Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈ കമീഷന് തെറ്റ് തിരുത്താനാകില്ല

text_fields
bookmark_border
ഈ കമീഷന് തെറ്റ് തിരുത്താനാകില്ല
cancel
വോട്ടർമാരെ വെട്ടിക്കളയുകയും പരാതിയുമായി നെട്ടോട്ടമോടാൻ അവരെ നിർബന്ധിക്കുകയും കോടിക്കണക്കിന് പൗരന്മാരെ ഒഴിവാക്കി തെരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്ത കമീഷൻ നിസ്സാരമായ തിരുത്തൽ പ്രഖ്യാപനത്തിലൂടെ ശിക്ഷയിൽനിന്ന് രക്ഷപ്പെടാനാണ് ഇപ്പോൾ ശ്രമിക്കുന്നത്

ചെയ്ത തെറ്റുകൾ നാടാകെ അറിഞ്ഞപ്പോൾ മാത്രം ഏതാനും തിരുത്തൽ പ്രഖ്യാപിച്ച് തടിയൂരാനുള്ള സന്നദ്ധത തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചിരിക്കുന്നു. നിയമപരവും ധാർമികവുമായ പ്രത്യാഘാതങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണിത്. അറിയാതെ പറ്റിയ അബദ്ധങ്ങളാണ് തിരുത്താനാവുക. അറിഞ്ഞുചെയ്ത തെറ്റുകൾക്ക് തിരുത്തല്ല, ശിക്ഷയാണ് ആദ്യം വേണ്ടത്. പല തട്ടുകളിൽ തിരുത്തൽ സംവിധാനങ്ങളുണ്ടായിട്ടും അതെല്ലാം നിഷ്ക്രിയമാക്കി, പൗരന്മാരുടെ അവകാശങ്ങൾക്കുമേൽ കൈവെച്ചത് ബോധപൂർവമാണ്. ഭരണകൂടത്തോടുള്ള വിധേയത്വം നിയമന ഘടനയിലൂടെ ഉറപ്പുവരുത്തിയ ഒരു സംവിധാനത്തിൽനിന്ന് നീതി പ്രതീക്ഷിക്കാനുമാകില്ല. നിസ്സാരമല്ല തെറ്റുകൾ. മുഖ്യ കമീഷണർ മറ്റു രണ്ടു കമീഷണർമാരുടെ അറിവുപോലുമില്ലാതെ പൗരന്മാരിൽ ആർക്കൊക്കെ വോട്ടവകാശം നൽകണമെന്നു വരെ തീരുമാനിക്കാൻ ധൃഷ്ടനായെങ്കിൽ, രോഗം തൊലിപ്പുറമേ അല്ല; തൽക്കാലം മരുന്ന് പുരട്ടി ഭേദമാക്കാവുന്നതുമല്ല. വോട്ടർമാരെ ചേർക്കാനുള്ള ഫോം 6 മുഖ്യ കമീഷണർ നിയമവിരുദ്ധമായി സ്വന്തം നിലക്ക് മാറ്റി എന്ന ഒറ്റ കാരണം മതി അദ്ദേഹത്തെ ഇംപീച്ച് ചെയ്യാൻ. വോട്ടവകാശം ഭരണഘടന ഉറപ്പുനൽകിയാലും താൻ പറയുന്നവർക്കേ അത് കിട്ടൂ എന്നാണല്ലോ അദ്ദേഹം നിലപാടെടുത്തത്. എസ്.ഐ.ആർ എന്ന പേരിൽ 10 കോടിയിലധികം വോട്ടർമാരെയാണ് പട്ടികയിൽനിന്ന് നീക്കിയത്. ഇതിലെ ശരിതെറ്റുകൾ പരിശോധിക്കാവുന്ന കടലാസ് രേഖകൾ ഇല്ല. വോട്ടർ പട്ടികയിൽ പേര് വെട്ടാനും ചേർക്കാനുമുള്ള അധികാരം പ്രാദേശികതല ഓഫിസർമാരിൽനിന്ന് പിടിച്ചെടുത്ത് ഡൽഹിയിലെ ഐ.ടി വിഭാഗത്തിന് കീഴിലാക്കി; അതും മറ്റാരുമറിയാതെ. ഇലക്ഷൻ കമീഷൻ എന്നാൽ മുഖ്യ കമീഷണർ അല്ല എന്ന നിയമം പലതവണ ലംഘിക്കപ്പെട്ടു. മറ്റു കമീഷണർമാരറിയാതെ വോട്ടർ പട്ടിക പുതുക്കിക്കൊണ്ടിരുന്നു. പുതുതലമുറയിലെ വോട്ടർമാരെ ചേർക്കുന്നത് നീട്ടിവെക്കുകയും ചെയ്തു. ഇങ്ങനെയുള്ള തന്നിഷ്ടപ്പട്ടിക പ്രകാരമാണ് പല തെരഞ്ഞെടുപ്പുകളും നടന്നത്. അട്ടിമറിക്കപ്പെട്ടു എന്നുതന്നെ കരുതാവുന്ന തെരഞ്ഞെടുപ്പുകൾ മാറ്റി നടത്താൻ കമീഷന് കഴിയുമോ? ഇതുവരെ സംഭവിച്ച പിഴവുകൾ (ഗുരുതരമായ വോട്ടുനിഷേധമടക്കം) എങ്ങനെ തിരുത്തും? പശ്ചിമബംഗാളിൽ മാത്രം 27 ലക്ഷം വോട്ടർമാരാണ് സോഫ്റ്റ്‌വെയർ കളിയിലൂടെ പട്ടികക്ക് പുറത്തായത്.

