Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightദേശീയ വിദ്യാഭ്യാസനയം:...

ദേശീയ വിദ്യാഭ്യാസനയം: വെളിച്ചം പകരുന്ന കോടതിവിധി

text_fields
bookmark_border
ദേശീയ വിദ്യാഭ്യാസനയം: വെളിച്ചം പകരുന്ന കോടതിവിധി
cancel

ക്കഴിഞ്ഞ ചൊവ്വാഴ്ച സുപ്രീംകോടതി നൽകിയ ഒരു സുപ്രധാന വിധി വിദ്യാഭ്യാസമേഖലയിൽ സംസ്ഥാനങ്ങൾക്കുള്ള അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ച ദിശാസൂചക പരാമർശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. കേന്ദ്രസർക്കാർ ആവിഷ്​കരിച്ച 2020ലെ കേന്ദ്ര വിദ്യാഭ്യാസനയം നടപ്പാക്കാൻ വിസമ്മതിക്കുന്ന ബി.ജെ.പി ഇതര സർക്കാറുകൾ ഭരിക്കുന്ന തമിഴ്‌നാട്, കേരളം, പശ്ചിമബംഗാൾ സംസ്ഥാനങ്ങളോട് അതു നടപ്പാക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട്​ ഡൽഹിയിലെ അഭിഭാഷകൻ ജി.എസ്. മണി നൽകിയ ഹരജി തള്ളിയ സുപ്രീംകോടതി, കേന്ദ്ര വിദ്യാഭ്യാസനയം നടപ്പാക്കാൻ ഒരു സംസ്ഥാനത്തെയും നിർബന്ധിക്കാനാവില്ലെന്നു വ്യക്തമാക്കി. ഭരണഘടനയുടെ ഖണ്ഡിക 32ന്‍റെ പരിധിയിൽ ഈ അപേക്ഷ പെടില്ലെന്നും പൗരാവകാശങ്ങൾ ഹനിക്കുന്ന ഒന്നും ഇതിൽ അന്തർഭവിച്ചി​ട്ടില്ലെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.

ദേശീയ വിദ്യാഭ്യാസ നയം 2020ൽ അംഗീകരിച്ചതാണെങ്കിലും അതു നടപ്പാക്കാൻ തുടങ്ങിയത് 2023-24 അധ്യയനവർഷം മുതലാണ്. ഇതിലെ പല പ്രധാന ഭാഗങ്ങളോടും വിവിധ സംസ്ഥാനങ്ങൾക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അത് ഏതു വിധേനയും പ്രാബല്യത്തിൽ വരുത്തണമെന്ന നിർബന്ധബുദ്ധിയിലാണ് കേന്ദ്രം. അതിനു പല കാരണങ്ങളുണ്ട്. സർവമേഖലകളെയും കേന്ദ്രത്തിന്‍റെ വരുതിയിലാക്കാനുള്ള ത്വരക്കു പുറമെ, ഏകശിലാ രാഷ്ട്രത്തെക്കുറിച്ച ബി.ജെ.പിയുടെ വിഭാവനമാണ്​ ഒന്ന്​. രണ്ടാമതായി, സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ പദ്ധതികൾക്ക് നൽകുന്ന ഫണ്ടുകൾക്ക് ഈ നിബന്ധനവെച്ചാൽ ആ സാമ്പത്തികച്ചരടിൽ സംസ്ഥാനങ്ങളെ കുരുക്കിയിടാം. മൂന്നാമതായി, ദേശീയനയത്തിന്‍റെ ഭാഗമായി ത്രിഭാഷാപദ്ധതി നടപ്പാക്കി ഹിന്ദി പ്രചാരത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ ബി.ജെ.പി വേരോട്ടം വർധിപ്പിക്കാനും പ്രാദേശികഭാഷകളെ ക്ഷീണിപ്പിച്ച് ഹിന്ദി വൃത്തത്തിലേക്ക് ആ സംസ്ഥാനങ്ങളെ അടുപ്പിക്കാനും ശ്രമിക്കാം. ഇതെല്ലാം കണ്ടറിഞ്ഞുള്ള രോഷമാണ്​, എൻ.ഇ.പി നടപ്പാക്കിയാലേ പണം തരൂ എന്നാണെങ്കിൽ കേന്ദ്രത്തിന്‍റെ ആ 2000 കോടി വേണ്ടെന്ന പ്രഖ്യാപനത്തിലൂടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രകടിപ്പിച്ചത്. ഹരജിയിലെ വിഷയമല്ലാത്തതിനാൽ കേന്ദ്ര വിദ്യാഭ്യാസനയത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചൊന്നും വിലയിരുത്താൻ കോടതി മെനക്കെട്ടിട്ടില്ല.

