ഭരണഘടനയുടെ അന്തസ്സത്ത കാത്ത കോടതിവിധി
text_fieldsകഴിഞ്ഞ ദിവസം, 1949 നവംബർ 26ന് കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിെൻറ എഴുപതാം വാർഷികം രാജ്യം ആചരിക്കെ ഭരണഘടനയുടെ അന്തസ്സത്തയും ചൈതന്യവും വാനോളം ഉയർത്തിപ്പിടിക്കുന്ന ഒരുവിധി പരമോന്നത കോടതിയു ടെ ഭാഗത്തുനിന്നുണ്ടായത് ഒരുവേള യാദൃച്ഛികമെന്ന് തോന്നാമെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ തീർത്തും അഭിമാനക രവും ആശ്വാസകരവുമായിരിക്കുന്നുവെന്ന് ഉറക്കെ പറയാതെ വയ്യ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തീവ്രഹിന്ദുത്വ സം ഘം രാജ്യത്തിെൻറ അധികാരം കൈയടക്കിയതിൽപിന്നെ സ്വീകരിച്ച ഓരോ നടപടിയും ഭരണഘടനയെ നോക്കുകുത്തിയാക്കുന്നതോ കടന്നാക്രമിക്കുന്നതോ ആയിരുന്നുവെന്ന് ചൂണ്ടിക്കാട്ടാൻ പ്രേരിപ്പിക്കുന്ന വിധത്തിലായിരുന്നു സംഭവങ്ങളുടെ ഗ തി.
ഭരണഘടനയുടെ അടിത്തറകളായ ജനാധിപത്യത്തോടും മതനിരപേക്ഷതയോടും സർക്കാറിന് ഒട്ടുമേ പ്രതിബദ്ധതയില്ലെന്ന് വിളിച്ചോതുന്ന നിയമനിർമാണങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. ഇക്കൊല്ലം തീവ്രഹിന്ദുത്വ സർക്കാറിന് ഭരണത്തിെൻറ രണ്ടാമൂഴം പൂർവാധികം ഭൂരിപക്ഷത്തോടെ പിടിച്ചെടുക്കാനും പ്രതിപക്ഷത്തെ നിർവീര്യമാക്കാനും കഴിഞ്ഞതിൽപിന്നെ ഭരണഘടനയുടെതന്നെ 370ാം വകുപ്പ് റദ്ദാക്കി ജമ്മു-കശ്മീരിലെ പൗരസ്വാതന്ത്ര്യങ്ങൾ നിഷേധിച്ച് കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുന്ന രാഷ്ട്രപതിയുടെ വിളംബരത്തിലൂടെ ആയിരുന്നു തുടക്കം. ഇതു ചോദ്യംചെയ്യുന്ന ഹരജികൾ ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുകയാണ്, ആയിരക്കണക്കിന് രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ തടങ്കൽപാളയത്തിൽ അനിശ്ചിതമായി തുടരുകയും ചെയ്യുന്നു. ഒരു പ്രത്യേക മതസമുദായത്തിന് പൗരത്വം നിഷേധിക്കുന്ന ബിൽ പാർലമെൻറിൽ അവതരിപ്പിക്കാൻ പോവുകയാണെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിക്കുന്നു.
നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ മൗലികമായ ബഹുസ്വര ഭാവംതന്നെ അട്ടിമറിക്കുന്ന ഏകസിവിൽ കോഡും നിയമനിർമാണത്തിെൻറ മൂശയിൽ രൂപംകൊ ള്ളുന്നു. ഇതിനിടെയാണ് ഇലക്ഷൻ കമീഷൻ, ഗവർണർ പദവി, റിസർവ് ബാങ്ക് മുതലായ സുപ്രധാന ഭരണഘടന സ്ഥാപനങ്ങളെ മുച്ചൂടും കാവിവത്കരിക്കാനുള്ള സഫലയത്നങ്ങൾ നടന്നത്. ഒപ്പം ജുഡീഷ്യറിപോലും സമ്മർദത്തിനടിപ്പെടുകയോ സ്വാധീനിക്കപ്പെടുകയോ ചെയ്യുന്നു എന്ന മുന്നറിയിപ്പും പ്രശസ്തരായ ഭരണഘടനാ വിദഗ്ധരുടെ ഭാഗത്തുനിന്നുണ്ടായി. ബാബരി മസ്ജിദ് ഭൂമിത്തർക്കത്തിലെ സുപ്രീംകോടതി വിധി അതിനെ സാധൂകരിക്കുകയും ചെയ്തു. വസ്തുതകളേക്കാൾ വിശ്വാസത്തിന് പരിഗണന നൽകിയ അന്തിമവിധി ഒട്ടേറെ സങ്കീർണ നിയമപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയാണ് നിയമവിദഗ്ധർ പങ്കുവെക്കുന്നത്.
