നവി പിള്ള അർഹിച്ച ആദരം
text_fields2026ലെ നൊബേൽ സമാധാന പുരസ്കാരം ദക്ഷിണാഫ്രിക്കൻ നിയമജ്ഞ നവനീതം (നവി) പിള്ളക്ക് സമ്മാനിക്കാനുള്ള നോർവീജിയൻ നൊബേൽ സമിതിയുടെ തീരുമാനം കടുത്ത സമ്മർദം നേരിട്ടുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര നിയമവാഴ്ചക്കും മാനവിക അന്തസ്സിനും ലഭിച്ച അംഗീകാരമാണ്. ഡർബനിൽ ജനിച്ച ഈ ഇന്ത്യൻ വംശജ ചെറുപ്പം മുതലേ ദക്ഷിണാഫ്രിക്കയിലെ അപാർതൈറ്റ് എന്ന വർണ വിവേചനത്തിനെതിരായ പ്രക്ഷോഭങ്ങളിൽ സജീവമായികൊണ്ടാണ് വരവറിയിച്ചത്. മനുഷ്യസമത്വത്തിനും അന്തസ്സിനുംവേണ്ടി നിയമത്തെ ആയുധമാക്കാൻ അവർ ആ രംഗത്തിറങ്ങി. വെള്ളക്കാരിയല്ലാത്ത ആദ്യ ദക്ഷിണാഫ്രിക്കൻ വനിത ഹൈകോടതി ജഡ്ജിയായി. സമൂഹത്തിലെ അതിദുർബലരായ ജനങ്ങൾക്കുവേണ്ടി പോരാടാൻ നിയമംതന്നെ മാർഗമെന്ന് അവർ മനസ്സിലാക്കി. ധീരതയും നീതിബോധവുമുള്ള ആ ന്യായാധിപ പിൽക്കാലത്ത് യു.എന്നിന്റെ മനുഷ്യാവകാശ ഹൈകമീഷണർ, അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ജഡ്ജി എന്നീ സ്ഥാനങ്ങളിലെത്തി.
തന്റെ ജീവിതത്തിലുടനീളം അരികുവത്കരിക്കപ്പെട്ടവർക്കുവേണ്ടി സന്ധിയില്ലാതെ നിലകൊണ്ടു. തമിഴ് മണ്ണിൽ കുടുംബവേരുകളുള്ള നവി പിള്ള വർഗപരവും വർണപരവും വംശീയവുമായ അധീശത്വങ്ങളുടെ അധികാരസ്ഥാനങ്ങളിലിരുന്ന് ലോകം ഭരിക്കുന്നുവെന്ന് അഹങ്കരിക്കുന്നവർ അസ്പൃശ്യരും അദൃശ്യരുമാക്കുന്ന മനുഷ്യവിഭാഗങ്ങൾ ലോകനീതിയിലും നിയമവാഴ്ചയിലും വിശ്വസിക്കാൻ തുടങ്ങിയത് ഇവരെപ്പോലുള്ളവരെ കണ്ടാണ്. ഉച്ചനീചത്വത്തിലധിഷ്ഠിതമായ ആഗോള സമവാക്യങ്ങളെ പലകുറി അവർ തിരുത്തിയെഴുതി. മനുഷ്യത്വത്തിനെതിരായ പാതകങ്ങൾ രാഷ്ട്രങ്ങൾ ചെയ്താലും അല്ലാത്തവർ ചെയ്താലും ശിക്ഷിക്കപ്പെടുമെന്ന സ്ഥിതിയുണ്ടാക്കിയത് അവരുടെ നിയമവ്യാഖ്യാനങ്ങളാണ്. ഈ പുരസ്കാരത്തെ പ്രത്യേകിച്ച് ആഹ്ലാദകരമാക്കുന്നത് ‘ശക്തരായ’ രാജ്യങ്ങൾ സ്വന്തം താൽപര്യമനുസരിച്ച് മാത്രം അന്താരാഷ്ട്ര നിയമങ്ങൾ നോക്കുന്ന ഇക്കാലത്ത് അതു നൽകുന്ന സന്ദേശമാണ് യഥാർഥ സമാധാനം ശക്തിയിൽ നിന്നല്ല, നീതിയിലും നിയമത്തിലും നിന്നാണ് ഉണ്ടാവുക എന്ന്.
