ആവർത്തിക്കുന്ന വീട്ടുപ്രസവ ദുരന്തങ്ങൾ
text_fieldsചൈനയിൽ ഏറെ പ്രചാരത്തിലുള്ള അക്യുപങ്ചർ ചികിത്സാരീതിയുമായി ഒരു ബന്ധവുമില്ലാത്ത, തീർത്തും പ്രാകൃതമായ ഒരു മുറയാണ് പ്രസവ മരണങ്ങൾക്ക് കാരണക്കാരായ കേരളത്തിലെ വ്യാജ അക്യുപങ്ചർ ചികിത്സകർ സ്വീകരിച്ചുപോരുന്നത്
ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച പുരോഗതിയെക്കുറിച്ച് അഭിമാനിക്കുന്നവരാണ് മലയാളികൾ. അപ്പോഴും, കേരളത്തിന്റെ ആരോഗ്യ പ്രബുദ്ധതക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപഭ്രംശങ്ങളും നമ്മെ വിടാതെ പിന്തുടരുന്നു. ആധുനിക വൈദ്യത്തിൽ താരതമ്യേന മികച്ചതും ചെലവുകുറഞ്ഞതുമായ ചികിത്സ ലഭിക്കുന്ന നാടായിട്ടും, ഇവിടെ വ്യാജവൈദ്യത്തിനും മന്ത്രവാദ ചികിത്സക്കുമൊന്നും ഒരു കുറവുമില്ല. അക്കൂട്ടത്തിൽ ഏതാനും വർഷമായി കണ്ടുവരുന്ന പുതിയൊരു അപകടമാണ് വീട്ടുപ്രസവങ്ങൾ. പ്രകൃതിചികിത്സ, അക്യുപങ്ചർ തുടങ്ങിയ ബദൽ ചികിത്സാമുറകളുടെ പേരിലാണ് ഈ പ്രസവസാഹസങ്ങൾ അരങ്ങേറുന്നത്. അതിന്റെ അപകടങ്ങൾ ഒട്ടും ചെറുതല്ലെന്ന് സമീപകാല അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അത്തരത്തിലുള്ള പല ദുരന്തങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022 ആഗസ്റ്റിൽ മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് വീട്ടിലെ പ്രസവത്തെത്തുടർന്ന് കുഞ്ഞ് മരിച്ച സംഭവം ഏറെ വിവാദമായിരുന്നു. 2024 ഫെബ്രുവരിയിൽ തിരുവനന്തപുരം കാരക്കാമണ്ഡപത്തിനടുത്ത് ശമീറ ബീവി എന്ന യുവതിയും കുഞ്ഞും മരിച്ചതും വീട്ടുപ്രസവ പരീക്ഷണത്തിലാണ്. കഴിഞ്ഞവർഷം, മലപ്പുറം ചട്ടിപ്പറമ്പിലും സമാന സംഭവം നടന്നു. ഇപ്പോഴിതാ, ചാവക്കാട് എടക്കഴിയൂർ സ്വദേശിനി മുഹ്സിനക്കും കുഞ്ഞിനും ജീവൻ നഷ്ടപ്പെട്ടതും ഇതേ പരീക്ഷണത്തെത്തുടർന്നാണ്.
