Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസിറിയൻ...

സിറിയൻ പ്രസിഡന്‍റിന്‍റെ ചരിത്രം കുറിച്ച വൈറ്റ് ഹൗസ് സന്ദർശനം

text_fields
bookmark_border
സിറിയൻ പ്രസിഡന്‍റിന്‍റെ ചരിത്രം കുറിച്ച വൈറ്റ് ഹൗസ് സന്ദർശനം
cancel


സിറിയൻ പ്രസിഡന്‍റ് അഹ്‌മദ്‌ അശ്ശറാ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ച ചരിത്രപ്രധാനമായാണ് വിലയിരുത്തപ്പെടുന്നത്. 1946ൽ സിറിയ സ്വതന്ത്രമായശേഷം 80 വർഷത്തിൽ ആദ്യമായാണ് ഒരു സിറിയൻ ഭരണാധികാരി വൈറ്റ് ഹൗസ് സന്ദർശിക്കുന്നത്. മുമ്പ് അൽ ഖാഇദെ ബന്ധത്തിന്റെ പേരിൽ അമേരിക്കയുടെയും മറ്റു പാശ്ചാത്യ ശക്തികളുടെയും ഭീകരപ്പട്ടികയിലായിരുന്ന അശ്ശറാ ഒരു വർഷം മുമ്പുവരെ അമേരിക്ക തലക്ക് പത്ത് മില്യൺ ഡോളർ വിലയിട്ടയാളായിരുന്നു എന്നുകൂടി വരുമ്പോൾ കൂടിക്കാഴ്ചയെ വിസ്മയമെന്നു തന്നെ വിശേഷിപ്പിക്കണം.

ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയ ബശ്ശാറുൽ അസദിനെ പുറന്തള്ളിയ അശ്ശറായെ പാട്ടിലാക്കുന്നതിന്‍റെ ഭാഗമായി ഉപരോധങ്ങൾ ഒരു എക്സിക്യൂട്ടിവ് ഉത്തരവിലൂടെ ട്രംപ് പിൻവലിക്കുകയാണുണ്ടായത്. 2006ൽ ഇറാഖിൽവെച്ച് അശ്ശറായെ യു.എസ് സൈന്യം പിടികൂടി അഞ്ചുവർഷം തടവിലിട്ടു. ജോർജ് ബുഷിന്‍റെ കാലം മുതൽ ‘തിന്മയുടെ അച്ചുതണ്ടാ’യി യു.എസ് വ്യവഹരിച്ചുപോന്ന നാലു രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ ഇറാൻ, ഇറാഖ്, ഉത്തര കൊറിയ എന്നിവക്കൊപ്പം നാലാമതായിരുന്നു സിറിയ. അതിന്‍റെ സാരഥിയെയാണ് കഴിഞ്ഞ ദിവസം ട്രംപ് ഹൃദ്യമായി സ്വീകരിച്ചത്.

ഈ യുഗപ്പകർച്ചക്കു കാരണങ്ങൾ ഒട്ടേറെയുണ്ട്. സിറിയയുടെ പ്രഥമ മുഖം ഇസ്രായേലിനെതിരെ അറബിപക്ഷത്തുനിന്ന് യുദ്ധം നടത്തുന്ന ഒരു രാജ്യമെന്നതായിരുന്നു. ഇസ്രായേലിന്‍റെ കണ്ണിലെ കരടായ ഇറാന്‍റെ പിന്തുണയുള്ള ശിയാ ഭരണകൂടമായിരുന്നു സിറിയയിൽ. എന്നാൽ, ഇന്ന് ഡമസ്കസിലേത് സുന്നി ഭരണകൂടമാണ്.

