Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സിൽവർ ലൈൻ കാലത്തെ ശൂന്യ ഖജനാവ്
cancel
Homechevron_rightOpinionchevron_rightEditorialchevron_rightസിൽവർ ലൈൻ കാലത്തെ...

സിൽവർ ലൈൻ കാലത്തെ ശൂന്യ ഖജനാവ്

text_fields
bookmark_border

രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പലവിധത്തിലുള്ള ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. ആറു വർഷം കൊണ്ട് ഇടതുസർക്കാർ സാധ്യമാക്കിയ 'വികസന വിപ്ലവ'ത്തെക്കുറിച്ചാണ് എങ്ങും ചർച്ച. തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പുകൂടി വന്നതോടെ, ആഘോഷങ്ങളും ചർച്ചകളുമെല്ലാം ഒരുപടി കൂടി കടന്ന് ഒരു മത്സരത്തിന്റെ തലത്തിലേക്ക് മാറുകയും ചെയ്തിരിക്കുന്നു. എല്ലാം നല്ല കാര്യം. ഇതിനിടയിൽ അധികാരികൾ മറന്നുപോവുകയോ മറച്ചുപിടിക്കുകയോ ചെയ്ത മറ്റൊരു വസ്തുത കൂടിയുണ്ട്: സ്വതവേ, പല കാരണങ്ങളാൽ സാമ്പത്തികപ്രതിസന്ധിയിൽ പ്രയാസപ്പെടുന്ന സംസ്ഥാന ഭരണകൂടമിപ്പോൾ അഷ്ടിക്കുപോലും വഴിയില്ലാതെ മൂക്കുകുത്തിയിരിക്കുന്നു.

നടപ്പു സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ കേന്ദ്രത്തോട് കടമായി ആവശ്യപ്പെട്ട 4000 കോടി സാങ്കേതിക ന്യായങ്ങൾ പറഞ്ഞ് തടയപ്പെട്ടപ്പോൾതന്നെ പ്രതിസന്ധിയുടെ സൂചനകൾ ലഭിച്ചതാണ്. സർക്കാറിന്റെ ദൈനം ദിന ചെലവുകൾ പരമാവധി ചുരുക്കിയും 25 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ അനുവദിക്കാതെ മടക്കിയുമൊക്കെയാണ് ഏപ്രിൽ മാസം ഒരുവിധം പിടിച്ചുനിൽക്കാനായത്. കേന്ദ്രത്തിന്റെ പണം ഈ നിമിഷവും കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിൽ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾക്ക് നിർബന്ധിതരായിരിക്കുന്നു ധനവകുപ്പ്. ഈ നില തുടർന്നാൽ, സർക്കാർ ജീവനക്കാരുടെ ശമ്പളം വരെ മുടങ്ങുമെന്ന നിലയിലാണ് കാര്യങ്ങൾ. ശമ്പളം മുടങ്ങില്ലെന്ന് ധനകാര്യമന്ത്രി പറയുന്നുണ്ടെങ്കിലും ധനസ്ഥിതി സംബന്ധിച്ച് പുറത്തുവന്ന ആശങ്കകൾ പാടെ നിരാകരിക്കാനും അദ്ദേഹം തയാറായിട്ടില്ല.

ഈ വിഷമഘട്ടത്തിന് കേന്ദ്രഭരണകൂടത്തെയാണ് സംസ്ഥാന സർക്കാർ പഴിക്കുന്നത്. ആ വിമർശനം ഒരർഥത്തിൽ ശരിയുമാണ്. സാമ്പത്തികപരിഷ്കരണ പരിപാടികളെന്ന പേരിൽ കേന്ദ്രം നടപ്പാക്കിയ നയങ്ങൾ ഒരു വശത്ത് തിരിച്ചടിച്ചുകൊണ്ടിരിക്കുന്നതാണ് സമ്പദ്‍വ്യവസ്ഥ ഇത്രമേൽ തകർന്നടിയാൻ കാരണമെന്ന് ആരും സമ്മതിക്കും. കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് അർഹമായ സാമ്പത്തിക സഹായം നൽകാതെ മനഃപൂർവം അവഗണിക്കുന്ന നെറികെട്ട രാഷ്ട്രീയ പകപോക്കലും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ട്. കേരളത്തിന് നീതിയുക്തമായി ലഭ്യമാക്കേണ്ട ജി.എസ്.ടി നഷ്ടപരിഹാരം നൽകാത്തതും കടമെടുക്കാനുള്ള പരിധിയിൽനിന്നുകൊണ്ട് പണം അനുവദിക്കാത്തതുമെല്ലാം കേരളത്തോടുള്ള അവഗണന തന്നെയാണ്. ഇതെല്ലാം കേരളത്തിന്റെ സാമ്പത്തിക സ്ഥിതി പിന്നോട്ടടിക്കുന്നതിന് കാരണമായിട്ടുണ്ടെന്നതിൽ സംശയമേതുമില്ല. എന്നാൽ, ഇതുമാത്രമാണോ നിലവിലെ പ്രശ്നങ്ങളുടെ കാരണമെന്നും ആലോചിക്കേണ്ടിയിരിക്കുന്നു.

