Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനിലക്കാത്ത ലൈംഗിക...

നിലക്കാത്ത ലൈംഗിക അതിക്രമങ്ങള്‍

text_fields
bookmark_border
നിലക്കാത്ത ലൈംഗിക അതിക്രമങ്ങള്‍
cancel

പ്രശസ്ത സിനിമാനടിയെ അവര്‍ സഞ്ചരിക്കുന്ന വാഹനം തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം ദേശീയതലത്തില്‍തന്നെ വലിയ വിവാദമാവുകയും സ്വാഭാവികമായും പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ പ്രതിഷേധിച്ചും പ്രതികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടും സിനിമാനടന്മാര്‍ ഉള്‍പ്പെടെ സമൂഹത്തിന്‍െറ വിവിധ തുറകളിലുള്ളവര്‍ രംഗത്തുവരുകയും ചെയ്തിട്ടുണ്ട്. ഇനി, പ്രതിഷേധക്കുറിപ്പുകളും മുഖപ്രസംഗങ്ങളും കവിതകളുമെല്ലാം ധാരാളമായി വരും.

അത്തരത്തിലൊരു മുഖപ്രസംഗമായി ഇതും കണക്കാക്കപ്പെടും എന്നതും യാഥാര്‍ഥ്യമാണ്. അപ്പോഴും സ്ത്രീകള്‍ക്കെതിരെയുള്ള കൈയേറ്റങ്ങളും ലൈംഗിക അതിക്രമങ്ങളും അവസാനിക്കാത്ത യാഥാര്‍ഥ്യമായി നാട്ടില്‍ നിലനില്‍ക്കും. ഇനിയും തിരുത്താനാകാത്ത  വലിയ ദുരന്തമായി; മാനവികതക്കു മേലുള്ള വലിയ ചോദ്യചിഹ്നമായി അത് നിലനില്‍ക്കും. സമൂഹത്തില്‍ വലിയ സ്ഥാനവും അംഗീകാരവുമുള്ള ഒരു സിനിമാനടിക്കാണ് സംഭവിക്കാന്‍ പാടില്ലാത്ത ഈ ക്രൂരത നേരിടേണ്ടിവന്നിരിക്കുന്നത്. അങ്ങനെയെങ്കില്‍ ദുര്‍ബലരും സാമൂഹിക അംഗീകാരങ്ങള്‍ ഇല്ലാത്തവരുമായ വ്യക്തികളുടെയും അത്തരം സാമൂഹിക പശ്ചാത്തലങ്ങളില്‍നിന്നുള്ളവരുടെയും അവസ്ഥ എന്തെന്ന് ആലോചിക്കാവുന്നതേയുള്ളൂ.

ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട ഓരോ വാര്‍ത്തയും രസച്ചരട് മുറിയാതെ വായിച്ചുപോകാവുന്ന ​മേത്തരം സൃഷ്ടികള്‍ എന്ന മട്ടില്‍ കാണുന്ന തരത്തിലേക്ക് നമ്മുടെ പൊതുബോധം കൂപ്പുകുത്തിയിരിക്കുന്നു. അതിനാലാകണം, ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഉത്തരവാദപ്പെട്ട മാധ്യമങ്ങള്‍പോലും സംഭവത്തിന് അപസര്‍പ്പകഭാവം നല്‍കി സൂക്ഷ്മമല്ലാത്ത വാര്‍ത്തകള്‍ നല്‍കുന്ന അവസ്ഥയുണ്ടാകുന്നത്. വെള്ളിയാഴ്ചത്തെ സംഭവത്തെക്കുറിച്ച് ഓണ്‍ലൈനിലും മറ്റും പ്രചരിക്കുന്ന കാര്യങ്ങള്‍ അങ്ങേയറ്റം രോഗാതുരമായ ഒരു സമൂഹമായി നാം പരിണമിച്ചുകഴിഞ്ഞോ എന്ന സംശയം വേദനയോടെ പങ്കുവെക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതാണ്.

