Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഭൂമിക്ക് പൊള്ളുന്നു

ഭൂമിക്ക് പൊള്ളുന്നു

text_fields
bookmark_border
ഭൂമിക്ക് പൊള്ളുന്നു
cancel

ചൂട്, കൊടും ചൂടാണ് എങ്ങും. കടുത്ത ചൂടിൽ കേരളം വെന്തുരുകുകയാണ്. പകൽ തുടങ്ങുമ്പോഴേ വെയിൽ കത്തിയാളുന്ന, കൊടും ചൂടിലമരുന്ന ഇത്തരം ഒരു സ്ഥിതിവിശേഷം നാട് അനുഭവിച്ചിട്ടില്ലെന്നു വേണം പറയാൻ. വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിലേക്കെത്തിയത് ഇതിന്റെ പ്രത്യക്ഷ തെളിവാണ്.

2018ലെ പ്രളയം പോലെ നമ്മൾ അനുഭവിച്ചിട്ടില്ലാത്ത മറ്റൊരു പ്രകൃതി ദുരന്തമായ വരൾച്ചയിലേക്കാണ് കേരളം നീങ്ങുന്നത്. ഉഷ്ണതരംഗം സംബന്ധിച്ച് വന്ന മുന്നറിയിപ്പുകൾ ഒന്നും അതിശയോക്തി ആയിരുന്നില്ല എന്നാണ് ഓരോ ദിനവും തെളിയിക്കുന്നത്. കേരളം മാത്രമല്ല, ഇന്ത്യയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളും വെന്തുരുകുന്ന അവസ്ഥയാണ്. മൺസൂൺ പ്രതീക്ഷകൾക്ക് ചുരുങ്ങിയത് ഒരു മാസമാണ് പറയപ്പെടുന്നത്. വേനൽ മഴ നീളാനാണ് സാധ്യതയെങ്കിൽ വലിയൊരു വൈദ്യുതിപ്രതിസന്ധിയും വരൾച്ച പ്രതിസന്ധിയും സംസ്ഥാനം നേരിടേണ്ടിവരും. പ്രതിസന്ധി മറികടക്കാൻ ആവശ്യമായ ബദൽ നടപടികളും തേടേണ്ടിവരും. കത്തുന്ന പുരയിൽനിന്ന് കഴുക്കോൽ എന്ന രീതിയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന പീക്​ അവറിൽ വൈദ്യുതിനിരക്ക് കൂട്ടുന്നതിനെപ്പറ്റിയാണ് വൈദ്യുതി ബോർഡിന്റെ ചിന്ത. പീക്ക് അവറിൽ നിയന്ത്രണ സൂചനകൾ വന്നുകഴിഞ്ഞു.

വരും ദിവസങ്ങളിൽ ഉയർന്ന താപനില തുടരുമെന്നുതന്നെയാണ് കാലാവസ്ഥ വകുപ്പ് നിരീക്ഷണം. നിലവിലുള്ളതിനേക്കാൾ ഉയർന്ന ചൂടും ചില ജില്ലകളിൽ പ്രതീക്ഷിക്കുന്നു. പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളാണ് വേനൽചൂടിൽ കൂടുതൽ തിളച്ചുമറിയുന്നത്. പാലക്കാട് എരുമയൂരിൽ കഴിഞ്ഞദിവസം രേഖപ്പെടുത്തിയത് 40 ഡി​ഗ്രിക്ക് മുകളിലാണ്. തൃശൂരും കോഴിക്കോട്ടും കണ്ണൂരിലും താപനില 38നും 39നും ഇടയിലുമാണ്.

സുഖകരമായ അന്തരീക്ഷമുള്ള പുലർച്ചെത്തന്നെ വിയർ​ത്തൊഴുകുന്ന തരത്തിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. രാത്രി ചൂട് കൂടുന്ന പ്രതിഭാസം അത്യുഷ്ണത്തിലേക്ക് തള്ളിവിടാനുള്ള സാധ്യതയാണ് നിഴലിക്കുന്നതെന്ന് കാലാവസ്ഥ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു. കൂടിയ അന്തരീക്ഷ ഈർപ്പമാണ് അനുഭവപ്പെടുന്ന ചൂട് കഠിനമാക്കുന്നത്. താരതമ്യേന കുറഞ്ഞ അന്തരീക്ഷതാപനില ഉണ്ടായാൽപോലും ഈർപ്പാംശം കൂടുതലാണെങ്കിൽ അനുഭവിക്കുന്ന ചൂട് യഥാർഥ ചൂടിനേക്കാൾ വളരെ കൂടിയിരിക്കും. തീരസംസ്ഥാനമായ കേരളത്തിലെ കടലും ജലാശയങ്ങളും മൂലം ബാഷ്പീകരണം നന്നായി നടക്കുന്നതാണ് ഈർപ്പ സാന്നിധ്യം കൂട്ടുന്നതിന് കാരണം. ഈർപ്പം കൂടിയ സാഹചര്യത്തിൽ ശരീരത്തിൽ ബാഷ്പീകരണം നടക്കാത്തതിനാൽ അസ്വസ്ഥത കഠിനവുമാവും. ആറു ജില്ലകളിൽ സൂര്യാഘാതസാധ്യതപോലും പ്രവചിക്കുന്നതിന് പിന്നിലെ പ്രധാന കാരണവും ഇതാണ്. ഒപ്പം ഭൗമവികിരണങ്ങൾ തിരിച്ച് ബഹിരാകാശത്തിലേക്ക് പോകുന്നത് തടയപ്പെടുന്നതാണ് രാത്രി ചൂട് കൂടുന്നതിനു കാരണം.

