മണ്ഡല പുനർനിർണയത്തിന് പിന്നിലെ അജണ്ട
text_fieldsലോക്സഭ മണ്ഡലങ്ങളുടെ പുനർനിർണയം അഥവാ ഡീ ലിമിറ്റേഷൻ സംബന്ധിച്ച് കഴിഞ്ഞദിവസം, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉയർത്തിയ ആശങ്ക പുതിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. സെൻസസിനുശേഷം, ജനസംഖ്യാനുപാതികമായി നടക്കുന്ന ലോക്സഭ മണ്ഡലങ്ങളുടെ പുനർനിർണയം ദക്ഷിണേന്ത്യക്കുമേൽ തൂങ്ങുന്നൊരു വാളാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ജനസംഖ്യാനുപാതികമായി മണ്ഡലങ്ങൾ പുനർനിർണയിക്കുമ്പോൾ സ്വാഭാവികമായും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുള്ള ലോക്സഭ സീറ്റുകളുടെ എണ്ണം കുറയും; ഉത്തരേന്ത്യയിലാകട്ടെ, സീറ്റെണ്ണത്തിൽ വൻ വർധനയുമുണ്ടാകും. ഫലത്തിൽ, ഇത് ബി.ജെ.പിക്ക് ആയിരിക്കും ഗുണം ചെയ്യുക- ഇതാണ് സ്റ്റാലിൻ മുന്നോട്ടുവെച്ച ആശങ്കയുടെ അടിസ്ഥാനം. മണ്ഡല പുനർനിർണയം സംബന്ധിച്ച് കേന്ദ്ര സർക്കാർ ആദ്യപ്രഖ്യാപനം നടത്തിയപ്പോൾതന്നെ രാജ്യത്തെ ജനസംഖ്യ പരിവർത്തനത്തിന്റെ പ്രവണതകൾ മനസ്സിലാക്കിയ പലരും ഈ ആശങ്ക പങ്കുവെച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ, സ്റ്റാലിന്റെ രാഷ്ട്രീയപ്രസ്താവന വലിയതോതിൽ ചർച്ചയായി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തെലുഗുദേശം പാർട്ടി നേതാവ് യവു കൃഷ്ണ ദേവരായലുവുമെല്ലാം സ്റ്റാലിനെ പിന്തുണച്ച് രംഗത്തെത്തി. ഒരുവേള, മണ്ഡല പുനർനിർണയംതന്നെയും ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രമായും വ്യാഖ്യാനിക്കപ്പെട്ടു. ഇതോടെ, കേന്ദ്രസർക്കാറിനും ബി.ജെ.പിക്കുംവേണ്ടി പ്രതിരോധം തീർക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ ഇറങ്ങിപ്പുറപ്പെട്ടു. സ്റ്റാലിൻ ഉൾപ്പെടെയുള്ളവരെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച അമിത് ഷാ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റ് കുറയില്ലെന്ന് വ്യക്തമാക്കി. എന്നാൽ, ഇത് മുഖവിലക്കെടുക്കാൻ പ്രതിപക്ഷ പാർട്ടികളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഭരണകക്ഷികളും തയാറായിട്ടില്ല. ആഭ്യന്തര മന്ത്രിയുടെ വാദത്തിലെ പൊള്ളത്തരങ്ങൾ ഉയർത്തിക്കാട്ടിയ അവർ, ഗൗരവപൂർണമായൊരു രാഷ്ട്രീയ സംവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ഓരോ സെൻസസിനുശേഷവും ജനസംഖ്യാനുപാതികമായി മണ്ഡല പുനർനിർണയം നടത്തുക എന്നത് കേന്ദ്രസർക്കാറിന്റെ ഭരണഘടന ബാധ്യതയാണ്. 