Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസിദ്ദീഖ് കാപ്പൻ:...

സിദ്ദീഖ് കാപ്പൻ: നീതിയുടെ നേരിയ കിരണം

text_fields
bookmark_border
സിദ്ദീഖ് കാപ്പൻ: നീതിയുടെ നേരിയ കിരണം
cancel


കഴിഞ്ഞ വർഷം ഉത്തർപ്രദേശ് പൊലീസ്​ അറസ്​റ്റ്​ ചെയ്ത മലയാളി മാധ്യമപ്രവർത്തകനും കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) ഡൽഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പ​​ന്‍റെ ആരോഗ്യസ്​ഥിതിയുമായി ബന്ധപ്പെട്ട് ആശങ്കജനകമായ വാർത്തകളാണ് കഴിഞ്ഞയാഴ്ച പുറത്തുവന്നത്. തുടർന്ന്, കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എം.പിമാർ, സാമൂഹിക–രാഷ്​​ട്രീയ–മതസംഘടനാ പ്രവർത്തകർ, എഴുത്തുകാർ എന്നിവരെല്ലാം വിഷയത്തിൽ ഇടപെടുകയും അദ്ദേഹത്തി​ന്‍റെ മോചനത്തിനായി ശബ്​ദമുയർത്തുകയും ചെയ്തു.

തദ്സംബന്ധമായ ടെലിവിഷൻ ചർച്ചക്കിടെ, കേരളത്തിലെ അറിയപ്പെട്ട വലതുപക്ഷ നിരീക്ഷകൻ രാഹുൽ ഈശ്വർ മുന്നോട്ടുവെച്ച ആശയങ്ങൾ ശ്രദ്ധിക്കുന്നത് നന്നാവും. ത​ന്നോടൊപ്പം ടി.വി ചർച്ചയിൽ പങ്കെടുക്കുന്ന കാപ്പ​ന്‍റെ ഭാര്യ റൈഹാനത്തിനോട്​ രാഹുൽ ഈശ്വർ പറയുന്ന കാര്യങ്ങൾ ഇവയാണ്: 'ദലിത്–മുസ്​ലിം ഐക്യം എന്ന പ്രത്യയശാസ്​ത്രത്തിലൂന്നി പ്രവർത്തിക്കുന്ന ആളാണ് സിദ്ദീഖ് കാപ്പൻ. താനടക്കമുള്ള ബ്രാഹ്​മണ മുന്നാക്ക സമുദായത്തി​ന്‍റെ നിയന്ത്രണത്തിലാണ് ഇന്ത്യയിലെ ഡീപ് സ്​റ്റേറ്റ്.

സവർണർക്കെതിരായ ദലിത്–മുസ്​ലിം യോജിപ്പ് എന്ന പദ്ധതി അവർ വെച്ചുപൊറുപ്പിക്കില്ല. അതിനാൽതന്നെ, കാപ്പ​ന്‍റെ മോചനം അത്രയെളുപ്പമല്ല. മഅ്ദനിയെപ്പോലെ ദീർഘകാലം അദ്ദേഹത്തിന് ജയിലിൽ കിടക്കേണ്ടി വന്നേക്കാം. അതിനാൽ, രാഷ്​ട്രീയമായി ഈ വിഷയത്തെ ഉയർത്തിക്കൊണ്ടു വരേണ്ടതില്ല. ജസ്​റ്റിസ്​ ചന്ദ്രചൂഡി​ന്‍റെ ബെഞ്ചിൽ ഈ കേസ്​ എത്തിക്കാൻ പറ്റുമോ എന്ന് നോക്കൂ. സവർണ ഹിന്ദു സമുദായത്തിൽപെട്ട ഒരു അഭിഭാഷകനെ വെച്ച് കേസ്​ വാദിക്കാനും ശ്രമിക്കൂ'. സിദ്ദീഖ് കാപ്പൻ എന്തിന് ജയിലിൽ കിടക്കുന്നുവെന്നതി​ന്‍റെ കാരണം രാഹുൽ ഈശ്വറി​ന്‍റെ വാക്കുകളിലുണ്ട്. സംഘ്​പരിവാർ ഭരണകൂടത്തി​ന്‍റെ നിലപാടിൽനിന്ന് വ്യത്യസ്​തമായ രാഷ്​​്ട്രീയം മുന്നോട്ടുവെക്കുന്ന ആരും ജയിലിൽ കിടക്കേണ്ടി വരും എന്നതാണ് നിലവിലെ ഇന്ത്യൻ അവസ്​ഥ.

