വീണ്ടെടുക്കണം, സ്വതന്ത്ര വിദേശ നയം
text_fieldsഒരുകാലത്ത് ഇന്ത്യക്ക് ലോകരാഷ്ട്രങ്ങളിൽ ഉന്നതസ്ഥാനമുണ്ടായിരുന്നു. നമ്മുടെ വിദേശനയത്തെ നയിച്ചത് ഉറച്ച സാമ്രാജ്യത്വ വിരുദ്ധതയും മാനവിക മൂല്യങ്ങളുമായിരുന്നു
ഇന്ത്യയുടെ വിദേശനയം പ്രധാനമന്ത്രിയിലേക്ക് ചുരുങ്ങുകയാണോ? നരേന്ദ്ര മോദിയുടെ വിദേശപര്യടനങ്ങളുടെ ബാക്കിപത്രം ഏറെയും അദ്ദേഹത്തിന്‍റെ വ്യക്തിവിശേഷങ്ങളാണ്. ഇറ്റലി പ്രധാനമന്ത്രി മെലോനിയുടെ പേരുമായി തന്‍റെ പേര് ചേർത്ത് “മെലഡി” എന്ന പദം ഉണ്ടാക്കിയ മോദി “മെലഡി ചോക്കലേറ്റു”കൾ സമ്മാനമായി നൽകിയതും അതിന് “മെലഡി നയതന്ത്ര”മെന്ന് പേരിട്ടതും ഈയിടെയാണ്. മോദിക്ക് ലഭിക്കുന്ന പുരസ്കാരങ്ങൾ ഒരു ഭാഗത്ത് പ്രശംസ നേടുമ്പോൾ മറുഭാഗത്ത് പരിഹാസമാണ് ഉയർത്തുന്നത്. അങ്ങോട്ട് ആവശ്യപ്പെട്ട പ്രകാരമാണ് പല രാജ്യങ്ങളും സമ്മാനം നൽകുന്നതെന്ന ആരോപണത്തെ ശരിവെക്കുന്നതായി, സെയ്‌ഷെൽസിൽ മോദിക്ക് നൽകിയ മെഡലിലെ അക്ഷരപ്പിശകുകൾ. അതൊരു തട്ടിക്കൂട്ട് സാധനമാണെന്ന് പറഞ്ഞില്ലെങ്കിലും, സെയ്‌ഷെൽസ് സർക്കാർ പിന്നീട് വിശദീകരിച്ചത്, സ്റ്റേജിൽ നൽകാനായി തിടുക്കത്തിൽ ഉണ്ടാക്കിയപ്പോൾ പിശക് പറ്റി എന്നാണ്.
മുൻ പ്രധാനമന്ത്രിമാർ മാധ്യമ റിപ്പോർട്ടർമാരെ ഒപ്പം കൊണ്ടുപോയിരുന്നെങ്കിൽ, മോദി കാമറക്കാരെയാണ് കൂട്ടുന്നത് എന്ന നിരീക്ഷണം, പ്രതിച്ഛായ നിർമാണത്തിലാണ് ഊന്നൽ എന്നാണല്ലോ സൂചിപ്പിക്കുന്നത്. മോദി വാർത്താസമ്മേളനം നടത്താത്തതിനെപ്പറ്റി ആസ്ട്രേലിയയിലും നോർവേയിലും ചോദ്യമുയർന്നു. ഇന്ത്യ ആവശ്യപ്പെട്ട അധിക സുരക്ഷ മൂലം ന്യൂസിലൻഡിൽ നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യം പതിവില്ലാത്ത വിധം തടസ്സപ്പെട്ടുവത്രേ. മെൽബണിൽ മോദി സ്വീകരണം ഏറ്റുവാങ്ങിയപ്പോൾ ഒരു കൂട്ടം ഇന്ത്യക്കാർ പ്രതിഷേധമുയർത്തി. പിന്നീട് മോദിക്ക് വേണ്ടി മുദ്രാവാക്യമുയർത്താൻ 30,000ത്തോളം പേർ ഇന്ത്യയിൽ നിന്ന് ചാർട്ടർ ചെയ്ത വിമാനങ്ങളിലെത്തിയതായി വാർത്ത വന്നു. സ്റ്റേഡിയത്തിലെ ചെലവേറിയ ആഘോഷ പരിപാടിയും ആസ്ട്രേലിയക്കാരുടെ വിമർശനത്തിന് ഹേതുവായി. ഇത്തരം വാർത്തകൾ നമ്മെപ്പറ്റി മതിപ്പല്ല ഉണ്ടാക്കുന്നത്. പുറംമോടി കൂട്ടുമ്പോഴല്ല, കാതലിൽ കരുത്തു കാട്ടുമ്പോഴാണ് മതിപ്പുണ്ടാവുക.
ശരിയാണ്, വിദേശ ബന്ധങ്ങൾ എന്നും സ്ഥായിയായതല്ല. പഴയ ചേരിചേരായ്മയുടെ സ്ഥാനത്ത് ഇന്ന് പ്രശ്നാധിഷ്ഠിതമായ ചെറു കൂട്ടായ്മകൾക്ക് പ്രാമുഖ്യം കൈവന്നിട്ടുണ്ട്. ഏതെങ്കിലുമൊരു ശാക്തികച്ചേരിയോട് ഒപ്പം നിൽക്കുകയോ ഒന്നിലും പെടാതെ നിൽക്കുകയോ ചെയ്യാതെ, ബ്രിക്സ് പോലുള്ള താല്പര്യക്കൂട്ടായ്മകളുടെ ഭാഗമാകുന്നതിനെ കുറ്റപ്പെടുത്താനാകില്ല -അപ്പോഴും, സ്വന്തം തനിമയും അന്തസ്സും ഉയർത്തിപ്പിടിക്കാൻ കഴിയണം. ചൈനയോടും യുഎസിനോടും നമുക്കുള്ളത് സമത്വത്തിന്‍റെ ബന്ധമല്ല. അതിക്രമിച്ച് കയറിയ ചൈനയുമായി ഏറ്റുമുട്ടാൻ താരതമ്യേന “ചെറിയ സമ്പദ് വ്യവസ്ഥ”യായ നമുക്കാവില്ലെന്ന് വിദേശകാര്യ മന്ത്രി തന്നെ പരസ്യമായി പറഞ്ഞു. മൂന്ന് ഇന്ത്യൻ നാവികർ ഒമാൻ കടലിൽ അമേരിക്കയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ പ്രതിഷേധം രേഖപ്പെടുത്താൻ നമുക്കായില്ല.
