Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസ്​റ്റാൻ സ്വാമിക്ക്...

സ്​റ്റാൻ സ്വാമിക്ക് വെള്ളം കുടിക്കാൻ സ്​േട്രാ വേണം

text_fields
bookmark_border
സ്​റ്റാൻ സ്വാമിക്ക് വെള്ളം കുടിക്കാൻ സ്​േട്രാ വേണം
cancel




ജസ്യൂട്ട് ക്രിസ്​ത്യൻ സഭയിലെ പുരോഹിതനാണ് തമിഴ്​നാട്ടുകാരനായ സ്​റ്റാൻ സ്വാമി. 83 വയസ്സ്. ഝാർഖണ്ഡിലെ അവികസിതമായ ആദിവാസി മേഖലകൾ പ്രവർത്തന മണ്ഡലമായി തെരഞ്ഞെടുത്ത സാമൂഹികപ്രവർത്തകൻ. 2020 ഒക്ടോ


ബർ എട്ടിനാണ് പ്രമാദമായ ഭീമ-കൊറെഗാവ് കേസ്​ അന്വേഷിക്കുന്ന എൻ.ഐ.എ സംഘം അദ്ദേഹത്തെ യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്യുന്നത്. മഹാരാഷ്​ട്രയിലെ പുണെക്കടുത്ത ഭീമ-കൊറെഗാവ് ഗ്രാമത്തിൽ, 2018 ജനുവരി ഒന്നിന് കൊറെഗാവ് യുദ്ധത്തിെൻറ ഇരുനൂറാം വാർഷികം ആചരിക്കാൻ ദലിത് സംഘടനകൾ വലിയ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഈ സമ്മേളനത്തിനു നേരെ സവർണജാതി വിഭാഗങ്ങൾ ആക്രമണം അഴിച്ചുവിടുകയും സംഘർഷം രൂപപ്പെടുകയും ചെയ്തു. ഇതാണ് ഭീമ-കൊറെഗാവ് കേസിെൻറ ആധാരം. ദലിത് സമ്മേളനത്തിനു നേരെ സവർണർ ആക്രമണം നടത്തുകയായിരുന്നെങ്കിലും അവരാരും കേസിൽ പ്രതിചേർക്കപ്പെട്ടില്ല. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ആക്​ടിവിസ്​റ്റുകൾ, മനുഷ്യാവകാശപ്രവർത്തകർ, എഴുത്തുകാർ, അക്കാദമീഷ്യന്മാർ എന്നിവരെ കേസിൽ പ്രതിചേർക്കുകയും യു.എ.പി.എ ചേർത്ത് അറസ്​റ്റ്​ ചെയ്യുകയുമായിരുന്നു. പ്രഗല്​ഭ പത്രപ്രവർത്തകനായ ഗൗതം നവലാഖ, തെലുഗ്​ കവി വരവരറാവു, മനുഷ്യാവകാശ പ്രവർത്തകനായ അരുൺ ഫെറീറ, അഭിഭാഷകയും േട്രഡ് യൂനിയൻ സംഘാടകയുമായ സുധാ ഭരദ്വാജ്, അറിയപ്പെട്ട അക്കാദമീഷ്യന്മാരായ ആനന്ദ് തെൽതുംബ്ഡെ, ഷോമ സെൻ, മലയാളികളായ റോണ വിൽസൺ, ഡൽഹി യൂനിവേഴ്സിറ്റി പ്രഫസർ ഹാനി ബാബു എന്നിവർ സ്​റ്റാൻ സ്വാമിയെ കൂടാതെ ഈ കേസിൽ പ്രതിചേർക്കപ്പെട്ട് വിചാരണത്തടവുകാരായി മുംബൈയിലെ തലോജ ജയിലിൽ കഴിയുകയാണ്.

