Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightബാങ്കിങ് മേഖലയിലെ...

ബാങ്കിങ് മേഖലയിലെ അഗ്നിപഥങ്ങൾ

text_fields
bookmark_border
Indian Banking Sector
cancel


രാജ്യത്തെ പൊതുമേഖല ബാങ്കുകളിലേക്കുള്ള ക്ലർക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചതു സംബന്ധിച്ച് മലയാള പത്രങ്ങളിൽ വന്ന തലക്കെട്ട് ഇങ്ങനെയായിരുന്നു: ബാങ്കുകളിൽ 6035 ക്ലർക്ക് ഒഴിവ്; കേരളത്തിൽ 70 അവസരം. ആവശ്യാനുസരണം ജീവനക്കാർ ഇല്ലാതെ പല ബാങ്ക് ശാഖകളിലും പ്രവൃത്തിഭാരം വർധിക്കുന്ന സാഹചര്യത്തിലും എന്തേ ഇത്ര കുറച്ചു മാത്രം അവസരം എന്ന് അന്വേഷിച്ചാൽ സംസ്ഥാനത്തെ ബാങ്കുകളിലെ ആൾക്ഷാമവും ഒഴിവുകളുമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നറിയാൻ കഴിയും. 681 ഓഫിസുകളും ചുരുങ്ങിയത് അത്രതന്നെ ഒഴിവുകളുമുള്ള കേരളത്തിലെ ലീഡ് ബാങ്കായ കനറാ ബാങ്ക് ഒരൊറ്റ ഒഴിവുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒട്ടനവധി ശാഖകളും ഒഴിവുകളുമുള്ള പഞ്ചാബ് നാഷനൽ ബാങ്ക് ഉൾപ്പെടെ മറ്റു പ്രമുഖ ബാങ്കുകളും ജീവനക്കാരുടെ കുറവ് നിയമന ചുമതലയുള്ള ഐ.ബി.പി.എസിൽ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷൻ) അറിയിച്ചിട്ടില്ല.

അഭ്യസ്തവിദ്യരായ ഇന്ത്യൻ യുവജനങ്ങൾ ഏറെ പ്രതീക്ഷ പുലർത്തിപ്പോരുന്ന തൊഴിൽസാധ്യതകളിലൊന്നായിരുന്നു പൊതുമേഖല ബാങ്കുകളിലെ അവസരം. മാന്യമായ ശമ്പള പാക്കേജ് എന്നതിനൊപ്പം ഒട്ടനവധി ജീവിതങ്ങളുടെ ഗുണകരമായ മാറ്റങ്ങൾക്ക് സാക്ഷിയാകാനും പലപ്പോഴും പങ്കുവഹിക്കാനും കഴിയുന്ന മേഖല എന്നതുകൂടിയാണ് സേവനതൽപരരായ യുവജനങ്ങൾക്കിടയിൽ ബാങ്കിങ് രംഗത്തെ ആകർഷണീയമാക്കിയിരുന്നത്. എന്നാൽ, അതീവ തന്ത്രപ്രധാന സൈന്യത്തിൽപോലും കരാർ നിയമനം നടപ്പാക്കുന്ന സർക്കാർ പൊതുമേഖല ബാങ്കുകളിലെ ആളെടുപ്പിനും അതേ രീതി മതിയെന്ന ഉറച്ച നിലപാടിലാണ്. സ്റ്റേറ്റ് ബാങ്കുകളെ ഒന്നാകെ ലയിപ്പിച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായി മാറിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ നിയമനം ഏതാണ്ട് പൂർണമായും കരാർ അടിസ്ഥാനത്തിലാണ്- ഒരർഥത്തിൽ പറഞ്ഞാൽ 'അഗ്നിപഥ്' പദ്ധതി ബാങ്കിങ് മേഖലയിൽ കുറച്ചു മുമ്പുതന്നെ പ്രാബല്യത്തിലുണ്ട്.

രാജ്യത്ത് സർക്കാർ ലക്ഷ്യമിടുന്ന സാമ്പത്തികനയങ്ങളുടെ വ്യക്തമായ പ്രതിഫലനംകൂടിയാണ് ഈ കരാർ നിയമനങ്ങൾ. പൊതുമേഖല ബാങ്കുകളെ തളർത്തിയും തകർത്തും വൻകിട കുത്തക കമ്പനികളെ ബാധ്യതകളിൽനിന്ന് രക്ഷിച്ചെടുത്തും സ്വകാര്യ ബാങ്കുകൾക്ക് തളിർക്കാനും പടരാനും നിലമൊരുക്കുന്നുണ്ട് കുറച്ചു വർഷങ്ങളായി കേന്ദ്രം. വമ്പൻ കമ്പനികൾക്ക് പൊതുമേഖല ബാങ്കുകളിൽനിന്ന് വഴിവിട്ട വായ്പ അനുവദിക്കലാണ് അതിന്റെ ആദ്യപടി. രാജ്യത്തിന്റെ പൊതുസമ്പത്തിൽനിന്ന് സഹസ്രകോടികൾ കടംപറ്റുന്നവർ അത് തിരിച്ചടക്കില്ല, തിരിച്ചുപിടിക്കാനോ നാടുവിട്ടുപോയവരെ തിരിച്ചെത്തിക്കാനോ അധികാരികളൊട്ട് ശ്രമിക്കുകയുമില്ല. 4864 കോടിയുടെ ബാധ്യത വരുത്തിയ കമ്പനിയെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി എന്ന പേരിൽ 318 കോടി രൂപക്ക് മറ്റൊരു കുത്തകയെക്കൊണ്ട് ഏറ്റെടുപ്പിക്കുകയും 4546 കോടി രൂപയുടെ നഷ്ടം പൊതുമേഖല ബാങ്കുകളെക്കൊണ്ട് ചുമപ്പിക്കുകയും ചെയ്യുന്ന വികൃത പരിഷ്കരണത്തിലാണ് കേന്ദ്ര സർക്കാറിന് താൽപര്യം. കിട്ടാക്കടം പെരുകി പ്രയാസം നേരിടുന്ന ഘട്ടത്തിൽ നഷ്ടമെന്ന് പ്രഖ്യാപിച്ച് ജീവനക്കാരിലും ശാഖകളിലും കുറവും വരുത്തും.

