ശ​ബ​രി​മ​ല വി​ധി​യും ഇ​ട​തു​പ​ക്ഷത്തിന്‍റെ ചു​വ​ടു​മാ​റ്റ​വും

Sabarimala

2018 സെ​പ്റ്റം​ബ​ർ 28​െൻറ ​സു​പ്രീംകോ​ട​തി വി​ധി പു​നഃ​പ​രി​ശോ​ധി​ക്കാ​നാ​യി ന​ൽ​കി​യ റി​വ്യൂ പെ​റ്റീ​ഷ​നു​ക​ളും റി​ട്ടു​ക​ളും നീ​ട്ടി​ക്കൊ​ണ്ടുപോ​വു​ക​യും എ​ന്നാ​ൽ, ചീ​ഫ്​ ജസ്​റ്റി​സ് റി​ട്ട​യ​ർ ചെ​യ്യു​ന്ന​തി​നു തൊ​ട്ടുമുമ്പ്​ വി​ധിപ​റ​യാ​ൻ എ​ടു​ക്കു​ക​യു​മാ​ണു​ണ്ടാ​യ​ത്. ലോ​കം മു​ഴു​വ​ൻ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന വി​ധി അ​പൂ​ർവ​മാ​യ നീ​ക്ക​ത്തി​ലൂ​ടെ വി​ശാ​ല ബെ​ഞ്ചി​ന് വി​ട്ടുകൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്. വ​ള​രെ നിസ്സാ​ര​മാ​യ ചി​ല കാ​ര്യ​ങ്ങ​ളാ​ണ് വ്യ​ക്ത​ത​ക്കുവേ​ണ്ടി ഏഴം​ഗ ബെ​ഞ്ചി​ലേ​ക്ക്​ അ​യ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ദാ​വൂ​ദി ബോ​റ, പാ​ഴ്സി, മു​സ്​ലിം വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ വി​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ ശ​ബ​രി​മ​ല വി​ധി​യു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട ഒരാ​വ​ശ്യ​വും ഇ​ല്ല. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും അ​നാ​ചാ​ര​ങ്ങ​ൾ  തു​ട​ച്ചുമാ​റ്റേ​ണ്ട​താ​ണ്. എ​ന്നാ​ൽ, അ​തോ​രോ​ന്നും പ​ര​സ്പ​രബ​ന്ധി​ത​മാ​യി കാ​ണേ​ണ്ട​തി​ല്ല. മുസ്​ലിം സ്ത്രീ​യു​ടെ പ​ള്ളിപ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച പെ​റ്റീഷ​ൻ (2019), പാ​ഴ്സി വി​ഭാ​ഗ​ത്തി​ൽപെ​ട്ട സ്ത്രീ​ക​ൾ ഇതര മ​ത​സ്ഥ​രെ വി​വാ​ഹം ക​ഴി​ച്ചാ​ൽ അ​നു​ഭ​വി​ക്കേ​ണ്ടിവരു​ന്ന വി​വേ​ച​നം (2012), ദാ​വൂ​ദി ബോ​റ പെ​ൺ​കു​ട്ടി​ക​ൾ​ക്കി​ട​യി​ലെ ചേ​ലാ​ക​ർ​മം നി​രോ​ധി​ക്ക​ണം എന്നാവശ്യപ്പെട്ട്​ നൽകിയ റി​ട്ട് (2017) -ഇ​തെ​ല്ലാം ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ  വകുപ്പ്​ 14 അ​ടി​സ്ഥാ​ന തത്ത്വമാണെ​ന്ന് എസ്​.ആർ. ബൊമ്മെ/യൂനിയൻ ഒാഫ്​ ഇന്ത്യ കേ​സി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്.

അ​തു​കൊ​ണ്ടുത​ന്നെ വകുപ്പ്​ 25, 26, 14 ഇ​വ​യി​ൽ ഏ​താ​ണ് മു​ക​ളി​ലെ​ന്ന ചോ​ദ്യ​ത്തി​​​െൻറ ഉത്തരം​​ നി​യമ​പ​ര​മാ​യ സം​ശ​യ​ത്തി​നി​ട​യി​ല്ലാ​ത്തതാ​ണ്. റി​വ്യൂ ഹ​ര​ജിയു​ടെ പ​രി​മി​ത​മാ​യ പ​രി​ധി​യി​ൽനി​ന്ന് നോ​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ അ​തി​ന് പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​യി ഭ​ര​ണ​ഘ​ട​ന​ക്കും നി​യ​മ​വാ​ഴ്ച​ക്കും മു​ക​ളി​ൽ മ​തവി​ശ്വാ​സ​ത്തെ പ്ര​തി​ഷ്ഠി​ക്കാ​നു​ള്ള ശ്ര​മം ആ​ശാ​വ​ഹമ​ല്ല. ഒ​രു സാ​ധാ​ര​ണ സം​ഘ്​​പ​രി​വാ​ർ ബോ​ധ​ത്തി​ൽനി​ന്നു​ള്ള വി​ധിയാ​യാ​ണ് ശ​ബ​രി​മ​ല റി​വ്യൂ പെ​റ്റീ​ഷ​നി​ൽ ല​ഭി​ച്ച ഇ​പ്പോ​ഴ​ത്തെ വിധിയെ കാ​ണാ​നാ​കൂ. സു​പ്രീംകോ​ട​തിയു​ടെ ഈ ​വി​ധി​യി​ലൂ​ടെ ത​ന്ത്രപ​ര​മാ​യി കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാറു​ക​ൾ ഒ​രുപോ​ലെ ര​ക്ഷ​പ്പെ​ട്ടു. കോ​ട​തിവി​ധി അ​നു​കൂ​ല​മാ​യി​ല്ലെ​ങ്കി​ൽ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​മെ​ന്നു പ​റ​ഞ്ഞുന​ട​ന്ന ക​ബ​ളി​പ്പി​ക്ക​ലി​ൽനി​ന്ന്​ കേ​ന്ദ്ര​വും റി​വ്യൂവി​ന് പ​രി​ഗ​ണി​ച്ചു എ​ന്ന സാ​േങ്കതിക ന്യാ​യം പ​റ​ഞ്ഞ്​ സം​സ്ഥാ​ന സ​ർ​ക്കാറും ര​ക്ഷ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