അതിനിടെയാണ് മഹാരാഷ്ട്രയിൽ ശിവസേനയോടൊപ്പം നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി ബഹുഭൂരിപക്ഷത്തോടെ ജയിച്ച് അധികാരത്തിൽ തുടരുമെന്ന് പ്രതീക്ഷിച്ചിരിക്കെ മുഖ്യമന്ത്രിപദത്തെച്ചൊല്ലി ശിവസേന പിണങ്ങിപ്പിരിയുന്നതും അനുരഞ്ജന ശ്രമങ്ങളെ മുഴുവൻ നിഷ്ഫലമാക്കി പ്രതിപക്ഷത്തോടൊപ്പം ചേർന്ന് മന്ത്രിസഭയുണ്ടാക്കാൻ ഇറങ്ങിത്തിരിക്കുന്നതും. ഓർക്കാപ്പുറത്തെ തിരിച്ചടിയിൽ സമചിത്തത നഷ്ടപ്പെട്ട മോദി-അമിത് ഷാ ടീമിെൻറ നിർദേശപ്രകാരമായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിെൻറ ചടുലനീക്കങ്ങൾ. അജിത് പവാറിെൻറ േനതൃത്വത്തിൽ എൻ.സി.പിയെ പിളർത്തി മന്ത്രിസഭ രൂപവത്കരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി ഗവർണർ ഭഗത്സിങ് കോശിയാരി പിന്നീട് കളിച്ചതൊക്കെ കൂരിരുട്ടിലെ കളികളാണ്.
അർധരാത്രിതന്നെ രാഷ്ട്രപതി ഭരണം പിൻവലിച്ചതോടൊപ്പം ദേവേന്ദ്ര ഫഡ്നാവിസിന് മുഖ്യമന്ത്രിയായും കാലുമാറിയെത്തിയ അജിത് പവാറിന് ഉപമുഖ്യമന്ത്രിയായും ഗവർണർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തപ്പോൾ ജസ്റ്റിസ് സാവന്തിെൻറ വാക്കുകളിൽ ‘നവംബർ 22ന് രാത്രിയിലും 23ന് പുലർച്ചയുമായി നടന്ന സംഭവങ്ങളാകെ രാഷ്ട്രീയമായ തെമ്മാടിത്തവും സാമൂഹികമായ തോന്ന്യവാസവും’ ആയിരുന്നു. പ്രമാദമായ ബൊമ്മെ കേസിൽ രാജ്ഭവനിലല്ല, നിയമസഭാ ഹാളിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടതെന്ന പരമോന്നത കോടതിവിധി പുറപ്പെടുവിച്ച ന്യായാധിപനാണ് ജസ്റ്റിസ് സാവന്ത് എന്നോർക്കണം. സ്വാഭാവികമായും മഹാരാഷ്ട്ര ഗവർണറുടെ തീരുമാനം സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ ബി.ജെ.പിയുടെ എല്ലാ അവകാശവാദങ്ങളും തള്ളിയ മൂന്നംഗ ബെഞ്ച്, ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്ക് മുമ്പായി നിയമസഭ വിളിച്ചുചേർത്ത് ഫഡ്നാവിസ് ഭൂരിപക്ഷം തെളിയിക്കണമെന്നും വോട്ടെടുപ്പ് പരസ്യമായിരിക്കണമെന്നും അത് ടെലിവിഷനിൽ സംപ്രേഷണം ചെയ്യണമെന്നും സഭ പ്രോ ടെം സ്പീക്കറുടെ അധ്യക്ഷതയിലാവണമെന്നും അസന്ദിഗ്ധമായി ഉത്തരവിട്ടതോടെ കുതിരക്കച്ചവടത്തിെൻറ സമസ്ത സാധ്യതകളും അടയുകയായിരുന്നു.
കർണാടകയിലും അതിനുമുമ്പ് ഗോവയിലും വിനീതവിധേയരായ ഗവർണർമാരെ ഉപയോഗിച്ച് മോദി-അമിത് ഷാ ടീം നടത്തിയ അരുതായ്മകളുടെ ആവർത്തനത്തിനാണ് ഇതുവഴി സുപ്രീംകോടതി തടയിട്ടത്. അത്യാപദ്ഘട്ടങ്ങളിൽ മാത്രം പ്രയോഗിക്കാവുന്ന ഭരണഘടനാ വകുപ്പുകളെ കേന്ദ്രസർക്കാറിെൻറ അവിഹിതനീക്കങ്ങളുടെ ചട്ടുകമായി ഉപയോഗിക്കുന്ന ഗവർണർമാർക്കും മറ്റു ഭരണഘടനാ സ്ഥാപന മേധാവികൾക്കും ശക്തമായ താക്കീതുകൂടിയാണ് മഹാരാഷ്ട്രക്കാര്യത്തിൽ സുപ്രീംകോടതിയുടെ സമയോചിത ഇടപെടൽ. ഫഡ്നാവിസും അജിത് പവാറും രാജിവെച്ചതോടെ സർക്കാർ രൂപവത്കരിക്കാനുള്ള ബി.ജെ.പിയുടെ പൂതി തൽക്കാലം തടസ്സപ്പെട്ടെങ്കിലും ഭരണഘടനയുടെ അന്തസ്സത്തയോട് തെല്ലും കൂറോ പ്രതിബദ്ധതയോ ഇല്ലാത്തവരുടെ ഭാവിനീക്കങ്ങൾ പ്രവചനാതീതമാണ്. ഭരണഘടന രക്ഷകരുടെയും പ്രബുദ്ധ ജനതയുടെയും ജാഗ്രത മാത്രമാണ് കുത്സിത കുതന്ത്രങ്ങൾക്കെതിരെയുള്ള ഗാരൻറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
