Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതമിഴ്നാട് രാഷ്ട്രീയം ...

തമിഴ്നാട് രാഷ്ട്രീയം ഏത് ദിശയിലൂടെ?

text_fields
bookmark_border
തമിഴ്നാട് രാഷ്ട്രീയം   ഏത് ദിശയിലൂടെ?
cancel

ദ്രാവിഡ രാഷ്ട്രീയത്തിന്‍െറ വ്യതിരിക്തവും പുരോഗമനപരവുമായ പൈതൃകം ഒരു കാലത്ത് കൊണ്ടുനടന്ന തമിഴകത്ത് എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിതയുടെ വിയോഗം സൃഷ്ടിച്ച ശൂന്യത ഏതുതരത്തിലുള്ള രാഷ്ട്രീയ പുതുക്കിപ്പണിയലിനാണ് നിമിത്തമാവുക എന്ന ചോദ്യത്തിനു ഉത്തരം കണ്ടത്തൊനുള്ള ശ്രമത്തിലാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍. തന്‍െറ പിന്‍ഗാമിയെ നിശ്ചയിക്കുകയോ തലയെടുപ്പും ശേഷിയുമുള്ള  ഒരു നേതാവിനെ പാര്‍ട്ടിയുടെ അമരത്തേക്ക് വളര്‍ത്തിയെടുക്കുകയോ ചെയ്യാതെയാണ് നാലു തവണ സംസ്ഥാന മുഖ്യമന്ത്രിപദം അലങ്കരിച്ച ജയ വിടപറഞ്ഞത്.  അവരുടെ ജീവിതനിഗൂഢതയുടെ ആഴം കൂട്ടുന്നതാണ് പാര്‍ട്ടിയുടെ ഭാവിയെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ കാലയവനികക്കുള്ളിലേക്ക് തിരോഭവിച്ച സംഭവം.

എ.ഐ.എ.ഡി.എം.കെ എന്ന പാര്‍ട്ടിക്ക് സംസ്ഥാനം ഭരിക്കാന്‍ ഇനിയും നാലര വര്‍ഷത്തെ മാന്‍ഡേറ്റ് ഉണ്ട്. അതുകൊണ്ടുതന്നെ ജയയുടെ പിന്‍ഗാമിയായി സ്ഥാനമേറ്റ ഒ. പന്നീര്‍സെല്‍വത്തിനു പ്രത്യക്ഷത്തില്‍ കാര്യമായ വെല്ലുവിളിയൊന്നുമില്ല. 234 അംഗ നിയമസഭയില്‍ അണ്ണാ ഡി.എം.കെക്ക് 135 അംഗങ്ങളുടെ പിന്‍ബലമാണുള്ളത്. എന്നാല്‍, ജയക്ക് ശേഷം സ്വന്തം പാര്‍ട്ടിക്കകത്ത് സംഭവിച്ചേക്കാവുന്ന പൊട്ടിത്തെറിയും ഡി.എം.കെ അടക്കമുള്ള കക്ഷികള്‍ അവസരം മുതലെടുത്ത് പയറ്റാന്‍ പോകുന്ന തന്ത്രങ്ങളും രാജ്യം ഭരിക്കുന്ന ബി.ജെ.പിയെ പോലുള്ള ശക്തികള്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാടും എന്തായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു തമിഴകത്തിന്‍െറ രാഷ്ട്രീയ ഭാവി.

അടിയന്തര പ്രതിസന്ധിക്കുള്ള താല്‍ക്കാലിക പ്രതിവിധി എന്നതിനപ്പുറം പന്നീര്‍സെല്‍വത്തിന്‍െറ സ്ഥാനലബ്ധിയെ പാര്‍ട്ടിയോ പുറത്തുള്ളവരോ കാണുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ജയലളിതയുടെ ‘തോഴിയായി’ കടന്നുവന്ന് നല്ല കാലത്തും ആപദ്സന്ധികളിലും അവരുടെ പിന്നില്‍ ഉറച്ചുനിന്ന തമിഴരുടെ ‘ചിന്നമ്മ’ ശശികലക്ക് പുതിയ രാഷ്ട്രീയകാലാവസ്ഥയില്‍ നിര്‍ണായക റോള്‍ നിര്‍വഹിക്കാനുണ്ടാവുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടല്‍. താനാണ് ജയയുടെ യഥാര്‍ഥ പിന്തുടര്‍ച്ചാവകാശി എന്ന സന്ദേശം നല്‍കാനാവണം ‘അമ്മ’  ഒഴിച്ചിട്ട പോയസ് ഗാര്‍ഡനിലെ ബംഗ്ളാവില്‍ അവര്‍ കുടിയേറിപ്പാര്‍ത്തിരിക്കുന്നത്. ജയക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ശശികലയോട്് കാണിച്ച ഹൃദയവായ്പും അടുപ്പവും ഭാവിരാഷ്ട്രീയം നിര്‍ണയിക്കുന്നതില്‍ അവര്‍ക്കുള്ള സുപ്രധാന പങ്കിലേക്ക് സൂചന നല്‍കുന്നുണ്ട്.