നൂ​റ്റാ​ണ്ടു​ക​ളു​ടെ പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ നേ​ടി​യെ​ടു​ത്ത ന​വോ​ത്ഥാനമൂ​ല്യ​ങ്ങളെല്ലാം കാ​റ്റി​ൽപ​റ​ത്തു​ന്ന വി​ധി​ക​ൾ വ​ന്നാ​ലും ഒ​ര​ക്ഷ​രം പ്ര​തി​ക​രി​ക്കാ​തെ ത​ടി​ത​പ്പു​ന്ന ഭീ​രു​ക്ക​ളാ​യ അ​ധി​കാ​ര​മോ​ഹി​ക​ളെയാ​ണ് എ​വി​ടെ​യും കാ​ണു​ന്ന​ത്. നൂ​റ്റാ​ണ്ടു​ക​ൾ പി​ന്നി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന രാഷ്​ട്രീയനി​ല​പാ​ടു​ക​ൾ​ക്ക് സ്വീ​കാ​ര്യ​ത നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ൽ കേ​ര​ള​ത്തി​ലെ ക​മ്യൂണി​സ്​റ്റ്​ പാ​ർ​ട്ടി​ക​ൾ​ക്ക് ചെ​റു​ത​ല്ലാ​ത്ത പ​ങ്കു​ണ്ട്. ജ​നാധി​പ​ത്യമൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തിപ്പി​ടി​ച്ച്​ ശ​രി​യു​ടെ പ​ക്ഷ​ത്തു നി​ൽ​ക്കാ​ൻ ച​ങ്കു​റ​പ്പു​ള്ള പ്ര​സ്ഥാ​ന​ങ്ങ​ൾ ഇ​ല്ലാ​താ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. അ​ധി​കാ​ര​ത്തി​​​െൻറ അ​പ്പ​ക്ക​ഷണ​ങ്ങ​ൾ​ക്കു​വേ​ണ്ടി ക​ടി​പി​ടികൂ​ടു​ന്ന രാഷ്​ട്രീയപ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വേ​റി​ട്ട ഒ​രു ശബ്​ദ​വും കേ​ൾ​ക്കു​ന്നി​ല്ല.

എ​ന്നാ​ൽ, ശ​ബ​രി​മ​ല മു​ൻ വി​ധി​ക്ക്​ സ്​റ്റേ ​അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ യു​വ​തിപ്ര​വേ​ശ​ന​വു​മാ​യി മു​ന്നോ​ട്ടുപോ​കു​മെ​ന്ന് മു​മ്പ്​ ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കാ​നാ​യി ശ്ര​മി​ച്ച സ്ത്രീസം​ഘ​ട​ന​ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജ​സ്​റ്റി​സ് ന​രി​മാ​​െൻറ​യും ജ​സ്​റ്റി​സ് ച​ന്ദ്ര​ചൂ​ഡി​​​െൻറ​യും വി​ധി​ക​ൾ ഭാ​വി​യി​ൽ ഭൂ​രി​പ​ക്ഷവി​ധിയാ​യി മാ​റും. മ​റി​ച്ചാ​ണ് സം​ഭ​വി​ക്കു​ന്നതെ​ങ്കി​ൽ അ​തൊ​രു രാഷ്​ട്രീയവി​ധി മാ​ത്രമാ​യി​രി​ക്കും. അത്​ ഭ​ര​ണ​ഘ​ട​നമൂ​ല്യ​ങ്ങ​ളെ​യും നി​യ​മവാ​ഴ്ച​യെ​യും ജ​നാധി​പ​ത്യ​ത്തെത്തന്നെ​യും  ത​ക​ർ​ക്കു​ന്ന​താ​യി​രി​ക്കും. അ​ത്​ എ​ക്സി​ക്യൂ​ട്ടിവി​​െൻറ​യും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ​യും മു​ക​ളി​ൽ വ​രു​ക​യും ചെ​യ്യും.  

