ധനകാര്യ ഫെഡറലിസം അപകടത്തിൽ
text_fieldsപി.എം ശ്രീ കരാറുമായി ബന്ധപ്പെട്ട് ഭരണമുന്നണിയിലുണ്ടായ പ്രതിസന്ധി നീങ്ങിയെങ്കിലും, ആ കരാറിൽ ഒപ്പിടാനുണ്ടായ അടിസ്ഥാനകാരണം അതേപടി നിലനിൽക്കുന്നു. കരാർ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ യൂനിയൻ സർക്കാറിന് കത്തയക്കുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. പി.എം ശ്രീയെപ്പറ്റി മന്ത്രിസഭ ഉപസമിതി പുനഃപരിശോധന നടത്തും. വാസ്തവത്തിൽ ഈ പുനഃപരിശോധന മുന്നണിയിലെ പ്രതിസന്ധി മരവിപ്പിക്കാൻ ഉപകരിച്ചെങ്കിലും അതിനു യുക്തിപരമായ ഒരു പ്രസക്തിയുമില്ലെന്നതാണ് വാസ്തവം.
ധാരണപത്രത്തിലൊപ്പിട്ടത് ആശയപരമായോ നടപടിക്രമത്തിന്റെ അടിസ്ഥാനത്തിലോ ശരിയായിരുന്നെന്ന് അത് ഒപ്പിട്ടവർപോലും കരുതുന്നുണ്ടാവില്ല. പി.എം ശ്രീയോ ദേശീയ വിദ്യാഭ്യാസനയമോ മുന്നണിക്കോ ഘടകകക്ഷികൾക്കോ ഒരിക്കലും സ്വീകാര്യമായിട്ടേയില്ല. പി.എം ശ്രീയിലൂടെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ നേടുന്ന കാര്യങ്ങൾ കേരളം പണ്ടേ നേടിക്കഴിഞ്ഞതാണുതാനും. ആശയപരമായി യോജിക്കാനാവാത്ത ഒരു കരാറിൽ, മുമ്പേ നേടിക്കഴിഞ്ഞ ഗുണമേന്മക്കുവേണ്ടി മുന്നണിയെപ്പോലും പ്രതിസന്ധിയിലാക്കി ഒപ്പുവെച്ചത് ഫണ്ട് കിട്ടാൻവേണ്ടി മാത്രമാണ്. ഫണ്ട് പിടിച്ചുവെച്ച് യൂനിയൻ സർക്കാർ സംസ്ഥാനങ്ങളെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നു എന്നതാണ് പ്രശ്നത്തിന്റെ കാതൽ. പി.എം ശ്രീയിൽനിന്ന് വേണ്ടിവന്നാൽ പിന്മാറാനുള്ള തീരുമാനം എത്രത്തോളം പ്രായോഗികമാണെന്ന് കണ്ടറിയണം. പ്രായോഗികമായാൽപോലും, അർഹതപ്പെട്ട ഫണ്ട് കിട്ടാതെ പോകുമെന്ന പ്രശ്നം ബാക്കിനിൽക്കുകയാണ്. ചുരുക്കത്തിൽ, ഇഷ്ടമില്ലാത്ത പദ്ധതിയിൽ ചേർന്നതിലും വലിയ പ്രശ്നമാണ് അതിൽ ചേരാൻ നിർബന്ധിക്കുന്ന യൂനിയൻ സർക്കാറിന്റെ നയം. ആ പ്രശ്നം അതേപടി നിൽക്കുന്നു.
പി.എം ശ്രീ ഇനി തുടരുന്നില്ലെങ്കിൽപോലും, ധനപരമായി സംസ്ഥാനങ്ങളെ ശ്വാസംമുട്ടിക്കുന്ന ഫെഡറൽവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ യൂനിയൻ സർക്കാറിന്റെ രീതിക്കെതിരെ രാഷ്ട്രീയമായും നിയമപരവുമായ പോരാട്ടം ആവശ്യമായിരിക്കുന്നു. നികുതിവിഹിതം ഓഹരിവെക്കുന്നതിലും വിവിധ പദ്ധതികൾക്കുള്ള ഗ്രാന്റുകൾ നൽകുന്നതിലും പ്രകടമായ വിവേചനം നിലനിൽക്കുന്നുണ്ട്. ജി.എസ്.ടി നിലവിൽ വരുന്നതിനുമുമ്പ് സംസ്ഥാനങ്ങൾക്കുണ്ടായിരുന്ന അവകാശാധികാരങ്ങൾ അതു വന്നതോടെ ഇല്ലാതാവുകയും പകരം ലഭ്യമാകുമെന്ന് അന്ന് വാഗ്ദാനം ചെയ്യപ്പെട്ട പരിഹാരങ്ങൾ കിട്ടാതാവുകയും ചെയ്തു. മുമ്പ് കക്ഷിരാഷ്ട്രീയത്തിനതീതമായി കൈകാര്യം ചെയ്തുവന്ന ധനസമാഹരണ-വിതരണ സംവിധാനങ്ങൾ യൂനിയൻ സർക്കാറിന് കീഴിൽ കേന്ദ്രീകരിക്കപ്പെട്ടു.
