Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅപരിഷ്കൃതരായ

അപരിഷ്കൃതരായ പരിഷ്കൃതർ

text_fields
bookmark_border
അപരിഷ്കൃതരായ പരിഷ്കൃതർ
cancel


ലോകത്ത് അഞ്ചു​കോടി മനുഷ്യർ ഇഷ്ടമില്ലാത്ത ജോലിയും വിവാഹവും ചെയ്ത് ആധുനിക അടിമത്തത്തിന്റെ ഇരകളായി കഴിയുകയാണെന്ന് യു.എൻ ഏജൻസിയും വാക് ഫ്രീ ഫൗണ്ടേഷനും ചേർന്ന് നടത്തിയ പഠന റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. അടിസ്ഥാന മനുഷ്യാവകാശം നിഷേധിക്കപ്പെടുന്നത് ന്യായീകരിക്കാനാവില്ലെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന മേധാവി ഗേ റൈഡർ പറയുന്നു. കോവിഡ് സ്ഥിതി വഷളാക്കി. തൊഴിലാളികളുടെ അപകട സാധ്യതയും കടബാധ്യതയും കോവിഡ് വ്യാപനകാലത്ത് വർധിച്ചു. കാലാവസ്ഥ വ്യതിയാനവും സായുധ സംഘർഷങ്ങളും ദുരിതം ഇരട്ടിപ്പിച്ചു. ദാരിദ്ര്യംകാരണം ആളുകൾ സുരക്ഷിതമല്ലാത്ത പലായനത്തിന് നിർബന്ധിതരായി. ഇത്തരം മനുഷ്യരാണ് ചൂഷണത്തിന് വിധേയരായതെന്ന് റിപ്പോർട്ടിൽചൂണ്ടിക്കാട്ടുന്നു. സ്ത്രീകളും കുട്ടികളുമാണ് ഏറെ ചൂഷണത്തിനിരയായത്. അവർ നിർബന്ധിതരായി ജോലിചെയ്യുന്നു. അതിൽപകുതിപേരും വാണിജ്യ ലൈംഗിക ചൂഷണത്തിനിരകളാകുന്നു. ഇഷ്ടമില്ലാത്ത ജോലിചെയ്യാൻ നിർബന്ധിക്കപ്പെടുന്നത് കൂടുതലും കുടിയേറ്റ തൊഴിലാളികളാണ്. എല്ലാ രാജ്യത്തും ആധുനിക അടിമത്ത രീതികളുണ്ടെങ്കിലും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് പകുതിയിലധികമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. രണ്ടുകോടി 80 ലക്ഷം മനുഷ്യരാണ് നിർബന്ധ തൊഴിലിന്റെ ഇരകളെങ്കിൽ രണ്ടുകോടി 20 ലക്ഷം സ്ത്രീകളാണ് നിർബന്ധ വിവാഹത്തിന് വഴങ്ങേണ്ടിവരുന്നത്. മൊത്തം അടിമപ്പണിക്കാരുടെ സംഖ്യ ഗ്രീസിലെ ജനസംഖ്യയോളം വരുമെന്നാണ് വാക് ഫ്രീ സ്ഥാപക ഡയറക്ടർ വ്യക്തമാക്കിയത്.

ചിരപുരാതനകാലം മുതൽ ലോകത്ത് നിലവിലിരുന്ന അടിമത്ത സമ്പ്രദായം ഏറ്റവും ഒടുവിൽ അവസാനിപ്പിച്ച രാജ്യം 1980ൽ ആഫ്രിക്കൻ റിപ്പബ്ലിക്കായ മോറിത്താനിയ ആണെന്നാണ് കണക്കാക്കപ്പെടുന്നത്. 1990ൽ കൈറോവിൽ ചേർന്ന മുസ്‍ലിം രാജ്യ കൂട്ടായ്മയായ ഒ.ഐ.സി അംഗീകരിച്ച പ്രഖ്യാപനത്തിൽ 'മനുഷ്യരെല്ലാം സ്വതന്ത്രരായാണ് ജനിക്കുന്നത്; അവരെ അടിമകളാക്കാനോ നിന്ദിക്കാനോ അടിച്ചമർത്താനോ ചൂഷണം ചെയ്യാനോ ആർക്കും അവകാശമില്ല' എന്ന് അസന്ദിഗ്ധമായി പ്രസ്താവിക്കുന്നുണ്ട്. അതിനും നാലു പതിറ്റാണ്ടുമുമ്പ് ഐക്യരാഷ്ട്രസഭ അംഗീകരിച്ച സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനത്തിൽ വ്യക്തമാക്കിയ കാര്യം തന്നെയാണിത്. 'ഒരാളും അടിമയായി പിടിക്കപ്പെടാൻ പാടില്ല. അടിമത്തവും അടിമക്കച്ചവടവും അതിന്റെ എല്ലാവിധ രൂപങ്ങളും നിരോധിക്കപ്പെടേണ്ടതാണ്.' എല്ലാ ലോക രാഷ്ട്രങ്ങളും യു.എന്നിൽ അംഗങ്ങളാണെന്നിരിക്കെ, ഈ പ്രഖ്യാപനപ്രകാരമുള്ള നിയമനിർമാണത്തിനും നിരോധനത്തിനും നിർബന്ധിതരാണ്. മിക്ക രാജ്യങ്ങളിലും തൽസംബന്ധമായ നിയമങ്ങളുണ്ടുതാനും. അതത് രാജ്യങ്ങളുടെ ഭരണഘടനകളും അത് ഉറപ്പുവരുത്തിയിരിക്കുന്നു. എന്നിരിക്കെ, മനുഷ്യനെ മനുഷ്യന്റെ അടിമയാക്കാവുന്ന ഒരു രീതിയും നിയമാനുസൃതമല്ല. മനുഷ്യ സ്വാതന്ത്ര്യത്തിന്റെ നഗ്നമായ നിഷേധമായിത്തന്നെ അത് കണക്കാക്കപ്പെടുകയും ചെയ്യും. പക്ഷേ, നടേ ഉദ്ധരിച്ച അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐ.എൽ.ഒ)യും വാക് ഫ്രീ ഫൗണ്ടേഷനും പുറത്തുവിട്ടിരിക്കുന്ന വസ്തുതകൾ ശ്രദ്ധിച്ചാൽ അടിമത്തം ആഗോളതലത്തിൽ 'പരിഷ്കൃത' രീതിയിൽ തുടരുന്നുണ്ടെന്ന സത്യം സമ്മതിക്കേണ്ടിവരും. മനുഷ്യനെ അടിമയാക്കി പരസ്പരം വിലക്കുകയോ വിൽക്കുകയോ ചെയ്യുന്നില്ലായിരിക്കാം. പഴയ രീതിയിൽ അടിമക്കച്ചവടം നടക്കുന്നുമുണ്ടാവില്ല. പക്ഷേ, പരോക്ഷമായി പല രാജ്യങ്ങളിലും അടിമപ്പണിയും 'അടിമകളുടെ' കൈമാറ്റവും നടക്കുന്നുണ്ടെന്ന സത്യമാണ് അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്.