കഴിഞ്ഞ നാലുവർഷത്തിനിടെ സംസ്ഥാനത്ത് 25ഓളം വീട്ടുപ്രസവ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് വളരെ ഉയർന്ന നിരക്കാണ്. മറ്റൊരു കണക്കുകൂടി പരിശോധിക്കുമ്പോൾ ഇക്കാര്യം കൂടുതൽ വ്യക്തമാകും. ഏറ്റവും പുതിയ സാമ്പിൾ സർവേ സ്റ്റഡി (എസ്.ആർ.എസ്) റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ മാതൃമരണ നിരക്ക് 30 ആണ്. മറുവശത്ത്, 2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെയുള്ള ഒമ്പത് മാസത്തിനിടെ കേരളത്തിൽ നടന്ന ഗാർഹിക പ്രസവങ്ങളുടെ എണ്ണം 350ൽ താഴെയാണ്. ഇതിൽ ഒമ്പതുപേർ മരണപ്പെട്ടു. സംസ്ഥാനത്ത് ചില ആദിവാസി ഊരുകൾപോലെ അപൂർവം ചില മേഖലകൾ ഒഴിച്ചുനിർത്തിയാൽ, ബാക്കിയെല്ലായിടത്തും ചികിത്സസൗകര്യങ്ങൾ ലഭ്യമാണ്. നമ്മുടെ ത്രിതല ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെട്ടതുമാണ്. എന്നിട്ടും, ഈ ചികിത്സാ സംവിധാനങ്ങളത്രയും ഉപേക്ഷിച്ച് ആളുകൾ വീടകങ്ങൾതന്നെ പ്രസവത്തിനായി തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടായിരിക്കും? ഈ ചോദ്യത്തിന് ഉത്തരമന്വേഷിച്ച് പോകുമ്പോൾ എത്തിപ്പെടുക, പ്രസവ മുറികളിൽ മരണക്കുരുക്കൊരുക്കുന്ന ബദൽ ചികിത്സാ ലോബികളിലാണ്; വിശേഷിച്ചും വ്യാജ അക്യുപങ്ചർ ചികിത്സകരിൽ. ലോകാരോഗ്യ സംഘടന അംഗീകരിച്ചതും ചൈനയിൽ ഏറെ പ്രചാരത്തിലുള്ളതുമായ അക്യുപങ്ചർ ചികിത്സാരീതിയുമായി ഒരു ബന്ധവുമില്ലാത്തതും തീർത്തും പ്രാകൃതവുമായ ഒരു മുറയാണ് ഇക്കൂട്ടർ സ്വീകരിക്കുന്നത്. ആധുനികവൈദ്യത്തിന്റെ ചികിത്സ രീതികളോടുള്ള വിരോധമാണ് ഇക്കൂട്ടരുടെ മുഖമുദ്ര. അതുകൊണ്ടുതന്നെ, ചികിത്സയല്ല, ചികിത്സ നിഷേധമാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. മാർച്ച് 19ന് മരിച്ച മുഹ്സിനയുടെ അനുഭവം അതാണ് വ്യക്തമാക്കുന്നത്. ജനുവരിയിലായിരുന്നു മുഹ്സിനയുടെ വീട്ടുപ്രസവം. ആറാം നാൾ കുഞ്ഞ് മരിച്ചു; പിന്നീട് അണുബാധയുണ്ടായിട്ടും മുഹ്സിനക്ക് ആവശ്യമായ ചികിത്സ നൽകാൻ ഭർത്താവും ബന്ധുക്കളും തയാറായില്ല. മുഹ്സിനയുടെ പ്രസവം ‘കൈകാര്യം’ ചെയ്ത പ്രദേശത്തെ വ്യാജ അക്യുപങ്ചർ ചികിത്സകയുടെ ഉപദേശത്തെ തുടർന്നായിരുന്നു ഈ ചികിത്സ നിഷേധം. സംഭവം കേസായതോടെ, മുഹ്സിനയുടെ ഭർത്താവ് റിമാൻഡിലായി. ഭർത്താവിന്റെ ബന്ധുക്കൾക്കും കുപ്രസിദ്ധയായ ആ ചികിത്സകക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഹ്സിനയുടെ കുടുംബം കഴിഞ്ഞ ദിവസം വാർത്തസമ്മേളനം നടത്തുകയുണ്ടായി.
