ആർ.എസ്.എസ് മേധാവിയുടെ ‘യഥാർഥ സ്വാതന്ത്ര്യദിനം’
text_fieldsനിരവധി നൂറ്റാണ്ടുകളായി ശത്രുക്കളുടെ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന ഭാരതത്തിന് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യയിൽ രാമപ്രതിമ പ്രതിഷ്ഠ നടന്ന 2024 ജനുവരി 22നാണെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഇൻഡോറിൽ ഒരു അവാർഡുദാന ചടങ്ങിൽ പ്രസംഗിക്കെ അവകാശപ്പെട്ടിരിക്കുന്നു. രൂപവത്കരണത്തിന്റെ ശതവാർഷികം ആഘോഷിക്കാനൊരുങ്ങുന്ന തന്റെ സംഘടനയുടെ രാഷ്ട്രസങ്കൽപം വളച്ചുകെട്ടില്ലാതെ തുറന്നുകാട്ടിയിരിക്കുന്നു ഇതിലൂടെ അദ്ദേഹം.
1947 ആഗസ്റ്റ് 15ന് രാഷ്ട്രീയ സ്വാതന്ത്ര്യം രാജ്യം നേടിയെടുത്തെങ്കിലും ഒരു പ്രത്യേക കാഴ്ചപ്പാടോടെ എഴുതപ്പെട്ട ഭരണഘടന ഭാരതത്തിന്റെ സ്വത്വം പ്രതിഫലിപ്പിക്കുന്നതായിരുന്നില്ല എന്നാണദ്ദേഹം ആരോപിച്ചത്. ശ്രീരാമൻ, ശ്രീകൃഷ്ണൻ, ശിവൻ എന്നീ ഭഗവാന്മാരിൽനിന്നാരംഭിച്ച് 5000 വർഷങ്ങളായി തുടരുന്ന നമ്മുടെ പാരമ്പര്യം ഉൾക്കൊണ്ട സ്വാതന്ത്ര്യം കൈവന്നത് രാമക്ഷേത്ര പ്രതിഷ്ഠ നടന്നതോടെയാണത്രെ. ക്ഷേത്രങ്ങളെക്കാൾ പ്രധാനം ജനങ്ങളുടെ ഉപജീവനമാണെന്ന് വാദിക്കുന്നവരോടുള്ള ഭാഗവതിൻ്റെ ചോദ്യം 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യവും സോഷ്യലിസം പോലുള്ള പ്രത്യയശാസ്ത്രങ്ങളുമെല്ലാം ഇത്രയും കാലം കൊണ്ടുനടന്നിട്ടും രാജ്യം എവിടെയെത്തി എന്നാണ്. അതേസമയം ഇന്ത്യയോടൊപ്പം യാത്രയാരംഭിച്ച ഇസ്രായേൽ, ജപ്പാൻപോലുള്ള രാജ്യങ്ങൾ എത്തിപ്പിടിച്ച ഉയരങ്ങളിൽ നമുക്കെത്താൻ സാധിക്കാതെ പോയില്ലേ എന്നും സംഘ് തലവൻ ചോദിക്കുന്നു. എല്ലാറ്റിനും പ്രതിവിധിയും യഥാർഥ സ്വാതന്ത്ര്യവുമായി അദ്ദേഹം കാണുന്നത് രാമക്ഷേത്ര നിർമിതിയിലൂടെ നേടിയെടുക്കുന്ന രാമരാജ്യമാണെന്ന് ചുരുക്കം. ഏറ്റവും പുതുതായി ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ 12 വർഷത്തെ ഇടവേളക്കുശേഷം നടക്കുന്ന 45 ദിവസത്തെ മഹാ കുംഭമേള സമാപിക്കുന്നതോടെ ഇന്ത്യ മഹാരാജ്യം ഇസ്രായേലിനും ജപ്പാനും തുല്യമായി വികസിത, സമ്പൽസമൃദ്ധ രാഷ്ട്രമായി പരിണമിക്കുന്ന ലോക മഹാത്ഭുതവും നാം കാണാൻ പോവുന്നു എന്നാണ് കരുതേണ്ടത്.