സംസ്ഥാനങ്ങൾക്കു മേൽ നയങ്ങൾ അടിച്ചേൽപിക്കുന്ന തരത്തിൽ കേന്ദ്രം അധികാരം പ്രയോഗിക്കുന്നുണ്ട്. വിദ്യാഭ്യാസനയങ്ങളും മുൻഗണനകളും നിർണയിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ലെങ്കിൽ പിന്നെ സംസ്ഥാനങ്ങൾ എന്തിനാണ് സ്കൂളുകളും സർവകലാശാലകളും നടത്തുന്നത് എന്ന ചോദ്യം പ്രസക്തമാണ്​. വിദ്യാഭ്യാസം ഭരണഘടനയുടെ സമാവൃത്തി പട്ടികയിലായതിന്‍റെ പേരിൽ സംസ്ഥാനങ്ങൾ ചിത്രത്തിൽനിന്നു പുറത്താവുകയല്ല, സംസ്ഥാനങ്ങൾക്കും യൂനിയനും നിയമനിർമാണത്തിനു തുല്യാവകാശികളാവുകയാണ്. രണ്ടും തമ്മിൽ വൈരുധ്യമുണ്ടായാൽ കേന്ദ്രനിയമത്തിനായിരിക്കും മുൻ‌തൂക്കം. എന്നാൽ, ജുഡീഷ്യൽ നിരൂപണത്തിനു വിധേയമായ സ്ഥിതിക്ക് ഭരണഘടനയുമായുള്ള താദാത്മ്യം ഏതിനാണെന്ന് നിശ്ചയിക്കുക നീതിപീഠമാവും.

സ്കൂൾ സിലബസ് നിർണയിക്കുന്നതിൽ കേന്ദ്ര ഏജൻസിയായ എൻ.സി.ഇ.ആർ.ടി നിശ്ചയിക്കുന്ന പാഠഭാഗങ്ങൾതന്നെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമാക്കുമ്പോൾ സംസ്ഥാന നിലപാടുകളിലെ അഭിപ്രായ വ്യത്യാസങ്ങൾ വിഷയമാവാറുണ്ട്. ഉന്നതവിദ്യാഭ്യാസ തലത്തിൽ, കേന്ദ്രനിയന്ത്രണങ്ങൾക്കുള്ള അധികാരകേന്ദ്രങ്ങളായി ഇപ്പോൾ മാറിക്കഴിഞ്ഞ യു.ജി.സി, ‘നാക്’ തുടങ്ങിയ സ്ഥാപനങ്ങൾ മുമ്പ് വിഭാവനം ചെയ്ത റോളിനേക്കാൾ വിപുലമായ പരിധിയിൽ പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു. ദേശീയതലത്തിൽ അക്കാദമിക ഗുണനിലവാരം ഉറപ്പുവരുത്താനും വിദ്യാഭ്യാസ വികസന സഹായങ്ങൾ നിശ്ചയിക്കാനും വിഭാവനം ചെയ്യപ്പെട്ട യു.ജി.സി ഇന്നു നിയമനങ്ങളുടെ രീതി, കരിക്കുലത്തിന്‍റെ രൂപം, വി.സിമാരുടെ നിയമനം തുടങ്ങിയവ പോലും നിയന്ത്രിക്കുന്ന സ്ഥിതിയാണ്. ഫലത്തിൽ അതെല്ലാം കേന്ദ്രത്തിന് കൈകടത്താനുള്ള ഉപാധിയായി മാറി. ഈ പ്രവണതകൾക്കിടയിലാണ് കേന്ദ്ര സഹായം വേണമെന്നുണ്ടെങ്കിൽ കേന്ദ്രനയം നടപ്പാക്കിയേ തീരൂ എന്ന ഭീഷണി വരുന്നത്.

വിധിയുടെ വെളിച്ചത്തിൽ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ആലോചിക്കുകയാണ് കേരളം. കേന്ദ്രവുമായി സമ്മതപത്രം ഒപ്പിടാത്തതിന്‍റെ പേരിൽ തടഞ്ഞുവെച്ചിരിക്കുന്ന പി.എം ശ്രീ പദ്ധതിയുടെ 1500 കോടിയുടെ ധനസഹായം അനുവദിച്ചു കിട്ടാനാണ് ഈ നീക്കം. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തമിഴ്​നാട് വിദ്യാഭ്യാസ മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്​. കേരളം ലക്ഷ്യമിടുന്ന ഈ നിയമപോരാട്ടം നിർണായകമായ തീർപ്പിലേക്കെത്തേണ്ട ഒന്നാണ്​. കേന്ദ്ര തീരുമാനം ബാധിച്ച മറ്റു സംസ്ഥാനങ്ങളും ഇതിൽ ചേരാൻ സാധ്യതയുണ്ട്. ബി.ജെ.പിയുടെ രാഷ്ട്രീയ കാഴ്ചപ്പാടനുസരിച്ചുള്ള കേന്ദ്രീകൃതവും ഫെഡറൽ സങ്കൽപത്തിനുവിരുദ്ധവുമായ ഭരണശൈലിയെ തടയുകയും, വിദ്യാഭ്യാസവിഷയത്തിൽ സാഹോദര്യവും ബഹുസ്വരതയും കാത്തു സൂക്ഷിക്കുന്ന സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം നിലനിർത്തുകയും ചെയ്യേണ്ടതുണ്ട്. അമിത കേന്ദ്രീകരണ നീക്കങ്ങളെ ചെറുത്തുതോൽപിക്കാൻ ആവശ്യമായ ഗൃഹപാഠം ചെയ്തുകൊണ്ട് ബന്ധപ്പെട്ട സംസ്ഥാനങ്ങൾ ജാഗ്രത്തായി പ്രവർത്തിക്കും എന്നുതന്നെ പ്രതീക്ഷിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorialnational education policy 2020Supreme Court
News Summary - Madhyamam Editorial on Supreme Court verdict on state level implementation of National Education Policy
Next Story