Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightജയയില്ലാത്ത തമിഴ്നാട്

ജയയില്ലാത്ത തമിഴ്നാട്

text_fields
bookmark_border
ജയയില്ലാത്ത തമിഴ്നാട്
cancel

മുഖ്യമന്ത്രി ജയലളിത കഥാവശേഷയായതോടെ തമിഴകരാഷ്ട്രീയം പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. മുത്തുവേൽ കരുണാനിധിയുടെയും മരുതൂർ ഗോപാലൻ രാമചന്ദ്രൻ എന്ന എം.ജി.ആറിെൻറയും കാലംതൊട്ട് തമിഴകത്തെ നിയന്ത്രിച്ചിരുന്ന സിനിമ രാഷ്ട്രീയത്തിന് ഏറക്കുറെ അന്ത്യമാകുകയാണ്. അഭ്രപാളിയിലെ ‘ഇദയക്കനി’യിൽനിന്ന് അധികാരരാഷ്ട്രീയത്തിലെ പുരട്ചി തലൈവിയും തമിഴകത്തിെൻറ ‘അമ്മ’യുമായി സർവതും ഉള്ളംകൈയിലൊതുക്കിയ ഉരുക്കുവനിതയുടെ വിയോഗം അവരുടെ പാർട്ടിയുടെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നു.

ജയ രോഗശയ്യയിലായതു മുതൽ അവതാളത്തിലായ ഭരണ, രാഷ്ട്രീയ സംവിധാനവും ‘അമ്മ’യില്ലാത്ത യാഥാർഥ്യത്തോട് പൊരുത്തപ്പെടാനാവാത്ത പാർട്ടി നേതൃത്വത്തിെൻറയും അനുയായികളുടെയും ആധിയും അങ്കലാപ്പുമൊക്കെ അതാണ് തെളിയിക്കുന്നത്. ഡി.എം.കെ–എ.ഐ.എ.ഡി.എം.കെ ദ്വന്ദ്വത്തെ ചുറ്റിപ്പറ്റിയ തമിഴ്രാഷ്ട്രീയത്തിൽ ഈ വിയോഗം സൃഷ്ടിച്ച വിടവ് നികത്തുന്നത് ആരായാലും അത് ദേശീയരാഷ്ട്രീയത്തെക്കൂടി സ്വാധീനിക്കുമെന്നുറപ്പ്.

സിനിമയുമായി കൂടിക്കുഴഞ്ഞുകിടന്ന തമിഴക രാഷ്ട്രീയത്തിൽ ജയലളിത കാലൂന്നിയതും ഉദിച്ചുയർന്നതും ആ താരപരിവേഷത്തിെൻറ തണലിലാണ്. രാഷ്ട്രീയ ജൈത്രയാത്ര സിനിമയെ വെല്ലുന്ന ക്ലൈമാക്സുകളും ആൻറി ക്ലൈമാക്സുകളുംകൊണ്ടു നിറക്കാനും അവർക്കു കഴിഞ്ഞു. പലവിധത്തിലുള്ള സഹതാപതരംഗങ്ങളായിരുന്നു അവരുടെ രാഷ്ട്രീയമൂലധനം. എം.ജി.ആറിെൻറ വിലാപയാത്രയുടെ വഴിമധ്യേ, കുടുംബപോരിനിരയായി ജാനകി രാമചന്ദ്രനുമായി ഉടക്കി ഇടറിവീണ ജയലളിത ഉയിർത്തെണീറ്റത് എ.ഐ.എ.ഡി.എം.കെ എന്ന പാർട്ടിയെയുംകൊണ്ടാണ്.

