സമാധാനവാഞ്ഛയും ശത്രുതയും ഒരുമിച്ചുപോവില്ല
text_fieldsപാകിസ്താനുമായി മികച്ച ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പുതുതായി പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇംറാൻഖാന് അയച്ച കത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരിക്കുന്നു. ദക്ഷിണേഷ്യയിൽ സമാധാനവും സുരക്ഷയും സമൃദ്ധിയും സ്ഥാപിതമാവുന്നതിനുവേണ്ടി നല്ല അയൽപക്കബന്ധങ്ങളാണ് രണ്ട് രാജ്യങ്ങളും തമ്മിൽ നിർമിച്ചെടുക്കേണ്ടതെന്ന് അദ്ദേഹം പാക് പ്രധാനമന്ത്രിയെ ഒാർമിപ്പിച്ചിട്ടുണ്ട്. ഇന്ത്യ അതിന് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഉറപ്പുനൽകിയിരിക്കുന്നു. അർഥവത്തും ക്രിയാത്മകവുമായ സംഭാഷണങ്ങളാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ ഉണ്ടാവേണ്ടതെന്നും മോദി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാകിസ്താെൻറ പുതിയ വിദേശകാര്യമന്ത്രി മഹ്മൂദ് ഖുറൈശി ഇന്ത്യയുടെ നേരെ സൗഹൃദ ഹസ്തങ്ങൾ നീട്ടിക്കൊണ്ട് പറഞ്ഞത്, നിലനിൽക്കുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഉഭയകക്ഷി ചർച്ചകൾ തുടരുകയാണെന്നാണ്. കിഴക്കും പടിഞ്ഞാറുമുള്ള അയൽരാജ്യങ്ങളോടുള്ള ബന്ധങ്ങൾ പുനർനിർമിക്കാനും ചർച്ചകളിലൂടെ സമാധാനം സ്ഥാപിക്കാനുമാണ് തെൻറ രാജ്യം ആഗ്രഹിക്കുന്നതെന്നും ഖുറൈശി അഭിപ്രായപ്പെടുന്നു.
ഇന്ത്യ-പാക് ബന്ധങ്ങളിപ്പോൾ ഏറ്റവും മോശമായ സ്ഥിതിയിലാണെന്ന് എല്ലാവർക്കും അറിയാം. ജമ്മു-കശ്മീർ അതിർത്തി സംഘർഷഭരിതമാണ്. കശ്മീരിലെ തീവ്രവാദികൾക്കും വിഘടനവാദികൾക്കുമെതിരെ ഇന്ത്യ സ്വീകരിക്കുന്ന സൈനിക നടപടികൾ പാകിസ്താന് ഇഷ്ടപ്പെടുന്നില്ല. അതൊക്കെ മനുഷ്യാവകാശ ലംഘനമാണെന്നാണ് െഎക്യരാഷ്ട്ര വേദികളിലും മറ്റും പാകിസ്താൻ ആരോപിക്കുന്നത്. അതിന് മറുപടിയായി, പാകിസ്താനാണ് ഒരു പ്രകോപനവുമില്ലാതെ അതിർത്തി കടന്ന് ആക്രമണങ്ങൾ നടത്തുകയും തീവ്രവാദികളെ സഹായിക്കുകയും ചെയ്യുന്നതെന്നും കശ്മീരിൽ സമാധാനം സ്ഥാപിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ അട്ടിമറിക്കുന്നതെന്നും നമ്മുടെ സർക്കാർ ചൂണ്ടിക്കാട്ടുന്നു. നേരത്തേ വിവിധതലങ്ങളിൽ നടന്ന ഉഭയകക്ഷി സംഭാഷണങ്ങളും ചർച്ചകളുമെല്ലാം ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. തീവണ്ടി വഴിയും ബസ് വഴിയുമുള്ള ഗതാഗതബന്ധവും നിലച്ചിരിക്കുന്നു. ആണവായുധങ്ങൾ കൈവശമുള്ള രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള അവിശ്വാസവും സ്പർധയും സംഘർഷവും ദക്ഷിണേഷ്യൻ സമാധാനത്തിന് കനത്ത ഭീഷണിയാണ്. പാകിസ്താെൻറ പുതിയ പ്രധാനമന്ത്രിക്കയച്ച കത്തിൽ നരേന്ദ്ര മോദി ചൂണ്ടിക്കാണിച്ച പ്രധാന കാര്യവും അതാണ്. ഇന്ത്യ എല്ലായ്പോഴും സമാധാനവും സൗഹൃദപരവുമായ അയൽപക്ക ബന്ധങ്ങളാണാഗ്രഹിക്കുന്നതെന്നും നമ്മുടെ സർക്കാറുകൾ വ്യക്തമാക്കാതിരുന്നിട്ടില്ല. സമാധാന പുനഃസ്ഥാപനത്തിനായി ഇരു രാജ്യങ്ങൾക്കുമിടയിൽ ചർച്ചകളും വിവിധതലങ്ങളിൽ നടന്നുവന്നിട്ടുണ്ട്. യുദ്ധംകൊണ്ട് ഒരുകാലത്തും ഒരുമേഖലയിലും പ്രശ്നപരിഹാരമോ സമാധാനമോ നിലവിൽവരുകയില്ലെന്നതിന് ഇതഃപര്യന്തമുള്ള യുദ്ധങ്ങൾതന്നെ സാക്ഷ്യംവഹിക്കുന്നു. പാകിസ്താനിൽ ഭരണമാറ്റം സംഭവിക്കുകയും ഇന്ത്യയുമായി സൗഹൃദബന്ധം ആഗ്രഹിക്കുന്നുവെന്ന് ആ സർക്കാറിെൻറ ഉത്തരവാദപ്പെട്ടവർ അവകാശപ്പെടുകയും ചെയ്യുേമ്പാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗഹൃദ സന്ദേശം ക്രിയാത്മകമായ കാൽവെപ്പായിത്തന്നെ കാണുന്നു. 150 കോടി ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾപോലും അപരിഹാര്യമായി തുടരുേമ്പാൾ ആയുധസംഭരണ മത്സരത്തിനും യുദ്ധസന്നാഹങ്ങൾക്കുമായി ഖജനാവിെൻറ ഗണ്യമായ ഭാഗം നീക്കിവെക്കേണ്ടിവരുന്നതിലെ കഷ്ടവും നഷ്ടവും ഇരുരാജ്യങ്ങളും തിരിച്ചറിയണം.