മറ്റൊരു സംസ്ഥാനവും കടന്നുപോകാത്ത തരത്തിലുള്ള രാഷ്ട്രീയ പരിവര്‍ത്തനങ്ങളായിരിക്കാം തമിഴ്നാട്ടില്‍ ഇനി കെട്ടഴിഞ്ഞുവീഴാന്‍ പോകുന്നത്. 93 വയസ്സുള്ള ഡി.എം.കെ നേതാവ് കരുണാനിധികൂടി രാഷ്ട്രീയമണ്ഡലത്തില്‍നിന്ന് തിരോഭവിക്കുന്നതോടെ, ദ്രാവിഡ രാഷ്ട്രീയത്തിന്‍െറ സംഭവബഹുലമായ ഒരു കാലഘട്ടത്തിന്‍െറ പകലറുതിക്കാണ് രാജ്യം സാക്ഷിയാവുക. ഇ.വി. രാമസ്വാമി നായ്ക്കരെ പോലുള്ള വിപ്ളവകാരികള്‍ ഉരുവം കൊടുത്ത ദ്രാവിഡ പ്രസ്ഥാനത്തിന് അധികാരരാഷ്ട്രീയത്തിന്‍െറ സമ്മര്‍ദങ്ങളില്‍പ്പെട്ട് അതിന്‍െറ എല്ലാ മൂല്യവിചാരങ്ങളും കൈമോശം വന്നിട്ടുണ്ടെങ്കിലും ഭരണഘടന വിഭാവന ചെയ്യുന്ന ഫെഡറല്‍ ക്രമത്തിനു വേണ്ടി ഇപ്പോഴും ഉറച്ചു നിലകൊള്ളുന്ന സംസ്ഥാനങ്ങളുടെ മുന്നിലാണ് തമിഴ്നാട്. ജനക്ഷേമപദ്ധതികളിലൂടെ ജനായത്തത്തിനു പുതിയൊരു ശൈലീരൂപം പ്രദാനം ചെയ്ത നാട്, ഒരുവേള ചിന്തിച്ചതും സാമൂഹികനീതിയുടെ ഭൂമികയില്‍നിന്നായിരുന്നു.

കഴിഞ്ഞ അരനൂറ്റാണ്ടായി പ്രാദേശിക കക്ഷികളാണ് സംസ്ഥാനം ഭരിക്കുന്നത്. കാമരാജും മൂപ്പനാരുമൊക്കെ കോണ്‍ഗ്രസ് രാഷ്ട്രീയം പയറ്റിയ അങ്കക്കളരി ആ പാര്‍ട്ടിക്കു എന്നോ നഷ്ടപ്പെട്ടത് ദ്രാവിഡ രാഷ്ട്രീയത്തിന്‍െറ കടന്നുകയറ്റത്തിനിടയിലാണ്. ജയയുടെ വിയോഗത്തോടെ സൃഷ്ടിക്കപ്പെട്ട ശൂന്യതയിലേക്ക് രാജ്യം ഭരിക്കുന്ന  പാര്‍ട്ടിയായ ബി.ജെ.പി അധിനിവേശം നടത്തുമോ  എന്ന ചോദ്യം ഉയരുന്നത് ആ പാര്‍ട്ടിയുടെ ചലനങ്ങളും നീക്കങ്ങളും നേരത്തേതന്നെ അതിന്‍െറ സൂചനകള്‍ നല്‍കിയിരുന്നു എന്നതുകൊണ്ടാണ്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ എങ്ങനെ മുന്നോട്ടുനീങ്ങണമെന്നതായിരിക്കും ഹിന്ദുത്വ പാര്‍ട്ടിയുടെ മുന്നിലെ ഇനിയത്തെ മുഖ്യ അജണ്ട.

പ്രത്യയശാസ്ത്രപരമായി എ.ഐ.എ.ഡി.എം.കെ, ബി.ജെ.പിയുമായി വളരെ അടുത്താണ് നില്‍ക്കുന്നതെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം അഭിപ്രായപ്പെടുകയുണ്ടായി. കഴിഞ്ഞ  നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് വോട്ടര്‍മാരെ നേരിടാനാണ് തങ്ങള്‍ ആഗ്രഹിച്ചതെങ്കിലും ഒരു വിഭാഗത്തിന്‍െറ (ന്യൂനപക്ഷത്തിന്‍േറതാവണം) വോട്ട് നഷ്ടപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടി ജയതന്നെയാണ് അതൊഴിവാക്കിയതെന്നും മന്ത്രി തുറന്നുപറഞ്ഞിരിക്കുന്നു.

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം തമിഴ്നാട്ടിലെ ഭരണത്തെക്കാള്‍ പ്രധാനം കേന്ദ്രത്തില്‍ ഭരണനൈരന്തര്യം ഉറപ്പുവരുത്തലും ഭാവിയില്‍ ഏത് വിഷമഘട്ടത്തിലും എ.ഐ.എ.ഡി.എം.കെയുടെ പിന്തുണ കൈയത്തെുംദൂരത്ത് നിലനിര്‍ത്താന്‍ ഉതകുന്ന ഒരു സഖ്യകക്ഷിയായി മാറ്റിയെടുക്കലുമാണ്. ലോക്സഭയില്‍ 37ഉം രാജ്യസഭയില്‍ 13 അംഗങ്ങളുമുള്ള അണ്ണാ ഡി.എം.കെ ബി.ജെ.പിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍ മൂന്നാമത്തെ വലിയ ശക്തിയാണ്. അതുകൊണ്ടുതന്നെ ആ പാര്‍ട്ടിയെ മറ്റാരെങ്കിലും റാഞ്ചുന്നതിനു മുമ്പ് സാമന്തക്കാരായെങ്കിലും നിര്‍ത്തുന്നതിനുള്ള തന്ത്രമായിരിക്കാം മോദിയും കൂട്ടരും പയറ്റുക. അപ്പോഴും, പ്രാദേശികമായ അടിയൊഴുക്കുകളും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും തന്നെയായിരിക്കും ജയയുടെ പാര്‍ട്ടിയുടെ ഭാവി സഞ്ചാരദിശ ആത്യന്തികമായി നിര്‍ണയിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - tamil politics goes to which direction?
Next Story