1951, ’61, ’71 സെൻസസുകൾക്കുശേഷം കൃത്യമായി ഇത് നടക്കുകയും ചെയ്തു. അടിയന്തരാവസ്ഥക്കാലത്ത്, ഭരണഘടന ഭേദഗതിയിലൂടെ 2001 വരെ പുനർനിർണയം വേണ്ടെന്നും തീരുമാനിച്ചു. 2001 ൽ, മണ്ഡലങ്ങളുടെ അതിർത്തി മാറിയെങ്കിലും എണ്ണത്തിൽ മാറ്റം വരുത്തിയില്ല. 2026 വരെ ഡീലിമിറ്റേഷൻ ആവശ്യമില്ലെന്നും ആ സമയത്ത് വിലയിരുത്തിയതും ഇതുസംബന്ധിച്ച നിയമഭേദഗതി ഉണ്ടാക്കിയതുമാണ്. 2021ലെ സെൻസസിന്റെ അടിസ്ഥാനത്തിൽവേണം ഇനിയൊരു പുനർനിർണയം നടത്താൻ. എന്നാൽ, ഇനിയും തുടങ്ങിയിട്ടില്ലാത്ത സെൻസസിന്റെ പ്രാഥമിക നടപടികൾക്കു മുന്നേത്തന്നെ കേന്ദ്രം ഡീലിമിറ്റേഷനിൽ സവിശേഷമായ താൽപര്യം പ്രകടിപ്പിക്കുമ്പോൾ അതിൽ അജണ്ടകൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് വ്യക്തം. കേന്ദ്രത്തിൽ തുടർച്ചയായി മൂന്നാമൂഴം ലഭിച്ച മോദി സർക്കാർ, ഭരണസുസ്ഥിരതക്കായി സർവ ഭരണസംവിധാനങ്ങളെയും തങ്ങൾക്കനുഗുണമാക്കിയെടുക്കുക എന്ന നയം സ്വീകരിച്ചതായി കാണാം. ഏറ്റവുമൊടുവിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ നിയമനം ഉദാഹരണം.
മുക്കാൽ നൂറ്റാണ്ട് പിന്നിട്ട തെരഞ്ഞെടുപ്പ് കമീഷൻ എന്ന ഭരണഘടന സ്ഥാപനത്തിന്റെ വിശ്വാസ്യതയും സുതാര്യതയും പൂർണമായും ചോർത്തിക്കളയുംവിധം മുഖ്യതെരഞ്ഞെടുപ്പ് കമീഷൻ നിയമനത്തിന്റെ രീതികൾ കേന്ദ്രസർക്കാർ മാറ്റിമറിച്ചിരിക്കുന്നു. വിഷയം ഇപ്പോൾ പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിലാണ്. അതിന്റെ തുടർച്ചയിൽതന്നെ ഡീലിമിറ്റേഷൻ സംബന്ധിച്ച നടപടികളെയും കാണണം. തെരഞ്ഞെടുപ്പിൽ ആധിപത്യം സ്ഥാപിക്കാനും ഫലം അനുകൂലമാക്കിത്തീർക്കാനുമായി, തങ്ങൾക്ക് ഹിതകരമായ രീതിയിൽ പാർലമെന്റ് മണ്ഡലങ്ങളെ വെട്ടിമുറിക്കാനുള്ള പുറപ്പാടിലാണ് മോദി സർക്കാർ. അതിനായി, ഇപ്പോൾ ജനസംഖ്യ എന്ന മാനദണ്ഡം ഉപയോഗപ്പെടുത്തുന്നുവെന്നു മാത്രം.