എന്നാൽ, സമാധാനത്തിലേക്കും സൗഹൃദത്തിലേക്കുമുള്ള ഏതു നീക്കത്തെയും അട്ടിമറിക്കാൻ കാത്തുകിടക്കുന്ന ഒരു കൂട്ടം തീവ്രവാദികൾ ഇരുപക്ഷത്തുമുണ്ട്. അവരെ അടക്കിനിർത്തിയും പൂർണമായി അവഗണിച്ചും വേണം ബന്ധങ്ങൾ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിക്കാൻ. ഒടുവിലത്തെ ഉദാഹരണമാണ് പഞ്ചാബിലെ കോൺഗ്രസ് മന്ത്രിസഭയിലെ ഒരംഗവും പ്രമുഖ ക്രിക്കറ്റ് താരവുമായ നവ്ജോത് സിങ് സിദ്ദു മുൻ പാക് ക്രിക്കറ്റ് ക്യാപ്റ്റൻകൂടിയായ ഇംറാൻഖാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞയെടുക്കുന്ന ചടങ്ങിൽ സംബന്ധിച്ചതിനും അദ്ദേഹം പാക് പട്ടാള മേധാവി ഖമർ ജാവീദ് ബജ്വയെ കെട്ടിപ്പിടിച്ചതിനുമെതിരെ ഇൗ രാജ്യത്ത് ഉയരുന്ന കോലാഹലങ്ങൾ. ദീർഘകാല സുഹൃദ് ബന്ധത്തിെൻറ പേരിൽ ഇംറാൻ ഖാൻ പലതവണ ക്ഷണിച്ചതനുസരിച്ചാണ് സിദ്ദു ചടങ്ങിൽ സംബന്ധിക്കാൻ ഇസ്ലാമാബാദിലേക്ക് പോയത്. പോവുന്നതിനുമുമ്പ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിെൻറ അനുവാദം വാങ്ങിയിരുന്നുവെന്ന് വ്യക്തമാക്കുന്ന സിദ്ദു സൗമനസ്യ ദൂതനായിട്ടാണ് താൻ പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ സത്യപ്രതിജ്ഞച്ചടങ്ങിൽ സംബന്ധിച്ചതെന്നും അവിെട സന്നിഹിതനായിരുന്ന പാക് സൈനിക േമധാവിയെ ഒരു വൈകാരിക നിമിഷത്തിൽ ആലിംഗനം ചെയ്തത് തെറ്റായിപ്പോയെന്ന് കരുതിയില്ലെന്നും സിദ്ദു പറയുന്നു. പക്ഷേ, ബി.ജെ.പി, അകാലിദൾ പോലുള്ള കക്ഷികളെ സിദ്ദുവിെൻറ മറുപടി തൃപ്തരാക്കുന്നില്ല. നിരവധി ഇന്ത്യൻ ജവാന്മാരുടെ കഥകഴിച്ച ശത്രുരാജ്യത്തിെൻറ പട്ടാളമേധാവിയെ കെട്ടിപ്പിടിച്ചത് അക്ഷന്തവ്യമായ അപരാധം എന്ന നിലയിലാണ് പ്രചാരണം നടക്കുന്നത്. അതേസമയം, നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുേമ്പാൾ അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ ക്ഷണിച്ചുവരുത്തിയതും അദ്ദേഹത്തിെൻറ മാതാവിന് മോദി സാരി സമ്മാനമായി നൽകിയതും വിദേശ പര്യടനം കഴിഞ്ഞുമടങ്ങവെ ലാേഹാറിൽ തങ്ങിയതുമെല്ലാം സിദ്ദു അനുസ്മരിപ്പിക്കുന്നുണ്ടെങ്കിലും കോലാഹലം അടങ്ങുന്നില്ല. ഇതേ ശത്രുത മനോഭാവമാണ് മാറ്റമില്ലാതെ തുടരുന്നുതെങ്കിൽ സമാധാനത്തെയും സൗഹൃദത്തെയും കുറിച്ച അവകാശവാദങ്ങൾ വെറും ബഡായി ആയി കരുതേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
