചാരണകൂടാതെ അഞ്ചുവർഷം തടവിലിട്ടിരിക്കുന്ന കാര്യം മതസ്വാതന്ത്ര്യ കമീഷൻ ഓർമിപ്പിക്കുന്നു. ആർ.എസ്.എസിന്റെ ആസ്തികൾ മരവിപ്പിക്കണമെന്നും ആർ.എസ്.എസ് നേതാക്കൾക്ക് യു.എസിലേക്കുള്ള പ്രവേശനം തടയണമെന്നും അമേരിക്കൻ സർക്കാറിനോടാവശ്യപ്പെടുന്ന കമീഷൻ, ഔദ്യോഗിക ഏജൻസിയായ റോയെയും പരാമർശിക്കാതെ വിട്ടിട്ടില്ല. എന്നാൽ, റിപ്പോർട്ടിലെ പക്ഷപാതപരമായ നിരീക്ഷണങ്ങളെ ഇന്ത്യ തള്ളിക്കളയുന്നു എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. സംശയാസ്പദമായ സ്രോതസ്സുകളെ ആശ്രയിച്ചാണ് ഇത്തരം വിലയിരുത്തലുകൾ നടത്തുന്നതെന്നും ഇത് കമീഷന്റെ വിശ്വാസ്യതയെ തകർക്കുമെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കുറ്റപ്പെടുത്തൽ.
കടുത്ത പൗരാവകാശ നിഷേധ നിയമങ്ങളിലൂടെയും അവയുടെ ക്രൂരമായ നടത്തിപ്പിലൂടെയും തീവ്രഹിന്ദുത്വ ഭരണകൂടങ്ങൾ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുണ്ട് എന്ന സത്യം കേവലമായ നിഷേധംകൊണ്ട് മോദി സർക്കാറിന് മൂടിവെക്കാനോ ന്യായീകരിക്കാനോ കഴിയില്ലെന്ന് തീർച്ച. കഠോരനിയമങ്ങളുപയോഗിച്ച് മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും വേട്ടയാടി ജയിലിലടച്ചതുകൊണ്ടുമാത്രം, ശാസ്ത്രവും സാങ്കേതികവിദ്യയും ലോകം അടക്കിഭരിക്കുന്ന വർത്തമാനകാലത്ത് സർക്കാറിന്റെ മുഖം രക്ഷിക്കാനാവില്ല. സ്വതന്ത്രഇന്ത്യാചരിത്രത്തിലെതന്നെ ചോരയിൽ കുതിർന്ന അധ്യായമെന്ന് വിശേഷിപ്പിക്കാവുന്ന ഗുജറാത്ത് വംശഹത്യയുടെ യഥാർഥ ചിത്രം ലോകത്തിനുമുന്നിൽ അനാവരണം ചെയ്തതിന്റെ പേരിൽ ബി.ബി.സിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ നരേന്ദ്രമോദി സർക്കാറിന്റെ നടപടികൊണ്ട് എന്തുണ്ടായി എന്നാലോചിക്കണം. ലോകത്തിനു മുന്നിൽ മുഖം ഒന്നുകൂടി വികൃതമായത് മിച്ചം. അതിനാൽ ഇരുപത്തിനാല് മണിക്കൂറും സർക്കാറും പ്രതിപക്ഷങ്ങളും സമൂഹമാകെയും ആണയിടുന്ന മതനിരപേക്ഷ ജനാധിപത്യ ഭരണഘടന അനുശാസിക്കുന്ന മൗലിക സ്വാതന്ത്ര്യങ്ങളും അവസരസമത്വവും മതന്യൂനപക്ഷങ്ങൾക്ക് വകവെച്ചുകൊടുക്കാനുള്ള സന്മനസ്സും വിശാലതയുമാണ് ജനാധിപത്യത്തിലൂടെ അധികാരമേറിയ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കുണ്ടാവേണ്ടത്. അല്ലാതെ ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ കിണഞ്ഞുശ്രമിച്ചാലും നഗ്നസത്യങ്ങൾ തിരിഞ്ഞുകുത്തുമെന്നത് കട്ടായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