ഡീലിമിറ്റേഷന്റെ മാനദണ്ഡം എന്തായിരിക്കുമെന്ന് ഇനിയും കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. എന്നാൽ, 20 ലക്ഷം പേർക്കായി ഒരു മണ്ഡലം എന്ന മാനദണ്ഡമായിരിക്കും പ്രയോഗിക്കപ്പെടുക എന്നതിന്റെ സൂചനകൾ ഇതിനകംതന്നെ ലഭിച്ചിട്ടുണ്ട്. അങ്ങനെ വന്നാൽ, 543 ലോക്സഭ മണ്ഡലങ്ങൾ എന്നത് 753 ആകും. 210 സീറ്റുകളുടെ വർധന നിലവിലുള്ളതിന്റെ ആനുപാതികമായിട്ടായിരുന്നുവെങ്കിൽ വലിയ കുഴപ്പമുണ്ടാകുമായിരുന്നില്ല. എന്നാൽ, ജനസംഖ്യാനുപാതികം എന്ന മാനദണ്ഡം മുന്നോട്ടുവെക്കുമ്പോൾ ഉത്തരേന്ത്യയിൽ മണ്ഡലങ്ങളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകും; 210ൽ, 175ഉം അവിടെയായിരിക്കും. യു.പിയിൽ മാത്രം 40 സീറ്റുകൾ വർധിക്കും. കേരളത്തിലടക്കം നിലവിലെ സീറ്റുകളിൽ കുറവും വരും. ഇവ്വിധം, മണ്ഡലം പുനർനിർണയിക്കപ്പെട്ട ശേഷം ഒരു തെരഞ്ഞെടുപ്പ് നടന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അതിന്റെ ഫലമെന്തായിരിക്കുമെന്ന് വ്യക്തം. അതുതന്നെയാണ് ബി.ജെ.പി ലക്ഷ്യമിടുന്നതും പ്രതിപക്ഷം ആശങ്കപ്പെടുന്നതും. കാലാനുസൃതമായി മണ്ഡല പുനർനിർണയം അനിവാര്യമാണെന്നതിൽ തർക്കമില്ല.
അതിന് ജനസംഖ്യ മാത്രമായിരിക്കരുത് മാനദണ്ഡം. ആ മാനദണ്ഡം ദശകങ്ങൾക്കു മുമ്പേ എടുത്തുകളഞ്ഞിട്ടുണ്ട്. അല്ലായിരുന്നുവെങ്കിൽ 2021ൽതന്നെ മണ്ഡലങ്ങളുടെ എണ്ണം വർധിച്ചേനെ. ജനസംഖ്യ നിയന്ത്രണത്തിനായി നയങ്ങൾ ആവിഷ്കരിച്ച ഒരു രാജ്യമാണ് നമ്മുടേത്. ആ നയങ്ങൾ കൃത്യമായി നടപ്പാക്കിയതുകൊണ്ടാണ് ദക്ഷിണേന്ത്യയിൽ ജനസംഖ്യ നിയന്ത്രിക്കപ്പെട്ടത്. നയം നടപ്പാക്കുന്നതിൽ പരാജയപ്പെട്ട ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യ വർധിക്കുകയും ചെയ്തു. ഇപ്പോൾ, ആ ‘പരാജയ’ത്തെ മുതലെടുക്കുകയാണ് കേന്ദ്ര ഭരണകൂടം.
യഥാർഥത്തിൽ, ജനസംഖ്യ മാനദണ്ഡങ്ങൾക്കപ്പുറം സംസ്ഥാനങ്ങളുടെ ആനുപാതിക പ്രാതിനിധ്യം പാർലമെന്റിൽ ഉറപ്പുവരുത്തുകയാണ് വേണ്ടത്. അതല്ലെങ്കിൽ വിഭവ വിതരണത്തിലടക്കം താളപ്പിഴകൾ സംഭവിക്കുകയും അത് രാജ്യത്ത് വികസന മുരടിപ്പിന് കാരണമാവുകയും ചെയ്യും. എന്നാൽ, അത്തരം പരിഗണനവിഷയങ്ങളെയെല്ലാം തള്ളി, രാഷ്ട്രീയ എതിരാളികളെ നിഷ്കാസിതരാക്കാനുള്ള സുവർണാവസരമായിട്ടാണ് അതിനിർണായകമായ ഡീലിമിറ്റേഷൻ പരിപാടിയെ മോദി സർക്കാർ കാണുന്നത്. ഇത് ജനാധിപത്യത്തിന്റെ മൂടുപടമണിഞ്ഞ ഫാഷിസംതന്നെയാണ്. അതിനാൽ, സ്റ്റാലിൻ പ്രഖ്യാപിച്ച സമരത്തോടൊപ്പം ജനാധിപത്യവാദികൾക്ക് നിലയുറപ്പിച്ചേ മതിയാകൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.