Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതമ്മില്‍ തല്ലി...

തമ്മില്‍ തല്ലി നശിക്കുന്ന യാദവകുലം

text_fields
bookmark_border
തമ്മില്‍ തല്ലി നശിക്കുന്ന യാദവകുലം
cancel

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയിലെ കുടുംബകലഹം സകല സീമകളും ലംഘിച്ച്  ജുഗുപ്സാവഹമായ പതനത്തിലത്തെിയിരിക്കയാണിപ്പോള്‍. എസ്.പിയുടെ പരമോന്നത നേതാവ് മുലായം സിങ് യാദവിന്‍െറ പുത്രനും സംസ്ഥാന മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ഒരുവശത്തും അയാളുടെ പിതൃസഹോദരനും മന്ത്രിസഭാംഗവുമായ ശിവ്പാല്‍ യാദവ് മറുവശത്തുമായി നാളുകളായി തുടരുന്ന യുദ്ധത്തിന് താല്‍ക്കാലിക വിരാമം പ്രഖ്യാപിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിന് ഒരുവേള സാധിച്ചിട്ടുണ്ടെങ്കിലും  ഇതിനകം മൂര്‍ച്ഛിച്ചുകഴിഞ്ഞ പരസ്പര വൈരവും പ്രതികാരവാഞ്ഛയും അധികാര വടംവലിയും അവസാനിപ്പിക്കാന്‍ അദ്ദേഹത്തിനാവുമെന്ന് കരുതാന്‍ വയ്യ.

അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന മുഖ്യമന്ത്രി അഖിലേഷിന്‍െറ ഭരണം വിജയമായിരുന്നുവെന്ന് അവകാശപ്പെടാന്‍ അനുഭവങ്ങള്‍ സഹായിക്കുന്നില്ല. അതിന്‍െറ സ്പഷ്ടമായ സാക്ഷ്യപത്രമായിരുന്നു 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയെടുത്ത അമ്പരപ്പിക്കുന്ന വിജയം. മൊത്തം 80 സീറ്റുകളില്‍ 71ഉം കാവിപ്പട പിടിച്ചെടുത്തപ്പോള്‍ കേവലം അഞ്ച് സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു സംസ്ഥാന ഭരണകക്ഷിക്ക്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പും പിമ്പുമായി ശതക്കണക്കില്‍ വര്‍ഗീയകലാപങ്ങളും സംഘര്‍ഷങ്ങളും യു.പിയില്‍ നടമാടി. മുസഫര്‍ നഗര്‍ കലാപത്തില്‍ സര്‍വസ്വം നഷ്ടപ്പെട്ട ന്യൂനപക്ഷ സമുദായക്കാര്‍ കൂട്ടത്തോടെ പലായനം ചെയ്യേണ്ടിവന്നു. അവരുടെ പുനരധിവാസം ഇപ്പോഴും സങ്കീര്‍ണ പ്രശ്നമായി തുടരുന്നു. മാട്ടിറച്ചിയുടെ പേരില്‍ വഴക്കും വക്കാണവും കൊലപാതകങ്ങളും പതിവാക്കിയ തീവ്രഹിന്ദുത്വവാദികള്‍ സൈ്വരവിഹാരം നടത്തുന്നു. ഫൈസാബാദില്‍ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തുതന്നെ രാമക്ഷേത്രം പണിയാനുള്ള നീക്കങ്ങള്‍ തകൃതിയായിരിക്കെ 225 കോടി രൂപ ചെലവിട്ട് ശ്രീരാമ മ്യൂസിയം നിര്‍മാണ പദ്ധതിയും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.

ഹിന്ദുത്വ പിത്തലാട്ടത്തെ നിശ്ചേഷ്ടമായി നോക്കിനില്‍ക്കാനേ അഖിലേഷ് സര്‍ക്കാറിനും എസ്.പിക്കും കഴിയുന്നുള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മോദി യു.പിയില്‍ നിലയുറപ്പിച്ച് എന്തുവിലകൊടുത്തും സംസ്ഥാനഭരണം പിടിച്ചെടുക്കാന്‍ കരുക്കള്‍ നീക്കുമ്പോള്‍ എല്ലാം മറന്ന് തമ്മിലടിയാണ് എസ്.പി കാഴ്ചവെക്കുന്നതെങ്കില്‍ ഫലം പ്രവചിക്കേണ്ടതുണ്ടോ? 2012ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 403ല്‍ 224 സീറ്റുകളും 29.13 ശതമാനം വോട്ടും നേടി ഒറ്റക്ക് അധികാരമുറപ്പിക്കാന്‍ കഴിഞ്ഞ മുലായമിന്‍െറ പാര്‍ട്ടിയുടെ ഗംഭീരവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് മുസ്ലിം വോട്ടുകളാണെന്നത് നിര്‍വിവാദമാണ്.