2020-21, 2021-22 സാമ്പത്തികവർഷങ്ങളിലായി പൊതുമേഖല ബാങ്കുകളുടെ 4299 ശാഖകളാണ് രാജ്യത്ത് അടച്ചുപൂട്ടിയത്. 13,000 ജീവനക്കാരെയും ഒഴിവാക്കി. 2020ൽ 90,520 ശാഖകളാണുണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 86,221 ആയിരിക്കുന്നു. ഏറെ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ചില ബാങ്കുകളെ വമ്പൻ മുതലാളിമാർക്ക് വായ്പ നൽകി നഷ്ടത്തിലായ ബാങ്കുകളുമായി ലയിപ്പിച്ചതും സ്വകാര്യവത്കരണവുമാണ് ശാഖകളുടെ വെട്ടിക്കുറക്കലിന് വഴിവെച്ചത്. അതേസമയം, കഴുത്തറുപ്പൻ പലിശയും ജനസൗഹൃദമല്ലാത്ത നയങ്ങളുമായി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കുകൾ രാജ്യമൊട്ടുക്ക് ശാഖകൾ തുറന്നിടുകയും ചെയ്തു. 2022ൽ 4023 ശാഖകളുണ്ടായിരുന്ന സ്വകാര്യ ബാങ്ക് ശാഖകൾ ഇപ്പോൾ 34,342 എണ്ണമായിരിക്കുന്നു. അതായത്, എട്ടിരട്ടിയിലേറെ വർധന. തികഞ്ഞ ലാഭകേന്ദ്രീകൃത വ്യവസായം എന്ന രീതിയിൽ സ്വകാര്യ ബാങ്കുകൾ പ്രവർത്തിക്കുമ്പോൾ പശ്ചാത്തല സൗകര്യ വികസനത്തിനും കർഷകർക്കും വനിത-ചെറുകിട സംരംഭകർക്കും മൂലധനമൊരുക്കാനും സർക്കാറിന്റെ സേവന-സാമൂഹിക സുരക്ഷ പദ്ധതികൾ ഗുണഭോക്താക്കളിലെത്തിക്കാനും പൊതുമേഖല ബാങ്കുകളാണ് യത്നിക്കുന്നത്.

കുത്തക മുതലാളിമാർ കൈയടക്കിവെച്ചിരുന്ന ബാങ്കിങ് രംഗവും അതിന്റെ സേവനങ്ങളും കാർഷിക-ഗ്രാമീണ മേഖലകളടക്കം രാജ്യത്തിനാകമാനം പ്രയോജനകരമാക്കാൻ ലക്ഷ്യമിട്ടാണ് 53 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു ജൂലൈ 19ന് ഇന്ത്യ ഐതിഹാസികമായ ബാങ്ക് ദേശസാത്കരണം നടപ്പാക്കിയത്. ജനങ്ങളുടെ പണം നാടിന്റെ ക്ഷേമത്തിനും വികസനത്തിനുമായി വിക്രയംചെയ്യപ്പെടാൻ തുടങ്ങിയതും അരിക്കലത്തിലും തലയിണക്കീഴിലുമായി പണം സൂക്ഷിച്ചുവെച്ചിരുന്ന സാധാരണക്കാരായ മനുഷ്യർക്ക് ബാങ്കിങ് ശീലമായതും അതുമുതലാണ്. 2008ൽ സാമ്പത്തികമാന്ദ്യം ആഗോള സമ്പദ്‍വ്യവസ്ഥയെ ഉലച്ചുകളഞ്ഞ ഘട്ടത്തിൽ ഇന്ത്യയെ സുരക്ഷിതമായി പിടിച്ചുനിർത്തിയതും പൊതുമേഖല ബാങ്കുകൾ തന്നെ. അത്തരത്തിൽ നാം ആർജിച്ച നേട്ടങ്ങളെല്ലാം തല്ലിക്കെടുത്തുന്ന മട്ടിലാണ് സ്വകാര്യവത്കരണ പാതയിലൂടെയുള്ള സർക്കാറിന്റെ പോക്ക്. അതിനെതിരായ ചെറുത്തുനിൽപുകൾക്ക് രാജ്യാതിർത്തിയും കൃഷിനിലങ്ങളും സംരക്ഷിക്കുന്ന അതേ പ്രാധാന്യമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Recruitment Issues in
News Summary - Recruitment Issues in Indian Banking Sector
Next Story