ആരാധനാലയങ്ങളിലെ ഇളവുകൾ
text_fieldsകോവിഡ് -19 എന്ന മഹാമാരിയുടെ രൂക്ഷതയും വ്യാപനവും പ്രതിരോധിക്കാൻ രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗൺ രണ്ടരമാസം പിന്നിട്ടിരിക്കെ സമ്പൂർണ സ്തംഭനം ലഘൂകരിക്കാനും സാമാന്യജീവിതം ക്രമേണ സാധാരണനിലയിലാക്കാനും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഘട്ടംഘട്ടമായി അനുവദിക്കുന്ന ഇളവുകൾ ജനം അനൽപമായ ആശ്വാസത്തോടെയാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കോവിഡിെൻറ വ്യാപനത്തിന് താരതമ്യേന സാധ്യതയേറിയ പ്രദേശങ്ങൾ ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ച് ലോക്ഡൗൺ കർശനമാക്കുന്നതോടൊപ്പം മറ്റിടങ്ങളിൽ ഒടുവിൽ പ്രഖ്യാപിച്ച ഇളവുകൾ പ്രകാരം കടകളും വ്യാപാര സ്ഥാപനങ്ങളും മാളുകളും സേവനകേന്ദ്രങ്ങളും നിയന്ത്രണങ്ങൾ പാലിച്ച് തുറക്കുകയും പ്രവർത്തിപ്പിക്കുകയുമാവാം.
പൊതുഗതാഗതം ഒട്ടൊക്കെ പുനരാരംഭിച്ചു കഴിഞ്ഞു. ആരാധനാലയങ്ങൾക്ക് സോപാധികമായി തുറക്കാൻ അനുമതി നൽകിയ കേന്ദ്രസർക്കാറിെൻറ മാർഗനിർദേശങ്ങളെ അടിസ്ഥാനപ്പെടുത്തി സംസ്ഥാന സർക്കാർ കർശനവ്യവസ്ഥകളോടെ ആരാധനാലയങ്ങൾക്ക് നൽകിയ അനുമതി കഴിഞ്ഞദിവസം മുതൽ നിലവിൽ വന്നു. ജനങ്ങളിൽനിന്നും ജനകീയ സംഘടനകളിൽനിന്നുമുള്ള നിരന്തരമായ ആവശ്യവും സമ്മർദവും മാനിച്ചുതന്നെയാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നടപടി. മറുവശത്ത് പ്രവാസികളുടെയും മറുനാടൻ മലയാളികളുടെയും അഭൂതപൂർവമായ തിരിച്ചുവരവും ഇവരുമായുള്ള സമ്പർക്കങ്ങളും മൂലം കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ ആശങ്കജനകമായ വർധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്ന തിക്തസത്യം കണ്ടില്ലെന്നു നടിക്കാനും സാധ്യമല്ല.
തിരിച്ചുവരുന്ന കേരളീയർ സർക്കാർ ഏർപ്പെടുത്തിയ പ്രത്യേകകേന്ദ്രങ്ങളിൽ തന്നെ ക്വാറൻറീനിൽ കഴിയണമെന്ന നിഷ്കർഷയിൽ ഇളവ് വരുത്തി, സ്വന്തം വീടുകളിൽ നിബന്ധനകൾ പാലിച്ചുകഴിഞ്ഞാൽ മതി എന്ന് ഉത്തരവിടാൻ ആരോഗ്യവകുപ്പ് നിർബന്ധിതമായിരിക്കുന്നു. ചെലവുകൾ താങ്ങാൻ കഴിയാത്തതാണ് മുഖ്യകാരണം. കോവിഡിെൻറ സാമൂഹികവ്യാപനത്തിലേക്ക് സംസ്ഥാനം എടുത്തെറിയപ്പെട്ടാൽ മറ്റൊരു മുംബൈയോ ഡൽഹിയോ അഹ്മദാബാദോ ആവാൻ ഏറെ താമസമുണ്ടാവില്ല എന്നാണ് നിരീക്ഷകരുടെ മുന്നറിയിപ്പ്. അത്തരമൊരു പ്രതിസന്ധി ഒഴിവാക്കാൻ സ്വദേശത്തേക്കും സ്വഗൃഹങ്ങളിലേക്കും മടങ്ങിവരുന്ന മലയാളികളോട് ‘അരുത്’ എന്നു പറയാനും പറ്റില്ല.