മുഹ്സിനയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടതുപോലെ, വിഷയത്തിൽ കൃത്യവും സമഗ്രവുമായൊരു അന്വേഷണം നടന്നാൽ ഈ വ്യാജ ചികിത്സ മാഫിയയെക്കുറിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് ഉറപ്പാണ്. ഏതാനും വർഷമായി ഈ മാഫിയ ഇവിടെ അക്യുപങ്ചർ എന്ന പേരിൽ ‘ചികിത്സ’ നടത്തുന്നുണ്ട്. അക്യുപങ്ചർ ഒരു അംഗീകൃത മുഖ്യചികിത്സ രീതിയായി ഇനിയും ഭരണകൂടം അംഗീകരിച്ചിട്ടില്ല. എന്നാൽ, ഒരു അനുബന്ധ ചികിത്സ രീതി എന്ന രീതിയിൽ പരിമിതമായി പ്രവർത്തിക്കാൻ അനുമതി നൽകുന്ന ഉത്തരവ് 2003ൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിരുന്നു. അംഗീകൃത മെഡിക്കൽ ബിരുദമുള്ള അക്യുപങ്ചർ ബിരുദാനന്തര ഡിപ്ലോമക്കാർക്ക് ചികിത്സ നടത്താമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇത്തരത്തിൽ എം.ബി.ബി.എസ്, ബി.എച്ച്.എം.എസ് തുടങ്ങിയ മെഡിക്കൽ ബിരുദമുള്ളവർ ഇവിടെ ചികിത്സ നടത്തുന്നുണ്ട്. എന്നാൽ, മേൽസൂചിപ്പിച്ച വ്യാജന്മാർക്ക് ഇതൊന്നും ബാധകമല്ല. പലപ്പോഴും ശാസ്ത്രത്തിൽ അടിസ്ഥാന വിദ്യാഭ്യാസംപോലും ആർജിച്ചിട്ടില്ലാത്തവരാണ് ഇവിടെ അക്യുപങ്ചർ പ്രചാരകരും ചികിത്സകരുമായി വിരാജിക്കുന്നത്.
ഭാരത് സേവക് സമാജിന്റെ (ബി.എസ്.എസ്) സർട്ടിഫിക്കറ്റ് ചുവരിൽ തൂക്കിയാണ് ഇക്കൂട്ടർ ചികിത്സ നടത്തുന്നത്. വൈദ്യശാസ്ത്രത്തിൽ ഒരു വിവരവുമില്ലാത്ത ഈ വ്യാജന്മാരുടെ ചികിത്സ പലപ്പോഴും വലിയ അപകടത്തിലും മരണത്തിലുമെല്ലാം കലാശിച്ചത് നേരത്തേ വലിയ വാർത്തയായിരുന്നു. പക്ഷേ, അതെല്ലാം വാർത്തയിലൊതുങ്ങി. നമ്മുടെ നിയമത്തിന്റെ അപര്യാപ്തതയാണ് ഇതിന്റെ പ്രശ്നം. അക്യുപങ്ചറിൽ മരുന്ന് സമ്പ്രദായമില്ലാത്തതിനാൽ നിലവിലെ നിയമവ്യവഹാരങ്ങളിൽ ഇത് ‘ചികിത്സ’ എന്ന നിർവചനത്തിൽ വരുന്നില്ല എന്നതിനാൽ വ്യാജന്മാർ രക്ഷപ്പെടുകയാണ് പതിവ്. മുഹ്സിനയുടെ കാര്യത്തിലും ഇത് സംഭവിക്കാൻ സാധ്യതയുണ്ട്. ഇച്ഛാശക്തിയുള്ള ഭരണകൂടത്തിന് 2021ലെ പുതിയ ആരോഗ്യ നിയമ പ്രകാരം ചില നടപടികൾ കൈക്കൊള്ളാൻ സാധിക്കുമായിരുന്നു. നിർഭാഗ്യവശാൽ, മുമ്പ് പ്രസവദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോഴെല്ലാം അജ്ഞാതമായ കാരണങ്ങളാൽ നമ്മുടെ ആരോഗ്യ വകുപ്പ് കൈമലർത്തി. അതിന്റെ കൂടി ഫലമാണ് ഇപ്പോഴത്തെ ദുരന്തങ്ങളെന്ന് പറയേണ്ടിവരും. അതിനാൽ, മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലുമെല്ലാം നടപ്പാക്കിയതുപോലെ ശക്തമായ നിയമനിർമാണംതന്നെ ഇക്കാര്യത്തിൽ അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