ഇരയുടെ വേദനകള്‍ക്കൊപ്പം നില്‍ക്കാനല്ല; തന്‍െറ ഇക്കിളിബോധങ്ങളെ ത്രസിപ്പിക്കാനാണ് പലരും ഇത്തരം സന്ദര്‍ഭങ്ങളെ ഉപയോഗിക്കുന്നത്. ലൈംഗിക അതിക്രമ സംഭവങ്ങളില്‍ ഇരയുടെ പേര് പറയാന്‍ പാടില്ല എന്ന ഇന്ത്യന്‍ പീനല്‍കോഡിലെ നിയമംപോലും, ഉത്തരവാദപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ വരെ ഈ ആവേശനേരങ്ങളില്‍ മറന്നുപോകുന്നു. അവസാനം ഓരോ അതിക്രമവും പിച്ചിച്ചീന്തപ്പെട്ട സ്ത്രീയുടെ രോദനം മാത്രമായി അന്തരീക്ഷത്തില്‍ അവശേഷിക്കുന്നു. കിരാതന്മാര്‍ അടുത്ത ഇരയെ തേടി മതിലിനപ്പുറത്ത് പതിയിരിക്കുന്നു.

സിനിമാനടിയെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത സജീവമായി നില്‍ക്കവെതന്നെയാണ് ടെലിവിഷന്‍ ചാനലായ മീഡിയവണ്‍ കഴിഞ്ഞ ദിവസം മുതല്‍ ‘മനുഷ്യരല്ലാത്ത മക്കള്‍’ എന്ന പേരില്‍ വാര്‍ത്താപരമ്പര സംപ്രേഷണം ചെയ്തുതുടങ്ങിയത്. വൃദ്ധസ്ത്രീകള്‍ വീട്, വൃദ്ധസദനം, ആശുപത്രി, തെരുവ് തുടങ്ങിയ ഇടങ്ങളില്‍ അനുഭവിക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച ഞെട്ടിപ്പിക്കുന്നതും അറപ്പുളവാക്കുന്നതുമായ വെളിപ്പെടുത്തലുകളാണത്.

അമ്മൂമ്മയെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുന്ന പേരക്കുട്ടികളുള്ള നാടായി ഈ നാട് മാറിയിരിക്കുന്നുവെന്നാണ് ആ വാര്‍ത്താപരമ്പര നമ്മോട് പറയുന്നത്. വൃത്തികെട്ടതും ഭീതിദവുമായ അവസ്ഥയിലേക്ക് നമ്മുടെ ലൈംഗികതയും സ്ത്രീ-പുരുഷ ബന്ധങ്ങളും മാറുന്നുവോ എന്ന വലിയ ആശങ്ക പങ്കുവെക്കാനേ നമുക്കിപ്പോള്‍ കഴിയുന്നുള്ളൂ.

പുരോഗമനപരവും ആധുനികവുമായ രീതിയില്‍ സ്ത്രീ- പുരുഷ ബന്ധങ്ങളെ മാറ്റിപ്പണിയുകയും കൂടുതല്‍ തുറന്ന അന്തരീക്ഷവും തുറന്ന ബന്ധങ്ങളും വളര്‍ത്തിയെടുക്കുകയും ചെയ്യുക മാത്രമാണ് ഇതിന് പരിഹാരമെന്ന് പലരും പറയാറുണ്ട്. എന്നാല്‍, ഇത്തരം തുറന്ന, പുരോഗമന അന്തരീക്ഷം നിലനില്‍ക്കുന്ന പടിഞ്ഞാറന്‍ വികസിത നാടുകള്‍തന്നെയാണ് ബലാത്സംഗനിരക്കില്‍ ലോകത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നത് എന്നതും ഒരു യാഥാര്‍ഥ്യമാണ്.

സ്ത്രീ- പുരുഷ ബന്ധങ്ങളില്‍ സാധ്യമാവുന്ന തരത്തിലുള്ള എല്ലാ ഉദാരതയും നിലനില്‍ക്കുന്ന പ്രദേശങ്ങളാണവ. നമ്മുടെ സംസ്ഥാനമാകട്ടെ സാക്ഷരതയിലും പ്രബുദ്ധതയിലും രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന നാടാണ്. പക്ഷേ, ലൈംഗിക അതിക്രമങ്ങളുടെ കാര്യത്തില്‍ നാം മുന്നോട്ടുതന്നെയാണ്. ഈ കെട്ട അവസ്ഥക്ക് എന്തു പരിഹാരം എന്ന ചോദ്യം നിരാശയോടെ വീണ്ടും ചോദിക്കുകയല്ലാതെ മറ്റെന്തുചെയ്യാന്‍?

Show Full Article
TAGS:madhyamam editorial 
Next Story