കഴിഞ്ഞ ഏതാനും വർഷമായി, യൂനിയൻ സർക്കാറിന്റെ സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് മാത്രമേ അവകാശപ്പെട്ട ധനവിഹിതംപോലും നൽകൂ എന്ന ശാഠ്യം ശക്തിപ്പെട്ടിരിക്കുന്നു. ഇതിന്റെ ഒരു ഉദാഹരണം മാത്രമാണ് പി.എം ശ്രീ. സംസ്ഥാനങ്ങളെ സാമ്പത്തികമായി ശ്വാസംമുട്ടിച്ച് രാഷ്ട്രീയ അടിയറവിന് നിർബന്ധിക്കാനുള്ള നീക്കങ്ങൾ മോദി സർക്കാർ 2014ൽ അധികാരമേറ്റ ഉടനെ തുടങ്ങിയിരുന്നു. അന്ന് 14ാം ധനകാര്യ കമീഷനു മേൽ പ്രധാനമന്ത്രിയുടെ ഓഫിസ് സമ്മർദം ചെലുത്തി, സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതമായി നിശ്ചയിക്കപ്പെട്ട 42 ശതമാനത്തിൽനിന്ന് കാര്യമായി വെട്ടിക്കുറവ് വരുത്താൻ ശ്രമിച്ചിരുന്നു. അതിനു വഴങ്ങാതെ വൈ.വി. റെഡ്ഢി അധ്യക്ഷനായുള്ള കമീഷൻ അതേവിഹിതം പാസാക്കിയപ്പോൾ യൂനിയൻ സർക്കാർ യൂനിയൻ ബജറ്റ് തിടുക്കത്തിൽ മാറ്റി, ക്ഷേമപ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസത്തിനുമായി കണ്ടിരുന്ന നീക്കിയിരിപ്പ് പകുതിയോളമാക്കി കുറച്ച ചരിത്രമുണ്ട്. പിന്നീട് ജി.എസ്.ടി ഏർപ്പെടുത്തിയതിനു പിന്നിലെ കൗശലം ധനകാര്യ നിയന്ത്രണമായിരുന്നു എന്ന് പിൽക്കാല ചരിത്രവും തെളിയിച്ചു.
സംസ്ഥാനങ്ങൾക്കുള്ള വിഹിതം കുറച്ചും, സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതില്ലാത്ത സെസുകളെയും സർചാർജുകളെയും കൂടുതൽ ആശ്രയിച്ചും ഈ വിഭവ കേന്ദ്രീകരണം മുന്നോട്ടുപോയി. 2015-20 കാലത്ത് തെക്കൻ സംസ്ഥാനങ്ങൾ (കൂടുതലും ബി.ജെ.പി ഇതര ഭരണമുള്ളവ) മാത്രം ജി.എസ്.ടിയും പ്രത്യക്ഷ നികുതിയുമായി യൂനിയൻ ഖജനാവിലേക്ക് 22.26 ലക്ഷം കോടി നൽകിയപ്പോൾ അവക്ക് തിരിച്ചുകിട്ടിയത് 6.42 ലക്ഷം കോടി മാത്രമാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഫണ്ടുകൾ ധാരാളമായി നൽകുമ്പോൾ മറ്റുള്ളവക്ക് കിട്ടാനുള്ളതുപോലും പിടിച്ചുവെക്കുന്നു.
ഇതിന് ആയുധമാക്കുന്നത് യൂനിയൻ സർക്കാറിന്റെ നയങ്ങളും പദ്ധതികളും നടപ്പാക്കണമെന്ന നിബന്ധനയാണ്. ഇക്കൊല്ലം ജനുവരിയിൽ 1,73,040 കോടി രൂപ വിഹിതം വെച്ചതിൽ യു.പിക്ക് മാത്രം 17.95 ശതമാനം നൽകി; അഞ്ച് തെക്കൻ സംസ്ഥാനങ്ങൾക്കെല്ലാം കൂടി 15.8 ശതമാനവും. പി.എം ശ്രീയുടെ കാര്യത്തിൽ തമിഴ്നാട് ഫെഡറൽ അവകാശങ്ങൾക്കായി നിയമയുദ്ധത്തിലാണ്. ഇതു മൊത്തം ധനവിഹിതത്തിലെ നീതിക്കുള്ളതാക്കി വിപുലപ്പെടുത്തുകയും കേരളമടക്കമുള്ള സംസ്ഥാനങ്ങൾകൂടി കക്ഷിചേരുകയും വേണം. ഫെഡറലിസവും ഭരണഘടനയും ഉയർത്തിപ്പിടിക്കാനുള്ള വിശാലമായ സമരത്തിനു സമയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