83കാരനായ സ്​റ്റാൻസ്വാമിക്ക് ആരോഗ്യപ്രശ്നങ്ങൾ ഏറെയുണ്ട്. ഇരുചെവികളുടെയും കേൾവിശക്തിക്ക് കാര്യമായ തകരാറുണ്ട്. സന്ധി വേദനയുണ്ട്. വാർധക്യസഹജമായ മറ്റു പ്രയാസങ്ങളും. ജയിലിൽതന്നെ നാലുതവണ അദ്ദേഹം കുഴഞ്ഞുവീണിട്ടുണ്ട്. എല്ലാറ്റിലുമുപരി, അദ്ദേഹം പാർകിൻസൺസ്​ രോഗിയാണ്. കൈവിറയൽ ഉള്ളത് കാരണം വെള്ളം കുടിക്കാനുള്ള ഗ്ലാസ്​ പിടിക്കാൻ കഴിയില്ല. വെള്ളം കുടിക്കാൻ സ്​േട്രായും സിപ്പർ കപ്പും ജയിലിൽ അനുവദിച്ചുതരണമെന്നാവശ്യപ്പെട്ട് നവംബർ ആറിന് അദ്ദേഹം കോടതിക്ക് അപേക്ഷ നൽകിയിരുന്നു. ഒക്ടോബർ എട്ടിന്​ തന്നെ അറസ്​റ്റ്​ ചെയ്യുമ്പോൾ ബാഗിൽ ഇവ രണ്ടുമുണ്ടായിരുന്നെന്നും അതുതന്നെ നൽകിയാൽ മതിയെന്നും അദ്ദേഹം എഴുതി. അപേക്ഷ പരിഗണിച്ച 'ബഹുമാനപ്പെട്ട കോടതി' വിഷയത്തിൽ മറുപടി നൽകാൻ എൻ.ഐ.എക്ക് 20 ദിവസത്തെ സമയം നൽകി. തങ്ങൾ പിടിച്ചെടുത്ത വസ്​തുക്കളിൽ സ്​േട്രായും സിപ്പർ കപ്പും ഇല്ലെന്ന് എൻ.ഐ.എ കോടതിക്ക് മറുപടി നൽകി. ആ ഗംഭീര മറുപടി നൽകാൻ 20 ദിവസമെടുത്തുവെന്ന് മാത്രം! ജയിലിൽ സ്വാമി ആവശ്യപ്പെട്ട വസ്​തുക്കൾ നൽകണമോ എന്ന് തീരുമാനിക്കേണ്ടത് ജയിൽ അധികൃതരാണെന്നും കോടതിയെ എൻ.ഐ.എ അറിയിച്ചു. നവംബർ 26ന് വിഷയം പരിഗണിച്ച കോടതി അതിമഹത്തായ ഒരു തീരുമാനം എടുത്തിട്ടുണ്ട്. വിഷയത്തിൽ ജയിൽവകുപ്പിന്‍റെ മറുപടി ആരാഞ്ഞിരിക്കുകയാണ് കോടതി. മറുപടി നൽകാൻ ഡിസംബർ നാലുവരെ സമയമുണ്ട്. സ്​റ്റാൻ സ്വാമിയുടെ ആവശ്യം പരിഗണിക്കണോയെന്ന് അന്ന് തീരുമാനിക്കും. വെള്ളം കുടിക്കാൻ ഉപയോഗിക്കുന്ന ഒരു സ്​േട്രായുടെ കാര്യത്തിലാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ഈ നടപടിക്രമങ്ങളെന്ന് ഓർക്കണം. ഡിസംബർ നാലിന് നീതിയുടെ പൊൻകിരണമായി ആ സ്​േട്രാ തലോജ ജയിലിെൻറ കാവൽവാതിലുകൾ കടന്ന് അകത്ത് കടക്കുമോ എന്ന് നമുക്ക് കാത്തിരിക്കുക.

കൈവിറയൽ കാരണം നേരെചൊവ്വെ വെള്ളം കുടിക്കാൻ പറ്റുന്നില്ലെന്നും അതിനാൽ ഒരു സ്​േട്രായും കപ്പും അനുവദിച്ചുതരാൻ ദയവുണ്ടാകണം എന്നും ആവശ്യപ്പെട്ട് പാർകിൻസൺസ്​ രോഗിയായ ഒരു വൃദ്ധപുരോഹിതൻ നൽകിയ അപേക്ഷയോട് നമ്മുടെ നീതിന്യായ വ്യവസ്ഥ പ്രതികരിച്ചതിന്‍റെ നാൾവഴിക്കുറിപ്പാണ് മേൽ വിവരിച്ചത്. 'നാണമില്ലേ കൂട്ടരേ, നിങ്ങൾക്ക്' എന്ന് മുഖത്ത് നോക്കി ചോദിക്കേണ്ടതാണ്. പക്ഷേ, നാണമില്ലാത്ത ഈ നീതിമാന്മാർ കോടതിയലക്ഷ്യവുമായി രംഗത്തുവരും. നീതിന്യായ വ്യവസ്ഥതന്നെ ഇമ്മട്ടിൽ നീതിരഹിതവും മനുഷ്യത്വവിരുദ്ധവുമായി പെരുമാറിയാൽ പിന്നെ എവിടെയാണ് പ്രതീക്ഷകൾ അവശേഷിക്കുന്നത്? സ്​റ്റാൻ സ്വാമിയുടെ കാര്യത്തിൽ മാത്രം സംഭവിക്കുന്നതാണ് ഇമ്മാതിരി നെറികേടുകൾ എന്നു വിചാരിക്കരുത്. ഇതേ കേസിൽ അറസ്​റ്റ്​ ചെയ്യപ്പെട്ട വരവരറാവു മരണവുമായി മല്ലിട്ടുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് പോസിറ്റിവ് ആയിട്ടുപോലും അദ്ദേഹത്തിന് ജാമ്യം നൽകാൻ കോടതി തയാറായില്ല. പലവിധ രോഗങ്ങളുടെ പിടിയിൽ പെട്ട, തെലുഗു നാട്ടിലെ ആ വിശ്രുത എഴുത്തുകാരന് ബന്ധുക്കളെ കാണാനുള്ള അവസരങ്ങൾ പോലും നിഷേധിക്കപ്പെട്ടു.

സ്​റ്റാൻ സ്വാമിയുടെ കഥ നമ്മുടെ നീതിന്യായസംവിധാനത്തിെൻറ യഥാർഥ ചിത്രമാണ് വെളിച്ചത്ത് കൊണ്ടുവരുന്നത്. യു.എ.പി.എ, രാജ്യ​േദ്രാഹം തുടങ്ങിയവ ചാർത്തപ്പെട്ടുകഴിഞ്ഞാൽ നീതിയും ന്യായവും നോക്കേണ്ട, കാട്ടുനീതി മാത്രമേ വേണ്ടതുള്ളൂ എന്ന ചിന്ത നമ്മുടെ സംവിധാനങ്ങളെയാകെ കീഴ്പ്പെടുത്തിയെന്ന് തോന്നുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - stan swamy needs a straw to drink water
Next Story