Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതദ്ദേശ സ്ഥാപനങ്ങളെ...

തദ്ദേശ സ്ഥാപനങ്ങളെ സോഷ്യൽ ഓഡിറ്റിങ്ങിന്​ വിധേയമാക്കണം​

text_fields
bookmark_border
തദ്ദേശ സ്ഥാപനങ്ങളെ സോഷ്യൽ ഓഡിറ്റിങ്ങിന്​ വിധേയമാക്കണം​
cancel

‘അറുതി വേണം ആന്തൂർ മോഡലിന്’ എന്ന മാധ്യമം പരമ്പരക്കു ലഭിച്ച അഭൂതപൂർവമായ പ്രതികരണങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ ്ങളിൽ നടക്കുന്ന അഴിമതികളും ഉദ്യോഗസ്ഥരുടെ കടുംപിടിത്തങ്ങളും സൃഷ്​ടിക്കുന്ന പ്രതിസന്ധികളുടെ ആഴം ബോധ്യപ്പെടു ത്തുന്നതാണ്. സാങ്കേതിക നൂലാമാലകളുടെ ചരടുകളിൽ നിലച്ചുപോയ സംരംഭകസ്വപ്നങ്ങളുടെ ശവപ്പറമ്പുകളാണ് കേരളമെന്ന് തെള ിയിക്കുന്നു ആ പ്രതികരണങ്ങൾ. പ്രവാസി വ്യവസായി സാജ​​െൻറ ദാരുണാന്ത്യം തങ്ങളിൽതന്നെ ദർശിക്കുന്നതി​െൻറ ക്ഷോഭവും ഭീതിയും അവയിൽ പ്രകടമാണ്. ഉദ്യോഗസ്ഥരുടെ മർക്കട മുഷ്​ടിയിലും രാഷ്​ട്രീയക്കാരുടെ പണാർത്തിയിലും സംരംഭകത്വം തകർ ന്നുപോകുന്ന ദുരവസ്ഥ ഇനിയും അവസാനിപ്പിക്കാനായില്ലെങ്കിൽ സംരംഭക വിരുദ്ധ നാട് എന്ന ദുഷ്പേരിൽനിന്ന് മുക്തമാകാൻ കേരളത്തിന്​ സാധിക്കുകയില്ല.

പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നത് ഉദ്യോഗസ്ഥ ദുഷ്പ്രവണതകൾക്ക് കടിഞ്ഞാണിടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു. എന്നിട്ടും, സർക്കാർ ചുവപ്പുനാടകളിൽ കുരുങ്ങി സംരംഭകർ ആത്മഹത്യചെയ്യുന്നത്​ കഴിഞ്ഞ രണ്ടുവർഷത്തിലും ആവർത്തിച്ചിരിക്കുന്നു. പതിനായിരത്തിലധികം കെട്ടിടങ്ങളാണ് താമസ അനുമതി (ഒക്യുപെൻസ് ലൈസൻസ്) ലഭിക്കാതെ ഉപയോഗ ശൂന്യമായിക്കിടക്കുന്നത്. ഓഫിസ്​വരാന്തകളിൽ അലഞ്ഞ് മടുത്തിരിക്കുന്നു ഭൂരിപക്ഷം. നിയമവ്യവഹാരങ്ങളിൽ, ഉദ്യോഗസ്ഥ രാഷ്​ട്രീയ ദുഷ്പ്രഭുത്വത്തിൽ കുടുങ്ങി മുടങ്ങിയ പദ്ധതികൾ ആയിരത്തിലധികമാണ്. ആരെങ്കിലും ആത്മാർഥമായി വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കാനുദ്ദേശിക്കുന്നുവെങ്കിൽ ആത്മഹത്യക്ക് എളുപ്പമായ മറ്റെ​െന്തല്ലാം വഴിയുണ്ട് എന്ന് പരിഹാസം കലർത്തി നിരുത്സാഹിപ്പിക്കുന്നിടത്തോളം എത്തിയിരിക്കുന്നു നമ്മുടെ പൊതു മാനസികാവസ്ഥ.