അങ്ങേയറ്റം സന്ദിഗ്ധമായ ഈ ഘട്ടത്തിലാണ് ജനത്തിരക്ക് നിയന്ത്രിക്കുക വളരെ പ്രയാസകരമായ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാറുകൾ അനുമതി നൽകിയിരിക്കുന്നത്. അതു വേണ്ടായിരുന്നു എന്ന് അഭിപ്രായമുള്ളവർ വിശ്വാസികളിൽ തന്നെയുണ്ടെങ്കിലും പൊതുവികാരം ഇളവിനനുകൂലമാണെന്നു വേണം കരുതാൻ. പക്ഷേ, കർശനമായ ഉപാധികളോടെയുള്ള തുറക്കൽ എത്രത്തോളം പ്രായോഗികമാണെന്നതാണ് ചർച്ചാവിഷയം. ആരാധനാലയങ്ങൾ അണുമുക്തമാക്കണം, അകത്തും പുറത്തും ആറടി അകലം പാലിക്കണം, കൂടുതൽ വിശാലമായ ആരാധനാലയങ്ങളിൽപോലും പരമാവധി 100 പേരെ മാത്രമേ അനുവദിക്കാവൂ, 65ന് മുകളിലുള്ളവരും 10 ന് താഴെയുള്ളവരും രോഗികളും പ്രവേശിക്കരുത് തുടങ്ങി ആരാധനക്കെത്തുന്നവരുടെ പേരും ഫോൺ നമ്പറും സൂക്ഷിക്കണം എന്നുവരെയുള്ള നിബന്ധനകൾ കൃത്യമായും കണിശമായും പാലിക്കാൻ ആരാധനാലയ ഭരണസമിതികൾക്ക് അതിദുഷ്കരമായിരിക്കുമെന്നുറപ്പ്. അതുകൊണ്ടാണ് മുസ്ലിം മതസംഘടനകളും ൈക്രസ്തവസഭകളും പൊതുവെ തൽക്കാലം ആരാധനാലയങ്ങൾ തുറക്കാതിരിക്കുന്നതാണ് നല്ലത്; തുറക്കണമെന്നുള്ളവർ കർശനവ്യവസ്ഥകൾ പാലിക്കണം എന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ഇളവുകൾ കൂടുതൽ ഉദാരമാക്കണമെന്ന ആവശ്യം ഉയർന്നുവന്നിട്ടില്ലെന്നതാണ് ആശ്വാസകരം. കാരണം, മനുഷ്യജീവനും സുരക്ഷക്കുമാണ് സർവോപരി പ്രാധാന്യം എന്ന തത്ത്വം അംഗീകരിക്കാത്ത മതങ്ങളില്ല. ‘നിങ്ങൾ നാശത്തിലേക്ക് സ്വയം എടുത്തുചാടരുത്’ എന്നതാണ് പ്രസിദ്ധമായ വേദവാക്യം. ജാഗ്രത ഒട്ടും കൈവിടാതെ പ്രഖ്യാപിത ഇളവുകൾ പരമാവധി സൂക്ഷ്മതയോടെ മാത്രം ഉപയോഗപ്പെടുത്തുന്നതാണ് വിവേകശാലികളുെട ധർമം. എന്നാൽ, ഹൈന്ദവക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും കാര്യത്തിൽ സ്വൽപം വ്യത്യസ്തമാണ് ചിത്രം. ഹിന്ദുത്വർ പൊതുവെ അംഗീകരിക്കുന്ന നരേന്ദ്ര മോദി സർക്കാറിെൻറ മാർഗദർശക തത്ത്വങ്ങളാണ് കേരളത്തിലെ ഇടതുമുന്നണി സർക്കാറിെൻറ ഉത്തരവുകൾക്ക് ആധാരമെന്നത് നിഷേധിക്കാനാവില്ല. കേന്ദ്ര സർക്കാറിെൻറ നിർദേശങ്ങൾക്കകത്തുനിന്നുള്ള ഇളവുകൾക്കേ സംസ്ഥാന സർക്കാറിന് അധികാരമുള്ളൂ. ഇതര മതസ്ഥരുടെയെന്ന പോലെ ഹൈന്ദവ ദേവാലയങ്ങൾക്കും സോപാധികം തുറന്നു പ്രവർത്തിക്കാൻ പിണറായി സർക്കാർ അനുവാദം നൽകിയതിനെ എതിർക്കുകയും അതിനെതിരെ രംഗത്തിറങ്ങുകയും ചെയ്യുന്ന സംഘ്പരിവാറിെൻറ നയം മതപരമാണെന്നോ മതതാൽപര്യങ്ങൾ മുൻനിർത്തിയാണെന്നോ സമ്മതിക്കുക പ്രയാസമുണ്ട്.
ഹൈന്ദവാരാധനാലയങ്ങൾ ഇപ്പോൾ തുറക്കരുത് എന്ന അവരുടെ ആവശ്യം ആത്മീയപ്രതലത്തിൽ നിന്ന് വന്നതല്ല. വ്യവസ്ഥകൾക്ക് വിധേയമായി തുറക്കുക പ്രയാസകരമാണെങ്കിൽ അത് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട ദേവസ്വം ബോർഡുകളോ ക്ഷേത്ര കമ്മിറ്റികളോ ആയിരിക്കണം. ഹിന്ദുത്വവാദികൾ തന്നെ കൊടുത്ത ഹരജിയുടെ അടിസ്ഥാനത്തിൽ സുപ്രീംേകാടതി പുറപ്പെടുവിച്ച ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി കേരള സർക്കാർ നടപ്പാക്കുന്നതിനെതിരെ നാടും കാടുമിളക്കി സംഘ്പരിവാർ നടത്തിയ പ്രക്ഷോഭവും അതിെൻറ പ്രത്യാഘാതങ്ങളും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനെ എങ്ങനെയെല്ലാം ബാധിച്ചു എന്ന് നാം കണ്ടുകഴിഞ്ഞതാണ്. ഇനിയിപ്പോൾ ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും തുടർന്ന് നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ടുള്ള ക്ഷേത്ര സമരം മറ്റെന്തായാലും മതതാൽപര്യങ്ങൾ മുൻനിർത്തിയാണെന്ന് കരുതാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