ഭരണവിരുദ്ധ ജനകീയ പ്രക്ഷോഭത്തെ നേരിടാൻ മുൻ പ്രസിഡന്‍റ് ബശ്ശാറുൽ അസദിന് ആവോളം സൈനികവും ധാർമികവുമായ പിന്തുണ നൽകിയ രണ്ടു പ്രധാന രാഷ്ട്രങ്ങളായ ഇറാനും റഷ്യയും അമേരിക്കയുടെ ബദ്ധവൈരികളായിരുന്നുവല്ലോ. അൽപകാലമായി റഷ്യക്ക് യുക്രെയ്ൻ യുദ്ധത്തിലും ഇറാന് ഇസ്രായേലിനെതിരായ ചെറുത്തുനിൽപിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നതുകൊണ്ടാണ് ഒരർഥത്തിൽ അസദിന് ഭരണം കൈവിടേണ്ടി വന്നത്. അമേരിക്കക്ക് ഏറെ സന്തോഷം പകർന്ന മാറ്റമായിരുന്നു അത്.

പുതിയ സൗഹൃദത്തിൽ നിന്ന് അശ്ശറായും ചിലത് പ്രതീക്ഷിക്കുന്നുണ്ട്. ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയുടെ പുനർനിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ ഭരണകൂടം പ്രഥമ പരിഗണന നൽകുന്നത് ഇസ്രായേലുമായുള്ള ഏറ്റുമുട്ടലിനോ, അവർ പിടിച്ച ജൂലാൻ കുന്നുകൾ തിരിച്ചുപിടിക്കുന്നതിനോ, ഇസ്രായേൽ അതിക്രമങ്ങൾ തടയുന്നതിനോ അല്ല; സ്വന്തം ജനതയുടെ ജീവനും ആരോഗ്യവും നിലനിർത്താൻ ഭക്ഷണവും ആരോഗ്യ സംവിധാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തരപ്പെടുത്തുന്നതിനാണ്.

തൽക്കാലം ഇസ്രായേലിനു ഭീഷണിയാവാനുള്ള അവസ്ഥയിലല്ല സിറിയ എങ്കിലും അശ്ശറാ സ്ഥാനമേറ്റെടുത്ത ഉടൻ തങ്ങളെക്കൊണ്ടാവും വിധം ഇസ്രായേൽ സിറിയയിൽ നാശം വിതച്ചിട്ടുണ്ട്. അതിനാൽ രാഷ്ട്ര പുനർനിർമാണത്തിന് ഒരു വശത്ത് സമ്പന്ന അറബ് രാജ്യങ്ങളെയും മറുപക്ഷത്ത് യു.എസിനെയും ആശ്രയിക്കാൻ നിർബന്ധിതമായ സിറിയ, അമേരിക്കക്ക് തൽക്കാലം ഫലസ്തീൻ-ലബനാൻ-ഇറാൻ കൂട്ടുകെട്ടിനെതിരെ ഒരു ബഫർ ആയി ഉപയോഗപ്പെടുത്താൻ പറ്റിയ കക്ഷിയാണ്. 89 രാജ്യങ്ങളോടൊപ്പം ഐ.എസിനെതിരായ ഉടമ്പടിയിൽ തൊണ്ണൂറാമത്തെ രാജ്യമായി സിറിയയെക്കൂടി ചേർക്കുക എന്നതു തന്നെയാണ് അമേരിക്കയുടെ ലക്ഷ്യം.

നിലനിൽപ് ഉറപ്പുവരുത്തുന്നതിലെ ഈ ഊന്നൽ കാരണമാണ് സ്വന്തം പാശ്ചാത്യവേഷത്തിലെന്നപോലെ നിലപാടുകളിലും മാറ്റം സൂചിപ്പിക്കുംവിധം അശ്ശറാ നീങ്ങുന്നത്. 13 വർഷത്തെ ആഭ്യന്തരയുദ്ധത്തിൽ തരിപ്പണമായ രാജ്യത്തിന്‍റെ സംവിധാനങ്ങൾ വീണ്ടും കെട്ടിപ്പടുക്കുന്ന ഭാരിച്ച ദൗത്യമാണ് മുന്നിൽ. കെട്ടിടങ്ങൾ ഏറെയും കല്ലും മണ്ണുമായി മാറിയ പ്രദേശങ്ങളിൽ പുനർനിർമാണത്തിന് പണം വേണം-ലോകബാങ്കിന്‍റെ കണക്കനുസരിച്ച് 216 ബില്യൺ ഡോളർ. യു.എസുമായി നല്ല ബന്ധം സ്ഥാപിക്കുകയാണ് അതിനുള്ള മാർഗം. വൻ ശക്തിയുമായി ഏറ്റുമുട്ടലല്ല ഇപ്പോഴത്തെ ആവശ്യം.