പരിഷ്കൃത രാജ്യങ്ങളിൽ അഭയാർഥികളെയും കുടിയേറ്റക്കാരെയും ഉപയോഗിച്ചാണ് ഇത്തരം ഇടപാടുകൾ നടക്കുന്നത്. തന്മൂലം 2000ത്തിൽ ആധുനിക അടിമത്ത നിരോധന നിയമം അമേരിക്കൻ കോൺഗ്രസിന് പാസാക്കേണ്ടിവന്നു. 2013ൽ വാക് ഫ്രീ പുറത്തുവിട്ട സൂചികയിൽ ഓരോ രാജ്യത്തും നടക്കുന്ന ആധുനിക അടിമത്ത വിവരങ്ങൾ സവിസ്തരം ചേർത്തിട്ടുണ്ട്. അതുപ്രകാരം 29.8 ദശലക്ഷം മനുഷ്യരാണ് അടിമപ്പണിക്കുവേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്നത്. 2016 ആവുമ്പോഴേക്ക് അവരുടെ സംഖ്യ 48.8 ദശലക്ഷമായി കുതിച്ചുയർന്നു. ഏറ്റവും ലജ്ജാകരവും ദയനീയവുമായ കണക്കാണ് ഇവരിൽ 12.5 ശതമാനം ലൈംഗികവൃത്തിക്ക് ഉപയോഗിക്കപ്പെടുന്നു എന്നുള്ളത്. 37.5 ശതമാനം നിർബന്ധ വിവാഹത്തിന്റെ ഇരകളായിത്തീരുന്നു. 2013ൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ റഷ്യയും ചൈനയും ഉസ്ബകിസ്താനും ഏറ്റവും മോശമായ കുറ്റവാളികളിൽ പെടുന്നു. ഇന്ത്യയിലെ ശൈശവ വിവാഹവും ദേവദാസി സമ്പ്രദായവും നിർബന്ധ വിവാഹ റിപ്പോർട്ടുകളിൽ സ്ഥലംപിടിച്ചിട്ടുണ്ട്.

ചുരുക്കത്തിൽ, പരിഷ്കൃതരെന്നും അത്യാധുനികരെന്നും അവകാശപ്പെടുന്ന നവലോക മനുഷ്യർ മാനസികമായും ധാർമികമായും മാനവികമായും ബഹുകാതം സഞ്ചരിക്കേണ്ടതുണ്ട് എന്നതാണ് ഇത്തരം പഠനങ്ങളും റിപ്പോർട്ടുകളും അനാവരണം ചെയ്യുന്ന പരമസത്യം. വംശമോ വർണമോ ദേശമോ ഭാഷയോ ഏതായിരുന്നാലും മാനവികതയും സംസ്കാരവും ഉൽകൃഷ്ട മൂല്യങ്ങളുമാണ് മനുഷ്യരെ യഥാർഥത്തിൽ പരിഷ്കൃതരും പുരോഗമന പ്രതിച്ഛായയുള്ളവരുമാക്കുന്നതെന്നും ശാസ്ത്രമോ സാ​ങ്കേതികവിദ്യയോ എത്രതന്നെ മുന്നോട്ടു കുതിച്ചാലും മൂല്യബോധത്തിന്റെ അഭാവത്തിൽ പരിഷ്കൃതർ അപരിഷ്കൃതരായി തുടരുമെന്നും നാം തിരിച്ചറിയുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorial
News Summary - The civilized who are uncivilized
Next Story