ശ​ബ​രി​മ​ല കേ​വ​ലം വി​ശ്വാ​സ​ത്തി​െൻറ മാ​ത്രം പ്ര​ശ്നമ​ല്ല. ലിം​ഗനീ​തി, ഗോ​ത്രഭൂ​മി അ​വ​കാ​ശ​ങ്ങ​ൾ ഇ​ങ്ങ​നെ നി​ര​വ​ധി പ്രശ്​ന​ങ്ങ​ൾ അതിൽ ഉള്ളടങ്ങിയിട്ടുണ്ട്​. എ​ല്ലാതര​ം അ​സ​മത്വ​ങ്ങ​ളും തു​ട​ച്ചുമാ​റ്റേ​ണ്ട​താ​ണ്. സ​മീ​പഭാ​വി​യി​ൽത​ന്നെ അ​തി​ശ​ക്ത​മാ​യ സ​മ​ര​പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ അ​വ​കാ​ശ​ങ്ങ​ൾ നേ​ടിയെ​ടു​ക്കു​ക​യും ല​ഭ്യ​മാ​യ, നി​യ​മ​പ​ര​മാ​യ എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും സ്ഥാ​പി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യും. ഭൂ​രി​പ​ക്ഷവി​ധി​യി​ൽ സ്​റ്റേ ​ഇ​ല്ലാ​ത്തി​ട​ത്തോ​ളം സ്ത്രീ​ക​ളെ ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​റി​നു​ണ്ട്. മ​റ്റൊ​രു കേ​സ്​ പ​രി​ഗ​ണി​​െക്ക, ബെ​ഞ്ചി​ൽ അം​ഗ​മാ​യി​രു​ന്ന ഒ​രു  ജ​ഡ്ജി അ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, സി.പി.എമ്മി​​െൻറ ​കാ​പ​ട്യം വെ​ളി​ച്ച​ത്തുവ​ന്നി​രി​ക്കു​ക​യാ​ണ്. കോ​ട​തിവി​ധി വാ​ങ്ങിവ​രു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ സംരക്ഷണവും പ്രവേശനവും അനുവദിക്കുകയുള്ളൂ എന്നു പ​റ​യു​ന്ന​ത് ഹി​ന്ദു​ത്വ​ത്തെ പ്രീ​ണി​പ്പി​ക്കാ​ൻത​ന്നെ​യാ​ണ്. ശ​ബ​രി​മ​ല റി​വ്യൂ പെ​റ്റീഷ​ൻ വി​ധി പ​റ​യാ​തെ മാ​റ്റിെവ​ച്ച​ത് എ​ല്ലാ രാഷ്​ട്രീയ പാ​ർ​ട്ടി​ക​ളെ​യും ഒ​രു​പോ​ലെ ര​ക്ഷ​പ്പെടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ജസ്​റ്റി​സ് ന​രി​മാ​ൻ വ​ള​രെ വ്യ​ക്ത​മാ​യി, മ​റ്റൊ​രു കേ​സ് പ​രി​ഗ​ണി​​ക്ക​വേ, കേ​ര​ള സർക്കാറിനോ​ട് വി​ധി വാ​യി​ച്ചുനോ​ക്കാ​ൻ പ​റഞ്ഞു. എ​ന്നി​ട്ടും കി​ട്ടി​യ ക​ച്ചി​ത്തു​രു​മ്പി​ൽ പി​ടി​ച്ച്​ കോ​ട​തിവി​ധി അ​ട്ടി​മ​റി​ച്ചുകൊ​ണ്ടി​രി​ക്കു​ന്നു.

റി​വ്യൂ പ​രി​ഗ​ണി​ക്ക​വേ വ​ന്ന ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ എ​വി​ടെ​യും പ​ഴ​യ വി​ധി നി​ല​നി​ൽ​ക്കി​ല്ല എ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല. ഭൂ​രി​പ​ക്ഷ വി​ധിയി​ൽ, ന്യൂ​ന​പ​ക്ഷവി​ധി​യി​ൽ പ​രാ​മർശിച്ച​തി​ന്​ എ​തി​രാ​യി പ​റ​യാ​ത്ത​തൊ​ക്കെ​യും ഭൂ​രി​പ​ക്ഷ​ത്തി​​​െൻറകൂ​ടി വി​ധി​യാ​ണ്. സു​പ്രീംകോ​ട​തി വി​ധിയ​നു​സ​രി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ തയാ​റാ​യി​ല്ലെ​ങ്കി​ൽ അ​ത് കോ​ട​തി​യ​ല​ക്ഷ്യ​മാ​ണ്. കോ​ട​തിവി​ധി മാ​നി​ക്കാ​തെ ക​ലാ​പം അ​ഴി​ച്ചുവി​ടു​ന്ന മു​ഴു​വനാ​ളു​ക​ളെ​യും അ​റസ്​റ്റ്​ ചെ​യ്യാ​നു​ള്ള ആ​ർ​ജ​വം പൊ​ലീ​സ് കാ​ണി​ക്കേ​ണ്ട​താ​ണ്.

Loading...
COMMENTS