കാരണം, സഹസ്ര കോടികൾ ചെലവിട്ട് കേന്ദ്രവും യു.പി സംസ്ഥാനവും ഒരുപോലെ ചരിത്രസംഭവമാക്കാൻ കഠിനാധ്വാനം ചെയ്യുന്ന മഹാകുംഭമേളയിൽ 40 കോടി സന്യാസികളും ഭക്തജനങ്ങളും പങ്കെടുക്കുമെന്നാണ് പറയപ്പെടുന്നത്. ഇത്രയും വലിയ ജനസഞ്ചയത്തെ 10,000 ഏക്കർ വരുന്ന കുംഭമേള നഗരിയിലെത്തിക്കാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ഇന്ത്യൻ റെയിൽവേ 5000 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞുവെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ വെളിപ്പെടുത്തൽ. അതീവ ഗുരുതര ദുരന്തമായി സർക്കാർതന്നെ അംഗീകരിച്ച വയനാട് ഉരുൾപൊട്ടൽ ഇരകൾക്ക് ഇതുവരെ ലക്ഷമോ കോടിയോ കേന്ദ്രം അനുവദിച്ചില്ലെങ്കിലും രാജ്യത്തെ മൊത്തം ക്ഷേമരാഷ്ട്രമാക്കാൻ രാമക്ഷേത്ര നിർമിതിയും കുംഭമേളയുമൊക്കെ സാധ്യമാക്കുമെന്ന തീരുമാനം അപാരമെന്ന് സമ്മതിച്ചേ തീരൂ.
മോഹൻ ഭാഗവത് മാതൃകയായി ചൂണ്ടിക്കാട്ടിയ ഇസ്രായേലിന്റെയും ജപ്പാന്റെയുമൊക്കെ ഭൗതിക പുരോഗതി അസൂയാർഹമായ ശാസ്ത്ര ഗവേഷണത്തിന്റെയും സാങ്കേതിക പുരോഗതിയുടെയും ഫലമാണെന്ന് ഈ രാജ്യത്തെ കുട്ടികൾക്കുപോലും അറിയാവുന്ന കാര്യം. സ്വാതന്ത്ര്യാനന്തരം ഇന്ത്യയെയും ആ വഴിയെ നയിക്കാനായിരുന്നു പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ മോഹമെന്ന് തെളിയിക്കുന്നതാണ് ഭക്ഡ-നങ്കൽ ജലവൈദ്യുതി പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ചെയ്ത പ്രസംഗം.
ഭാവി ഇന്ത്യയുടെ തീർഥാടന കേന്ദ്രം ഇത്തരം പദ്ധതികളാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നത്. പൊതുമേഖലയിൽ ഊന്നിക്കൊണ്ടേ ഇത്തരം വൻകിട പദ്ധതികൾ നിലവിൽവരൂ എന്നദ്ദേഹം ദീർഘദർശനം ചെയ്തതുകൊണ്ടാണ് സോഷ്യലിസത്തെ രാജ്യത്തിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചതും. പക്ഷേ, നിർഭാഗ്യവശാൽ ജാതിയുടെയും മതത്തിന്റെയും പേരിൽ പരസ്പരം കലഹിച്ച, അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി രാജ്യനന്മയെ ബലികഴിച്ച, അഴിമതി ജന്മാവകാശമായി കരുതിയ, കുത്തക മുതലാളിമാർക്ക് രാജ്യത്തെതന്നെ അടിയറവെച്ച പിൻഗാമികൾക്ക് ഇന്ത്യയെ 75 വർഷങ്ങൾക്ക് ശേഷവും പട്ടിണിയും പരിവട്ടവുമില്ലാത്ത വികസിത രാജ്യമായി മാറ്റാൻ കഴിഞ്ഞില്ല.
