Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right‘ജിന്ന്’...

‘ജിന്ന്’ കവര്‍ന്നെടുത്ത ഷമീനയുടെ ജീവന്‍

text_fields
bookmark_border
‘ജിന്ന്’ കവര്‍ന്നെടുത്ത ഷമീനയുടെ ജീവന്‍
cancel

സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍, വിദ്യാഭ്യാസത്തിന്‍െറയും അവബോധത്തിന്‍െറയും ബലത്തില്‍ കേരളീയ സമൂഹം ബഹുദൂരം മുന്നോട്ടുപോവുകയാണെന്ന അവകാശവാദം ഒരു ഭാഗത്ത് ഉച്ചത്തില്‍ മുഴങ്ങുമ്പോഴും, അനാചാരങ്ങളുടെയും പ്രാകൃതവിശ്വാസത്തിന്‍െറയും കാര്യത്തില്‍ നാമിപ്പോഴും നൂറ്റാണ്ടുകള്‍ക്ക് പിറകിലാണെന്ന് ഓര്‍മിപ്പിക്കുന്നതാണ് മന്ത്രവാദത്തിന്‍െറയും ജിന്നുചികിത്സയുടെയുമൊക്കെ പേരില്‍ ഇവിടെ നടമാടുന്ന ലജ്ജാവഹമായ ചൂഷണങ്ങള്‍. മന്ത്രവാദവും ആഭിചാര ക്രിയകളും തടയുന്നതിന് കര്‍ക്കശമായ നിയമം കൊണ്ടുവരണമെന്ന മുറവിളി തുടരുന്നതിനിടയിലാണ് അന്ധവിശ്വാസത്തിന്‍െറ ബലിപീഠത്തില്‍ ഒരു ജീവന്‍കൂടി കുരുതികൊടുത്തതിന്‍െറ പുതിയൊരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. കോഴിക്കോട് വെള്ളയില്‍ സ്വദേശിനി 29കാരിയായ ഷമീന കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ അന്ത്യശ്വാസംവലിച്ചത് ജിന്ന് ചികിത്സക്കിടെ മാരകമാം വിധം പൊള്ളലേറ്റാണ്.

കുറ്റ്യാടി സ്വദേശിനി നജ്മ എന്ന മന്ത്രവാദിനിക്കെതിരെ സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ശിക്ഷാനിയമനം 304, 308, 326 വകുപ്പുകളനുസരിച്ച് കേസെടുത്തിട്ടുണ്ട്. മന്ത്രവാദചികിത്സക്കിടെ പെട്രോള്‍ കത്തിച്ചപ്പോള്‍ തീ ആളിപ്പടര്‍ന്നതോടെ ഷമീനക്ക് 80 ശതമാനം പൊള്ളലേറ്റതാണ് മരണത്തില്‍ കലാശിച്ചത്. വിവാഹമോചിതയും രണ്ടു മക്കളുടെ മാതാവുമായ ഷമീനയുടെ പുനര്‍വിവാഹം വൈകുന്നതിന് പ്രതിവിധി കാണാനാണത്രെ തനിക്ക് ജിന്ന് ബാധയുണ്ടെന്ന് അവകാശപ്പെടുന്ന സ്ത്രീയുടെ അടുത്തേക്ക് ചികിത്സ തേടി പോയതും ആ സ്ത്രീ നിര്‍ദേശിച്ച മന്ത്രവാദ പേക്കൂത്തുകള്‍ക്ക് നിന്നുകൊടുത്തതും.

നമ്മുടെ നാട്ടില്‍ ജാതിയുടെയും മതത്തിന്‍െറയും അതിര്‍വരമ്പുകളും വിദ്യാഭ്യാസത്തിന്‍െറയും പുരോഗമനചിന്തയുടെയും സകല ഈടുവെപ്പുകളും തകരുന്നത് അന്ധവിശ്വാസത്തിന്‍െറയും ദുരാചാരങ്ങളുടെയും മുന്നിലാണ്. അജ്ഞതയും ആത്മവിശ്വാസത്തകര്‍ച്ചയും സാമാന്യജനത്തെ ഏതറ്റംവരെയും നടത്തിക്കുന്നുവെന്നതിന്‍െറ സമര്‍ഥനങ്ങളാണ് അടുത്തകാലത്തായി പെരുകിവരുന്ന മന്ത്രവാദവും ജിന്ന് ബാധയും തുടര്‍ന്ന് അരങ്ങേറുന്ന മനുഷ്യക്കുരുതിയുമെല്ലാം. ക്രൂരമായ മര്‍ദനവും പീഡനങ്ങളുമാണ് വ്യാജ സിദ്ധന്മാരുടെ ചികിത്സാരീതിയിലെ മുഖ്യ ഇനം. വര്‍ഷം മുമ്പ് പത്തനംതിട്ടയില്‍ മന്ത്രവാദത്തിനിടയില്‍ മരിച്ച 19കാരിയായ വിദ്യാര്‍ഥിനിയുടെ ശരീരത്തില്‍ 46 മുറിവുകളേറ്റതായാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടത്തെിയത്. പലപ്പോഴും അപസ്മാരബാധയെ പ്രേതബാധയായി കണ്ട് കാടന്‍ചികിത്സക്ക് വിട്ടുകൊടുക്കുകയാണ് പതിവ്. ആഭിചാര പ്രവൃത്തികള്‍ക്ക് നല്ല മാര്‍ക്കറ്റാണിന്ന്.

