Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവൈകിയെത്തിയ...

വൈകിയെത്തിയ നീതിയെങ്കിലും നിഷേധിക്കപ്പെടരുത്

text_fields
bookmark_border
വൈകിയെത്തിയ നീതിയെങ്കിലും നിഷേധിക്കപ്പെടരുത്
cancel

ബഹളങ്ങളിലും സ്തംഭനങ്ങളിലും മുങ്ങി അവസാനിച്ച പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനത്തില്‍ ഇരുസഭകളും ഒരു മനസ്സോടെ അംഗീകരിച്ച ഭിന്നശേഷി അവകാശ സംരക്ഷണ ബില്‍ 2016 ജനങ്ങളെ തുല്യരായി ഉള്‍ക്കൊള്ളാനുള്ള ശ്രമങ്ങളിലെ നാഴികക്കല്ലാണ്.  സാമൂഹിക വളര്‍ച്ചക്ക് ഉതകുന്നതും അവകാശ സംരക്ഷണത്തിന്  നാന്ദികുറിക്കുന്നതുമായ നിയമനിര്‍മാണമാണത്. രണ്ടാം യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് കൊണ്ടുവന്ന ബില്‍ പാര്‍ലമെന്‍ററി സമിതി നിര്‍ദേശിച്ച 59 ഭേദഗതികള്‍ അടക്കം 119 ഭേദഗതികള്‍ വരുത്തിയാണ് സഭ ഏക സ്വരത്തില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്രസഭ കണ്‍വെന്‍ഷനിലെ വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തി യു.പി.എ സര്‍ക്കാര്‍  ബില്‍ തയാറാക്കിയത്  സുധ കൗള്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരമായിരുന്നു.  വിദ്യാഭ്യാസമേഖലയില്‍ അഞ്ചും സര്‍ക്കാര്‍ ജോലിക്ക് നാലും സ്വകാര്യമേഖലകളിലെ ജോലിക്ക് അഞ്ചും ശതമാനം സംവരണം നിഷ്കര്‍ഷിച്ചിട്ടുണ്ട്. അന്ധത, കാഴ്ചക്കുറവ്, ഭേദമായ കുഷ്ഠരോഗം, കേള്‍വിക്കുറവ്, ചലനവൈകല്യം, മാനസികരോഗം, മാനസിക വളര്‍ച്ചക്കുറവ് എന്നിവ അനുഭവിക്കുന്നവര്‍ക്ക് പുറമെ ആസിഡ് ആക്രമണത്തിനിരയായവരെയും പാര്‍കിന്‍സണ്‍സ്, സെറിബ്രല്‍ പാള്‍സി, ഓട്ടിസം, തലാസീമിയ എന്നിവ ബാധിച്ചവരെയും അടക്കം 21 വിഭാഗങ്ങളെയും ഭിന്നശേഷി അവകാശങ്ങളും പരിരക്ഷയും ലഭിക്കേണ്ടവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

നേരത്തേ അനുവദിക്കപ്പെടാതിരുന്ന പൊതുസ്ഥലങ്ങളില്‍ പ്രവേശനത്തിനുള്ള അവകാശവും ബില്‍ നല്‍കുന്നു. കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയടക്കമുള്ള പൊതു ഇടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്കുകൂടി പ്രവേശനം സാധ്യമാകുന്ന തരത്തിലാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. പൊതു ഗതാഗത സംവിധാനങ്ങളിലും പൊതു കെട്ടിടങ്ങളിലും ഭിന്നശേഷി വിഭാഗങ്ങളുടെ സുഗമ സഞ്ചാരം സാധ്യമാക്കുന്ന സംവിധാനം രണ്ടുവര്‍ഷത്തിനകം സജ്ജീകരിക്കണമെന്ന് ബില്‍ അനുശാസിക്കുന്നു. ക്ഷേമം ഉറപ്പാക്കാനും പരാതി പരിഹാരത്തിനുമായി കേന്ദ്ര,സംസ്ഥാന തലങ്ങളില്‍ കമീഷണര്‍മാരെ  നിയമിക്കാനും  അവകാശലംഘകരില്‍നിന്ന് പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.  അതേസമയം, നിയമം ദുരുപയോഗം ചെയ്ത് ആനുകൂല്യം നേടുന്നവര്‍ക്കും ശിക്ഷയുണ്ട്.

യഥാര്‍ഥത്തില്‍ ഈ ബില്‍ വൈകിയത്തെുന്ന നീതിയാണ്.  പൊതു ഇടങ്ങളിലും സാമൂഹിക നിര്‍മിതിയിലുമെല്ലാം ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് തുല്യതയും ആത്മവിശ്വാസവും അനുഭവപ്പെടുന്ന അന്തരീക്ഷം സൃഷ്ടിക്കുകയെന്നത് സാംസ്കാരിക വികാസത്തിന്‍െറ അടയാളക്കുറിയാണ്. തിരക്കേറെയുണ്ടായിട്ടും ചില നഗരങ്ങളില്‍ ഭിന്നശേഷിക്കാരുടെ വാഹനത്തിനുവേണ്ടി ഒഴിച്ചിട്ട ഇടം ആരാലും കൈയേറപ്പെടാതെ നിലനില്‍ക്കുന്നത് നിയമ കാര്‍ക്കശ്യം കൊണ്ടുമാത്രമല്ല വ്യത്യസ്തരായ സഹജീവികളെ  ആദരിക്കാനും ഉള്‍ക്കൊള്ളാനുമുള്ള മനോഘടനയുള്ളതുകൊണ്ടുകൂടിയാണ്. മറുവശത്ത് ഭിന്നശേഷിക്കാരെ അധ$സ്ഥിതഗണമായി വീക്ഷിക്കുന്ന മനോവൈകല്യവും സാമൂഹിക മണ്ഡലങ്ങളില്‍ സ്ഥായിയായി നിലനില്‍ക്കുന്നു. നമ്മുടെ പദപ്രയോഗങ്ങളിലും പഴഞ്ചൊല്ലുകളിലും തുടങ്ങുന്നുണ്ട് ഭിന്നശേഷിക്കാരോടുള്ള പുച്ഛം.