അധികാര വികേന്ദ്രീകരണം വികസനത്തി​െൻറ നവീന സാധ്യതകളോടൊപ്പം അഴിമതിയുടെ വികേന്ദ്രീകരണത്തിനുകൂടി ഇടവരുത്തിയെന്ന തിരിച്ചറിവിലാണ് കേരളമിപ്പോൾ. ജനാധിപത്യത്തെ പരമാവധി ജനങ്ങളിലേ​െക്കത്തിക്കാനുള്ള സംവിധാനങ്ങളും പരിഷ്കരണങ്ങളും പുതിയ അധികാര വരേണ്യവർഗങ്ങളെ സൃഷ്​ടിക്കുന്നതിലേക്കാണോ നയിച്ചതെന്ന് പുനഃപരിശോധിക്കാൻ സമയമായിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് അമിതാധികാരമാണ് വികേന്ദ്രീകരണത്തിലൂടെ ലഭ്യമായതെന്ന തിരിച്ചറിവാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നിയമസഭ പ്രഖ്യാപനത്തിലടങ്ങിയ തീരുമാനങ്ങളുടെ ഉൾസാരം. എന്നാൽ, അധികാര വികേന്ദ്രീകരണത്തിലൂടെ രൂപപ്പെട്ട പ്രാദേശിക രാഷ്​ട്രീയാധികാര വരേണ്യ വിഭാഗങ്ങളെ തളക്കാൻ ആ നിർദേശങ്ങളിൽ വകുപ്പുകളില്ല.

നമ്മുടെ പ്രാദേശിക ഭരണസംവിധാനത്തിൽ ആമൂലാഗ്രം അഴിച്ചുപണി അനിവാര്യമായിരിക്കുന്നുവെന്നാണ്​ സാജ​​െൻറ ആത്മഹത്യയെ തുടർന്ന് ശക്തിപ്രാപിക്കുന്ന തദ്ദേശ സ്ഥാപനങ്ങളോടുള്ള ജനങ്ങളുടെ വെറുപ്പും പ്രതിഷേധവും വിളിച്ചുപറ‍യുന്നത്. സംരംഭകർ, വിശേഷിച്ച് പ്രവാസികൾ കള്ളപ്പണക്കാരും വെട്ടിപ്പുകാരുമെന്ന മനോഘടനയും പേറിയാണ് സർക്കാർ ഓഫിസുകളി​െല​​യും പ്രാദേശിക പാർട്ടി നേതാക്കളി​െലയും പലരും ജീവിക്കുന്നതും പെരുമാറുന്നതും. ആത്മഹത്യചെയ്​ത സാജനും സുഗതനും പുറംനാട്ടിൽ ആയുസ്സ് ചെലവഴിച്ചുനേടിയ സമ്പത്തുമുഴുവൻ നാട്ടിലിറക്കി വഞ്ചിതരായവരാണ്. പ്രവാസികൾക്കും പുതുതായി സംരംഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്നവർക്കും നൽകുന്ന ഈ വിപൽസന്ദേശം കേരളത്തി​െൻറ വികസനത്തിനു നേ​െരയുള്ള മരണമണിയാണ്.