അധോഗതിക്ക് പരിഹാരം ഉറപ്പായും ഉണ്ടാവുമെന്ന് വാഗ്ദാനം ചെയ്ത് ജനങ്ങളുടെ വോട്ടുവാങ്ങി ദശവത്സരക്കാലത്തിലധികമായി അമിതാധികാര പ്രയോഗത്തോടെ വാണരുളുന്ന ആർ.എസ്.എസിന്റെ നോമിനികൾക്കോ? ബാബരി മസ്ജിദ് തകർത്ത് തൽസ്ഥാനത്ത് 1800 കോടിയുടെ രാമക്ഷേത്രം പണിത നരേന്ദ്ര മോദിക്കും സഹപ്രവർത്തകരായ ഹിന്ദുത്വ തീവ്രവാദികൾക്കും രാജ്യത്തെ മതന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടാനും അവരിൽ അരക്ഷിതബോധം വളർത്താനുമല്ലാതെ കോടികൾ വരുന്ന ദരിദ്രജനങ്ങളുടെ പട്ടിണി മാറ്റാൻ കഴിഞ്ഞോ? ഇസ്രായേലിന്റെയും ജപ്പാന്റെയും പുരോഗതിക്കാധാരമായ ശാസ്ത്ര സാങ്കേതിക കുതിച്ചുചാട്ടത്തെ ഇകഴ്ത്തി പുരാണ കഥാപാത്രങ്ങളുടെ സാങ്കൽപിക കോലങ്ങൾ ചൂണ്ടിക്കാട്ടി ഞങ്ങൾ സഹസ്രാബ്ദങ്ങൾക്ക് മുമ്പേ അതൊക്കെ കണ്ടുപിടിച്ചിരുന്നുവെന്ന വീരവാദം പുതുതലമുറകളുടെ മസ്തിഷ്കങ്ങളിൽ അടിച്ചുകയറ്റാനല്ലാതെ എന്താണിവിടെ സാധിച്ചത്? ഇസ്രായേലിൽ നിന്ന് തീർത്തും അപകടകരവും വിനാശകരവുമായ വംശീയോന്മാദം പകർത്തി പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള തലമുറകളെ ഇടതടവില്ലാതെ ബോംബുവർഷത്തിലൂടെ കരിച്ചുകളയാൻപോലും മടിക്കേണ്ടതും പേടിക്കേണ്ടതുമില്ല എന്നല്ലേ ഇവിടെ ഭൂരിപക്ഷത്തിന്റെ പേരിൽ സംസാരിക്കുന്നവരുടെ മനോഗതി? ഘർവാപസി പാർലമെന്റിൽ ചർച്ചാവിഷയമായ ഘട്ടത്തിൽ താൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ സന്ദർശിച്ചിരുന്നതായി മോഹൻ ഭാഗവത് അനുസ്മരിക്കുന്നുണ്ട്.
‘ഇന്ത്യൻ ഭരണഘടന ലോകത്തിലെ ഏറ്റവും മതേതരമാണ്; പിന്നെ ലോകരാജ്യങ്ങൾക്ക് നമ്മെ മതേതരത്വം പഠിപ്പിക്കാൻ എന്തവകാശം’ എന്ന് മുൻ രാഷ്ട്രപതി അദ്ദേഹത്തോട് ചോദിച്ചുവത്രെ. ആ ഭരണഘടനയിൽനിന്ന് സെക്യുലറിസവും സോഷ്യലിസവും നീക്കം ചെയ്യണമെന്നാണ് ബി.ജെ.പിയുടെ സുബ്രഹ്മണ്യൻ സ്വാമിയും അശ്വിനി കുമാറും സുപ്രീംകോടതിയോട് ആവശ്യ പ്പെട്ടതെന്നോർക്കുക. തൽക്കാലം സുപ്രീംകോടതി അവരുടെ ആവശ്യം നിരാകരിച്ചു. ഭാവിയിൽ യഥാർഥ സ്വതന്ത്ര രാമരാജ്യത്ത് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