അത്തരമൊരു അവസ്​ഥയിൽ ആ രാഷ്​​്ട്രീയം തന്നെ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരുന്നിട്ട് പ്രത്യേകിച്ച് ഫലമൊന്നുമില്ല. രാഷ്ട്രീയ, പ്രത്യയശാസ്​ത്ര കാര്യങ്ങളിൽ മൗനം ദീക്ഷിച്ച്, നല്ല ബ്രാഹ്​മണ/സവർണ അഭിഭാഷകരെ കണ്ടുപിടിച്ച് കേസ്​ വാദിച്ചു നോക്കുക; അത്ര തന്നെ. ഇതാണ് സത്യത്തിൽ നാട്ടുനടപ്പ്. പക്ഷേ, ഇക്കാര്യം പരസ്യമായി ഉന്നയിക്കാൻ അതു ​ പറഞ്ഞവർ തീവ്രവാദിയും വർഗീയവാദിയും ആവുകയും കോടതിയലക്ഷ്യം നേരിടുകയുമേ നിർവാഹമുള്ളൂ. സവർണ വലതുപക്ഷത്തുള്ള ഒരാൾ തന്നെ അതു പരസ്യമായി തുറന്നുപറഞ്ഞുവെന്നതു മാത്രമാണ് ഇപ്പോഴുണ്ടായ വിശേഷം.

സിദ്ദീഖ് കാപ്പൻ പത്രപ്രവർത്തകനും അവരുടെ യൂനിയൻ ഭാരവാഹിയും ആയതുകൊണ്ട് അദ്ദേഹത്തി​ന്‍റെ കേസിന് അൽപം ദൃശ്യത കൈവന്നു. സംഘ്​പരിവാറുകാർ ഒഴികെ കേരളത്തി​ന്‍റെ പൊതുമനസ്സാക്ഷി ഏറെ വൈകിയാണെങ്കിലും ആ മനുഷ്യനോടൊപ്പം നിന്നു. അത്തരമൊരു പരിസരം, ബുധനാഴ്ചത്തെ സുപ്രീം കോടതി വിധിയെ ഗുണാത്്മകമായി സ്വാധീനിച്ചിട്ടുണ്ടാകാം.

കാപ്പന് മികച്ച ചികിത്സ നൽകാൻ മഥുരയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റണം എന്നാണ് ചീഫ് ജസ്​റ്റിസ്​ എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വിധിച്ചിരിക്കുന്നത്. ചികിത്സ കഴിയുന്ന മുറക്ക് ജാമ്യത്തിനായി കീഴ്​ക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കടുത്ത രീതിയിൽ എതിർപ്പുകൾ ഉന്നയിച്ചിട്ടും കാപ്പ​ന്​ മികച്ച ചികിത്സ ഉറപ്പാക്കണമെന്ന കാര്യത്തിൽ ശക്​തമായ നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്.