ഭൂരിപക്ഷം പ്രവാസികളും പണം സമ്പാദിക്കുന്നതും സാമൂഹിക ഉന്നതിയിലേക്കുയരുന്നതും ചോര നീരാക്കി അധ്വാനിച്ചാ​െണന്ന് അംഗീകരിക്കാനും അവരെ ഉൾക്കൊള്ളാനും ഉദ്യോഗസ്ഥരും രാഷ്​ട്രീയക്കാരും തയാറായാലേ വികസനത്തി​െൻറ കൊട്ടിയടക്കപ്പെട്ട വാതിൽ തുറക്കാനാകൂ. ഉദ്യോഗസ്ഥരിലും രാഷ്​​ട്രീയ നേതാക്കളിലും സംരംഭക ആഭിമുഖ്യവും സാമൂഹിക ഒൗന്നത്യവും രൂപപ്പെട്ടില്ലെങ്കിൽ എല്ലാ ചട്ടങ്ങളും അഴിമതിക്കുള്ള ചാട്ടുളികളായി മാറും. നിയമങ്ങൾ ചിലർക്ക് ആത്മഹത്യയിലേക്കുള്ള വഴികളും മറ്റുചിലർക്ക് നിയമലംഘനങ്ങൾ നടത്താനുള്ള അനുമതിപത്രങ്ങളുമായി മാറും. നിർമാണചട്ടങ്ങളിലെ കാർക്കശ്യത്തിൽ നിർമാണപ്രവൃത്തികൾ നിലച്ച പതിനായിരക്കണക്കിനാളുകളുള്ള കേരളത്തിൽതന്നെയാണ്, സകല ചട്ടങ്ങളും പരിസ്ഥിതി നിയമങ്ങളും കാറ്റിൽപറത്തി പണിതുയർത്തിയ അംബര ചുംബികളായ കെട്ടിട സമുച്ചയങ്ങൾ പൊളിച്ചുകളയാൻ സുപ്രീംകോടതി ഉത്തരവിട്ടത്.

ആന്തൂർ സംഭവത്തെ തുടർന്ന് തദ്ദേശ സെക്രട്ടറിമാരുടെ അധികാരം കുറക്കാനും തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിയുടെ തീരുമാനത്തിനെതി​െര അപ്പീൽ നൽകാനുള്ള ​ൈട്രബ്യൂണൽ തിരുവനന്തപുരത്തിനു പുറ​െമ കൊച്ചിയിലും കോഴിക്കോട്ടും തുടങ്ങാനുമുള്ള തീരുമാനങ്ങൾ സ്വാഗതാർഹമാണ്​. പരാതിപരിഹാര ​ൈട്രബ്യൂണലുകളും 2019 മേയ് 31വരെ കെട്ടിട നിർമാണാനുമതി ലഭിക്കാത്തതും നിയമാനുസൃതം പൂർത്തിയാക്കിയിട്ടും കെട്ടിട വിനിയോഗാനുമതി, കെട്ടിട നമ്പർ എന്നിവ ലഭിക്കാത്തതുമായ അപേക്ഷകളിൽ പശ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരുടെ നേതൃത്വത്തിൽ നടക്കാൻപോകുന്ന അദാലത്തുകളും സങ്കീർണമായ പ്രശ്നങ്ങൾക്ക് താൽക്കാലിക സമാശ്വാസം നൽകാനും പൊതുജനങ്ങളുടെ ക്ഷോഭം ശമിപ്പിക്കാനും സഹായകരമാകും. എന്നാൽ, ശാശ്വത പരിഹാരമാണ്​ സർക്കാർ ലക്ഷ്യമിടുന്നതെങ്കിൽ സന്നദ്ധമാകേണ്ടത് കെട്ടിടനിർമാണ നിയമങ്ങളും ചട്ടങ്ങളും കാലികവും ശാസ്ത്രീയവുമാണോ എന്ന പരിശോധനക്കാണ്. സാങ്കേതിക വിദ്യകൾ ഏറെ വികസിച്ച ഇക്കാലത്ത് പൊതുജനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വരേണ്ടതില്ലാത്തവിധം പ്രവർത്തനരീതികൾ നവീകരിക്കാനാകും. തദ്ദേശസ്ഥാപനങ്ങൾ ജന സൗഹൃദമാകുന്ന കാലത്തേ ജനബന്ധുവായ പ്രാദേശിക വികസന മാതൃകകൾ വികാസം പ്രാപിക്കൂ.

Show Full Article
TAGS:Sajan suicide case self governing body malayalam Editorial 
Web Title - Sajan Suicide Case Self Governing Body -Malayalam Editorial
Next Story