Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശശി തരൂർ, താങ്കളും?
cancel

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് ഇന്ത്യ ‘സെക്യുലർ, സോഷ്യലിസ്റ്റ് രാജ്യം’ ആണെന്ന പരാമർശം പുനഃപരിശോധിക്കണമെന്ന ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബലെയുടെ ആവശ്യത്തെ പല്ലും നഖവും ഉപയോഗിച്ച് തന്റെ പാർട്ടി എതിർക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

അടിയന്തരാവസ്ഥയിൽ മൗലികാവകാശങ്ങൾ സസ്​പെൻഡ്​ ചെയ്യപ്പെട്ട കാലത്ത് ഭരണഘടന ഭേദഗതി ചെയ്തപ്പോഴാണ് ആമുഖത്തിൽ ബാബാ സാഹബ് അംബേദ്കർ ചേർത്തിട്ടില്ലാത്ത പ്രസ്തുത പദപ്രയോഗങ്ങൾ കൂട്ടിച്ചേർത്തതെന്ന് അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികം പ്രമാണിച്ച് സംഘടിപ്പിക്കപ്പെട്ട ഒരു പരിപാടിയിൽ ആർ.എസ്.എസ് കാര്യദർശി ചൂണ്ടിക്കാട്ടുകയായിരുന്നു. വാസ്തവത്തിൽ രാഷ്ട്രീയ സ്വയംസേവക് സംഘിന്​ ഇന്ത്യ ഒരിക്കലും മതേതര സോഷ്യലിസ്റ്റ് രാജ്യമായി സങ്കൽപിക്കാനേ കഴിയുകയില്ലെന്ന് പണ്ടേക്ക് പണ്ടേ ബോധ്യപ്പെട്ടതാണ്. കാരണം ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാൻ നൂറ് സംവത്സരങ്ങളായി പണിയെടുക്കുന്ന അതിതീവ്ര ഹിന്ദുത്വ ദേശീയപ്രസ്ഥാനമാണത്.

പതിനൊന്ന് വർഷമായി അതിനുള്ള ആസൂത്രിത ശ്രമങ്ങളിലാണ് ആർ.എസ്.എസിന്റെ രാഷ്ട്രീയ മുഖമായ ബി.ജെ.പി ഭരണയന്ത്രം ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും. ഭരണത്തിന്റെ മൂന്നാമൂഴം ഉറപ്പിച്ച്, പോയവർഷം ലോക്സഭ ഇലക്​ഷനെ നേരിട്ടപ്പോൾ സംഘ്പരിവാർ സ്വപ്നം കണ്ടതും പൂർണ ഹിന്ദുത്വരാഷ്ട്രമാക്കി ഇന്ത്യയെ മാറ്റിയെടുക്കാനാവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആയിരുന്നു. പക്ഷേ, മതേതര കൂട്ടായ്മയായ ഇന്ത്യ മുന്നണി അവസരത്തിനൊത്തുയർന്നത് കൊണ്ട് തൽക്കാലം അത് നടക്കാതെ പോയി. എന്ന് വെച്ച് മതന്യൂനപക്ഷങ്ങൾക്ക് തുല്യ പൗരത്വമില്ലാത്ത, ഭൂരിപക്ഷ മതാധിപത്യം പുലരുന്ന ഭാരതമെന്ന സ്വപ്നവും ലക്ഷ്യവും അവരൊരിക്കലും കൈയൊഴിയുകയോ മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി ഇന്ത്യയെ അംഗീകരിക്കാമെന്നാലോചിക്കുക പോലുമോ ചെയ്തിട്ടില്ലെന്ന് പാർലമെന്റിൽ പാസാക്കിയെടുക്കുന്ന ഓരോ ബില്ലും ഉദ്ഘോഷിക്കുന്നു.

ഏറ്റവുമൊടുവിൽ പാസാക്കിയെടുത്ത വഖഫ് ഭേദഗതി ബിൽ അതിനുദാഹരണമാണ്. നിലവിലെ ഭരണഘടനയിൽ മതന്യൂനപക്ഷങ്ങൾക്ക് പൂർണ മതസ്വാതന്ത്ര്യവും തുല്യാവകാശങ്ങളും ഉറപ്പുവരുത്തുന്ന ഖണ്ഡികകൾ നിലവിൽക്കുവോളം തങ്ങൾ കൊണ്ടുവരുന്ന ഭേദഗതികൾ പരമോന്നത കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് അനുഭവങ്ങൾ കാവിപ്പടയെ പഠിപ്പിച്ചിട്ടുണ്ട്. തുല്യ പൗരത്വവും മതസ്വാതന്ത്ര്യവും തുല്യനീതിയും ഉറപ്പുനൽകുന്ന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ഭരണഘടന അവശേഷിക്കുവോളം പൂർണാർഥത്തിൽ ലക്ഷ്യം നേടാനാവില്ല എന്ന് അവർ മനസ്സിലാക്കുന്നു. ഭരണഘടന അപ്പാടെ പൊളിച്ചുപണിയുക ഏറക്കുറെ അസാധ്യമാണെങ്കിലും നന്നെ ചുരുങ്ങിയത് ആമുഖത്തിലെ സെക്യുലർ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് എന്ന നാമകരണം എടുത്തുകളഞ്ഞാലെങ്കിലും ലക്ഷ്യത്തിലേക്കുള്ള പ്രയാണം ത്വരിതപ്പെടുത്താനാവുമെന്ന് സംഘ് ഫാഷിസ്റ്റുകൾ കണക്കു കൂട്ടുന്നു.

ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ നടപ്പാക്കിയ കാലത്ത് 1976ൽ കൊണ്ടുവന്ന 42-ാം ഭരണഘടനാ ഭേദഗതി ബില്ലിലാണ് ‘സെക്യുലർ, സോഷ്യലിസ്റ്റ്’ എന്ന പദപ്രയോഗം റിപ്പബ്ലിക്കിന്റെ പേരോട് കൂട്ടിച്ചേർത്തത്. 77ലെ തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെയും അവരുടെ പാർട്ടിയെയും തോൽപിച്ച് ജനതപാർട്ടി അധികാരം പിടിച്ചെടുത്തപ്പോൾ ചെയ്ത ആദ്യ നടപടികളിലൊന്ന് 42-ാം ഭരണഘടനാ ഭേദഗതി റദ്ദാക്കാനുള്ള ബിൽ പാർല​മെന്റിൽ പാസാക്കിയെടുക്കുകയായിരുന്നു. അടിയന്തരാവസ്ഥയെ സംബന്ധിക്കുന്ന എല്ലാ പുതിയ വകുപ്പുകളും റദ്ദാക്കുന്ന 44-ാം ഭേദഗതി ബിൽ പാർലമെന്റ് പാസാക്കി. എന്നാൽ ആമുഖത്തിൽ ചേർക്കപ്പെട്ട ‘സെക്യുലർ, സോഷ്യലിസ്റ്റ്’ വിശേഷണങ്ങൾ നിലനിർത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയം.

അടൽ ബിഹാരി വാജ്പേയിയും എൽ.കെ. അദ്വാനിയും അടങ്ങിയ ഭരണപക്ഷം അത് മാത്രം റദ്ദാക്കാതെ നിലനിർത്തിയതെന്തുകൊണ്ട് എന്നതാണ് പ്രസക്തമായ ചോദ്യം. അംബേദ്കറുടെ ആമുഖത്തിൽ വരുത്തിയ ഈയൊരു ഭേദഗതി മാത്രം എന്തുകൊണ്ട് അവശേഷിപ്പിച്ചു? ഇന്ത്യാ മഹാരാജ്യം ഇവിടെ താമസിക്കുന്ന നാനാജാതി മതസ്ഥരായ സർവരുടേതുമാണെന്നും അവർക്കിടയിൽ ഒരുതരത്തിലുള്ള വിവേചനവും പാടില്ലെന്നും പൂർണ മതസ്വാതന്ത്ര്യവും സമാവകാശങ്ങളും എല്ലാ വിഭാഗം പൗരന്മാർക്കുമുള്ള ജന്മാവകാശമാണെന്നും എന്നാൽ സ്റ്റേറ്റ് ഒരു മതത്തോടും പക്ഷപാതിത്വം കാട്ടുകയില്ലെന്നും വിളംബരം ചെയ്യുന്നതാണ് ഭരണഘടനയുടെ ആമുഖം എന്നതുതന്നെ കാരണം. സമ്പൂർണ ഹിന്ദുത്വവത്കരണത്തിന്റെ മുമ്പിലുള്ള മുഖ്യതടസ്സങ്ങളിലൊന്നും അതുതന്നെ.

അതുകൊണ്ടാണ് ആർ.എസ്.എസ് അതിനെതിരെ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. അതിനോട് പല്ലും നഖവും ഉപയോഗിച്ച് പൊരുതുമെന്ന് ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിന്റെ അധ്യക്ഷൻ ഖാ​ർഗെ പ്രഖ്യാപിച്ചത് തീർത്തും സന്ദർഭോചിതമാണ്. പക്ഷേ വിചിത്രമായൊരു ചുവട് മാറ്റം ഇപ്പോൾ പുറത്തുവന്നിരിക്കുന്നതും ഖാർഗെയുടെ പാർട്ടിയുടെ മുൻനിര നേതാക്കളിലൊരാളിൽനിന്നാണെന്നത് ചിലരെയെങ്കിലും അമ്പരപ്പിക്കുന്നതാണ്. ആർ.എസ്.എസ് പണ്ടത്തെപ്പോലെയല്ല വളരെയേറെ മാറിയിരിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത് കോ ൺഗ്രസ് പാർലമെന്ററി പാർട്ടി പ്രമുഖനും മുൻ യു.പി.എ മന്ത്രിസഭാംഗവുമായ സാക്ഷാൽ ശശി തരൂർ തന്നെ. നരേന്ദ്രമോദിയുടെ ഡിപ്ലോമസിയെ വാനോളം പുകഴ്ത്തിയതുകൊണ്ട് മതിയാക്കാതെ ആർ.എസ്.എസിനെത്തന്നെ വെള്ളപൂശാൻ തരൂർ തെരഞ്ഞെടുത്ത സമയം പ്രത്യേക ശ്രദ്ധ പിടിച്ചെടുക്കുന്നതാണ്. തിരുവനന്തപുരത്തുനിന്ന് 2019ൽ കുമ്മനം രാജശേഖരനും 2025ൽ രാജീവ് ചന്ദ്രശേഖരനുമെതിരെ അദ്ദേഹത്തെ ജയിപ്പിച്ച് ലോക്സഭയിലെത്തിച്ചത് സെക്യുലർ-മതന്യൂനപക്ഷ വോട്ടുകളാണെന്ന പ്രാഥമിക സത്യം അപ്പാടെ മറന്ന് ആർ.എസ്.എസിന് ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കാൻ ശശി തരൂർ മുതിരുമ്പോൾ ചോദിക്കാതിരിക്കാനാവുന്നില്ല ‘തരൂർ, താങ്കളും?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialShashi Tharoor
News Summary - Shashi Tharoor, you too?
Next Story