സതീശൻ സർക്കാറിന്റെ നൂറ് ദിനങ്ങൾ
text_fieldsഓണാഘോഷങ്ങൾ സുഭിക്ഷവും സമൃദ്ധവുമാക്കാൻ ഉത്രാടനാളിൽ വിഭവങ്ങൾക്കായി പരക്കംപായുന്ന കേരളീയ ജനകോടികൾക്ക് സപ്ലൈകോയിലൂടെ വിഭവസമാഹാരം പരമാവധി സുതാര്യമാക്കിയും, ക്ഷേമപദ്ധതികളുടെയും തൊഴിലാളികൾക്ക് ബോണസിലൂടെയും സർക്കാർ ജീവനക്കാർക്ക് ഫെസ്റ്റിവൽ അലവൻസിലൂടെയും പൊതുഖജനാവിൽനിന്ന് ഉദാരമായി പണമനുവദിച്ച വി.ഡി. സതീശൻ നേതൃത്വം നൽകുന്ന ഐക്യജനാധിപത്യമുന്നണി സർക്കാർ അധികാരലബ്ധിയുടെ 100 ദിനങ്ങൾ പൂർത്തിയാക്കിയത് നിസ്സാര സംഭവമല്ലെന്നേ മുൻവിധികളില്ലാതെ രംഗം നിരീക്ഷിക്കുന്ന ആരും പറയൂ.
വിശിഷ്യാ കലുഷമായ ലോകസാഹചര്യങ്ങളും നരേന്ദ്ര മോദി സർക്കാറിന്റെ പ്രതിഷേധാർഹമായ സാമ്പത്തിക നയങ്ങളുംമൂലം ദേശീയതലത്തിൽ വിലക്കയറ്റവും നാണയപ്പെരുപ്പവും പാരമ്യതയിലെത്തിനിൽക്കുമ്പോൾ. ദശവത്സരക്കാലത്തെ ഇടതുമുന്നണി ഭരണ നിലപാടുകളിൽ തിരുത്തും പരിവർത്തനവും വാഗ്ദാനംചെയ്ത് അഭൂതപൂർവമായ ജനസമ്മതിയോടെ അധികാരത്തിൽ വന്നവരാണ് തങ്ങളെന്ന ബോധം സതീശൻ ടീമിനുണ്ടെന്ന തോന്നൽ ജനങ്ങൾക്കുണ്ട്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒട്ടും വൈകാതെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര എന്ന രാഹുൽ ഗാന്ധിയിലൂടെ പുറത്തുവന്ന വാഗ്ദാനം നടപ്പാക്കിയതാണ് വനിതകളെയാകെ ആഹ്ലാദചിത്തരാക്കിയത്. അത് സൃഷ്ടിച്ച നിഷേധാത്മക ഫലങ്ങൾക്ക് പരിഹാരം കാണാൻകൂടി സർക്കാർ വൈകുകയില്ലെന്ന പ്രതീക്ഷയിലാണ് വരുമാനം നന്നേ ശോഷിച്ചുപോയ സ്വകാര്യ ബസുടമകൾ.
സ്വന്തം മക്കളും കുടുംബങ്ങളും പോലും ആവശ്യമായ പരിഗണനയും പരിചരണവും നൽകുന്നതിൽ പരാജയപ്പെടുകമൂലം ജീവിതം വഴിമുട്ടിയ വയോജനങ്ങളുടെ ക്ഷേമത്തിനും പ്രശ്നപരിഹാരത്തിനുമായി പ്രത്യേക വകുപ്പുതന്നെ സൃഷ്ടിച്ചതാണ് എടുത്തോതേണ്ട മറ്റൊരു സത്കൃത്യം. അത് പക്ഷേ, പ്രവർത്തനക്ഷമവും ഫലദായകവുമാക്കാൻ മതിയായ ആലോചനകളിലൂടെ പ്രായോഗിക നടപടികളും വ്യാപക ബോധവത്കരണവും കൂടിയേതീരൂ. എല്ലാറ്റിനുമുപരി ആബാലവൃദ്ധം ജനങ്ങളുടെ കൈയടിനേടിക്കഴിഞ്ഞതാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ച തൂഫാൻ. മതമോ ജാതിയോ രാഷ്ട്രീയമോ സാമ്പത്തിക സ്ഥിതിയോ വ്യത്യാസമില്ലാതെ സമൂഹത്തെയാകെ അസ്വസ്ഥരും ആശങ്കാകുലരുമാക്കുവോളം വളർന്നുവ്യാപിച്ചുകഴിഞ്ഞ ലഹരി എന്ന വിപത്തിന്റെ കെടുതികൾ എന്തുവിലകൊടുത്തും തടഞ്ഞേ മതിയാവൂ എന്ന ദൃഢനിശ്ചയത്തോടെ ആരംഭിച്ച ദൗത്യത്തിന്റെ സാക്ഷാത്കാരത്തിന് ഏതറ്റംവരെയും പോവാൻ തയാറാണെന്ന് തോന്നിപ്പിക്കുന്നതാണ് ഇതേവരെയുള്ള നടപടികൾ. മൂന്നുമാസത്തിനിടെ പതിനായിരത്തിലധികം ലഹരിക്കേസുകൾ എടുക്കുകവഴി 'തൂഫാൻ' സ്ത്രീകളും കുടുംബങ്ങളുമടക്കം ജനലക്ഷങ്ങളുടെ കൈയടി വാങ്ങിക്കഴിഞ്ഞിരിക്കുന്നു.
