പുസ്തകത്തിലൊതുങ്ങരുത് മതേതര ഇന്ത്യ
text_fieldsഇഫ്താറും തറാവീഹുമൊന്നും ഇന്ത്യയിൽ പുതിയ കാര്യങ്ങളല്ല. പക്ഷേ, അതിന്റെ പേരിൽ കേസെടുപ്പും അറസ്റ്റുമൊന്നും മുമ്പ് ഉണ്ടായിട്ടില്ല
ലോകമെങ്ങുമുള്ള ഇസ്‌ലാംമത വിശ്വാസികൾ പുണ്യമാസമായ റമദാൻ പിന്നിട്ട് ഈദുൽ ഫിത്ർ ആഘോഷങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഏറെ പ്രതിഫലങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ട പുണ്യമാസത്തെ എങ്ങനെ സ്വീകരിച്ചു, എപ്രകാരം യാത്രയാക്കി എന്ന് ആത്മവിശകലനം ചെയ്യുന്ന രീതി വിശ്വാസികൾക്കിടയിലുണ്ട്. അതുപോലെ തന്നെ, മുസ്‌ലിം ജനസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള മതനിരപേക്ഷ ഇന്ത്യയിൽ, രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായത്തിന്റെ പുണ്യമാസ ജീവിതം എപ്രകാരമായിരുന്നു എന്ന് ജനാധിപത്യ വിശ്വാസികളും വിശകലനം ചെയ്യുന്നത് കരുതൽ-തിരുത്തൽ നടപടികൾക്ക് സഹായകമായേക്കാം.
കഴിഞ്ഞ ഒരു മാസക്കാലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന വംശീയ അതിക്രമങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളുമാണ് ഇത്തരമൊരു നിർദേശത്തിന് നിദാനം. ഒരു സമുദായത്തെ ഉന്നമിട്ട് ആരാധനാ സ്വാതന്ത്ര്യ നിഷേധം, ഭീഷണികൾ, നിയമക്കുരുക്കിൽ കുടുക്കൽ മുതൽ കൊലപാതകങ്ങൾ വരെ അരങ്ങേറിയത് മുഖ്യധാര മാധ്യമങ്ങൾക്ക് വലിയ വാർത്ത പോലുമായില്ല. ഇത് മതനിരപേക്ഷ ദേശീയ പാർട്ടികളെ കാര്യമായി അലോസരപ്പെടുത്തിയതുമില്ല.
ബി.ജെ.പി പാളയത്തിൽ കുടിപ്പാർപ്പുറപ്പിച്ചെങ്കിലും മുസ്‌ലിം സമുദായത്തിന്റെ ഉറ്റ തോഴനെന്നവകാശപ്പെടുന്ന നിതീഷ് കുമാർ മുഖ്യമന്ത്രി കസേരയിലിരിക്കെയാണ് ബിഹാറിലെ മധുബാനി ജില്ലയിൽ റോഷൻ ഖാത്തൂൻ എന്ന നോമ്പുകാരിയെ ബലാൽക്കാരമായി മൂത്രം കുടിപ്പിക്കുകയും കമ്പിൽ കെട്ടിയിട്ട് അടിച്ചുകൊല്ലുകയും ചെയ്തത്. ഗ്രാമമുഖ്യന്റെ മകനെതിരെ പരാതി പറയാൻ ചെന്നതിനാണ് റോഷൻ ഖാത്തൂന് ജീവൻ നൽകേണ്ടിവന്നത്.
ഹരിയാനയിൽ നിന്നുള്ള ആമിർ എന്ന 28കാരനെ രാജസ്ഥാനിലെ ആൽവാറിൽ വെടിവെച്ചുകൊന്നത് പതിവുപോലെ പശുക്കടത്ത് ആരോപിച്ചാണ്. യുവാവിന് പശുക്കടത്ത് സംഘങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് കുടുംബം തറപ്പിച്ചുപറയുന്നു. വാദത്തിനു വേണ്ടി സമ്മതിച്ചാൽ പോലും നിയമം നടപ്പാക്കാനും ശിക്ഷ വിധിക്കാനുമുള്ള അധികാരം വർഗീയ ആൾക്കൂട്ടങ്ങൾക്കില്ല.
യു.പി തലസ്ഥാന നഗരിയായ ലഖ്‌നോവിൽ പിറന്നാൾ ആഘോഷങ്ങൾക്കിടയിലാണ് ഉനൈസ് ഖാൻ എന്ന കൗമാരക്കാരനെ വെടിവെച്ചു കൊന്നത്. ആരോപിക്കപ്പെട്ട വ്യക്തി ഉപമുഖ്യമന്ത്രിയുടെ ബന്ധുവായതുകൊണ്ട് നടപടികളൊന്നും പ്രതീക്ഷിക്കേണ്ടാത്ത അവസ്ഥയാണിവിടെ. കുറ്റകൃത്യ ങ്ങൾ നടന്നശേഷം പ്രതികളെ രക്ഷപ്പെടുത്താനും ഇരകൾക്കു നേരെ വാദങ്ങൾ നിരത്താനും പൊലീസും അധികാരികളും പുലർത്തുന്ന വ്യഗ്രതയാണ് ഈ വിദ്വേഷ അക്രമങ്ങളുടെ പൊതു സ്വഭാവം.