എം.ജി.ആറിെൻറ ‘ഇദയക്കനി’യെ ആരാധകരും പ്രിയപ്പെട്ട രണ്ടില ചിഹ്നത്തിനൊപ്പം നെഞ്ചോടു ചേർത്തുവെച്ചു. എം.ജി.ആറിെൻറ വിയോഗശേഷം ഭാര്യ ജാനകി രാമചന്ദ്രനുമായി ഇടഞ്ഞതും പിന്നീട് നിയമസഭയിൽ ഡി.എം.കെ മന്ത്രിമാരാൽ അപമാനിക്കപ്പെട്ട വിവാദമുയർന്നതും 1989ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ തന്നെ തുണച്ചതായി ജയ സ്​മരിച്ചിട്ടുണ്ട്. 1991ൽ രാജീവ് ഗാന്ധി വധത്തെ തുടർന്നുണ്ടായ സഹതാപതരംഗം തുണച്ചതിൽ പിന്നെ ജയ തമിഴകത്തിലെ അനിഷേധ്യശക്തിയായി മാറി. അധികാരത്തിലേറിയ അവർ അണ്ണാദുരൈ മുതൽ എം.ജി.ആർ വരെയുള്ളവരുടെ ജനപ്രിയ ഭരണരീതികൾ പരീക്ഷിച്ചു.

പെൺഭ്രൂണഹത്യ വർധിച്ചുവന്ന തമിഴ്നാട്ടിൽ അനാഥശിശുക്കൾക്കായി അമ്മത്തൊട്ടിൽ ആരംഭിച്ചു വിപ്ലവകരമായ പരിഷ്കരണത്തിനു തുടക്കംകുറിച്ച അവർ തമിഴ്പുലികളുടെ പ്രശ്നത്തിൽ സ്വന്തം ജനതയുടെ വികാരമുൾക്കൊണ്ട് സജീവമായ ചില ഇടപെടലുകൾക്ക് തുടക്കംകുറിക്കുകയും ചെയ്തു. എന്നാൽ ‘ഇദയക്കനി’യിൽനിന്ന് പുരട്ചി തലൈവിയായി മാറിയ ജയ, വളർത്തുപുത്രനും തോഴിയുമടക്കമുള്ളവരുടെ ആശ്രിതവാത്സല്യത്തിനു പഴി കേൾക്കാനും അധികസമയം വേണ്ടിവന്നില്ല.

1995ൽ സർക്കാർ മെഷിനറി പൂർണമായും ഉപയോഗിച്ചു നടത്തിയ വളർത്തുപുത്രെൻറ ആർഭാടകല്യാണം വ്യാപകമായ വിമർശനവും കോടതിവ്യവഹാരവും വിളിച്ചുവരുത്തിയിട്ടും ജയലളിത കുലുങ്ങിയില്ല. തെൻറ സ്വകാര്യ കുടുംബകാര്യത്തിൽ ജനത്തിനെന്ത് എന്നായിരുന്നു അവരുടെ ചോദ്യം. പാർട്ടിയെയും ഭരണത്തെയും എന്തിന്, തമിഴകത്തെതന്നെ അവർ എങ്ങനെ കാണുന്നു എന്നതിെൻറ ലളിതമായ ഉത്തരമായിരുന്നു അത്. പ്രയോഗത്തിലും അധികാരത്തെയും വാഴുന്ന ദേശത്തെയും ഇങ്ങനെ അവർ സ്വന്തമാക്കി. അതേസമയം, അധികാരപ്രമത്തതക്കുള്ള ശമ്പളമായി അവരെ തോൽവിയുടെ രുചിയറിയിക്കാനും തമിഴ് ജനത തയാറായി. 1996ൽ നടന്ന തെരഞ്ഞെടുപ്പിൽ ജയ അധികാരത്തിനു പുറത്തുനിൽക്കേണ്ടിവന്നത് അഴിമതിയുടെയും സ്വജനപക്ഷപാതിത്വത്തിെൻറയും കരിനിഴലിൽ നിന്നതുകൊണ്ടു തന്നെയായിരുന്നു.

ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും തമ്മിലുള്ള രാഷ്ട്രീയപ്പോരിെൻറ രൂക്ഷമായ ഘട്ടങ്ങളായിരുന്നു പിന്നീട്. മാറിമാറി അധികാരത്തിൽ വന്ന ജയയും കരുണാനിധിയും അന്യോന്യം അഴിമതിയാരോപണങ്ങളുടെ വിഴുപ്പലക്കുകയും പ്രതിയോഗിയെ ജയിലിൽ കയറ്റുകയും ചെയ്തു. രണ്ടാംവട്ടം മുഖ്യമന്ത്രിയായ ജയ, തമിഴ്നാട് വ്യവസായ കോർപറേഷെൻറ ഗിണ്ടിയിലെ 30,786 ഏക്കർ ഭൂമി നിയമവിരുദ്ധമായി സ്വന്തമാക്കിയെന്ന ജനതപാർട്ടി നേതാവ് സുബ്രമണ്യംസ്വാമിയുടെ ആരോപണത്തിൽ ചെന്നൈ കോടതി അഞ്ചുവർഷത്തെ തടവിനു ശിക്ഷിച്ചെങ്കിലും പിന്നീട് സുപ്രീംകോടതി കുറ്റമുക്തയാക്കുകയായിരുന്നു. അവസാനഘട്ടത്തിലും അഴിമതിയുടെ പേരിൽ 2014 സെപ്റ്റംബറിൽ അധികാരത്തിലിരിക്കെ അയോഗ്യത നേടുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയായി അവർ മാറി.

അഴിമതി അധികാരരാഷ്ട്രീയത്തിെൻറ അവിഭാജ്യഘടകമായി മാറിയ ഇന്ത്യയിൽ ജയയും വഴിമാറി നടന്നിട്ടില്ലെന്നു ചുരുക്കം. എന്നാൽ, ഭരണാധികാരി എന്ന നിലയിൽ തമിഴ്നാട്ടിൽ അവർ നേടിയെടുത്ത ജനപ്രീതി ഏറെയൊന്നും സമാനതകളില്ലാത്തതാണ്. സിനിമയിലെ താരാരാധന മാത്രമല്ല, ജനപ്രീതി ലക്ഷ്യംവെച്ച് മുൻ ദ്രാവിഡനേതാക്കളുടെ വഴി പിന്തുടർന്ന് അവർ കൊണ്ടുവന്ന ജനക്ഷേമകരമായ പ്രവർത്തനങ്ങളും അവർക്കു തുണയായി.

സാധാരണക്കാർക്ക് ചുരുങ്ങിയ വിലയിൽ ആഹാരം ലഭ്യമാക്കിയ അമ്മ കാൻറീൻ, രാജ്യത്ത് മാതൃകയായി മാറിയ മഴക്കൊയ്ത്ത് സംവിധാനം, പാവപ്പെട്ടവർക്കു വീട്ടിനൊരു തൊഴിൽ, 100 യൂനിറ്റ് സൗജന്യ വൈദ്യുതി, വിദ്യാർഥികൾക്ക് ഇൻറർനെറ്റോടുകൂടിയ ലാപ്ടോപ്, വനിത തൊഴിലാളികൾക്ക് സ്​കൂട്ടറിന് സബ്സിഡി തുടങ്ങി വിവിധതരം സൗജന്യങ്ങളും ആനുകൂല്യങ്ങളും വാരിക്കോരി നൽകിയാണ് അവർ ഏഴൈതോഴരായ അമ്മയായി മാറിയത്. ഇതിെൻറ പേരിൽ തമിഴ്നാടിെൻറ കടം 80 ശതമാനം വർധിച്ചെന്നാണ് കണക്ക്.

ബിസിനസ്​ സൗഹൃദാന്തരീക്ഷം ഉപയോഗപ്പെടുത്തി വികസനത്തിലും അവർ തമിഴ്നാടിനെ ഏറെ മുന്നോട്ടു കൊണ്ടുപോയി. അധികാരത്തിെൻറ ഈ ശക്തിദൗർബല്യങ്ങളുടെ പേരിലാവും ജീവിതകാലത്തെന്നപോലെ മരണത്തിനു ശേഷവും ജയലളിത ഓർമിക്കപ്പെടുക. 

Show Full Article
TAGS:madhaymam editorial 
Next Story