മഹാരാഷ്ട്ര നവി മുംബൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ​ങ്കെടുത്ത ചടങ്ങിനെത്തിയ 11 പേരാണ് സൂര്യാതപമേറ്റ് മരിച്ചത്. ചൂട് ഉയരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ച് നടത്തിയ പരിപാടിയിലാണ് 11 ജീവനുകൾ നഷ്ടമായത്. ഖാർഗറിലെ മൈതാനത്തു നടന്ന മഹാരാഷ്ട്ര ഭൂഷൺ അവാർഡുദാന ചടങ്ങിനിടെ കടുത്ത വെയിലിൽ മണിക്കൂറുകൾ ഇരുത്തിയതാണ് ഗുരുതര പ്രത്യാഘാതമുണ്ടാക്കാൻ കാരണമെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അറുന്നൂറിലധികം പേർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. 50 പേരെ ഗുരുതര പ്രശ്ന​ങ്ങളോടെ വിവിധ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ​​ പ്രകൃതിയുടെ ഉഗ്രതാപം കത്തിയാളുന്നതിനിടെ മന്ത്രിയുടെ പ്രസംഗം കേൾക്കാൻ സാധുജനങ്ങളെ പൊരിവെയിലിൽ നിർത്തി മരണത്തിന് വിട്ടുകൊടുത്തതിനെ മനുഷ്യനിർമിത ദുരന്തം എന്നേ വിളിക്കാനാകൂ.

കൃത്യമായ ആസൂത്രണത്തോടെ നീങ്ങിയില്ലെങ്കിൽ വരും വർഷങ്ങളിലും കനത്ത ചൂടിനെ അഭിമുഖീകരിക്കേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല. മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ഈ ചൂളയിൽനിന്ന് കൂടുതൽ പരിക്കില്ലാതെ എങ്ങനെ പരിരക്ഷിക്കാം എന്നതാവണം സർക്കാറുകളുടെയും ഗവേഷണ കേന്ദ്രങ്ങളുടെയും മുഖ്യ ആലോചന. ആഗോളതാപനമെന്നും കാലാവസ്ഥ വ്യതിയാനമെന്നും വർഷങ്ങൾക്കുമു​മ്പേ പറഞ്ഞുകേട്ട വാക്കുകൾ അനുഭവത്തിലറിഞ്ഞു തുടങ്ങി. ഇനിയെങ്കിലും ഭൂമിയെ ദ്രോഹിക്കാത്ത പ്രകൃതിയോടിണങ്ങുന്ന, വികസന മാതൃകകൾ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും സ്വീകരിച്ചേ മതിയാവൂ.

ഓരോ നിർമാണവും പ്രകൃതിയോട് ഇണങ്ങുന്നതാകണം. ഒരു മരം​ മുറിക്കുമ്പോൾ രണ്ടുമരം​ വെച്ചുപിടിപ്പിക്കണം, സംരക്ഷിക്കണം. പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന നിർമിതികൾ ത്രിതല പഞ്ചായത്ത് തലത്തിൽനിന്നുതന്നെ തടയണം. അതിനായി ഇടിച്ചുനിരത്തുന്ന കുന്നുകളിലും നികത്തിയ തണ്ണീർത്തടങ്ങളിലും നിർമാണത്തിന് അനുമതി നൽകാതിരിക്കാൻ നിയമനിർമാണം ശക്തമാക്കണം. ഏത് കാലാവസ്ഥയിലും വാസയോഗ്യമായിരുന്ന കേരളം പോലെ ഒരിടം ഇന്ന് വേനലിലും വർഷക്കാലത്തും ദുരന്തങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നുവെന്ന യാഥാർഥ്യം ഉൾക്കൊള്ളണം. കോൺക്രീറ്റ് കാടുകൾക്കുപകരം സ്വാഭാവിക വനങ്ങൾ ഉണ്ടാകട്ടെ. കെടുതികൾ കുറക്കാൻ, ആവർത്തിക്കാതിരിക്കാൻ ഓരോരുത്തരും അവരുടേതായ പങ്കും വഹിക്കാനുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weatherearth
News Summary - The earth is burning
Next Story