വിവരമുണ്ടെന്ന് നാം കരുതുന്നവര്‍പോലും ‘കുറുക്കുവഴി’ തേടിപ്പോകുന്നതും  ഉറുക്കുകളില്‍ ശമനം പ്രതീക്ഷിക്കുന്നതും ആള്‍ദൈവങ്ങളുടെയും വ്യാജസിദ്ധന്മാരുടെയും ദു$സ്വാധീനം മൂലമാണ്. ജിന്നുകളോ സിദ്ധന്മാരോ മന്ത്രവാദിനികളോ ഇന്നോളം ഒരാളുടെയും രോഗം സുഖപ്പെടുത്തിയിട്ടില്ളെന്നും ഒരു പ്രശ്നത്തിനും പരിഹാരം നിര്‍ദേശിച്ചിട്ടില്ളെന്നുമുള്ള പ്രാഥമിക പാഠമെങ്കിലും സാമാന്യജനത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിനും സാമൂഹിക-മത പ്രസ്ഥാനങ്ങള്‍ക്കും സാധിക്കാതെവരുമ്പോഴാണ് ഷമീനമാര്‍ക്ക് ജീവിതദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നത്.

മനുഷ്യന്‍െറ വിശ്വാസദൗര്‍ബല്യങ്ങളെ ചൂഷണംചെയ്ത് തട്ടിപ്പും ശാരീരിക പീഡനവും തൊഴിലാക്കിയവരെ കൈകാര്യംചെയ്യുന്നിടത്ത് ഭരണകൂടത്തിന് വ്യക്തമായ ഉത്തരവാദിത്തമുണ്ടെന്ന കാര്യം ഞങ്ങള്‍ പലപ്പോഴായി ഓര്‍മപ്പെടുത്തിയതാണ്. അന്ധവിശ്വാസവും അനാചാരങ്ങളും തടയാന്‍ നിയമനിര്‍മാണം അനിവാര്യമാണെന്ന അഭിപ്രായത്തിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ‘കേരള അന്ധവിശ്വാസ  ചൂഷണനിരോധന നിയമ’ത്തിനു രൂപംകൊടുത്തെങ്കിലും ആ ചുവടുവെപ്പ് കടലാസിലൊതുങ്ങുകയാണിന്നും. 2013ല്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കിയ ഈ ദിശയിലുള്ള ബില്ലിന്‍െറ കരട് തയാറാക്കിയത് ഇന്‍റലിജന്‍സ് മേധാവിയായിരുന്ന എ. ഹേമചന്ദ്രനാണ്. അമാനുഷികശക്തി അവകാശപ്പെട്ട് കാര്യസാധ്യത്തിന് പ്രതിഫലം പറ്റുക, അദൃശ്യശക്തികളുടെ പേരില്‍ തട്ടിപ്പ് നടത്തുക, മന്ത്രവാദത്തിന്‍െറ മറവില്‍ ശാരീരിക ഉപദ്രവമേല്‍പിക്കുക, ലൈംഗിക ചൂഷണത്തിന് തുനിയുക, സാമ്പത്തിക ലാഭത്തിനായി മറ്റൊരാളുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്യുക തുടങ്ങിയവ ക്രിമിനല്‍ കുറ്റമായി പരിഗണിച്ച് കര്‍ക്കശ ശിക്ഷ നല്‍കുകയാണ് നിയമം വിവക്ഷിക്കുന്നത്. കുറ്റത്തിന്‍െറ കാഠിന്യമനുസരിച്ച് ശിക്ഷ കര്‍ക്കശമാക്കാനും കരടില്‍ വ്യവസ്ഥയുണ്ട്.

എന്നാല്‍, മഹാരാഷ്ട്രയിലെ സാമൂഹിക പരിസരം നമ്മുടേതില്‍നിന്ന് തീര്‍ത്തും ഭിന്നമാണെന്ന് അഭിപ്രായമുയര്‍ന്നതിനെ തുടര്‍ന്ന് കൂടുതല്‍ നിയമോപദേശം തേടണമെന്ന നിലപാടില്‍ ആ ഫയല്‍ നിയമവകുപ്പില്‍ കുരുങ്ങിക്കിടക്കുകയാണിപ്പോള്‍. നിയമംകൊണ്ടു മാത്രം സാമൂഹിക തിന്മകള്‍ പൂര്‍ണമായും വിപാടനം ചെയ്യാന്‍ സാധിക്കില്ളെങ്കിലും അത്തരമൊരു കടിഞ്ഞാണ്‍ അനിവാര്യമാണെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. അതേസമയം, സാമൂഹിക-മത-സാംസ്കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എണ്ണമറ്റ കൂട്ടായ്മകള്‍ക്ക് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പൊരുതാനും ചൂഷകരെ കൈയോടെ പിടികൂടി നിയമത്തിന് ഏല്‍പിച്ചുകൊടുക്കാനും സാധിക്കുന്നില്ളെങ്കില്‍ നിഷ്ഫലമാണ് അവരുടെ കര്‍മവീര്യമെന്ന് പറയാതെ വയ്യ. ശാസ്ത്ര, ഗവേഷണ രംഗങ്ങളില്‍ മനുഷ്യന്‍ വന്‍ കുതിപ്പുകളുമായി മുന്നേറുമ്പോഴും പുതിയ പുതിയ നിഗൂഢവിശ്വാസങ്ങളും അര്‍ഥശൂന്യമായ ആചാരങ്ങളും പൊന്തിവരുന്നുണ്ട് എന്ന യാഥാര്‍ഥ്യംകൂടി കണക്കിലെടുത്താവണം ഈ വഴിക്കുള്ള ഏത് നീക്കവുമെന്ന് പ്രത്യേകം ഉണര്‍ത്തേണ്ടതില്ലല്ളോ.

Show Full Article
TAGS:madhyamam editorial 
Next Story