ഇന്ദോറിലെ മലിന ജലദുരന്തം ഇന്ത്യയെ ഓർമിപ്പിക്കുന്നത്
text_fieldsഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരം ഏതെന്ന് തിരഞ്ഞാൽ നിമിഷങ്ങൾക്കകം ഉത്തരം ലഭിക്കും-മധ്യപ്രദേശിലെ ഇന്ദോർ. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ 2016 മുതൽ സംഘടിപ്പിച്ചുവരുന്ന ലോകത്തെ ഏറ്റവും വലിയ ശുചിത്വ സർവേയായ ‘സ്വച്ഛ് സർവേക്ഷൻ' പ്രകാരം, ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി ഇന്ദോറിന് കൈവന്നത് ഒന്നോ രണ്ടോ തവണയല്ല, തുടർച്ചയായി എട്ടു തവണയാണ്. ഈ നേട്ടത്തെ അഭിനന്ദിച്ചും കേരളത്തെ ശുചിത്വശീലങ്ങൾ ഓർമിപ്പിച്ചും ‘മാധ്യമം’ ഒരു തവണ മുഖപ്രസംഗവുമെഴുതിയിരുന്നു.
തെരുവുകളിൽ ഒരു തരി മാലിന്യം പോലും അവശേഷിപ്പിക്കാത്ത വിധം ശാസ്ത്രീയമായ മാലിന്യസംസ്‌കരണ സംവിധാനങ്ങളും, മാലിന്യ നിർമാർജനം ഒരു സംസ്‌കാരമായി തന്നെ മാറ്റിയെടുത്ത ജനതയും രാജ്യത്തിന്റെ ഈ വ്യവസായ തലസ്ഥാനത്തെ ശ്രദ്ധേയമാക്കി. നഗരങ്ങളിൽ ചവറ്റുകുട്ടകളുടെ പോലും ആവശ്യമില്ലാത്ത വിധം കാര്യക്ഷമമായിരുന്നു അവിടത്തെ രീതികൾ. എന്നാൽ, ഈ ശുചിത്വനേട്ടങ്ങളെ മുഴുവൻ നിഷ്പ്രഭമാക്കുന്ന വാർത്തകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവിടെ നിന്ന് പുറത്തുവരുന്നത്.
നഗരസഭ വിതരണം ചെയ്ത കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം കലർന്നുണ്ടായ വിഷബാധ മൂലം പിഞ്ചുകുഞ്ഞും വയോധികരുമടക്കം കുറഞ്ഞത് 17 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മാലിന്യങ്ങൾ വീട്ടുപടിക്കൽ നിന്ന് ശേഖരിച്ച് തരംതിരിക്കുക, അവ സംസ്കരിച്ച് വളവും ഇന്ധനവുമാക്കി മാറ്റുക, മലിനജലം പൂർണമായും സംസ്കരിച്ച ശേഷം മാത്രം പുറത്തുവിടുക എന്നീ സവിശേഷതകളാണ് ഇന്ദോറിനെ രാജ്യത്തെ ആദ്യ ‘വാട്ടർ പ്ലസ്’ (Water+) നഗരമാക്കി മാറ്റിയത്. അതുകൊണ്ടുതന്നെ ജലജന്യരോഗങ്ങളുടെ ഭീഷണിയിൽ നിന്ന് നഗരം സുരക്ഷിതമാണെന്ന വിശ്വാസവും പ്രബലമായിരുന്നു. അവിടെയാണ് ഛർദിയും അതിസാരവും ബാധിച്ചും മഞ്ഞപ്പിത്തം പിടിപെട്ടും നിരവധിപേർ ആശുപത്രി വരാന്തകളിൽ പോലും ഇടം ലഭിക്കാതെ നരകിക്കുന്നത്. ദരിദ്രരും ഇടത്തരക്കാരും താമസിക്കുന്ന ഭഗീരഥപുര മേഖലയിൽ വിതരണം ചെയ്യുന്ന വെള്ളത്തിന് ദുർഗന്ധവും അരുചിയുമുണ്ടെന്ന് ആഴ്ചകൾക്കുമുമ്പ് തന്നെ നാട്ടുകാർ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ, അത് ആരും ഗൗനിച്ചില്ല.