പോയ 10 വർഷം പിണറായി വിജയൻ നയിച്ചതും ഭരിച്ചതുമായ അതേ പൊലീസിനെത്തന്നെ അനന്തരമെടുത്താണ് രമേശിനിത് സാധിച്ചത് എന്ന സത്യം വിസ്മരിക്കരുത്. നിയമപാലകരെ എങ്ങോട്ട്, എവ്വിധം നയിക്കുന്നു എന്നതാണ് പ്രശ്നത്തിന്റെ മർമം. ചെന്നിത്തലക്ക് തന്റെ ദൗത്യം ലക്ഷ്യത്തിലെത്തിക്കാൻ തടസ്സങ്ങളേറെയുണ്ടെന്ന വസ്തുത അദ്ദേഹത്തിനുതന്നെ ബോധ്യപ്പെട്ടിരിക്കും. ഇപ്പോൾതന്നെ അറസ്റ്റ് പതിനായിരം കടന്നെങ്കിലും കേസ് വിചാരണക്കുള്ള നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോഫിക് (എൻ.ഡി.പി.എസ്) കോടതികൾ നിലവിൽവന്നിട്ടില്ല. 2025 സെപ്റ്റംബർ 25ന് കേരള ഹൈകോടതി, അനുദിനം പെരുകുന്ന മയക്കുമരുന്ന് കേസുകൾ കൈകാര്യംചെയ്യാൻ പ്രത്യേക കോടതികൾ ഏർപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു. ഇതുപ്രകാരം അന്നത്തെ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഫെബ്രുവരി 13ന് ഉത്തരവിടുകയും ചെയ്തിരുന്നെങ്കിലും ഇന്നേവരെ ഒന്നും സംഭവിച്ചിട്ടില്ല. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രിയും കൂടിയാലോചിച്ച് സത്വര നടപടികൾ എടുത്തില്ലെങ്കിൽ ഇതിനകം അറസ്റ്റിലായ ആയിരക്കണക്കിൽ മയക്കുമരുന്ന് ഉൽപാദകരും വിതരണക്കാരും ജാമ്യത്തിലിറങ്ങി പഠിച്ച പണി യഥേഷ്ടം തുടരുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ഐക്യജനാധിപത്യ മുന്നണി സർക്കാറിൽ എല്ലാം ഭദ്രമാണെന്നോ മുന്നോട്ടുള്ള പ്രയാണം തീർത്തും പ്രത്യാശജനകമാണെന്നോ ഇതുവരെ സൂചിപ്പിച്ചതിനർഥമില്ല. ഏറെ ഗൗരവമുള്ള കാര്യം കേന്ദ്രം ഭരിക്കുന്ന കാവിപ്പടയുടെ തികഞ്ഞ ഫാഷിസ്റ്റ് സ്വഭാവത്തിലെ ഇടപെടലുകളും ഫെഡറലിസത്തിന്റെ ആത്മാവിന് കത്തിവെക്കുന്ന സമീപനങ്ങളുമാണ്. ലോക്ഭവനിൽ കുടിയിരുത്തപ്പെട്ട ആർ.എസ്.എസ് നേതാവിന് നേരിട്ടാണ് കേന്ദ്രസർക്കാറിന്റെ നിർദേശങ്ങളോ ഉത്തരവുകളോ വരുന്നതെന്നും അദ്ദേഹമാകട്ടെ ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറിനെ മറികടന്നാണ് മർമപ്രധാനമായ തീരുമാനങ്ങളെടുക്കുന്നതെന്നും തെളിയിച്ചുകൊണ്ടുമിരിക്കുന്നു. സംസ്ഥാനത്തിന് ഭരണഘടനാപരമായി അവകാശപ്പെട്ട ഫണ്ടുകൾപോലും പ്രധാനമന്ത്രിയുടെ സൗജന്യമായി കണക്കാക്കി കാവിവർണത്തിൽ അവതരിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വന്ദേമാതരത്തിലെ ഭരണഘടനാപരമായി സാധുതയില്ലാത്ത ശ്ലോകങ്ങൾ കൂട്ടിച്ചേർത്ത് ആലപിക്കാനുള്ള ഉത്തരവുകൾ തുടരുന്നു.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള പി.എം ശ്രീ ഫണ്ട് ബി.ജെ.പിയുടെ സൗജന്യമാണെന്ന് തോന്നിപ്പിക്കുന്നവിധം ഉപയോഗിക്കണമെന്ന നിർബന്ധത്തിന്റെ മുന്നിൽ യു.ഡി.എഫ് സർക്കാർ അന്തിച്ചുനിൽക്കുന്നതാണ് കേരളം കാണുന്നത്. ഇതും ഇതുപോലുള്ള ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇടതു പ്രതിപക്ഷം പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതെങ്കിലും സ്വന്തം പക്ഷത്തെ അനൈക്യം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കെ ശക്തമായൊരു ഭരണവിരുദ്ധ പ്രക്ഷോഭത്തിന് അവർ അശക്തരാണ്. എന്നുവെച്ച് ആർ.എസ്.എസിന്റെ തീട്ടൂരങ്ങൾക്ക് വഴങ്ങില്ല എന്ന് സുചിന്തിത തീരുമാനത്തിലെത്താൻ യു.ഡി.എഫിന് കഴിഞ്ഞില്ലെങ്കിൽ പ്രബുദ്ധ മതേതര കേരളം ക്ഷമിക്കുമെന്ന് കരുതിക്കൂടാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