ഡൽഹിയിലെ എയിംസിലോ രാം മനോഹർ ലോഹ്യ ആശുപത്രിയിലോ കാപ്പന് വിദഗ്ധ ചികിത്സ ഒരുക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. നേരത്തേ തന്നെ ഹൃേദ്രാഗം, പ്രമേഹം തുടങ്ങിയ അസുഖങ്ങൾകൊണ്ട് പ്രയാസപ്പെട്ടിരുന്ന കാപ്പന് ജയിലിൽ എത്തിയ ശേഷം കോവിഡ് പോസിറ്റിവ് ആവുകയും ചെയ്തിരുന്നു. ജയിലിലെ സെല്ലിൽ കുഴഞ്ഞുവീണതിനെ തുടർന്ന് താടിയെല്ലിന് പരിക്കുമുണ്ട്. ഈ അവസരത്തിലാണ്, ഓരോ പൗര​​ന്‍റെയും ആരോഗ്യം പ്രധാനമാണെന്ന് ഊന്നിപ്പറഞ്ഞ കോടതി, ഉത്തർപ്രദേശിന് പുറത്ത് കാപ്പന് ചികിത്സ നൽകാൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അനീതിയുടെ തമോഗർത്തത്തിൽ പെട്ടുപോയ ഒരു ജനതക്ക്, കൂരിരുട്ടിലെ മിന്നാമിനുങ്ങായി അനുഭവപ്പെടുന്നതാണ് സുപ്രീംകോടതിയുടെ ഈ ഇടപെടൽ.

സിദ്ദീഖ് കാപ്പ​​േൻറത്​ ഒറ്റപ്പെട്ട അനുഭവമല്ല എന്ന് നമുക്കെല്ലാം അറിയാം. അദ്ദേഹത്തി​ന്‍റെ സഹതടവുകാരായി തന്നെ വേറെയും മലയാളികൾ ഉണ്ട്. പോപുലർ ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് അവർ എന്നതുകൊണ്ട് അവരുടെ വിഷയം ആരും ഉന്നയിക്കുന്നില്ലെന്നുമാത്രം.

അതിൽ പെട്ട, റഉൗഫ് ശരീഫ് എന്ന കാമ്പസ്​ ഫ്രണ്ട്​ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും കോവിഡ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ കാരണം പ്രയാസപ്പെടുകയാണ്. പോപുലർ ഫ്രണ്ട് നിരോധിത സംഘടനയല്ലല്ലോ എന്ന് വാദത്തിനിടയിൽ സുപ്രീംകോടതിതന്നെ സോളിസിറ്റർ ജനറലിനോട് ചോദിച്ചിട്ടുണ്ട്. തങ്ങൾക്ക്​ താൽപര്യമില്ലാത്ത സംഘടനകളുടെ ​ പ്രവർത്തകർക്കും മനുഷ്യാവകാശങ്ങൾ ബാധകമാണ് എന്ന കാര്യം നമ്മുടെ ഭരണകൂടം മാത്രമല്ല, ജനാധിപത്യ പ്രവർത്തകരും പലപ്പോഴും മറന്നുപോകുകയാണ്.

സി.എ.എ വിരുദ്ധ പ്രക്ഷോഭത്തി​​ന്‍റെ സംഘാടകരായ നിരവധി വിദ്യാർഥി-യുവജന നേതാക്കൾ ഒരു വർഷത്തോളമായി ഇരുമ്പഴികൾക്കകത്താണ്. ഇവരൊന്നും ക്രിമിനൽ കേസിൽ പ്രതികളല്ല. രാഷ്​​ട്രീയ തടവുകാരാണ്. രാഷ്​​ട്രീയ തടവുകാരെ വിചാരണയില്ലാതെ ദീർഘകാലം ജയിലിൽ ഇടുന്നത് ഭരണകൂട ഭീകരതയാണ്. ഭരണകൂട ഭീകരതയെ നിവർന്നുനിന്ന് ചോദ്യം ചെയ്യാതെ ഈ കാലത്ത് നീതിയുടെ രാഷ്​​്ട്രീയം മുന്നോട്ടു പോവില്ല. അങ്ങനെ നിലകൊള്ളുന്നവർക്ക് നേരിയ ആശ്വാസം നൽകുന്നതാണ് സിദ്ദീഖ് കാപ്പ​ന്‍റെ വിഷയത്തിലെ സുപ്രീംകോടതി ഇടപെടൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialsupreme courtSidheeq Kappan
News Summary - ray of justice in Siddique Kappan case
Next Story