റമദാൻ മാസത്തിനിടയിലായിരുന്നു ഹോളി ആഘോഷം. ചായമൊഴിച്ച് അലങ്കോലപ്പെടാതിരിക്കാൻ പള്ളികളെയും മൂടുപടം അണിയിച്ചു നിയമപാലകർ. അതല്ലല്ലോ ശരിയായ രീതി. ഡൽഹിയിൽ ഹോളിക്കിടെ ചായമെറിഞ്ഞതിനെച്ചൊല്ലിയുള്ള തർക്കം തരുൺ കുമാർ എന്ന യുവാവിന്റെ കൊലയിൽ കലാശിച്ചു. പ്രതികൾ മുസ്‌ലിം സമുദായക്കാരാണ്. ഉടനടി അവരുടെ വീടുപൊളിച്ച് ശിക്ഷ നടപ്പാക്കാൻ തുടങ്ങി. ഈദിന് രക്തം കൊണ്ട് ഹോളി കളിക്കുമെന്ന് ഭീഷണിയുമുണ്ട്.
മഹാരാഷ്ട്രയിലെ പുണെയിൽ ഇഫ്താർ വിരുന്നിൽ കടന്ന് ഹിന്ദുത്വർ അതിക്രമം അഴിച്ചുവിട്ടു, വാരാണസിയിൽ ബോട്ടിൽ ഇഫ്താർ നടത്തിയതിന് ഗംഗാനദി മലിനമാക്കി എന്ന കുറ്റം ചുമത്തി യുവാക്കൾക്കെതിരെ കേസെടുത്തു. ലഖ്‌നോ സർവകലാശാലയിൽ പുൽത്തകിടിയിൽ നമസ്കരിച്ച വിദ്യാർഥികളെയും കുരുക്കി. ഇഫ്താറും തറാവീഹുമൊന്നും ഇന്ത്യയിൽ പുതിയ കാര്യങ്ങളല്ല. പക്ഷേ, അതിന്റെ പേരിൽ കേസെടുപ്പും അറസ്റ്റുമൊന്നും മുമ്പ് ഉണ്ടായിട്ടില്ല. ക്രിസ്മസ് കാലത്ത് ക്രൈസ്തവ സമൂഹത്തിനുനേരെ നടത്തിയ ഹിന്ദുത്വ അതിക്രമത്തിന് സമാനം എന്നാണ് എഴുത്തുകാരൻ കുനാൽ പുരോഹിത് ഈ സംഭവങ്ങളെ വിശേഷിപ്പിച്ചത്.
ഇതിനിടയിൽ പ്രതീക്ഷ പകരുന്ന സംഭവങ്ങൾ ഉണ്ടെന്നത് കാണാതിരിക്കാൻ കഴിയില്ല. സംഭൽ പള്ളിയിൽ വിശ്വാസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ നടപടിക്കെതിരെ അലഹബാദ് ഹൈകോടതി നടത്തിയ ഇടപെടലാണ് അതിൽ പ്രധാനം. സംഭൽ മസ്ജിദിൽ നമസ്കരിക്കാനെത്തുന്നവരുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തിയ ജില്ല ഭരണകൂട ഉത്തരവ് റദ്ദാക്കിയ ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് സിദ്ധാർഥ് നന്ദൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ക്രമസമാധാനം നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ സംഭൽ ജില്ല കലക്ടറും എസ്.പിയും പദവി ഒഴിയുകയോ സ്ഥലംമാറ്റം വാങ്ങിപ്പോവുകയോ ചെയ്യണമെന്നും പറഞ്ഞുവെച്ചു.
ലഖ്‌നോ സർവകലാശാലയിൽ നമസ്കാരം നിർവഹിച്ച വിദ്യാർഥികൾക്ക് സഹപാഠികൾ തീർത്ത സംരക്ഷണ വലയം മറ്റൊരു തിളക്കം. അപരന്റെ അവകാശങ്ങൾ വിലക്കാതെ ആഘോഷങ്ങളും ആചാരങ്ങളും സുരക്ഷിതമായി നടക്കുന്ന ഇന്ത്യ, ചരിത്ര പുസ്തകങ്ങളിലും ചിത്രകഥകളിലും ഒതുങ്ങാതിരിക്കാൻ മതനിരപേക്ഷ സമൂഹം അടിയന്തര ഇടപെടൽ നടത്തണമെന്നാണ് കഴിഞ്ഞ ഒരു മാസത്തെ സംഭവവികാസങ്ങൾ നമ്മെ ഉണർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