കാവിപ്പടയെ അധികാരത്തിന് പുറത്തുനിര്‍ത്താന്‍ ശേഷിയുള്ള പാര്‍ട്ടിയെന്ന് അവര്‍ കണക്കുകൂട്ടിയ സമാജ്വാദി പാര്‍ട്ടിയെ മറ്റെല്ലാം മറന്ന് ന്യൂനപക്ഷ സമുദായം ജയിപ്പിക്കുകയായിരുന്നു. ഇതാണ് സത്യമെന്ന് കൃത്യമായി ബോധ്യപ്പെട്ടിട്ടും അവരോട് നീതിചെയ്യാന്‍ അഖിലേഷ് സര്‍ക്കാറിന് സാധിച്ചില്ളെന്നതോ പോകട്ടെ, ഈ പതിനൊന്നാം മണിക്കൂറില്‍ തമ്മില്‍തല്ലി നാശത്തിന്‍െറ പടുകുഴിയിലേക്ക് വീഴുകയുമാണ്. തങ്ങള്‍ തീര്‍ത്തും നിരാശരാണെന്ന് യു.പിയിലെ മുസ്ലിം നേതാക്കള്‍ തുറന്നുപറയുന്നു. അഴിമതിയും ധൂര്‍ത്തും ദുര്‍വ്യയവുംകൊണ്ട് പ്രതിച്ഛായ  കളഞ്ഞുകുളിച്ചതിനാല്‍ കഴിഞ്ഞതവണ കൈയൊഴിഞ്ഞ മായാവതിയുടെ ബി.എസ്.പിയിലേക്കുതന്നെ മടങ്ങേണ്ട ഗതികേടിലാണ് യു.പിയിലെ മുസ്ലിംകള്‍.
പക്ഷേ, ഇത്തരം സന്ദിഗ്ധഘട്ടങ്ങളില്‍ വോട്ടുകള്‍ ശിഥിലമാവുകയും കെട്ടുറപ്പും ഭദ്രതയും വേണ്ടത്രയുള്ള ഫാഷിസ്റ്റ് ശക്തികള്‍ മതേതര ശൈഥില്യത്തില്‍നിന്ന് മുതലെടുത്ത് അധികാരത്തിലേറുകയുമാണ് സ്വാഭാവിക പരിണാമം.

27 വര്‍ഷം മുമ്പ് യു.പിയിലെ അധികാരം വിട്ടൊഴിയേണ്ടിവന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് അഭിമാനാര്‍ഹമായ ഒരു തിരിച്ചുവരവിനെക്കുറിച്ച് പ്രതീക്ഷകളില്ല. നാള്‍ക്കുനാള്‍ ദുര്‍ബലമായിവരുന്ന പാര്‍ട്ടിയില്‍നിന്ന്, ഒരുകാലത്ത് കോണ്‍ഗ്രസിലെ കരുത്തുറ്റ നേതാവായിരുന്ന എച്ച്.എന്‍. ബഹുഗുണയുടെ രണ്ട് മക്കളും-വിജയ് ബഹുഗുണയും റീത്താ ബഹുഗുണയും-പുറത്തുചാടി ബി.ജെ.പിയില്‍ ചേക്കേറിക്കഴിഞ്ഞു. എസ്.പിയോ ബി.എസ്.പിയോ കോണ്‍ഗ്രസുമായി സഖ്യം ചേരുന്നതില്‍ താല്‍പര്യം കാട്ടുന്നുമില്ല. ഡസനോളം മുസ്ലിം സാമുദായിക പാര്‍ട്ടികള്‍ ഒന്നിച്ചുനിന്നാല്‍പോലും അദ്ഭുതമൊന്നും കാണിക്കാന്‍ കഴിയില്ളെന്നിരിക്കെ ഏകീകരണത്തിന് ഗൗരവപൂര്‍വമായ നീക്കങ്ങള്‍ നടക്കുന്നുമില്ല. ഈ പശ്ചാത്തലത്തില്‍ എസ്.പിയും ബി.എസ്.പിയും ഒരുമിച്ചു പോരാടിയാലേ യു.പിയില്‍ അമിത് ഷായുടെ പാര്‍ട്ടിയെ തളക്കാനാവൂ. ദുനിയാവില്‍ ആര്‍തന്നെ പരസ്പരം യോജിച്ചാലും മുലായം സിങ്ങും മായാവതിയും ഒരിടത്തിരിക്കുകയില്ളെന്നതാണ് സംശയാതീതമായ വസ്തുത.

ചുരുങ്ങിയപക്ഷം ഫാഷിസ്റ്റ് സ്ഥാനാര്‍ഥികള്‍ക്ക് വിജയം സുനിശ്ചിതമായ മണ്ഡലങ്ങളിലെങ്കിലും അയാളെ തോല്‍പിക്കാന്‍ പ്രാപ്തനായ മതേതര സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ എല്ലാ മതേതര പാര്‍ട്ടികളും മതന്യൂനപക്ഷങ്ങളും ധാരണയിലത്തെുകയാണ് പ്രായോഗിക പരിഹാരം. പക്ഷേ, തെരഞ്ഞെടുപ്പ് ആസന്നമായ ഈ ഘട്ടത്തില്‍പോലും അത്തരം കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാന്‍ നേരമില്ലാതെ കുടുംബകലഹത്തില്‍ ജയിക്കാനാണ് സോഷ്യലിസ്റ്റ് നേതാവായ മുലായം സിങ് യാദവിന്‍െറ അനിയന്മാരും മക്കളും മരുമക്കളുമൊക്കെ തമ്മില്‍ തല്ലുന്നത്. മറ്റൊരുവിധത്തില്‍ തലമുറകള്‍ തമ്മിലുള്ള ഭീമമായ വിടവും ഇപ്പോഴത്തെ സംഭവങ്ങളുടെ അന്തര്‍ധാരയാണ്. പുതിയ ആകാശവും പുതിയ ഭൂമിയും പണിയണമെന്ന് മോഹമുള്ള അഖിലേഷും പഴയ ശീലങ്ങളും ശീലക്കേടുകളും മാറ്റാന്‍ തയാറില്ലാത്ത ശിവ്പാലും രാം ഗോപാലും ഏറ്റുമുട്ടുമ്പോള്‍ തളരുന്ന മുലായം സിങ് എന്ന പഴയ പടക്കുതിരയോട് സഹതപിക്കുകയല്ലാതെ മറ്റെന്തുചെയ്യാന്‍.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sp
News Summary - sp
Next Story