എന്നിലെ ഭിന്നശേഷിക്കാരിയെ തുല്യപൗരയായി അംഗീകരിക്കാത്തിടത്തോളം കാലം ഈ നാട് എനിക്ക് അന്യമായി തോന്നുമെന്നു പറഞ്ഞ് ‘വണ്‍ ലിറ്റില്‍ ഫിംഗര്‍’ എന്ന അസാമാന്യ പുസ്തകം രചിച്ച എഴുത്തുകാരി മാലിനി ഛിബ് ലണ്ടനിലേക്ക് പോയതും അതുകൊണ്ടുതന്നെ. ലോകപ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞയും അക്കാദമീഷ്യനുമായ ഡോ. അനിതാ ഘായിയെ വിമാനത്തില്‍ നിന്നിറങ്ങാന്‍ വീല്‍ചെയര്‍ നല്‍കാതെ രാജ്യതലസ്ഥാനത്തെ വിമാനത്താവള റണ്‍വേയിലൂടെ ഇഴയിച്ചതും മറക്കാറായിട്ടില്ല. വികലാംഗര്‍ എന്നതിനുപകരം ദിവ്യാംഗര്‍ എന്ന് വിളിക്കണമെന്നൊരു നിര്‍ദേശം പ്രധാനമന്ത്രിയും സര്‍ക്കാര്‍ വിഭാഗങ്ങളും ഇടക്കൊരിക്കല്‍ മുന്നോട്ടുവെച്ചിരുന്നു. അംഗപരിമിതരുടെ അവകാശ കൂട്ടായ്മകള്‍ സൂചിപ്പിക്കുന്നതുപോലെ സര്‍ക്കാറും സഹജീവികളും എന്തു വിളിക്കുന്നുവെന്നതല്ല കാര്യം, മറിച്ച് എങ്ങനെ പെരുമാറുന്നു, ഏത് മനോഭാവത്തോടെ സമീപിക്കുന്നു എന്നതാണ്. നിയമങ്ങള്‍ അവയെ സാധൂകരിക്കാനും പ്രബലപ്പെടുത്താനുമാണ് വേണ്ടത്.

സംവരണത്തെയും പരിഗണനകളെയും ഒൗദാര്യമായി കാണുന്ന വരേണ്യജാതിബോധത്തിന്‍െറ അസഹനീയത ഭിന്നശേഷിക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാംസ്കാരിക ഒൗന്നിത്യത്തില്‍ മേനിനടിക്കുന്ന കേരളത്തിലും നിരന്തര അനുഭവമായിത്തീരുന്നത് കാണാതിരുന്നുകൂട. ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയവ ബാധിച്ചവരുടെ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും സാമൂഹിക ജീവിതം പോയിട്ട് കുടുംബാഘോഷങ്ങളും ആഹ്ളാദസന്ദര്‍ഭങ്ങളും വരെ അന്യമായിതീരുന്ന ദുരവസ്ഥ അസാധാരണമൊന്നുമല്ല. 1995ല്‍ നിലവില്‍വന്ന ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍ സംവരണം നടപ്പാക്കിക്കിട്ടാന്‍ കേരളത്തില്‍ അസംഖ്യം നിയമപോരാട്ടങ്ങള്‍ വേണ്ടിവന്നതും  നിയമന മാതൃകയില്‍ ധാരണയുണ്ടാകാന്‍ 2016വരെ കാത്തിരിക്കേണ്ടിവന്നതും മാത്രം മതി  നാടിന്‍െറ മനോഘടനയെയും സാംസ്കാരിക നിലവാരത്തെയും അളക്കാന്‍.

ശാരീരികരമായും മാനസികമായും വിഭിന്നരായവര്‍ക്ക് തുല്യതയുടെയും ആത്മവിശ്വാസത്തിന്‍െറയും സാമൂഹിക അന്തരീക്ഷം സ്കൂള്‍ മുതല്‍ എല്ലാ പൊതു ഇടങ്ങളിലും സൃഷ്ടിക്കാനുള്ള മികച്ച തുടക്കമാകണം ഈ ബില്ല്.  വിനോദ സ്ഥലങ്ങളില്‍ മുതല്‍ ആരാധനാലയങ്ങളില്‍വരെ ആര്‍ക്കും പരാശ്രയമില്ലാതെ സ്വന്തമായി വരാനും കാര്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള സംവിധാനമുണ്ടാകണം.  പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സവിശേഷ സംവിധാനങ്ങള്‍ പൊതു ഇടങ്ങളില്‍ ഒരുക്കേണ്ടതും അനിവാര്യമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള സാംസ്കാരികശേഷി ആര്‍ജിച്ചെടുക്കാതെ നടത്തുന്ന നിയമനിര്‍മാണങ്ങള്‍ ഏട്ടിലെ പശുവായിത്തീരുമെന്ന് 1995ലെ നിയമനിര്‍മാണം തന്നെ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

Show Full Article
TAGS:madhyamam editorial The Rights of Persons with Disabilities Bill 
Next Story