ഡിസംബർ 21നാണ് ആദ്യ അണുബാധ കേസ് റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ മരണം സംഭവിച്ചത് ഡിസംബർ 31നും. വയറിളക്കരോഗം പടരുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്ത ശേഷം മാത്രമാണ് അധികാരികൾ അന്വേഷണത്തിന് തയാറായത്. ഒരു പൊലീസ് ഔട്ട്‌പോസ്റ്റിനുവേണ്ടി നിർമിച്ച സെപ്റ്റിക് ടാങ്കിലെ മലിനജലം നർമദാ നദിയിൽ നിന്ന് കുടിവെള്ളമെത്തിക്കുന്ന പൈപ്പിൽ കലർന്നതാണ് ഈ നടുക്കുന്ന ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നീതി നടപ്പാക്കൽ എന്ന പേരിലും നഗരവികസനത്തിന്റെ മറവിലും വീടുകളും കെട്ടിടങ്ങളും ബുൾഡോസർ ഉപയോഗിച്ച് തകർത്തുകളയുന്നത് പതിവാക്കിമാറ്റിയിരുന്ന ഒരു നഗരത്തിൽ പൊലീസ് ഔട്ട്‌പോസ്റ്റ് തന്നെ ചട്ടങ്ങൾ പാലിക്കാതെ പണിതതിന്റെ ദുരിതമാണ് നിരപരാധികളായ ഒരുപറ്റം മനുഷ്യരുടെ ജീവനെടുത്തത്.
വർഗീയ-വിദ്വേഷ-സ്ത്രീവിരുദ്ധ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധനായ, ഇന്ദോറിന്റെ മുൻ നഗരപിതാവായ കൈലാശ് വിജയവർഗിയയാണ് സംസ്ഥാനത്തെ നഗര വികസനമന്ത്രി. മരണസംഖ്യ ഉയർന്ന സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ചുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും തന്റെ സ്വതസിദ്ധമായ മലിനഭാഷയിലാണ് മന്ത്രി പ്രതികരിച്ചത്.
ഇന്ദോറിലെ ദുരന്തം ഇന്ത്യൻ നഗരങ്ങളെയൊന്നാകെ കണ്ണുതുറപ്പിക്കേണ്ടതുണ്ട്. പ്രമുഖ ജലസംരക്ഷണപ്രവർത്തകനും മഗ്സസേ പുരസ്കാരജേതാവുമായ ഡോ. രാജേന്ദ്ര സിങ് ചൂണ്ടിക്കാണിച്ചതുപോലെ ശുചിത്വ നഗരത്തിൽ ഇത്തരമൊരു ജലദുരന്തം സംഭവിച്ചെങ്കിൽ രാജ്യത്തെ മറ്റു നഗരങ്ങളിലെ ജലവിതരണ സംവിധാനങ്ങൾ എന്തുമാത്രം ഗുരുതരമായ അവസ്ഥയിലായിരിക്കും. നഗര ശുചിത്വ സർവേയുടെയും തെരഞ്ഞെടുപ്പിന്റെയും വാട്ടർ പ്ലസ് സർട്ടിഫിക്കേഷന്റെയും ആധികാരികതയും വിശ്വസ്തതയും ഇപ്പോൾ ചോദ്യമുനയിലായിരിക്കുന്നു. ജനങ്ങളുടെ സുരക്ഷയും ആരോഗ്യപൂർണമായ ജീവിതവും സമാധാനവും ഉറപ്പുവരുത്താതെ ചാർത്തിക്കിട്ടുന്ന ഏതൊരു പട്ടവും വ്യാജമാണ്, ശുദ്ധഭോഷ്കാണ്.
ലോകബാങ്കിൽ നിന്നും ഏഷ്യൻ വികസന ബാങ്കിൽ നിന്നും മറ്റും വായ്പ വാങ്ങിയതുൾപ്പെടെ സഹസ്രകോടികളാണ് ഇന്ത്യയിലെ നഗരങ്ങളെ ‘വികസിപ്പിക്കാനും’ ‘ശുചിത്വവത്കരിക്കാനു’മായി വകയിരുത്തിയിരിക്കുന്നത്. അമൃത് നഗര പദ്ധതിപ്രകാരം 1074 കോടി രൂപയാണ് കേന്ദ്ര സർക്കാർ ഇന്ദോറിന് വാരിക്കോരി നൽകിയത്. ഈ തുകയെല്ലാം വേണ്ടവിധം വിനിയോഗിക്കപ്പെട്ടുവോ, എത്രകോടി കൊള്ളയടിക്കപ്പെട്ടു എന്നെല്ലാം ജനങ്ങൾ ഒന്നിച്ചുനിന്ന് ചോദിക്കാൻ സമയമായിരിക്കുന്നു. കുടിവെള്ള പൈപ്പ് പൊട്ടലും ജലജന്യരോഗപ്പകർച്ചയും നിത്യസംഭവമായ കേരളവും നിതാന്ത ജാഗ്രത കൈക്കൊള്ളമെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