“സംഘർഷങ്ങളുടെ ലോകത്ത് പകച്ചു നിൽക്കുന്ന രാജ്യം” എന്ന് ‘ദ ഇക്കോണമിസ്റ്റ്’ മാഗസിൻ ഇന്ത്യയെ വിലയിരുത്തുകയും ചെയ്തു. പാർലമെൻറ് ചർച്ചകളിൽ വിദേശ ബന്ധങ്ങളിലെ പ്രധാന കാര്യങ്ങൾ ഉൾപ്പെടാറില്ല. വിദേശ പര്യടനങ്ങളിൽ വ്യക്തിഗതമായി ദൃശ്യത ഏറ്റുവാങ്ങുന്ന പ്രധാനമന്ത്രി ആ പര്യടനങ്ങളുടെ നേട്ടങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കാറില്ല. രാജ്യത്തോട് മനസ്സ് തുറക്കുന്ന പഴയ രീതിക്ക് പകരം അന്യരാജ്യങ്ങളിൽ പൊലിമ കൂട്ടുന്നതിലാകുന്നു ഊന്നൽ. ഒരുവശത്ത് അദാനിക്കെതിരായ അഴിമതിക്കേസ് പിൻവലിക്കാൻ യു.എസിൽ സമ്മർദമുയരുമ്പോൾ ഇങ്ങ് ഇന്ത്യയിൽ സാധാരണക്കാരന്‍റെ പാസ്പോർട്ടിന് വില ഇടിയുകയാണ്. മോദി അധികാരമേൽക്കുമ്പോൾ ആഗോള സൂചികയിൽ 76ാം സ്ഥാനമുണ്ടായിരുന്ന ഇന്ത്യൻ പാസ്പോർട്ട് അദ്ദേഹം 12 വർഷം തികച്ചപ്പോഴേക്കും 125ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുന്നു.
കെട്ടുകാഴ്ചകളിലും പ്രതിച്ഛായയിലുമാണ് നാം കൂടുതൽ ശ്രദ്ധിക്കുന്നതെന്ന് തോന്നുന്നു. ഒരുകാലത്ത് ഇന്ത്യക്ക് ലോകരാഷ്ട്രങ്ങളിൽ ഉന്നതസ്ഥാനമുണ്ടായിരുന്നു. നമ്മുടെ വിദേശനയത്തെ നയിച്ചത് ഉറച്ച സാമ്രാജ്യത്വ വിരുദ്ധതയും മാനവിക മൂല്യങ്ങളുമായിരുന്നു എന്നതാണ് അതിന് കാരണം. ഇന്ന്, ഫലസ്തീൻ വംശഹത്യക്കെതിരെ ശബ്ദിക്കാൻ നമ്മുടെ ഇസ്രായേൽ ചായ്‌വ് അനുവദിക്കുന്നില്ല. കുട്ടികൾക്കെതിരായ ഇസ്രായേലിന്‍റെ ചെയ്തികളെപ്പറ്റി യു.എൻ റിപ്പോർട്ട് തയ്യാറാക്കിയ ഇന്ത്യക്കാരൻ ജസ്റ്റിസ് മുരളീധർ പറഞ്ഞപോലെ, ഇസ്രായേലിനെതിരെ വ്യക്തമായ തെളിവിരിക്കെ അതനുസരിച്ച് പ്രവർത്തിക്കാൻ നാം ബാധ്യസ്ഥരാണ്. പക്ഷേ നാം നിസ്സംഗരാണ്. ഇറാനിലെ പരമോന്നത നേതാവിന്‍റെ സംസ്കാരത്തിൽ പങ്കെടുക്കരുതെന്ന് യു.എസ് വൈസ് പ്രസിഡന്‍റ് ലോകരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയതായി വാർത്തയുണ്ട്. ഇന്ത്യ ഏതായാലും ഉന്നത സംഘത്തെ അയച്ചില്ല. ഗുരുതരമായ ആഗോള പ്രതിസന്ധിക്കിടെ രാജ്യാന്തര പ്രസക്തി നഷ്ടപ്പെട്ട രാജ്യമായി ഇന്ത്യ മാറി. രാഷ്ട്രീയനിരീക്ഷകൻ സുശാന്ത് സിങ് ചൂണ്ടിക്കാട്ടുന്ന പോലെ, അന്താരാഷ്‌ട്രതലത്തിൽ തീരുമാനങ്ങളെടുക്കുന്ന ഇടങ്ങളിലൊന്നും ഇന്ത്യയെ കാണാനില്ല എന്നത് മാത്രമല്ല നാണക്കേട്; ആ അസാന്നിധ്യം ആരും ശ്രദ്ധിക്കുന്നു പോലുമില്ല എന്നതാണ്. നഷ്ടപ്പെടുത്തിയ സ്ഥാനം വീണ്ടെടുക്കാൻ നാം പഴയ മൂല്യങ്ങളിലേക്ക് തിരിച്ചു നടക്കുകയാണ് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