വൈറ്റ് ഹൗസിൽ വരുന്നതിനു മുമ്പേ റിയാദിൽ ഇരുവരും സംസാരിച്ചിരുന്നു. അതോടൊപ്പം യു.എസ് ഉപരോധം തൽക്കാലം ഉത്തരവിലൂടെ മരവിപ്പിച്ചിരുന്നെങ്കിലും കോൺഗ്രസ് പാസാക്കിയ ‘സീസർ ആക്ട്’ എന്ന നിയമംതന്നെ പിൻവലിച്ചുകിട്ടണം അശ്ശറാക്ക്. അത് തൽക്കാലം ആറു മാസത്തേക്കുകൂടി ദുർബലപ്പെടുത്താൻ കഴിയുമെന്നാണ് സിറിയ പ്രതീക്ഷിക്കുന്നത്.

അശ്ശറായുടെ മുന്നിൽ ഒട്ടേറെ വെല്ലുവിളികളും ചോദ്യചിഹ്നങ്ങളും ഉയരുന്നുണ്ട്. സാമ്പത്തികരംഗത്ത് സഹകരണത്തിന്‍റെ വാതിൽ തുറക്കുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിക്കുമ്പോൾതന്നെ ഒരു പക്ഷേ, പ്രകൃതിവാതക പര്യവേക്ഷണത്തിലും എന്നു കൂട്ടിച്ചേർത്തത് ശ്രദ്ധേയമാണ്. അസംസ്‌കൃത എണ്ണയുടെയോ പ്രകൃതിവാതകത്തിന്‍റെയോ വലിയ ശേഖരം സിറിയയിൽ ഇല്ലെങ്കിലും ഉള്ളതിൽ ഒരു കണ്ണ് അമേരിക്കക്കുണ്ട് എന്നുവേണം അനുമാനിക്കാൻ. ഒപ്പം അടിസ്ഥാന സൗകര്യ വികസനത്തിൽ യു.എസ് കമ്പനികൾക്ക് സാധ്യതയുള്ള വൻകിട കരാറുകളിലും.

മറ്റൊന്ന്, ഇസ്രായേലുമായുള്ള സിറിയയുടെ ബന്ധം മയപ്പെടുത്താനും സൗഹൃദപരമാക്കാനും ട്രംപിന് പദ്ധതിയുണ്ട്. അക്കൂട്ടത്തിൽ ‘എബ്രഹാം ഉടമ്പടി’കളുടെ വരുതിയിൽ സിറിയയെയും കൊണ്ടെത്തിക്കാൻ ട്രംപിന് ഉദ്ദേശ്യമുണ്ടെന്നത് പലരും സൂചിപ്പിച്ചതാണ്. അശ്ശറായുടെ സന്ദർശനം സിറിയയെ ഇസ്രായേലുമായി അടുപ്പിക്കാൻ ട്രംപ് ഉപയോഗപ്പെടുത്തിയേക്കുമെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടെങ്കിലും, സിറിയൻ വൃത്തങ്ങൾ അത് നിഷേധിക്കുകയാണ് ചെയ്തത്. അതെന്തായാലും മൊത്തത്തിൽ തെരഞ്ഞെടുക്കപ്പെട്ട പുതിയ സിറിയൻ നേതൃത്വം എന്തെല്ലാം കാര്യങ്ങളിൽ സമ്മതം മൂളുന്നുവെന്നത്, വിശിഷ്യാ ഹമാസിന്‍റെ പേരിൽ ഫലസ്തീനുമേൽ ഇസ്രായേൽ നടത്തിയ വംശഹത്യ ഉൾപ്പെടെയുള്ള ചെയ്തികളുടെ പശ്ചാത്തലത്തിൽ, അറബ് രാജ്യങ്ങളുടെ പക്ഷം കൂടുതൽ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്നുണ്ടാവണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:White HouseDonald TrumpSyrian PresidentAhmed al Sharaa
News Summary - Syrian president ahmed al sharaa's historic White House visit
Next Story