കാലങ്ങളായുള്ള നമ്മുടെ ധനവിനിയോഗത്തിലെ അശാസ്ത്രീയതയും സാമ്പത്തിക അച്ചടക്കമില്ലായ്മയുമെല്ലാം ഈ ഘട്ടത്തിൽ ചർച്ചയാക്കേണ്ടതാണ്. ഖജനാവിനെ ശൂന്യമാക്കുന്നതിലും അതുവഴി പൗരന്മാരെ കടക്കെണിയിലാഴ്ത്തുന്നതിലും ഈ സമീപനങ്ങൾക്കു ചെറുതല്ലാത്ത പങ്കുണ്ട്. കഴിഞ്ഞ നവംബറിൽ, കേരളത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് നിയമസഭയിൽ വെച്ച സി.എ.ജി റിപ്പോർട്ട് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന്റെ കടം 60 ശതമാനം വർധിച്ചുവെന്നും, തത്വദീക്ഷയില്ലാത്ത കടമെടുപ്പ് ഭാവി തലമുറക്ക് സമാനതകളില്ലാത്ത ബാധ്യതയായി മാറുമെന്നും സി.എ.ജി മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തിന്റെ കടമെടുപ്പിന് കേന്ദ്രം നിശ്ചയിച്ച പരിധി മറികടക്കാൻ കിഫ്ബി പോലുള്ള ഏജൻസികളെ തുടർച്ചയായി ആശ്രയിച്ചതിനോടുള്ള ശക്തമായ വിമർശനം കൂടിയായിരുന്നു ആ റിപ്പോർട്ട്. മുമ്പും സമാനമായ മുന്നറിയിപ്പുകളും താക്കീതും സി.എ.ജിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. അന്ന്, ധനകാര്യമന്ത്രി തോമസ് ഐസക്ക് അതിനെ അവഗണിച്ചു; സർക്കാറിന്റെ നയങ്ങൾക്കെതിരായ സി.എ.ജി പരമാർശങ്ങൾ നീക്കം ചെയ്തശേഷം സഭയിൽ അവതരിപ്പിച്ചു.. ഐസക്ക് മാറിയെങ്കിലും ഇടതുസർക്കാറിന്റെ ഈ സമീപനത്തിൽ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല.

മേൽ സൂചിപ്പിച്ച റിപ്പോർട്ട് പുറത്തുവരുമ്പോൾ സംസ്ഥാനത്തിന്റെ മൊത്തം കടം 2.65 ലക്ഷം കോടിയായിരുന്നു. റവന്യൂ-മൂലധന ചെലവുകൾക്കായി സാമൂഹിക സുരക്ഷ പെൻഷൻ ലിമിറ്റഡ് വഴി 6843.65 കോടിയും കിഫ്ബി വഴി 1930.04 കോടിയും ബജറ്റിനു പുറമെ വേറെയും കടമെടുത്തിട്ടുണ്ട്. അതുകൂടി ചേർത്താൽ പൊതുകടം ഏകദേശം രണ്ടേ മുക്കാൽ ലക്ഷം കോടി വരും. സംസ്ഥാനത്ത് മുക്കാൽ ലക്ഷത്തിലധികം കട ബാധ്യതയുമായാണ് ഓരോ കുഞ്ഞും ജനിച്ചുവീഴുന്നതെന്നർഥം. ഏറ്റവും പുതിയ സാമ്പത്തിക സർവേ റിപ്പോർട്ടനുസരിച്ച്, അടുത്ത നാലു വർഷം കൊണ്ട് കടം നാലരലക്ഷം കോടിയിലെത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ആഭ്യന്തര ഉൽപാദനം, നികുതി വരുമാനം, കേന്ദ്ര വിഹിതം എന്നിവയിൽ വർധന പ്രതീക്ഷിച്ചാണ് ഈ കടമെടുപ്പ്. ഈ മൂന്ന് കാര്യങ്ങളിലും അമ്പേ പരാജയമായിരുന്നുവെന്ന അനുഭവപാഠമുണ്ടായിട്ടും, കഴിഞ്ഞ ബജറ്റിലും പുതിയ കടമെടുപ്പ് പദ്ധതികൾ നിർലോഭം പ്രഖ്യാപിച്ചു നമ്മുടെ ധനമന്ത്രി.

പ്രതീക്ഷിത വരുമാനത്തിന്റെ 20 ശതമാനവും വായ്പാ തിരിച്ചടവിനാണെന്നും മനസ്സിലാക്കേണ്ടതുണ്ട്. അഥവാ, വരുമാനം കൊണ്ട് കടംവീട്ടുകയും വികസനത്തിന് പിന്നെയും കടത്തിനുമേൽ കടമെടുക്കുകയും ചെയ്യുന്ന സംവിധാനമായി ധനവകുപ്പ് മാറി. ഈ സംവിധാനംകൂടിയാണ് സ്ഥിതി ഇൗ വിധം വഷളാക്കിയത്. നിർഭാഗ്യവശാൽ, അഷ്ടിക്കുവകയില്ലാത്ത ഈ നിമിഷത്തിലും യാഥാർഥ്യത്തോട് പുറംതിരിഞ്ഞിരിക്കുകയാണ് സർക്കാർ. നയാ പൈസ കൈയിലില്ല എന്നറിയുമ്പോഴും രണ്ട് ലക്ഷം കോടിയുടെ സിൽവർ ലൈൻ കേരള വികസനത്തിന്റെ മുൻഗണനയിൽ തന്നെ തുടരുന്നത് അതുകൊണ്ടാണ്. ശൂന്യമായ ഈ ഖജനാവുമായി എത്രകാലം ഇങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യത്തെ അടിയന്തരമായി സർക്കാർ അഭിമുഖീകരിക്കേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treasurysilverline
News Summary - The empty treasury of the Silver Line era
Next Story