നവി പിള്ളക്ക് സമാധാന പുരസ്കാരം നൽകിയതിനെ എതിർക്കുന്നവരാര് എന്ന് ശ്രദ്ധിച്ചാൽതന്നെ അത് എത്രമാത്രം ശരിയാണെന്ന് ബോധ്യപ്പെടും. എട്ട് യുദ്ധങ്ങൾ നിർത്തിയതിന് തനിക്ക് വേണം നൊബേൽ എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന യു.എസ് പ്രസിഡന്റ് ചെയ്തികൊണ്ട് തെളിയിച്ചിട്ടുള്ളത് മറിച്ചാണ്. പുതിയ സ്ഥലങ്ങളിലേക്ക് യുദ്ധം വ്യാപിപ്പിച്ചു, ആയുധബലം മാത്രമുപയോഗിച്ച് വെനിസ്വേലയിലെ രാഷ്ട്രത്തലവനെ തട്ടിക്കൊണ്ടുപോയി, അവിടത്തെ എണ്ണ കൊള്ളയടിക്കുന്നു. ലോകകോടതിക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നു. ട്രംപ് ഇതിനർഹനല്ല എന്നതുതന്നെ ഈ പുരസ്കാരത്തിന്റെ മഹത്വമാണ്.
അദ്ദേഹത്തെപ്പോലെ നവി പിള്ളക്ക് സമ്മാനം നൽകിയതിനെ രൂക്ഷമായി എതിർക്കുന്നത് ഇസ്രായേലി നേതാക്കളും മറ്റു സയണിസ്റ്റുകളുമാണ്. അതിൽ അതിശയിക്കാനില്ല. ഫ്രാൻസസ്ക അൽബനീസിക്കുമുമ്പ് അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളും ഇസ്രായേലുമായി ബന്ധപ്പെട്ട സ്വതന്ത്ര യു.എൻ അന്വേഷണ കമീഷന്റെ അധ്യക്ഷയെന്ന നിലക്ക് അവർ ഇസ്രായേൽ നടത്തുന്ന യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഗസ്സ വംശഹത്യയുടെയും അനിഷേധ്യമായ തെളിവുകൾ ശേഖരിച്ചു. ഇസ്രായേലിന്റെ ചിരകാല വാദങ്ങളുടെയും ഇരനാട്യത്തിന്റെയും വേരറുക്കുന്നതായി അവർക്കു കീഴിൽ കമീഷൻ സമർപ്പിച്ച റിപ്പോർട്ടുകൾ.
തങ്ങൾ എല്ലാ നിയമത്തിനും പുറത്താണെന്ന ഇസ്രായേലി ചിന്തക്കും ഏറ്റവും ‘ധാർമിക’ ഔന്നത്യമുള്ള രാഷ്ട്രമാണെന്നുള്ള അഹന്തക്കുമേറ്റ മാരകമായ പ്രഹരമായി അത്. സയണിസ്റ്റ് രാഷ്ട്രം ഈ നൊബേൽ സമ്മാനത്തെ വിമർശിക്കുന്നത് നൊബേൽ സമിതിയുടെ തീരുമാനം ശരിവെക്കുകയാണ് ചെയ്യുന്നത്. ഈ പുരസ്കാരം മറ്റൊരു നിലക്കും ആശ്വാസം പകരുന്നുണ്ട്. കുറച്ചുവർഷങ്ങളായി നൊബേൽ സമാധാന സമ്മാനം അനർഹരിലാണ് ഏറെയും ചെന്നെത്തുന്നത്. അന്താരാഷ്ട്ര നിയമ വ്യവസ്ഥിതി കടുത്ത സമ്മർദത്തിലാണെന്ന പുരസ്കാര സമിതിയുടെ നിരീക്ഷണം ലോകകോടതിക്കെതിരെ യു.എസ് ഏർപ്പെടുത്തിയ ഉപരോധത്തെപ്പറ്റിയാണെന്ന് കരുതപ്പെടുന്നു. ബറാക് ഒബാമ സമാധാന പുരസ്കാരം വാങ്ങിയശേഷം കുറെ യുദ്ധങ്ങൾ ചെയ്തു.
കഴിഞ്ഞവർഷത്തെ പുരസ്കാരം വെനിസ്വേലയിൽ അമേരിക്കൻ പാവയായി വർത്തിക്കുന്ന സോഷ്യലിസ്റ്റ് വിരുദ്ധയും വലതുപക്ഷക്കാരിയുമായ മരിയ കൊറിന മച്ചാദോക്കായിരുന്നു. ഇതുപോലുള്ള കുറെ സമ്മാനങ്ങൾ നൊബേൽ സമിതിയുടെ തെരഞ്ഞെടുപ്പിന്റെ ശോഭ കുറച്ചിട്ടുണ്ട്. അതു വീണ്ടെടുക്കാൻ ഈ വർഷത്തേത് സഹായിക്കും. ആ നിലക്ക് നവി പിള്ളക്ക് നൽകിയ ആദരം അവരെക്കാൾ നൊബേൽ സമിതിയെയാണ് മഹത്വപ്പെടുത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