ദശലക്ഷക്കണക്കിന് പരാതികൾ തീർപ്പാക്കാതെ വെച്ചിരിക്കുന്നു. ഡൽഹിയിലും മഹാരാഷ്ട്രയിലും മറ്റും ഇത്തരം കളികൾ നടന്നിട്ടുണ്ടത്രേ. വോട്ടർമാരെ വെട്ടിക്കളയുകയും പരാതിയുമായി നെട്ടോട്ടമോടാൻ അവരെ നിർബന്ധിക്കുകയും കോടിക്കണക്കിന് പൗരന്മാരെ ഒഴിവാക്കി തെരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്ത കമീഷൻ നിസ്സാരമായ തിരുത്തൽ പ്രഖ്യാപനത്തിലൂടെ ശിക്ഷയിൽനിന്ന് രക്ഷപ്പെടാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ചെയ്തു കഴിഞ്ഞതിനെ നിസ്സാരവത്കരിച്ചും ന്യായീകരിച്ചും കമീഷൻ ഇപ്പോൾ നിർദേശിച്ച തിരുത്തലുകൾപോലും അപര്യാപ്തമാണ്. നൂറുശതമാനം സുതാര്യത ആവശ്യമുള്ള ഈ മേഖലയിൽ, വൻ കുറ്റകൃത്യങ്ങൾ നടന്നിട്ടും ഉത്തരവാദികളില്ലെങ്കിൽ, എന്താണ്, എങ്ങനെയാണ്, തിരുത്തുക? ഉത്തരവാദിത്തം (അക്കൗണ്ടബിലിറ്റി) ആവശ്യമുള്ള വശങ്ങളിൽ കമീഷൻ മൗനമാണ്. ദശലക്ഷങ്ങൾക്ക് വോട്ട് നിഷേധിച്ചതിനും വോട്ടർമാരെ പൗരത്വം തെളിയിക്കാൻ നെട്ടോട്ടമോടിച്ചതിനും ആരാണ് കാരണക്കാർ? ജനാധിപത്യ പ്രക്രിയയുടെ മർമത്ത് നിൽക്കുന്ന ഭരണഘടനാ സ്ഥാപനമാണ്, അറിഞ്ഞുകൊണ്ടുതന്നെ കൊടുംപാതകങ്ങൾ ചെയ്ത ശേഷം ഇനിയങ്ങോട്ട് ശ്രദ്ധിച്ചുകൊള്ളാം എന്ന് പറഞ്ഞൊഴിയുന്നത്. ഫോം 6നൊപ്പം വേണമെന്ന് കമീഷൻ നിർബന്ധിച്ച ഡിക്ലറേഷൻ സുപ്രീംകോടതി ശരിവെച്ചിട്ടുണ്ടെന്ന വാദമാകട്ടെ ശരിയുമല്ല.

കോടതി നിയോഗിച്ച ജുഡീഷ്യൽ ഓഫിസർമാർ 33 ലക്ഷത്തിലധികം പേരെ പട്ടികയിൽ നിലനിർത്താൻ പറഞ്ഞിട്ടും അതിനെതിരെ കമീഷൻ സമർപ്പിച്ച ലക്ഷക്കണക്കിന് അപ്പീലുകൾക്കു പിന്നിലെ, കമീഷൻ വെളിപ്പെടുത്താൻ മടിക്കുന്ന കൈകൾ ആരുടേതാണ്? മുഖ്യ കമീഷണറാണ് തെറ്റുകൾക്ക് മുഖ്യ ഉത്തരവാദിയെങ്കിലും മറ്റു രണ്ടുപേർക്കും പൂർണമായി ഒഴിഞ്ഞുമാറാനാകില്ല. 14 തവണ എതിർപ്പുയർത്തിയ അവർ മാധ്യമങ്ങൾക്ക് മുമ്പാകെ ഗ്യാനേഷ് കുമാറിന് മൗനമായി പിന്തുണ നൽകി. ഇപ്പോഴും, ഇതുവരെ തങ്ങളെ ഇരുട്ടത്ത് നിർത്തിയതിനെപ്പറ്റി ആഭ്യന്തര അന്വേഷണത്തിന് നിർബന്ധിക്കാൻ പോലും അവർക്ക് കഴിഞ്ഞിട്ടില്ല. കമീഷൻ ഇപ്പോൾ ചെയ്തിരിക്കുന്നത് തൊലിപ്പുറമേയുള്ള ചികിത്സയാണ്. രോഗം ബാക്കിനിൽക്കുന്നു. രോഗം നടപടിക്രമത്തിലെ പാളിച്ചയോ ഒറ്റപ്പെട്ട അബദ്ധങ്ങളോ ആയിരുന്നെങ്കിൽ ഇത്രയും മതിയാകുമായിരുന്നു. പക്ഷേ, അല്ല. രോഗം സത്യസന്ധതയില്ലായ്മയാണ്; ഭരണകൂട വിധേയത്വമാണ്. എന്തുചെയ്താലും പരിരക്ഷ നൽകുന്ന ശിക്ഷാമുക്തിനിയമമാണ്. കമീഷൻ നിയമനത്തിലെ ഏകപക്ഷീയതയാണ്. അതെല്ലാം തിരുത്തണം. ഉത്തരവാദികളെ ശിക്ഷിക്കണം. ഈ കമീഷന് തിരുത്താൻ പറ്റുന്നതല്ല അവർ ചെയ്ത തെറ്റ്. കാരണം, ഈ പക്ഷപാത കമീഷൻതന്നെയാണ് തെറ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Election Commission Cannot Correct Its Own Faults
Next Story